പിള്ളയുടെ പള്ളയ്ക്ക് കുത്തി കണ്ണന്താനം ചിലത് ശരിയാക്കിയിട്ടുണ്ട്

kannamthanam-sreedharan-pillai
SHARE

കേരളം വികസിക്കുന്നതില്‍ ചിലര്‍ക്ക് അസൂയയാണെന്നൊക്കെയാണ് പറഞ്ഞുകേട്ടത്. അന്യനാട്ടുകാര്‍ക്ക് അസൂയ തോന്നുന്നതില്‍ തെറ്റില്ല. പക്ഷേ നമ്മുടെ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വക്കീലിന് അങ്ങനെയൊരു തോന്നല്‍ ഇപ്പോ തോന്നാന്‍ എന്താണ് കാരണമെന്ന് തലകുത്തിനിന്ന് ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇനിയിപ്പോ അങ്ങനെയൊരു അസൂയയുടെ പുറത്തല്ലെന്നും മാനവികതയുടെ ഉദാത്ത മാതൃകയായിട്ടാണ് ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ കത്തയച്ചതെന്ന് പിള്ളവക്കീല്‍ പറഞ്ഞത് വിശ്വസിച്ചു എന്നിരിക്കട്ടെ, പ്രശ്നത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നല്ലൊരു ഗോളടിച്ചാണ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്. ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോളുപോലെ ഒന്ന്. അങ്ങനെ പെട്ടെന്ന് മുടങ്ങിപ്പോയ ദേശീയപാത വികസനം അതിലും വളരെ പെട്ടന്ന് വീണ്ടും തുടങ്ങിയിരിക്കുന്നു. 

അങ്ങനെ പിള്ളസാറിന്‍റെ കത്തില്‍ നേട്ടം കൊയ്തത് മുഴുവന്‍ അല്‍ഫോന്‍സ് കണ്ണന്താനമായിപ്പോയി. കേന്ദ്രത്തിന് അയച്ച ഒറ്റ കത്തിന്‍റെ പേരില്‍ ഒറ്റപ്പെട്ടുപോയി സാക്ഷാല്‍ ശ്രീധരന്‍ പിള്ള. പാര്‍ട്ടികകത്തെ ഒരു കൂട്ടര്‍ക്ക് അതില്‍ പെരുത്ത് സന്തോഷം ഇല്ലാതില്ല. കേരളം മൊത്തത്തില്‍ ബിജെപിക്കൊരു നാണക്കേടാകും എന്നു കരുതിയ നേരത്താണ് കണ്ണന്താനത്തിന്‍റെ തലയില്‍ ലഡുപൊട്ടിയത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. കണ്ണന്താനവും കത്തെഴുതി. പിള്ളാജിയുെട കത്തുപോലെ ആയിരുന്നില്ല കണ്ണന്താനത്തിന്‍റെ കത്ത്. ഏതായാലും ഒരു സംസ്ഥാനത്ത് നിന്ന് ഒരു വിഷയത്തില്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് രണ്ടുതരം കത്ത് കിട്ടുകയും ആ രണ്ടുകത്തിലും നടപടിയെടുക്കുകയും ചെയ്തു അത്യപൂര്‍വമായ ഒരു സര്‍ക്കാരായിപ്പോയി മോദി സര്‍ക്കാര്‍. നിര്‍ത്താന്‍ പറഞ്ഞു കത്തയച്ചു. നിര്‍ത്തിക്കൊടുത്തു. ആരംഭിക്കാന്‍ പറഞ്ഞു കത്തയച്ചു. ആരംഭിക്കാമെന്ന് ഉറപ്പും കൊടുത്തു.

കണ്ടോ അത് കേട്ടില്ലേ...താനും കത്ത് കൊടുക്കാറുണ്ട് പക്ഷേ ഇന്നത് ചെയ്യാന്‍ പറയാറില്ല. മറിച്ച് ഉചിതമായ നടപടി കൈക്കൊള്ളാനേ പറയാറുള്ളു എന്ന്. പിള്ളാജി അയച്ച് കത്തില്‍ പക്ഷേ എടുത്തുപറയുന്നുണ്ട്, സ്ഥലമേറ്റെടുപ്പ് പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍. അതായത് അങ്ങനെയൊന്നും അങ്ങോട്ട് പറയരുതെന്ന് സാരം. അപ്പോ ഇനി പന്ത് പിള്ളവക്കീലിന്‍റെ കോര്‍ട്ടിലാണ്. വാദം തുടങ്ങാം. 

