വീടിന്‍റെ നട അടയ്ക്കാൻ വയ്യാത്ത അവസ്ഥ; ഒരു ചാകര ലൈൻ

vellappally-house-during-election
SHARE

എസ് എന്‍ സ്വാമിയുടെ സിബിഐ ഡയറിക്കുറുപ്പിനേക്കാള്‍ വലിയ ഡയറിക്കുറിപ്പ് യദ്യൂരപ്പ എഴുതിയിരുന്നത്രേ. ഇടക്കിടക്കെടുത്തുവായിക്കാന്‍ തലയിണക്കടിയില്‍വച്ച് ഉറങ്ങിയെങ്കിലും ഉണര്‍ന്നപ്പോള്‍ സംഗതി കാണാനില്ല. ആദായനികുതിവകുപ്പുകാര്‍ ആ നല്ല കൈപ്പടകള്‍ കൈവശപ്പെടുത്തി. കോണ്‍ഗ്രസിന് ലോട്ടറിയാണ്. റഫാല്‍ രേഖക്കുപുറമെ ഇങ്ങനെ പല രേഖകളും കോണ്‍ഗ്രസ് അടിച്ചോണ്ടുപോകുന്നത് കാവല്‍ക്കാരന്‍റെ ശ്രദ്ധക്കുറവുകാരണമല്ലേയെന്ന അനാവശ്യ സംശയം.

ഏതച്ചന്‍ വന്നാലും അമ്മക്ക് കിടക്കപ്പൊറുതിയില്ല എന്ന ചൊല്ല് അത്ര സഭ്യമല്ല. പക്ഷേ ചില കാഴ്ചകള്‍ കാണുമ്പോള്‍ മനസില്‍ വരുന്നത് ആ ചൊല്ലാണുതാനും. കണിച്ചികുളങ്ങര ഭഗവാന്‍ വെള്ളാപ്പള്ളി നടേശന് ഇപ്പോള്‍ വീടിന്‍റെ നട അടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. വല്ലവിധേനയും പടിവാതിലൊന്ന് താഴിട്ട് പൂട്ടി അകത്തേക്കുകയറുമ്പോള്‍ വീണ്ടും വാതില്‍ക്കല്‍ മുട്ടുകേള്‍ക്കും. മൊത്തത്തില്‍ ഒരു ചാകര ലൈന്‍. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ പിന്നെ ഈ മുറ്റം ഇങ്ങനെയാണ്. 

അതുവരെ മൈക്രോഫൈനാന്‍സ് അഴിമതിക്കാരനെന്നൊക്കെ ഒച്ചത്തില്‍ കീറിയവര്‍ ഇപ്പോള്‍ ഈ വീട്ടില്‍നിന്ന് ഇറങ്ങാതെ താമസിക്കുകയാണ്. കണിച്ചികുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനുപോലും ഈ വീട്ടിലെ കലവറ ഇത്രയും ഭക്ഷണം ഉണ്ടാക്കിക്കാണില്ല. വിരുന്നുകാരുടെ തള്ളിക്കയറ്റത്തില്‍ അല്‍ഭുതമൊന്നുമില്ല. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇത്തരം ആചാരങ്ങള്‍ പതിവാണ്. നവോത്ഥാനമതിലിനുപോലും ഇല്ലാതാക്കാന്‍ കഴിയാത്ത ചില ആചാരങ്ങളെന്ന് കരുതിയാല്‍ മതി.

