കണ്ണന്താനത്തിന്‍റെ തള്ളുകളും; സിനിമയില്‍ മമ്മൂട്ടി പറഞ്ഞ മറുപടിയും

Alphons Kannanthanam Mammootty
SHARE

വോട്ടെടുപ്പ് കഴിഞ്ഞാലും തള്ളാനുള്ള അവസരം ഒട്ടും പാഴാക്കില്ല. അല്‍ഫോന്‍സ് കണ്ണന്താനം അങ്ങനെയാണ്. മമ്മൂട്ടി നന്നായി അഭിനയിക്കുന്നതില്‍ പണ്ടേ ഒരു കുശുമ്പ് ഉള്ളതാണ്. എറണാകുളത്തെ വോട്ടറല്ലാത്ത മോഹന്‍ലാലിനെ കാണാന്‍ പോവും പക്ഷേ വോട്ടറായ മമ്മൂട്ടിയെ കാണില്ല. അങ്ങനെയൊക്കെയാണ് കക്ഷിയുടെ രീതി. ഇപ്പോ മമ്മൂട്ടി ശരിയല്ലെന്നാണ് കണ്ടെത്തല്‍.

ഇതിപ്പോ തല്ലുകിട്ടിയാലും അത് പറയുമ്പോള്‍ തള്ളാന്‍ വല്ല വകുപ്പും ഉണ്ടോന്നാണ് കണ്ണന്താനം നോക്കുന്നത്. നാട്ടുകാരിങ്ങനെ സ്ഥിരമായ ട്രോളാന്‍ തുടങ്ങിയതുകൊണ്ട് തനിക്കെന്തു തള്ളും സാധ്യമാണെന്നൊരു വിചാരം അദ്ദേഹത്തിനുണ്ട്. എന്തും പറയാമെന്നാണ് വയ്പ്. കൂട്ടത്തില്‍ താന്‍ പഠിച്ചതും കിട്ടിയ ജോലിയും എല്ലാം വച്ച് തള്ളും.

ഇനിയിപ്പോ ഇങ്ങനെ വിളിച്ചുപറയാന്‍ മാത്രമായിരിക്കുമോ ഓരോരോ അവസരങ്ങളും ഉണ്ടാക്കുന്നത് എന്നാണ് സംശയം. അല്‍ഫോണ്‍സ് തള്ളന്താനം സോറി കണ്ണന്താനത്തിന്‍റെ തള്ളുകള്‍ക്ക് അതേ ഭാഷയില്‍ പണ്ട് സിനിമയില്‍ മമ്മൂട്ടി പറഞ്ഞ ഒരു മറുപടിയുണ്ട്. 

വോട്ടെടുപ്പുകാലത്തേ വലിയ തോല്‍വിയായിപ്പോയവരാണ് ഇവരൊക്കെ. ഇനിയിപ്പോ ഫലം വന്ന് ജയിച്ചാലും നാട്ടുകാരെ സംബന്ധിച്ച് വലിയ തോല്‍വിയായിരിക്കും അത്. 

കണ്ണന്താനം തള്ളലുകള്‍ക്ക് തല്‍ക്കാലം വലിയ രീതിയില്‍ മറുപടി പറയാന്‍ ഈ രാജ്യത്ത് ഒരാളെ നിലവിലുള്ളു. സാക്ഷാല്‍ നരേന്ദ്ര മോദി. രണ്ടുപേരും വലിയ രീതിയില്‍ കൊടുക്കല്‍വാങ്ങലുകള്‍ നടത്തുന്ന ആളാണ്. ആകെ ഒരു വ്യത്യാസം കണ്ണന്താനം കണ്ണന്താനത്തേയും മോദിയേയും തള്ളും. മോദി പക്ഷേ മോദിയെ മാത്രമേ തള്ളാറുള്ളു. അങ്ങനെ അദ്ദേഹം ഇപ്പോള്‍ അഞ്ചുകൊല്ലം ഭരിച്ച കാലത്തില്ലാത്ത രീതിയില്‍ അഭിമുഖങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകം ഓര്‍ക്കണം, രാഷ്ട്രീയം, എതിര്‍ ചോദ്യങ്ങള്‍ ഇതൊന്നും പാടില്ല. അതില്ലാത്തവരിടത്ത് എന്തും സംസാരിക്കും.

കൂടുതലും സ്വന്തം പ്രത്യേകതകള്‍ പറയാനാണ് താല്‍പര്യം. അങ്ങനെ ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാറുമായി അഭിമുഖം റെഡിയായി. അക്ഷയ് കുമാറാണെങ്കില്‍ അനീതിക്കെതിരെ പ്രതികരിക്കുന്ന ആക്ഷന്‍ റോളുകളില്‍ നിന്ന് മാറി ഹാസ്യവേഷങ്ങള്‍ ചെയ്യുന്നതുകൊണ്ട് അഭിമുഖം നന്നായി ആസ്വദിച്ചിട്ടുണ്ട്. നമുക്കും ആസ്വദിക്കാം.

ബാലനരേന്ദ്രന്‍റെ കഥകള്‍ എഴുത്തുരൂപത്തിലും ചിത്രകഥാ രൂപത്തിലുമാണ് വന്നത്ത്. പിന്നെ ഹിമാലയ സാനുക്കളിലെ യുവാവായ നരേന്ദ്രന്‍റെ ജീവിതം പത്രങ്ങളില്‍ ഖണ്ഡശ്ശയായി അച്ചടിച്ചുവരികയായിരുന്നു. അതിനുപുറമേ നേരിട്ട് പറയേണ്ട കാര്യങ്ങളാണ് ഇപ്പോ ടെലിവിഷന്‍ വഴി അഭിമുഖങ്ങളായി എത്തുന്നത്. അക്ഷയ് കുമാറിനെ സംബന്ധിച്ച് അഭിനയം എങ്ങനെ കണ്ടുപഠിച്ച് നന്നാക്കാം എന്നൊരു വലിയ ഗുണം ഈ അഭിമുഖം വഴി ലഭിച്ചിട്ടുണ്ട്. മമത ബാനര്‍ജി  മോദിയുടെ പിറന്നാളിന് കുര്‍ത്തയും മധുരവും നല്‍കാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലാണ് അഭിമുഖത്തിലെ പ്രധാന ഐറ്റം.

അടുത്ത ബ്രേക്കിങ് ന്യൂസ് മോദിയുടെ ഉറക്കക്കുറവിന്‍റെ കാര്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ പ്രകടിപ്പിച്ച ആശങ്കയാണ്. ഏതായാലും ഇന്ത്യക്കാരെ സംബന്ധിച്ച് മോദിയുടെ ഉറക്കം വലിയ പ്രശ്നം തന്നെയാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ വ്യക്തവും വിവേകവും പക്വതയുമുള്ള തീരുമാനം എടുക്കാന്‍ മനുഷ്യന് കഴിയില്ലെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നവരുടെ കണ്ടെത്തല്‍.

വീണ്ടും കേരളത്തിലേക്കെത്തിയാല്‍ പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ ചാക്കും പേറി നടക്കുന്നവരാണ് ഏറിയ കൂറും. അടുത്തമാസം 23 വരെ അതുണ്ടാവും. വോട്ടുചെയ്യാന്‍ വലിയ മനസ് കാണിച്ച മലയാളികള്‍ക്ക് നല്ല നമസ്കാരം പറഞ്ഞ് നിര്‍ത്താം. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.