എന്താണ് മസാലബോണ്ട്? വിശദീകരിച്ച് ഷംസീർ; രാഹുലിന്റെ വാനപ്രസ്ഥം

thiruva-new
SHARE

കേരളത്തില്‍ ഇടിമിന്നല്‍ ശക്തിപ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ കോട്ടയം ജില്ലയില്‍ വളരെ ഉച്ചത്തില്‍ കേള്‍ക്കുന്ന ശബ്ദം മഴക്കുമുമ്പുള്ള ഇടിയുടെയല്ല എന്ന് പ്രദേശവാസികള്‍ പ്രത്യേകം തിരിച്ചറിയണം. അത് കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുടെ ശബ്ദമാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ളതിനാല്‍ വെച്ചുതാമസിപ്പിക്കാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ഇന്നലെ കേരളം കേട്ട ചര്‍ച്ചകളെല്ലാം അല്‍പ്പം മസാല കലര്‍ന്നതായിരുന്നു. മസാലബോണ്ട് എന്താണെന്നും എങ്ങനെയാണെന്നും ഭരണപക്ഷം വിശദീകരിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് നിയമസഭയിലേക്ക് പ്രതിപക്ഷമെത്തിയത്. ശബരീനാഥ് എംഎല്‍എക്കായിരുന്നു ബോണ്ടില്‍ ചൂണ്ടയിടാന്‍ യുഡിഎഫ് അവസരം നല്‍കിയത്. ബോണ്ടിന്‍റെ റേറ്റിങ്ങാണ് ശബരിയുടെ പ്രശ്നം. അതിനാല്‍ കഥ തുടങ്ങും മുന്നേ റേറ്റിങ്ങിനെപ്പറ്റി ശബരി രണ്ടു പറയും

ഊഹാപോഹക്കച്ചവടമല്ല. ഊഹക്കച്ചവടം. പ്രതിപക്ഷത്തുനിന്ന് യുവാവായ ശബരി എണ്ണീറ്റതിനാലാകണം ഭരണപക്ഷവും ആദ്യ കരുനീക്കത്തിനായി യുവ നിരയിലേക്കാണ് കണ്ണുപായിച്ചത്. ഇവിടുത്തെ യുവാവ് ഞാന്‍ മാത്രമാണെന്ന് സ്വയം പ്രഖ്യാപിച്ച് ഷംസീര്‍ എംഎല്‍എ ചാടി എഴുന്നേറ്റു. ഈ ഷംസീറൊക്കെ തന്നെ പ്രതിരോധിക്കാന്‍ എഴുനേല്‍ക്കുമ്പോള്‍ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലെ മണിയേക്കാള്‍ വലിയ ശബ്ദത്തിലാകും പിണറായി മുഖ്യന്‍റെ നെഞ്ചിടിക്കുക. വരാനുള്ളത് സ്റ്റോക് എക്സ്ചേഞ്ചില്‍ തങ്ങില്ല എന്ന ഒരു വിശ്വാസത്തില്‍ പിണറായി ഇരുന്നുകൊടുത്തു. മസാല ബോണ്ടിന്‍റെ ബിബി റേറ്റിങ്ങാണ് ഇനി വിഷയം

ഷംസീര്‍ ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു. പിണറായിയുടെ നെഞ്ചിടിപ്പ് ഉച്ചസ്ഥായിയിലേക്കും. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് മസാല തര്‍ക്കം തുടങ്ങിയത്. പക്ഷേ കളത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ മിണ്ടാതെ കൈയ്യടിക്കാതെയിരിക്കുന്നത് ഷംസീറിന് അത്ര പിടിച്ചില്ല. അതിനാല്‍ ഒരു ബോണ്ടയെടുത്ത് ഷംസീര്‍ ലീഗിനിട്ടെറിഞ്ഞു. 

മസാലബോണ്ടെന്ന് കേരളം ആദ്യം കേള്‍ക്കുന്നത് രമേശ് ചെന്നിത്തലയുടെ വായില്‍ നിന്നായിരുന്നു. എന്നാല്‍ ആരും അന്നതിന് അത്ര മൈന്‍ഡ് കൊടുത്തില്ല. അതിന്‍റെ പരീതിയും പരിഭവവും കക്ഷിക്കുണ്ടുതാനും. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് രമേശിനറിയാം. എന്നാലും വിടിച്ച ഞാന്‍ എന്ന സ്പിരിറ്റില്‍ ചെന്നിത്തല ആഞ്ഞടിക്കുകയാണ്. ലോകത്തിന്‍റെ സ്പന്ദനം കണക്കിലാണെന്നും ഞാന്‍ ചാക്കോമാഷാണെന്നും സ്വയം ധരിക്കുന്ന തോമസ് ഐസക്കിനെതിരെയാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്രമണം. 

