നവോത്ഥാന പാരമ്പര്യം; കള്ളവോട്ടുകളുടെ പ്രസക്തി

election23
SHARE

ആചാരങ്ങള്‍ തിരുത്തപ്പെടാനുള്ളതെന്നാണ് നവോത്ഥാന പാരമ്പര്യം വച്ച് പറയാറ്. നവോത്ഥാന മതിലു കെട്ടുമ്പോള്‍ പക്ഷേ സ്വാതന്ത്ര്യാനന്തരം കേരളത്തിന്‍റെ വടക്കേ ഭാഗങ്ങളില്‍ ആരംഭിച്ച ചില ആചാരങ്ങള്‍ പക്ഷേ തിരുത്താനുള്ള സമയം ആയിട്ടില്ല. അതില്‍പെട്ട ഒന്നാണ് കള്ളവോട്ട്. നമ്മളീ ജനാധിപത്യം സോഷ്യലിസം എന്നൊക്കെ പറയും. പക്ഷേ തിരഞ്ഞെടുപ്പില്‍ രണ്ടു കള്ളവോട്ട് ചെയ്തില്ലെങ്കില്‍ അതിലൊരു കുറച്ചില്‍ അനുഭവപ്പെടുന്നവരെ കുറിച്ചാണ് ഈ പറയുന്നത്. അങ്ങനെ പാര്‍ട്ടി വ്യത്യാസം ഒന്നും ഇല്ല. ശക്തിയുള്ള ഇടത്ത് ആ പാര്‍ട്ടിക്കാര്‍ നടപ്പാക്കുന്ന ഒരേര്‍പ്പാട്. അങ്ങനെ കണ്ടാമതിയെന്നാണ് പുരോഗമനക്കാര്‍ പരസ്യമായുംവലതുപക്ഷക്കാര്‍ രഹസ്യമായും പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രിയേക്കാളും പുരോഗമക്കാരന്‍ എന്നു തോന്നിപ്പിച്ച കേരളത്തിന്‍റെ ഇലക്ഷന്‍ ഓഫിസര്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഫാസിസ്റ്റ് ശക്തിയായി മാറിയിട്ടുണ്ട്. എന്തുചെയ്യാനാ...ഇത്രേ ഉള്ളു മനുഷ്യരുടെ കാര്യം. സോറി ഇലക്ഷന്‍ ഓഫിസറുടെ കാര്യം.

സത്യത്തില്‍ ഈ കള്ളവോട്ട് എന്നത് സിപിഎമ്മിനെ താറടിക്കാന്‍ ഉണ്ടാക്കിയ ഒരേര്‍പ്പാടാണ്. ഒന്നാമത് അത് കള്ളത്തരത്തിലൂടെ ചെയ്യുന്ന ഒന്നാണ്. അതിനെങ്ങനെ തെളിവുണ്ടാകും? അങ്ങനെ തെളിവൊക്കെ കാണിക്കാന്‍ പറ്റുന്ന തരത്തില്‍ ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് കള്ളവോട്ടല്ല, ഓപണ്‍ വോട്ടാണ്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികവും വൈകാരികവുമായ പരിസരങ്ങളില്‍ നിന്ന് ഇതിനെയൊക്കെ ഇങ്ങനെയാണ് കാണേണ്ടത്. അല്ലെങ്കില്‍ പിന്നെ സിസിടിവിയും വെബ് കാസ്റ്റിങ്ങും ഒക്കെ നടപ്പാകുന്ന ഇക്കാലത്ത് കുറച്ച് പേര്‍ രണ്ടു പ്രാവശ്യം വോട്ടൊക്കെ ചെയ്യുന്നത് എങ്ങനെ കള്ളവോട്ടാകും? ഒന്നാമത് അവിടെ ആ ബൂത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇതൊക്കെ കാണുന്നുണ്ട്. ഇതിനു പുറമേ ക്യാമറകളും ഇത് കാണിക്കുന്നു. അതുകൊണ്ട് രണ്ടോ മൂന്നോ തവണയൊക്കെ ഒരേ ആളുകള്‍ വോട്ട് ചെയ്യുന്നത് ഓപണ്‍ വോട്ടാണ്. കാര്യങ്ങളെ അങ്ങനെ വേണം മനസിലാക്കാന്‍. 