യുഡിഎഫ് മിടുക്കര്‍, എല്‍ഡിഎഫ് മിടുമിടുക്കര്‍, എന്‍ഡിഎ അതിലും മിടുക്കര്‍. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് വെള്ളാപ്പള്ളി മടുത്തു. ചിലപ്പോള്‍ ആകെ കണ്‍ഫ്യൂഷനാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നിരിക്കുമ്പോള്‍ അറിയാതെ യുഡിഎഫിനെ പുകഴ്ത്തി നടേശേട്ടന്‍ മിണ്ടിക്കളയും. ആരും ഒന്നും വിചാരിക്കരുത്. കണ്‍ഫ്യൂഷന്‍ കൊണ്ടാ. തൃശൂരില്‍ വെള്ളാപ്പള്ളി മകന്‍ തുഷാര്‍ മല്‍സരത്തിനിറങ്ങുന്നുണ്ട്. അവിടേക്കുപോകുമ്പോ ആ ചാലക്കുടുയില്‍ ഒന്നിറങ്ങിയേക്കണേ എന്ന ലൈനിലായിരുന്നു നിഷ്ടകളങ്കരായ ചില ഇന്നസന്‍റുമാരുടെ വരവ്. 

എഎം ആരിഫ് ആലപ്പുഴയില്‍ പാട്ടുംപാടി ജയിക്കുമെന്ന് പറഞ്ഞതിന്‍റെ പുറകേ പഴയ പിഎസ്‍സി തൊഴിലാളി കെഎസ് രാധാകൃഷ്ണന്‍ വണ്ടിപിടിച്ച് പാഞ്ഞെത്തി തനിക്ക് പരീക്ഷക്കായി വന്ന ഹാള്‍ടിക്കറ്റ് കാണിച്ചു. പിണറായിയായിരുന്നു ഇടംകാലുവച്ച് ഈ സീസണ്‍ ഉദ്ഘാടനം ചെയ്തത്. അതിന്‍റെ ഐശ്വര്യം കാണാനുണ്ട്. അതിഥി സല്‍ക്കാരത്തിനായി വരും ദിവസങ്ങളിലും പത്തുലിറ്റര്‍ പാല്‍ അധികം വാങ്ങാനാണ്  നടേശേട്ടന്‍റെ തീരുമാനം

ഒരു സിങ്കിള്‍ ഓംലറ്റ് അടിക്കുന്ന അത്ര എളുപ്പമല സ്വന്തം തല മൊട്ടയടിക്കുന്നതെന്ന് തിരിച്ചറിയാന്‍ വെള്ളാപ്പള്ളി നടേശന്‍ അല്‍പ്പം വൈകി. തിരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ മണ്ഡലത്തില്‍ ചില പ്രവചനം നടത്തുന്ന പോള്‍ നീരാളികൂടിയാണ് വെള്ളാപ്പള്ളി നടേശന്‍. ഇക്കുറി പ്രവചനം അല്‍പ്പം നേരത്തേയായതാണ് പണിയായത്. പറഞ്ഞത് മാറ്റിപ്പറയുന്നതില്‍ തെല്ലും മടിയില്ലാത്തതുകൊണ്ട് രക്ഷപെട്ടു. 

അല്ലേല്‍ വെറുതേ വോട്ടെണ്ണല്‍ ദിവസം വരെ ടെന്‍ഷന്‍ അടിക്കേണ്ടിവന്നേനേ. പാവം ഷുക്കൂര്‍. വെള്ളാപ്പള്ളിയുടെ തലവടിക്കാന്‍ ബാര്‍ബറെതേടിനടന്ന് വെയില്‍കൊണ്ടത് വെറുതെയായി. മൊട്ടയടിക്കാത്ത തലക്ക് പിന്തുണ പ്രഖ്യാപിച്ചാണെന്നു തോന്നുന്നു സിപിഎം സംസ്ഖാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍വരെ ഈ വീട്ടിലെത്തി. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരാകും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി. നമ്മള്‍ ചോദിക്കുന്ന ചോദ്യമല്ല. മറിച്ച് ബിജെപി സംസ്ഥാന നേതൃത്വം പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ദേശീയ നേതൃത്വം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ പത്തനംതിട്ടയില്ല. പത്തനംതിട്ട എന്നൊരു മണ്ഡലം കേരളത്തിലില്ലേ എന്നുവരെ സംശയിച്ചുപോയി. അയ്യപ്പന്‍റെ പേരില്‍ മണ്ഡലത്തില്‍ കാട്ടിക്കൂട്ടിയതെല്ലാം വെറുതെയായോ എന്നാണ് കെ സുരേന്ദ്രന്‍റെ സംശയം. ജയിലും പൊലീസുകാര്‍ക്കൊപ്പമുള്ള കേരള കോടതി പര്യടനങ്ങളുമെല്ലാം വെറുതെയായോ എന്ന് അറിയാന്‍ കിടക്കുന്നതേയുള്ളൂ. പാര്‍ട്ടി അധ്യക്ഷന്‍ മുതല്‍ കേന്ദ്രമന്ത്രി കണ്ണന്താനം വരെ ചൂണ്ട എറിഞ്ഞ അയ്യപ്പന്‍റെ മണ്ണില്‍ ആരാകും എന്നറിയുന്നതുവരെ സര്‍വം സമര്‍പ്പയാമി. 