കേരളത്തിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരില്‍ വയലെന്നോ കിളിയെന്നോ ഒക്കെ പറഞ്ഞ് പലകൂട്ടരും പ്രശ്നമുണ്ടാക്കിയപ്പോള്‍ പോലും വികസനം എന്ന ഒറ്റമന്ത്രത്തില്‍ ധ്യാനത്തില്‍ ഇരുന്ന ആളാണ് പിണറായി വിജയന്‍. മലപ്പുറത്ത് തടയാനെത്തിയവരെ പൊലീസിനെകൊണ്ട് ലാത്തിയടിപ്പിച്ച് ഓടിച്ച ആളാണ് കക്ഷി. ആ ആളോട് ദേശീയ പാത വികസനത്തിന്‍റെ കാര്യത്തില്‍ ഒരു ഏറ്റുമുട്ടലിന് പിള്ളവക്കീല്‍ പോകാന്‍ പാടില്ലായിരുന്നു. വയല് പോയിട്ട് കിളി വരെ പിണറായി സഖാവിന്‍റെ കണ്ണിലോ മനസിലോ ഇല്ല. എന്തിനേറെ പറയുന്നു, ദേശീയപാതയ്ക്ക് 30 മീറ്റര്‍ വീതി മതിയെന്ന് പ്രഖ്യാപിത വികസന വിരോധിയായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ അത് പോരാ 45മീറ്റര്‍ തന്നെ വേണമെന്ന്  വാദിച്ചയാളാണ് സഖാവ് പിണറായി വിജയന്‍. ഒരു കളിക്കിറങ്ങുമ്പോള്‍ എതിരാളിയെക്കുറിച്ച് ഒരു സ്റ്റഡി നടത്തണമെന്ന അടിസ്ഥാന പ്രമാണം മറന്നതാണ്  പിള്ളവക്കീലിന് പറ്റിയ പറ്റ്.

വിഷമിപ്പിക്കുന്ന കാര്യം അതല്ല. ഇങ്ങനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒരു മൂലക്കിട്ട് സിപിഎമ്മും സര്‍ക്കാരും ഇങ്ങനെ ആക്രമിക്കുമ്പോ ഒന്ന് നിര്‍ത്തൂ എന്നെങ്കിലും പറയാന്‍ ഒരൊറ്റ ബിജെപിക്കാരനേയും ഇന്നേവരെ ഈ വഴിക്ക് കണ്ടില്ല എന്നതാണ്. ഒരു അധ്യക്ഷന് ഇതില്‍പരം വേദന മറ്റെന്താണ്. സ്റ്റാര്‍ വാല്യൂ കൂടി കെ.സുരേന്ദ്രന്‍ വരെ തൃശൂരില്‍ പൂരവുമായി ബന്ധപ്പെട്ട് വല്ല ആചാരലംഘനമോ മറ്റോ ഉണ്ടാവുമോ എന്നന്വേഷിക്കുകയാണ് ചെയ്തത്. ഒടുവില്‍ കണ്ണന്താനം ഓപറേഷന്‍ തുടങ്ങിയ സ്ഥിതിക്ക് പാര്‍ട്ടിക്കാരനായി കൃഷ്ണദാസിനെ ഡല്‍ഹിക്കയച്ച് രണ്ടുപറയിപ്പിച്ചുണ്ട്. പി.കെ.കൃഷ്ണദാസിന് സ്തുതി.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടാല്‍ തോന്നും ആനയ്ക്കല്ല, ആനക്കമ്മിറ്റിക്കാര്‍ക്കാണ് മദപ്പാടെന്ന്. പൂരം പൊടിപൊടിക്കാന്‍ ആന വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ആനയുടമകള്‍ക്കും പൂരക്കമ്മിറ്റിക്കാര്‍ക്കും വകതിരിവുണ്ടാവാന്‍ പാടില്ലെന്ന് വല്ല നാട്ടാനപരിപാലന ചട്ടത്തിലും പറഞ്ഞിട്ടുണ്ടോ ആവോ. അല്ലെങ്കില്‍ പിന്നെ  കാഴ്ച കുറവുള്ള ആനയെത്തന്നെ പൂരത്തിന് ഇറക്കണമെന്ന് എന്തിനാണാവോ വാശിപിടിക്കുന്നത്. അതിനൊക്കെ പുറമേയാണ് ആ ആനയെ ഇറക്കിയില്ലെങ്കില്‍ വേറെ ആനകളെ തരില്ല എന്നത്. 

ആചാരസംരക്ഷണത്തിന് നല്ല മാര്‍ക്കറ്റുള്ള കാലമാണിപ്പോ കേരളത്തില്‍. അതുകൊണ്ടാവും തൃശൂര്‍ പൂരത്തില്‍ ആനപ്രേമികളുടെ ഓരോരോ ചടുലനീക്കങ്ങള്‍. സംഗതി ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും കാര്യമായതുകൊണ്ട് വാശികൂടും. കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ചിലരൊക്കെ അ എന്നാല്‍ അയ്യപ്പന്‍ എന്നും ആ എന്നാല്‍ ആന എന്നും ഉറക്കെ വിളിച്ച് പറഞ്ഞു പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. പൂരമായതുകൊണ്ടും വോട്ടെടുപ്പ് കഴിഞ്ഞതുകൊണ്ടും കറുപ്പ് വേഷത്തിലെത്തി ആനയെ ചേര്‍ത്ത് നിര്‍ത്തി ചിഹ്നം മറന്നാലും ചിഹ്നം വിളി മറക്കരുതെന്ന് പറയാന്‍ ഏതായാലും സാധ്യതയില്ല. പിന്നെ ആകെയുണ്ടാവുക കുത്തിത്തിരുപ്പാണ്. അത് പിന്നെ തടയാന്‍ ഒരു നിര്‍വാഹവുമില്ല. പുരാണകാലംതൊട്ട് നാരദനിലൂടെ അത് സര്‍വഥാ അംഗീകരിക്കപ്പെട്ടതാണ്. ആര്‍ഷഭാരത സംസ്കാരത്തില്‍പ്പെട്ട കാര്യമായതുകൊണ്ട് അതിനെ നിയമംമൂലം നിരോധിക്കല്‍ പ്രായോഗികമേയല്ല.

MORE IN THIRUVA ETHIRVA
SHOW MORE