പിസിയുടെ കടിഞ്ഞൂൽ‍ എൻഡിഎ യോഗം; ഇനി ലക്ഷ്യം റെക്കോർഡ്?

thiruva-ethirva
SHARE

ഗോഡിനോടോ ഗോഡ്സേയോടെ ഇഷ്ടം എന്നു ചോദിച്ചാല്‍ ഒന്നു സംശയിച്ച് ഉത്തരം പറയുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ടെന്ന് അറിഞ്ഞതിന്‍റെ ആഹ്ലാദത്തില്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

പി.സി.ജോര്‍ജിന്‍റെ കടിഞ്ഞൂല്‍ എന്‍ഡിഎ യോഗം നടന്ന ചരിത്രപരമായ നിമിഷത്തിലാണ് നമ്മള്‍ മലയാളികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇതോടെ കേരളത്തിലെ സകലമാന പാര്‍ട്ടിക്കാരൊടൊപ്പവും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ജോര്‍ജിന്‍റെ അക്ഷീണ പ്രയത്നം ഫലം കണ്ടുതുടങ്ങുകയാണ്. ഇനി നാളെ ബിജെപിക്കാര്‍ക്കിട്ട് പാരവയ്ക്കുന്നതോടെ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പണി കൊടുത്തതിന്‍റെ ക്രെഡിറ്റ് കൂടി കൈക്കലാക്കാനായിരിക്കും ഇനിയുള്ള ശ്രമം. പണ്ട് എഴുപതുകളിലൊക്കെ മാണി കോണ്‍ഗ്രസിന്‍റെ യുവത്വത്തിന്‍റെ മുഖമായിരുന്നു പി.സി. ജോര്‍ജിന്. 77ല്‍ സ്വന്തം പാര്‍ട്ടിയിലെ  സ്ഥാനാര്‍ഥിക്കിട്ട് പണിയാന്‍ പോയതാണ് പണികൊടുത്തതിലെ ആദ്യ ഹൈലൈറ്റ്. അങ്ങനെ മാണിയോട് തെറ്റി. മാണി പുറത്താക്കി.  ജോസഫിനൊപ്പം പോയ പോക്ക് പിന്നെ പലയിടത്തും കയറിയും ഇറങ്ങിയും ഇന്ന് ബിജെപിക്കൊപ്പം എന്‍ഡിഎയില്‍ വരെ എത്തിയിരിക്കുന്നു. പൂഞ്ഞാറിന്‍റെ പുണ്യാളന്‍ പുണ്യാളനായ കഥയാണ് തിരുവ എതിര്‍വ ഇന്ന് പ്രത്യേക ഊന്നല്‍ നല്‍കി പറയാന്‍ ശ്രമിക്കുന്നത്. സംഭവബഹുലമായ, കാലുമാറ്റരാഷ്ട്രീയ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട പി.സി. ജോര്‍ജിന്‍റെ കഥ ഇതാ ഇവിടെ ആരംഭിക്കുന്നു.

77ല്‍ ജോസഫിനൊപ്പം പോയി കുറെ കാലം ജോസഫ് ഗ്രൂപ്പിന്‍റെ മുത്തായിരുന്നു പി.സി.ജോര്‍ജ്. കാലങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവേ പി.സിക്ക് അവിടേയും മടുത്ത്. ആര്‍ക്കെങ്കിലും ഒരു പണികൊടുത്തില്ലെങ്കില്‍, കാലുവാരിയില്ലെങ്കില്‍ ഒരു ത്രില്ലില്ല എന്നുകരുതിയപ്പോഴാണ് ജോസഫ് ഗ്രൂപ്പിനോട് ബൈ പറഞ്ഞ് പോയത്. അന്നൊക്കെ ഇടതുപാളയത്തിലായിരുന്നു പി.സി. വി.എസ്. അച്യുതാനന്ദന്‍ മതികെട്ടാന്‍ മല കയറിയതില്‍ പിന്നെ പി.സി. ജോര്‍ജ് ആയിരുന്നു വി.എസ്. സഖാവിന്‍റെ ഉപദേശവൃന്ദത്തിലെ ഒന്നാമന്‍. ഇടതുപക്ഷം ജനപക്ഷം എന്നൊക്കെ പരസ്യവാചകമാവുന്നതിന് മുന്പേ പി.സി. ജോര്‍ജ് പ്രസംഗിച്ച് നടന്നിരുന്ന കാലം. പക്ഷേ ബോറടി ഒരു പ്രശ്നമാണല്ലോ. അതുകൊണ്ട് ചില പണികള്‍ ഒപ്പിച്ച് പുറത്തേക്ക് പോയി. ഇപ്പോ പി.സി. ജോര്‍ജിനെ ബിജെപി എന്‍ഡിഎ പാളയത്തില്‍ ചുവന്ന കുറിയും തൊടുവിച്ച് വാഴിക്കുന്നത് ശബരിമല വിഷയം വന്നതോടെയാണ്. അയ്യപ്പന്‍റെ രാഷ്ട്രീയം അതും പത്തനംതിട്ടയില്‍ ആര്‍ക്കു ഗുണം ചെയ്യുമെന്ന് കെ.സുരേന്ദ്രനേക്കാള്‍ മുന്നേ മനസിലാക്കിയ ആളാണ് ഈ പി.സി. 