മണിയടിയെന്നത് പണ്ടേ അത്ര നല്ല അര്‍ത്ഥത്തിലല്ല കേരളത്തില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രയോഗിക്കപ്പെടുന്നത്. അതുകൊണ്ടാകണം ലണ്ടനില്‍ പിണറായി വിജയന്‍ മണിയടിച്ചത് ഇവിടുത്തെ വലതന്മാര്‍ക്ക് ഇഷ്ടപ്പെടാഞ്ഞത്. ഒരു മണിയിലെന്തിരിക്കുന്നുവെന്നുപറഞ്ഞ് തള്ളിക്കളയേണ്ട കാര്യമാണ്. പക്ഷേ പിണറായിയെ ഐസക് കൊണ്ടു പറ്റിച്ചുവെന്നാണ് ചെന്നിത്തല പറയുന്നത്. ഐസക്കിന് വരുന്ന ഓരോ പൊല്ലാപ്പേ. 

ഇക്കണ്ട ചര്‍ച്ചയൊക്കെ കണ്ടിട്ടും കേട്ടിട്ടും മസാലാ ബോണ്ട് എന്തുകൊണ്ടാണ് വിവാദമാകുന്നത് എന്നു മനസിലാകാത്തവരുണ്ടാകും. അവര്‍ തെല്ലും വിഷമിക്കേണ്ട. പച്ച മലയാളത്തില്‍ സിംപിളായി കാര്യങ്ങള്‍ പറഞ്ഞുതരാന്‍ കഴിവുള്ള ഒരു ജനപ്രതിനിധി നമ്മുടെ സഭയിലുണ്ട്. മറ്റാരുമല്ല. സാക്ഷാല്‍ പിസി ജോര്‍ജ് ഫ്രം പൂഞ്ഞാര്‍. 

കത്തുവിഷയത്തില്‍ തമ്മില്‍ കുത്തുതുടങ്ങിയ കേരള കോണ്‍ഗ്രസിനെ പിടിച്ചുലച്ച് പുതിയ കത്ത് പുറത്ത്. പാര്‍ട്ടിയുടെ നായകന്‍ പിജെ ജോസഫാണെന്നുകാട്ടി തിരഞ്ഞെടുപ്പുകമ്മിഷന് കത്തുകിട്ടിയെന്ന വിവരത്തെ തുടര്‍ന്ന് ജോസ് കെ മാണിയേക്കാളേറെ മാണി കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. അങ്ങനെയൊരു കത്ത് പിജെ ജോസഫ് അയക്കുമെന്നു താന്‍ വ്ശ്വസിക്കുന്നില്ലെന്ന് പറഞ്ഞാണ് റോഷി തുടങ്ങിയത്. ഇക്കാര്യം പിജെ യോട് ചോദിച്ചിട്ടുമില്ല. പിന്നെ എന്തിനായിരുന്നു ഇങ്ങനെയൊരു വാര്‍ത്താ സമ്മേളനം എന്നു ചോദിക്കരുത്. സാധാരണ കേരള കോണ്‍ഗ്രസുകാരുടെ ചെസുകളിയില്‍ കരിങ്കോഴക്കല്‍ തറവാട്ടുകാരാണ് ചെക് വയ്ക്കുക. ഇക്കുറി പക്ഷേ തൊടുപുഴക്കാരന്‍ ജോസഫിന്‍റെ വകയാണ് ചെക്. രാജാവിന് ഇടംവലം അനങ്ങാന്‍ വയ്യത്രേ

തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ പദവി രാജിവയ്ക്കാന്‍ കുറെ ദിവസങ്ങളായി രാഹുല്‍ ഗാന്ധി ശ്രമിച്ചുവരുകയാണല്ലോ. ഈ രാജി എന്നു പറയുന്ന സാധനം വയ്ക്കാന്‍ ഇത്രക്കും വലിയ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇപ്പോളാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വാനപ്രസ്ഥം പ്രഖ്യാപിക്കാനാണ് രാഹുലിന്‍റെ നീക്കം. ഒളഇച്ചോടുന്നതിനു പകരം ആ കമല്‍നാഥിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയുമൊക്കെ ചെവിക്ക് നല്ലൊരു കിഴുക്കുവച്ചുകൊടുത്ത് ഉള്ള സമയത്ത് പ്രതിപക്ഷ സ്ഥാനമെങ്കിലും ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരമാണ് രാജിവയ്ക്കാന്‍ രാഹുല്‍ പെടാപ്പാടുപെടുന്നത്. ഇരുപതില്‍ പത്തൊമ്പതും പോയിട്ടും ഇത് താല്‍ക്കാലിക തിരിച്ചടിയെന്നു പറഞ്ഞ പിണറായിയെയൊക്കെ കണ്ടുപടിക്കേണ്ട സമയം അതിക്രമിച്ചു. 

MORE IN THIRUVA ETHIRVA
SHOW MORE