'ദേശീയപാത' കത്തിൽ പൊള്ളലേറ്റ് പിള്ളാജി

sreedharan-pillai-06-05
SHARE

കത്തെഴുത്ത് അല്ലെങ്കിലും മലയാളിക്കിപ്പോഴും ഒരു ബലഹീനതയാണ്. അതിന് രാഷ്ട്രീയപാര്‍ട്ടി വ്യത്യാസങ്ങളൊന്നും ഇല്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്‍റെ ആണിക്കല്ല് തന്നെ ഹൈക്കമാന്‍ഡിന് എഴുതുന്ന കത്തുകളാണ്. നന്നായി കാലുവാരിയും കുതികാല്‍വെട്ടിയും സാഹിത്യം സമം ചേര്‍ത്ത് കത്തില്‍ കുറിച്ചിട്ടാല്‍ അത് ഹൈക്കമാന്‍ഡിന് രസിക്കും. പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്കിട്ട് പണിയും വരും. സിപിഎമ്മിലാണെങ്കില്‍ വി.എസ്. അച്യുതാനന്ദന്‍ ഫെയ്സ്ബുക്കില്‍ എഴുതാന്‍ തുടങ്ങിയതോടെ കേന്ദ്രകമ്മിറ്റിക്ക് കത്തയക്കുന്നത് തല്‍ക്കാലം നിര്‍ത്തിയിട്ടുണ്ട്. 

വല്യതാല്‍പര്യമില്ലാഞ്ഞിട്ടൊന്നും അല്ല, എഴുതിയിട്ട് വല്യകാര്യമൊന്നും ഇല്ലെന്ന് അറിയുന്നതുകൊണ്ടാണ്. പക്ഷേ ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിലെ ആളോഹരി രാഷ്ട്രീയക്കാരുടെ വക്കീലുമായ ശ്രീധരന്‍ പിള്ളാജി കത്തയക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനല്ല. അത് സംസ്ഥാന കത്താണ്. എന്നുവച്ചാല്‍ കേരളത്തിലെ ദേശീയ പാത വികസനം നിര്‍ത്തിവയ്ക്കാനുള്ള കത്തൊക്കെയാണ് പുള്ളിക്കാരന്‍ കേന്ദ്രത്തിലേക്ക് എഴുതുന്നത്. കത്തിന്‍റെ സ്വഭാവം അങ്ങനെയായതുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ നീറേണ്ട പതിവു രീതി വിട്ട് സര്‍ക്കാര്‍ അതെടുത്ത് കത്തിച്ചു.പിള്ളാജിക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

സംഗതി പിള്ളാജിക്ക് ഇതൊക്കെ ജനകീയ പ്രശ്നങ്ങളാണ്. അല്ലാതെ സിപിഎം ഭരിക്കുന്ന കാലത്ത് അങ്ങനെയിപ്പോ ബിജെപി സര്‍ക്കാരിന്‍റെ സഹായത്തില്‍ കേരളത്തില്‍ വിശാലമായ റോഡൊന്നും ഉണ്ടാവേണ്ട എന്നു വിചാരിച്ചിട്ടൊന്നും അല്ല. അല്ലേ... ഏയ് ആവില്ല. 

നിലവില്‍ സ്ഥലമേറ്റെടുപ്പാണ് കേരളത്തില്‍ റോഡ് വികസനത്തിന് തടസമെന്നാണല്ലോ എല്ലാവരും പറയുന്നത്. അതില്‍ തര്‍ക്കമൊന്നും ഇല്ല. പക്ഷേ പിള്ളാജിക്ക് അതൊക്കെ തടയണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് മതി റോഡ് വികസനമൊക്കെ. അതുകൊണ്ട് ഒരു മിനിറ്റ് പാഴാക്കാതെ കത്തെഴുതി. പക്ഷേ ഗെയില്‍ പൈപ്് ലൈനിനെതിരെ ഇതേപോലെ ഒരു കത്ത് പിള്ളാജി മോദിജിക്ക് എഴുതാന്‍ വഴിയില്ല. കാരണം അത് അവിടുന്നു വന്ന പദ്ധതിയാണ്. വാക്ക് കൊടുത്തത് മോദിജിയായതുകൊണ്ട് പിള്ളാജിക്ക് അതില്‍ പങ്കില്ല. ഒന്നും അറിയുകയും ഇല്ല. ഇനി ഇവിടുത്തെ ഇപ്പോഴത്തെ പ്രശ്നമായ ദേശീയപാതവികസനം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ കാരണങ്ങള്‍ കൃത്യമായും വിശദമായും പിള്ള വക്കീല്‍ പഠിച്ചുകാണേണ്ടതാണ്. അല്ലേ.

അറിയാത്ത കാര്യങ്ങളില്‍ ഇടപെടരുത് എന്നതൊക്കെ ഒരു സാമാന്യബോധമാണ്. കോമണ്‍സെന്‍സിനെക്കുറിച്ചുള്ള കാര്യമായതിനാല്‍ ഇവിടെ അതിന് പ്രസക്തിയില്ല. അപേക്ഷിക്കാനേ നിവൃത്തിയുള്ളു. 

ദയവ് ചെയ്ത് ഇങ്ങനെ അറിയാത്ത കാര്യങ്ങളില്‍ ഇത്രേം വലിയ കത്തൊന്നും എഴുതരുത് സാറെ. ഒടുക്കം ഇങ്ങനെ വന്ന് കരയേണ്ടിവരും. അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. പിന്നെ അതൊക്കെ ഇങ്ങനെ എടുത്തുപിടിച്ച് പരസ്യപ്പെടുത്തേണ്ടിവരും. പണിയാണ്, പിന്നെ എല്ലാര്‍ക്കും.

ഇനീം അയക്കുമെന്ന്. കേന്ദ്രത്തിലേക്ക് അയക്കാനുള്ള കത്തുകള്‍ക്ക് ഉടനെ സമീപിക്കുക. ഓഫറുകള്‍ പരിമിതമായ ദിവസത്തേക്ക് മാത്രം. ഇതൊക്കെ ജനങ്ങള്‍ക്ക് വേണ്ടിയാണ്.

ഒക്കെ ജനങ്ങളുടെ നമ്മളുടെ ക്ഷേമത്തിനാണെന്ന് അറിയുമ്പോ വല്ലാത്ത സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ മോദിജി പിണറായി സഖാവിന് എന്തോ കത്ത് കൊടുത്തൂന്ന് പറഞ്ഞല്ലോ. അതിന്‍റെ ഉള്ളടക്കം ഒന്നുകൂടെ വിശദമാക്കണം. നേരത്തെ ചിലതൊക്കെ പറഞ്ഞിരുന്നു.

മലയാളികളുടെ സുവര്‍ണകാലമാണിത്. നോക്കൂ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷന്‍മാരെ. മുല്ലപ്പള്ളി കോടിയേരി പിള്ളാജി....എത്രഭാഗ്യം ചെയ്തവരാണ് നമ്മള്‍ മലയാളികള്‍.  

MORE IN THIRUVA ETHIRVA
SHOW MORE