പി.ജെ. ജോസഫിനോട് ഇടഞ്ഞ് പാര്‍ട്ടിയും മുന്നണിയും വിട്ട പി.സി. ജോര്‍ജ് അപ്പോഴാണ് കെ.എം. മാണിയെ ഓര്‍ത്തത്. അവിടെ കാര്യങ്ങളൊക്കെ നല്ല നിലയില്‍ പോവുകയാണ്. അടുത്ത മന്ത്രിസഭ യുഡിഎഫ് വന്നുകൂടായ്ക ഇല്ല. പറ്റിയ സമയം തന്നെ നേരെ അങ്ങോട്ട് പോയി. പിന്നെ ചക്കരേ അടേം പോലെ മാണിയും ജോര്‍ജും ഒന്നിച്ചായി. അങ്ങനെ യുഡിഎഫിലുമെത്തി. ഇതിനിടെ ജോസഫ് ഗ്രൂപ്പിനെക്കൂടി മാണി കോണ‍്‍ഗ്രസിലേക്ക് കൊണ്ടുവന്നു. അങ്ങനെ കേരള കോണ്‍ഗ്രസ് മാണിയും ജോസഫും ജോര്‍ജും ഒന്നിച്ച  വിശാല കേരള കോണ്‍ഗ്രസ് ആയി. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ചീഫ് വിപ്പ് വരെയെത്തി ഈ പി.സി. ജോര്‍ജ്. ബോറടി പക്ഷേ ആര്‍ക്കും തടുക്കാവുന്ന ഒന്നല്ലല്ലോ. ഒരു ത്രില്ലില്ല എന്നുവന്നപ്പോള്‍ ജോര്‍ജ് പഴയ ജോര്‍ജായി. ചില വെട്ടലുകളും തിരുത്തലുകളും. പി.സി.യെ പുറത്താക്കാന്‍ മാണിയുടെ ജീവിതം പിന്നേയും ബാക്കി. അങ്ങനെ ജോര്‍ജ് ചീഫ് വിപ്പ് അല്ലാതായി. ഒറ്റക്കായി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ചു, ജയിച്ചു. പിന്നെ പാര്‍ട്ടി ഉണ്ടാക്കി. പാര്‍ട്ടി പുതുക്കി. ഇപ്പോ എന്‍ഡിയിലും എത്തി. ഇനി മകന്‍ ഷോണിന് പാലായില്‍ ഒരു സീറ്റ് ഒപ്പിച്ചുകിട്ടണം. 

സത്യത്തില്‍ കേരളത്തിലെ എല്ലാ മുന്നണികളിലും പ്രവര്‍ത്തിച്ച ഒരേയൊരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. പ്രവര്‍ത്തിച്ച് എന്നു മാത്രമല്ല എല്ലാവര്‍ക്കുമിട്ട് പണിയും കൊടുത്തിട്ടുണ്ട്. ഇന്നത്തെ ജോര്‍ജിന്‍റെ അടുത്ത സുഹൃത്തുതന്നെയാണ് നാളത്തെ ജോര്‍ജിന്‍റെ പണിമേടിച്ചുകൂട്ടിയ ആള്‍. ആ നിലയ്ക്ക് ശ്രീധരന്‍പിള്ളയും കൂട്ടരുമൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒന്നാമത് ഈ നാട്ടിലെ ഏത് മുന്നണിയുടേയും അതിലെ ഒരോരോ കക്ഷികളുടേയും നേതാക്കന്‍മാരേയും അടുത്ത് പരിചയമുണ്ട് ജോര്‍ജിന്. ആകെ വല്യ പിടുത്തമില്ലാതെ ഇരുന്നവരാണ് ബിജെപിക്കാര്‍. എന്നാ പിന്നെ അവരെക്കൂടി ഒന്നു പരിചയപ്പെട്ടുകളയാമെന്ന് വച്ചാണ് പി.സി. ഇപ്പോ ഈ തീരുമാനം എടുത്തത് തന്നെ. 

ഏതായാലും പി.സി. ജോര്‍ജ് പിന്തുണച്ച ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ യോഗം കൂടി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കുറെ വിവരങ്ങളാണ്. ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറഞ്ഞ് കണ്ണുപറ്റണ്ട എന്നു കരുതി അത് പരസ്യപ്പെടുത്താന്‍ തയ്യാറല്ല.

എന്നാലും ബിജെപി അണികള്‍ക്കും ഏറിയപക്ഷം സുരേന്ദ്രനും കുമ്മനത്തിനുമൊക്കെ ഒരാഗ്രഹം കാണില്ലേ ഒന്നു പറഞ്ഞുകേള്‍ക്കാന്‍. പിള്ളാജി കനിയണം. പ്ലീസ്.