അപ്പോ പറഞ്ഞു വരുന്നത്. കോടിയേരി സഖാവിന്‍റെ പുതിയ തിയറിയെക്കുറിച്ചാണ്. 20ല്‍ 20 പറഞ്ഞ യുഡിഎഫ് എന്തിനാണെന്നറിയുമോ ഇപ്പോ കള്ളവോട്ടും പൊക്കി പിടിച്ചു വരുന്നത്? അതിനൊക്കെ കാരണം സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നതുകൊണ്ടാണ്. വല്ലാത്തൊരു യോഗമായിപ്പോയി അത്.

സമ്മതിക്കണം. ഇത്തരം ആരോപണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടെങ്കിലും സിപിഎം സെക്രട്ടറിയേറ്റിന് സീറ്റുകള്‍ എണ്ണം കുറച്ച് പറയാമായിരുന്നു. സൂക്ഷിക്കണ്ടേ. 18 സീറ്റ് എന്നത് ഒരു 5 എന്നോ ആറ് എന്നോ ഒക്കെ പരസ്യപ്പെടുത്തിയാല്‍ മതിയായിരുന്നല്ലോ.ഏതായാലും 18 സീറ്റില്‍ ജയിക്കും. അതില്‍ തര്‍ക്കമൊന്നും ഇല്ലല്ലോ. വെറുതേ ഇവന്‍മാരേക്കൊണ്ട് ചുമ്മാ ഇങ്ങനെ ആരോപണമുണ്ടാക്കാനൊക്കെ അവസരം കൊടുത്തു. അത് വേണ്ടിയിരുന്നില്ല.

തിരഞ്ഞെടുപ്പ് കാലവും തിരഞ്ഞെടുപ്പ് ശേഷമുള്ള കാലവും രണ്ടല്ല നമ്മുടെ ഇലക്ഷന്‍ ഓഫിസര്‍ക്ക്. ഇലക്ഷനൊക്കെ പ്രഖ്യാപിച്ചനേരത്ത് ശബരിമലയും പറഞ്ഞ് വോട്ട് ചോദിക്കേണ്ട എന്നു പറഞ്ഞതിന് ഇവിടുത്തെ സംഘപരിവാരത്തിന്‍റെ കണ്ണില്‍ അദ്ദേഹം ചുവപ്പ് ഭീകരനായിരുന്നു. ഈ കള്ളവോട്ട് കണ്ടുപിടിച്ചെത്തിയ കെ.സുധാകരന്‍ വരെ തള്ളിപ്പറഞ്ഞില്ലേ. എന്നിട്ടിപ്പോ എന്തായി? ശബരിമലയ്ക്കെതിരെ ഉപയോഗിച്ച അതേ ആര്‍ട്ടിക്കിള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തില്‍ നിന്നുള്ള വേറെ ആര്‍ട്ടിക്കിള്‍ വച്ചാണ് കള്ളവോട്ടിനെതിരെ പറഞ്ഞത്. അപ്പോ സിപിഎമ്മിന്‍റെ കൈയ്യില്‍ നിന്ന് ആവശ്യത്തിന് വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിനെയാണ് നിഷ്പക്ഷത എന്നുപറയുന്നത്. അവിടുന്നും ഇവിടുന്നും അടി വാങ്ങിക്കൂട്ടുക. ഇനിയിപ്പോ കുറച്ച് കാലത്തേക്ക് കോണ്‍ഗ്രസുകാരുടെ കണ്ണിലുണ്ണിയാവാനാണ് വിധി. ഒക്കെ ഒരു ഭാഗ്യമാണ്. 

കുറെ കാലത്തിനു ശേഷം മലബാറിലേക്ക് മല്‍സരിക്കാനെത്തിയതായിരുന്നു കെ.മുരളീധരന്‍. കോഴിക്കോട്ടൊക്കെ വീടുണ്ട് എന്നുവച്ച് വടകരയില്‍ മല്‍സരിക്കുമെന്നൊന്നും സ്വപ്നത്തില്‍ കരുതിയതല്ല. ഈ വടകരയില്‍ പാതി മണ്ഡലങ്ങള്‍ കണ്ണൂര്‍ ജില്ലയിലാണ്. അതുകൊണ്ട് കണ്ണൂരിലെ സഖാക്കളോട് പോരടിക്കാന്‍ പറ്റിയതിന്‍റെ ത്രില്ലിലാണ് മുരളീധരന്‍ ഇപ്പോഴും. എല്ലാം നേരേ വാ നേരെ പോ നിലപാടിലാണ് ഇപ്പോള്‍. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം അറിയാതെ പോയെ പ്രിസൈഡിങ് ഓഫിസര്‍മാരെ തിരുത്തിയാണ് ആദ്യമുന്നേറ്റം. മാറ്റം ബൂത്തില്‍ നിന്ന് എന്നാണ് പുതിയ മുദ്രാവാക്യം.

വടകരയിലെ മല്‍സരം പക്ഷേ മുരളീധരന് പുതിയ അനുഭവങ്ങളുേടതായിരുന്നു. ഇത്രേം കാലം കണ്ട തിരഞ്ഞെടുപ്പായിരുന്നില്ല അവിടുത്തേത്. കള്ളവോട്ടിന് കള്ളവോട്ട്, വണ്ടി തടയലിന് തടച്ചില്‍, നായ്ക്കുരണപ്പൊടിയുടെ പ്രയോഗം അതിനൊക്കെ പുറമേ കണ്ണൂരിന്‍റെ വീരശൂര സഖാവ് പി.ജയരാജനെ എതിരാളിയായി കിട്ടുക. എന്തുകൊണ്ടും ഒരു മാസ് മസാല പടം തന്നെയായിരുന്നു അത്.

സംഗതി മല്‍സരം കടുത്തതായിരുന്നെങ്കിലും വിജയത്തെക്കുറിച്ച് ഇത്രേം ആത്മവിശ്വാസമുള്ള ഒരു കോണ്‍ഗ്രസുകാരന്‍ വേറെയില്ല. എന്തുകണ്ടിട്ടാണോ എന്തോ? കള്ളവോട്ടിനു പോലും വീഴ്ത്താന്‍ പറ്റാത്ത സ്ഥാനാര്‍ഥി എന്നൊക്കെ നാളെ കേരളം വിലയിരുത്തുമായിരിക്കും. ഇതൊക്കെ കേട്ടിട്ട് ഒന്ന് അഭിനന്ദിക്കാന്‍ സാക്ഷാല്‍ പി.ജയരാജന് തോന്നിയാല്‍പോലും അതില്‍ ഒട്ടും അതിശയോക്തിയില്ല. 

പക്ഷേ ഇനിയുള്ള ആവശ്യം അതിമോഹമാണ്. അതു പറയാതെ തരമില്ല. അപ്പോ ഇന്നത്തെ കള്ളവോട്ട് കഥകള്‍ക്ക് അര്‍ദ്ധവിരാമം കുറിച്ച് അവസാനിപ്പിക്കുകയാണ്. യുഡിഎഫ് കള്ളവോട്ടിന്‍റെ തെളിവുകള്‍ തേടി സിപിഎം പുറപ്പെട്ട സ്ഥിതിക്ക് ഇത് തുടരും. 

MORE IN THIRUVA ETHIRVA
SHOW MORE