കൊച്ചി പഴേ കൊച്ചിയാണെങ്കിലും അല്ലെങ്കിലും കുഴപ്പമില്ല. പക്ഷേ അല്‍ഫോന്‍സ് കണ്ണന്താനം പഴേ ആളുതന്നെയാണ്. തന്‍റെ പതിവ് തെള്ള് സ്റ്റൈലിന് തെല്ലും മാറ്റമില്ലാതെ ആള്‍ കളത്തിലുണ്ട്. കൊച്ചിയെപ്പറ്റി കൊച്ചിക്കാര്‍പ്പോലും വിചാരിക്കാത്ത അത്ര വലിയ തള്ളാണ് കണ്ണന്താനം വിടുന്നത്. ഇതൊക്കെ ഇനി വോട്ടായി തിരിച്ചു പെട്ടിയില്‍ വീഴ്്ത്തുന്നതുവരെ പറച്ചില്‍ തുടരും

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികാ ചര്‍ച്ചാ വേളയില്‍ മല്‍സരാര്‍ത്ഥികള്‍ മണ്ഡലം മാറുന്നതൊക്കെ സ്വേഭാവികം. എന്നാല്‍ ഒരു പാര്‍ട്ടി തിരഞ്ഞെടുപ്പില്‍നിന്നുതന്നെ മാറുന്നത് രാര്യത്തുതന്നെ ആദ്യ സംഭവമായിരിക്കും. പക്ഷേ വേണ്ടത്ര ശ്രദ്ധ ആ സംഭവത്തിന് കിട്ടിയില്ല എന്നതാണ് സത്യം. പറഞ്ഞുവന്നത് പിസി ജോര്‍ജിന്‍റെ ജനപക്ഷ കാര്യമാണ്. തിരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞെന്നും പത്തനംതിട്ടയില്‍ കളത്തിലിറങ്ങുന്നത് പാര്‍ട്ടിയുടെ എന്നല്ല കേരളത്തിന്‍റെ തന്നെ ഗര്‍ജിക്കുന്ന സിംഹമായ താനായിരിക്കുമെന്നും ഇങ്ങോട്ടുവന്നുപറഞ്ഞതാണ് കക്ഷി. ഒടുവില്‍ ആളെ കാണാനില്ല. എല്ലാ മാധ്യമങ്ങള്‍ക്കും ഒരു കുറിപ്പ് കൊടുത്തുവിട്ട് ജോര്‍ജാശാന്‍ മുങ്ങി. മല്‍സരിക്കാന്‍ നുമ്മ ഇല്ല എന്നായിരുന്നു ആ വാര്‍ത്താക്കുറിപ്പിന്‍റെ ഉള്ളടക്കം. വന്നുവന്ന് തിരഞ്ഞെടുപ്പുകാലത്തും പിസി ജോര്‍ജിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന അവസ്ഥ.

MORE IN THIRUVA ETHIRVA
SHOW MORE