ബിജെപി രാജ്യഭരിക്കുന്നതിലും നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുന്നതിലും ഭാഗ്യം ചെയ്തവരാണ് നമ്മള്‍ എന്നു വിചാരിക്കണം. നോട്ടുനിരോധനം, കര്‍ഷ ആത്മഹത്യ, ഇന്ധന വില വര്‍ധനവ്, റഫാല്‍ അഴിമതി ഇതൊന്നും ചോദിക്കാന്‍ പ്രജകളായ നമുക്ക് ഒട്ടും സമയം തരുന്നില്ല അവര്‍. മോദി നിരന്തരം രാജ്യത്തെ ജനങ്ങളെ ചിരിപ്പിക്കുന്നതിലാണ് ഫോക്കസ് കൊടുത്തിരിക്കുന്നത്. ആ ബുദ്ധിയില്‍ നിന്നും പുറത്തുവരുന്ന പുതിയ പുതിയ സമവാക്യങ്ങളും കണ്ടുപിടുത്തങ്ങളും കേട്ടറിഞ്ഞ് ചിരിയൊന്ന് മാറിയിട്ടുവേണ്ടേ ഇത്തരം സര്‍ക്കാര്‍ വിരുദ്ധ കാര്യങ്ങളിലേക്ക് ശ്രദ്ധകൊടുക്കാന്‍. മോദിയുടെ മേഘശാസ്ത്രകണ്ടുപിടുത്തങ്ങളും ഡിജിറ്റല്‍ ക്യാമറയും ഇ മെയില്‍ ഉപയോഗവും കേട്ട് ചിരിച്ച് ചിരിച്ച് കണ്ണുതള്ളിപ്പോയപ്പോഴാണ് കമല്‍ ഹാസന്‍ നാഥുറാം വിനായക് ഗോഡ്സെയെക്കുറിച്ച് തമിഴ്നാട്ടില്‌ ചിലത് പറഞ്ഞത്. ഗാന്ധിയെ ഘാതകനെ ഹിന്ദു തീവ്രവാദി എന്നുവിളിച്ചപ്പോള്‍ ഗോഡ്സെയെ രാജ്യസ്നേഹി ആണെന്ന് പറയാന്‍ പ്രജ്‍ഞ സിങ് ടാക്കൂറിന് ഒരു മടിയും ഉണ്ടായില്ല. ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്‍റിന്‍റെ സ്വാമിനാഥന്‍റെ അവസ്ഥയിലാണ് സംഘികളിപ്പോ. ഒന്നും അങ്ങോട്ട് തള്ളിപ്പറയാന്‍ പറ്റുന്നില്ല.

ഇതാണ് ചില നേരങ്ങളാണ് മനസിലുള്ളതൊക്കെ പുറത്ത് ചാടിക്കുന്നത്. ഗോഡ്സെ സംഘിയാണെന്ന് പറഞ്ഞപ്പോഴൊക്കെ പറഞ്ഞവരുടെ വായടപ്പിച്ചിട്ടുള്ളവരാണ് ഇവിടുത്തെ പ്രഖ്യാപിത ആര്‍എസ്എസുകാര്‍. പക്ഷേ കമല്‍ഹാസന്‍ ഗോഡ്സെയെ പിടിച്ച് തൂക്കിയെടുത്ത് കിണറ്റിലിടും എന്നുപറഞ്ഞപ്പോഴല്ലേ ഉള്ള് കാളിയത്. ഇതാണ് പറയുന്നത് രക്തബന്ധവും രക്ഷാബന്ധനും തമ്മില്‍ ചില ബന്ധങ്ങളൊക്കെയുണ്ടെന്ന്. പക്ഷേ ബിജെപി പാര്‍ട്ടി നിലപാടല്ല എന്നുപറയും. പക്ഷേ പ്രജ്ഞയോട് തിരുത്തിപ്പിക്കും. പക്ഷേ തിരുത്തുന്നതിന് മുമ്പ് ഇതേ വിചാരമുള്ള പ്രജ്ഞയെയാണല്ലോ ബിജെപി സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. അതുകൊണ്ട് പെട്ടന്ന് ഒരു പെരുമഴപെയ്യുപെയ്യുമ്പോള്‍ മുഖത്തിട്ട ഛായങ്ങള്‍ ഒലിച്ചുപോയി മുഖം വികൃതമാവുന്നത് സാധാരണയാണ്. 

അതിനിടെ മോദിജി വാര്‍ത്താസമ്മേളനത്തിനെത്തി കെട്ടോ. പക്ഷേ ഒന്നും മിണ്ടിയില്ല. സെറ്റിട്ട് , ആദ്യമേ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടെങ്കില്‍ മാത്രമേ വല്ലതും പറയാന്‍ സാധിക്കൂ. അല്ലാത്ത നേരത്തൊക്കെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണ്. ഒന്നും മിണ്ടൂല.

ഇന്ന് പി.സിയുടെ ദിവസമായതിനാല്‍ ഒരു കഥയുണ്ട്. അത് കേട്ടിട്ട് അവസാനിപ്പിക്കാം. മാണി ഇല്ലാതായ കേരള കോണ്‍ഗ്രസിലെ ഒരു ഭൂതകാലകഥ. 

MORE IN THIRUVA ETHIRVA
SHOW MORE