എഴുത്ത് ശ്രീധരൻ പിള്ളയ്ക്ക് പണ്ടേ വീക്നസ്; ഇപ്പോ മാനനഷ്ടത്തിന് വക; തിരുവാ എതിർവാ

thiruva-ethirva-1-05-09
SHARE

ആനയും അമ്പാരിയുമൊന്നുമില്ലാതെ നമ്മള്‍ പതിവ് വെടിക്കെട്ട് തുടങ്ങുകയാണ്. സ്വാഗതം. തിരുവാ എതിര്‍വാ. ഇക്കണ്ട നാടും റോഡുമെല്ലാം ഇതട് വലത് ഭരണക്കാര്‍ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ ബിജെപി പിന്നെ എന്തുചെയ്യണം. വരുന്ന നാളുകളില്‍ കേരളം ഭരിക്കാന്‍ തയ്യാറെടുക്കുന്ന പാര്‍ട്ടിയാണ്. സെക്രട്ടറിയേറ്റില്‍ താമര വിരിയുന്ന ദിവസം സ്വപ്നം കണ്ടാണ് ശ്രീധരന്‍പിള്ളാജിയും മറ്റ് ജീവികളും ഉറങ്ങാന്‍ പോകുന്നതുതന്നെ.

ആ സ്വപ്നം സത്യമായി എന്നു വിചാരിക്കുക. അങ്ങനെ വന്നാല്‍ വികസനം പൂര്‍ത്തിയായ ഈ നാട്ടില്‍ അവര്‍ക്ക് എന്തുചെയ്യാന്‍ പറ്റും. അതുകൊണ്ടാണ് ചോദിച്ചത് ഇക്കണ്ട മേല്‍പാലങ്ങളും ദേശീയപാതകളുമെല്ലാം മാറിമാറി വരുന്ന ഇടത് വലതുസര്‍ക്കാരുകള്‍ പണിതുതള്ളിയാല്‍ പിന്നെ ബിജെപി എന്തുചെയ്യുമെന്ന്. അപ്പോള്‍ പിന്നെ ഒറ്റ പോംവഴിയേ ഉള്ളൂ. കുറച്ചുപണികള്‍ക്ക് ഇപ്പോളേ തുരങ്കം വയ്ക്കുക. അത്രയേ ശ്രീധരന്‍ പിള്ള ബിഎ എല്‍എല്‍ബി ചെയ്തൊള്ളൂ. 

പണ്ട് ലോ കോളജ് പഠനകാലത്ത് പിള്ള വക്കീല്‍ മാഗസിന്‍ എഡിറ്ററായി മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. അന്ന് ആ മാഗസിനില്‍ അടിയന്തിരാവസ്ഥക്കും ഇന്ദിരാഗാന്ധിക്കും എതിരെ ലേഘനമെഴുതിയ ടെററാണ് കക്ഷി. അതായത് അന്നേ എഴുത്ത് വീക്നസാണെന്നു സാരം. ഇപ്പോള്‍ അതേ എഴുത്തുശീലമാണ് വക്കീലിന് മാനനഷ്ടം ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

ഗതാഗത കുരുക്ക് അഴിക്കുക എന്ന കര്‍മം ശ്രീധരന്‍പിള്ളക്ക്  അറിയാത്തതില്‍ തെറ്റു പറയാനാവില്ല. ക്രിമിനല്‍ വ്യവഹാരങ്ങളാണ് ശീലം. അതില്‍ കുരുക്ക് അഴിക്കലുകളേക്കാള്‍ സ്ഥാനം കുരുക്ക് മുറുക്കുന്നതിനാണ്. 

ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നത്  കേരളത്തില്‍ നിര്‍ത്തിവയ്ക്കണമെന്ന ഉപദ്രവമില്ലാത്ത ഒരു കത്ത് കേന്ദ്രത്തിനെഴുതിയതിനാണ് പാവം പിള്ളാ ജിയെ ഭരണപ്പാര്‍ട്ടിക്കാര്‍ ഇങ്ങനെ പീഡിപ്പിക്കുന്നത്.

മുംബൈ താന പാതയൊക്കെ ധാരാവി ഒഴിപ്പിക്കുന്ന ലാഘവത്തില്‍ പൂര്‍ത്തിയാക്കിയ നിധിന്‍ ഗഡ്കരി ജിക്ക് ഇത്തരം കത്തുകളൊന്നും ഒരു വിഷയമാകാന്‍ പാടില്ലാത്തതാണ്. പക്ഷേ വക്കീലിന്‍റെ ധൈര്യം സമ്മതിക്കണം. വാളുംപരിചയും പേടിയില്ലാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള, ജി സുധാകരന്‍ വഴിയും കുഴിയും മന്ത്രിയായുള്ള ഈ സംസ്ഥാനത്തിന്‍റെ വികസനത്തിന് വിലങ്ങുതടിയാകാന്‍ കാണിച്ച ധൈര്യത്തിന് വക്കീലിനെ സമ്മതിക്കണം. 

ആ ക്ലോസ് അങ്ങോട്ട് ഏല്‍ക്കില്ലല്ലോ വക്കീലേ. ഈ 2010ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം കേന്ദ്രത്തില്‍ പോയി ദേശീയപാത 30 മീറ്റര്‍ വീതിയില്‍ മതി നിര്‍മാണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ പിന്നെ തിരുത്തപ്പെട്ടില്ലേ. ആ തിരുത്തിലല്ലേ താങ്കളുടെ പാര്‍ട്ടിയുടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിജി ഇവിടെ കേരളത്തില്‍ പണികളൊക്കെ ഏറ്റെടുത്ത് നടത്തുന്നത്. ഇത്തരം എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പോയിന്‍റുമൊയൊന്നും വാദിക്കാന്‍ വരല്ലേ പ്ലീസ്.

ഏതായാലും തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഉത്തരവ് ഇറക്കിയ ദേശീയപാത അതോറിറ്റിക്കും കൊടുക്കണം ഒരു കുതിരപ്പവന്‍. സാധാരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളൊക്കെ ഉള്ള സമയമാണ്. പുതിയ പദ്ധതി പ്രഖ്യാപിക്കലിനൊക്കെ സ്റ്റോപ് മേമോ ഉള്ളതുപോലെ നിലവിലുള്ള പദ്ധതികളെ ബ്ലോക്ക് ചെയ്യുന്ന പരിപാടിക്കും സ്റ്റോപ് മെമ്മോ ഉള്ളകാര്യം അറിയാത്തതാണോ അറിഞ്ഞിട്ടും ചെയ്തതാണോന്ന് ആര്‍ക്കറിയാം. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പെടും. ഇനി ഇക്കാര്യത്തില്‍ പുതിയ അപേക്ഷയുമൊക്കെ പോകണമെങ്കില്‍ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് വോട്ടെണ്ണലും പൂര്‍ത്തിയായി പുതിയ സര്‍ക്കാര് വരണം. നല്ല ബെസ്റ്റ് ടൈമില്‍ തന്നെയാണ് കോലിട്ട് കുത്തി ആപ് വച്ചിരിക്കുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE