ഒരു വോട്ട് വർഗീയതക്ക്, മറ്റൊന്ന് വികസനത്തിന്; 'കള്ളവോട്ട്' എന്ന് ആക്ഷേപവും

fake-vote-thiruva-29
SHARE

പറച്ചില്‍ കേട്ടാല്‍ തോന്നും കേരളം ആദ്യമായാണ് കള്ള വോട്ട് എന്ന പദം പരിചയപ്പെടുന്നതെന്ന്. കള്ളവോട്ട് ആദ്യമായി അവതരിച്ച തിരഞ്ഞെടുപ്പല്ല ഇത്. മറിച്ച് കള്ളവോട്ട് സിസിടിവി ക്യാമറക്കുമുന്നില്‍ ചെയ്യുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. അങ്ങനെ കരുതാന്‍ കഴിഞ്ഞാല്‍ വലിയ കണ്‍ഫ്യൂഷന്‍ ഉണ്ടാകില്ല. എല്ലാവരും വോട്ടുരേഖപ്പെടുത്തണം എന്നത് സാധാരണയായി തിരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന ഒരു ക്യാംപയിനാണ്. എന്നാല്‍ ചിലരുണ്ട്. എത്ര പറഞ്ഞാലും കേള്‍ക്കില്ല. അപ്പോപിന്നെ അവരുടെ വോട്ട് ഉത്തരവാദിത്തത്തോടെ ചെയ്യണം. അതാണ് കാലങ്ങളായി പാര്‍ട്ടിക്കാര്‍ ചെയ്തുവരുന്നത്. വിവരമില്ലാത്ത ഉദ്യോഗസ്ഥരും എതിരാളികളും അതിനെ കള്ളവോട്ടെന്ന് വിളിക്കുന്നു എന്നേയുള്ളൂ. വര്‍ഗീയത വീഴും വികസനം വാഴും. അതായിരുന്നു ഇടത് മുദ്രാവാക്യം. അപ്പോ ഒരു വോട്ട് വര്‍ഗീയതക്ക്. മറ്റൊരെണ്ണം വികസനത്തിന്. അതിനെയാണ് കള്ളവോട്ട് എന്നുപറഞ്ഞ് ആക്ഷേപിക്കുന്നത്.  വോട്ടുചെയ്യാന്‍ പ്രവാസികള്‍ വരണ്ട. ഞങ്ങള്‍ ചെയ്തോളാം എന്നതായിരുന്നു അരങ്ങേറിയ പരിപാടി. പ്രവാസിവോട്ട് സര്‍ക്കാര്‍ നടപ്പാക്കിയെന്നുകരുതിയാ മതി. 

ആണത്തം പറയുന്നതാണ് ഇപ്പോ കെ സുധാകരന്‍റെ വലിയൊരു വീക്നസ്. തിരഞ്ഞെടുപ്പു പ്രചാരണ പരസ്യത്തില്‍ ആണത്തം കാണിച്ചതിന്‍റെ കേസ് തീര്‍പ്പാകാതെ കിടപ്പുണ്ട്. മറ്റൊരു സുധാകര വീഡിയോയും ഇപ്പോള്‍ വൈറലാണ്. വോട്ടുകള്‍ ചെയ്യാതെ പാഴാകുന്നത് ജനാധിപത്യത്തിന്‍റെ ഉറപ്പിന് കോട്ടം വരുത്തുമെന്നും അതിനാല്‍ കാണുന്നവരുടെ പേരിലൊക്കെ കുത്തിക്കോണമെന്ന് സുധാകരന്‍ അണികളെ ഉപദേശിക്കുന്നതാണ് ആ പ്രസ്തുത വീഡിയോ. അത് പരമാവധി പ്രചരിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും വോട്ടിങ് ദിവസത്തെ കലാപരിപാടി വീഡിയോയുടെ അത്രക്കങ്ങ് ഏക്കുന്നില്ല. വിജയത്തിളക്കം കുറക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന പൊറോട്ടുനാടകം എന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം വി ജയരാജന്‍റെ കണ്ടെത്തല്‍. കള്ളവോട്ടാണ് അതെന്ന് തിരഞ്ഞടുപ്പു കമ്മീഷന്‍ പറഞ്ഞ സ്ഥിതിക്ക് കമ്മീഷനുമേല്‍ പാര്‍ട്ടിക്കുള്ള വിശ്വാസം നഷ്ടമാകാനാണ് സാധ്യത. 

സത്യം പറഞ്ഞാല്‍ പി ജയരാജ്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഇതുകൂടി ചുമക്കേണ്ടി വന്നേനേ. വടകരയില്‍ തോറ്റാലും വേണ്ടില്ല. ഈ കുരിശിനി ചുമക്കേണ്ടിവന്നില്ലല്ലോ എന്നാണ് പി വിചാരിക്കുന്നത്. പാര്‍ട്ടിക്കും അതൊരു ആശ്വാസമാണ്. ഇത് കള്ളവോട്ടല്ലാരുന്നെങ്കില്‍ക്കൂടി പി ജയരാജനായിരുന്നു ജില്ലാ പദവിയിലെങ്കില്‍ വിശദീകരണം കേള്‍ക്കാന്‍ പോലും നാട്ടുകാര്‍ നില്‍ക്കില്ലല്ലോ. എന്തായാലും സിസിടിവി ദൃശ്യങ്ങള്‍ക്ക് ശബ്ദത്തിന്‍റെ അകമ്പടിയില്ല. ആ കുറവ് പരിഹരിക്കാന്‍ എംവി ജയരാജന്‍ എല്ലാം പറഞ്ഞുതരും.

കള്ള വോട്ട് എന്നത് വെറുതെ ചെന്നങ്ങ് ചെയ്യാവുന്ന എളുപ്പപണിയാണെന്നാണ് എല്ലാവരുടെയും ഒരു പൊതു ധാരണ. എന്നാല്‍ അത് തെറ്റാണ്. തിരഞ്ഞെടുപ്പ് പ്രചാരണം പോലെ, അല്ലെങ്കില്‍ അതിലും വലിയ ശ്രമം അതിന്‍റെ തയ്യാറെടുപ്പിനു വേണം. സംശയമുള്ളവര്‍ക്കായി എല്ലാം കെ സുധാകരന്‍ പറഞ്ഞുതരു.ം പോളിങ് ഏജന്‍റിനെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ. 

പറയുന്നത് കെ സുധാകരനായതുകൊണ്ട് ഇത് ഇങ്ങനെയൊക്കെയാകും സംഭവിച്ചിരിക്കുക എന്ന് വിശ്വസിക്കാതെ വയ്യ. ഇതെല്ലാം കേള്‍ക്കുന്നവര്‍ക്ക് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്‍റെ റൂട്ട് മനസിലാകില്ല എന്നതുകൊണ്ട് കുഴപ്പമില്ല.  പാര്‍ട്ടി ഗ്രാമങ്ങളെക്കുറിച്ചാണ് ബിജെപി സംസ്ഥാന  അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പരാതി. അവ പിരിച്ചുവിടണം എന്നതാണ് ആവശ്യം. കണ്ണൂര്‍ മേഖലയില്‍ ബിജെപി അച്ചടക്കമുള്ള പാര്‍ട്ടിയായതുകൊണ്ട് പറയുന്നതിന്‍ അല്‍പ്പം കാര്യമുണ്ട്. 

അരിവാള്‍ നെല്‍ക്കതിര്‍ പതിച്ച പതാകയില്‍ സൂക്ഷിച്ചുനോക്കിയ പൊന്നാനി സ്ഥാനാര്‍ഥി പിവി അന്‍വറിന് കാണാന്‍ കഴിഞ്ഞത് നല്ല പച്ച നിറമുള്ള നെല്‍ക്കതിരുകളായിരുന്നു. അതൊകൊണ്ട് അന്‍വര്‍ ഒരു പ്രസ്ഥാവന നടത്തി. പൊന്നാനിയിലെ സിപിഐ മുസ്ലീം ലീഗിനെക്കാള്‍ മോശമാണ്. അത്യാവശ്യം പരിസ്ഥിതി വിഷയങ്ങളിലൊക്കെ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ. അതൊക്കെ അവധിക്കുവച്ച് അന്‍വറിനുവേണ്ടി വിയര്‍പ്പൊഴുക്കിയതിന്‍റെ സമ്മാനം അവര്‍ക്ക് കിട്ടിത്തുടങ്ങി എന്നുവേണം പറയാന്‍. 

MORE IN THIRUVA ETHIRVA
SHOW MORE