ഒരു കൈ നോക്കാൻ മുരളി; കോണ്‍ഗ്രസിന് കട്ടക്കൊരു നങ്കൂരം

murali5
SHARE

കടുത്ത ഇഷ്ടത്തെ സൂചിപ്പിക്കാന്പോന്ന ഒരു പ്രയോഗം ഈ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയ വേളയില്‍ കേരളത്തിന് വീണുകിട്ടിയിരിക്കുകയാണ്.  കോണ്‍ഗ്രസിന് വയനാടെന്നപോലെ, ബിജെപിക്ക് പത്തനംതിട്ടഎന്നപോലെ എന്നതാണ് ആ മധുര  പ്രയോഗം . കുറിച്ചുവച്ചാല്‍ വരുന്ന വാലന്‍റൈന്‍സ് ദിനത്തിലൊക്കെ എടുത്തുകാച്ചാവുന്നതാണ്.

സ്ഥാനാര്‍ഥി നിര്‍ണയമെന്ന പതിവ് ഗ്രൂപ്പ് നൂലാമാലയില്‍പ്പെട്ട് പായ കീറിയ കപ്പലുപോലെ ഉഴറുകയായിരുന്ന കോണ്‍ഗ്രസിന് ഇന്ന് കട്ടക്കൊരു നങ്കൂരം കിട്ടി. സാക്ഷാല്‍ കരുണാകരന്‍ മുരളീധരന്‍. പഴയ കൊട്ടാരത്തില്‍ ശാസ്താക്കാലത്ത് അച്ഛന്‍ വളര്‍ത്തിയ മകനെന്ന ചീത്തപ്പേര് ആവോളം കേട്ട മുരളിയെക്കുറിച്ച് ഇന്ന് അതേ കോണ്‍ഗ്രസുകാര്‍ പറയുന്നത് പാര്‍ട്ടിയുടെ ഗര്‍ജിക്കുന്ന സിംഹമെന്നാണ്. വടകരയില്‍ പാര്‍ട്ടിക്ക് കരകയറല്‍ അത്യാവശ്യമാണ്. കാരണം എതിരാളി സാക്ഷാല്‍ പി ജയരാജനെന്നതുതന്നെ. ജയരാജനെ പൂട്ടാന്‍ പഴയ വടകരക്കാരന്‍ മുല്ലപ്പള്ളിതന്നെയിറങ്ങണമെന്ന് മുല്ലപ്പള്ളിയുടെ ശത്രുക്കളും മിത്രങ്ങളുമായ കോണ്‍ഗ്രസുകാര്‍ ഒച്ചപ്പാടുണ്ടാക്കുന്നതിനിടെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ നോമിനിയായി വട്ടിയൂര്‍ക്കാവിലെ പാട്ടുമല്‍സരം നിര്‍ത്തി മുരളി തെക്കുനിന്ന് വടക്കോട്ടുള്ള വണ്ടിക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. കളത്തിലിറങ്ങി വോട്ടുതേടി നടക്കുന്ന ശീലം താന്‍ ഉപേക്ഷിച്ചെന്ന് മുല്ലപ്പള്ളി കരഞ്ഞുപറഞ്ഞിട്ടും പാര്‍ട്ടി കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പുകഞ്ഞുകത്താറായ മുല്ലപ്പള്ളിയുടെ തലക്കകത്തുപിറന്ന കിടിലന്‍ ബുദ്ധിയാണ് കെ മുരളീധരന്‍. 

സുധീരനടക്കം നിരവധി പേരെ വടകരയിലേക്ക് മുല്ലപ്പള്ളി വിളിച്ചെങ്കിലും ആരും അതിനുള്ള ധീരത കാട്ടിയില്ല. ഇനിയെങ്ങാനും മുല്ലപ്പള്ളിക്ക് തന്നെ കളത്തില്‍ ഇറങ്ങേണ്ടിവന്നിരുന്നതെങ്കില്‍ കെപിസിസി അധ്യക്ഷനാകാനുള്ള യോഗ്യത കുറവില്ലാത്തതിനാല്‍ മുരളിക്ക് ആ ലോട്ടറിയും അടിച്ചേനേ. ഒറ്റ നമ്പറിന് അത് മുടക്കിയതില്‍ മുല്ലപ്പള്ളിക്കുള്ള പങ്കും ഈ അവസരത്തില്‍ അനുസ്മരിക്കാവുന്നതാണ്. ഇതിലും വലിയ രാഷ്ട്രീയ പരീക്ഷകളെ നേരിട്ടിട്ടുള്ള മുരളിക്ക് ജയരാജനൊന്നും ഒരു വിഷയമേ ആകില്ല. അലുമിനിയം പട്ടേലിനെയും മദാമ്മയെയും പേടിക്കാത്ത ചരിത്രം കൈയ്യിലുള്ള തഴക്കം വന്നവന് വടക്കാഞ്ചേരിയിലെ പഴയ തോല്‍പ്പിക്കലിന് വേണമെങ്കില്‍ പകരം വീട്ടുകയുമാകാം. എന്തായായും ലോഡ്ഷെഡിങ് കണക്കെ മമ്മന്തരത്തില്‍ കിടന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഹൈവോള്‍ട്ടിന്‍റെ എല്‍ഇഡി ബള്‍ബിട്ടപോലെ പ്രകാശിതമായി

ശരിക്കും മുരളി പിന്‍ഗാമിയാണ്. മുല്ലപ്പള്ളിയുടെ പിന്‍ഗാമി. തല്‍ക്കാലം കെപിസിസി ആസ്ഥാനത്ത് പിന്‍ഗാമിയാകേണ്ടതില്ല മറിച്ച് ലോക്സഭയില്‍ തന്‍റെ കസേരയില്‍ വേണമെങ്കില്‍ ഇരുന്നുകൊള്ളുക എന്നാണ് പ്രസിഡന്‍റിന്‍റെ നിലപാടെന്നുമാത്രം. മൂന്നുതവണ ലോക്സഭയിലേക്ക് പോയിട്ടുണ്ടെങ്കിലും ഇക്കുറി  മുരളി മല്‍സരത്തിനിറങ്ങുന്നതുതന്നെ വീരന്‍ പരിവേഷത്തിലാണ്. കേരള രാഷ്ട്രീയത്തില്‍ പല വേഷങ്ങളും കെട്ടിയിട്ടുള്ള മുരളി ഒരു പായുന്ന കുതിരയാണെന്ന സത്യം പി ജയരാജനും തിരിച്ചറിയുന്നുണ്ട്. 

ഇരുപതുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ നല്‍കിയത് കെ മുരളീധരനാണ്. രണ്ടാണ് കാര്യം. ഒന്ന് താന്‍ ഒഴിയുന്ന കസേരക്കുവേണ്ടിയാണ് മുരളി കളിക്കാനിറങ്ങുന്നത്. സ്വാഭാവികമായും വോട്ടുതേടിയെത്തുന്നിടത്തെല്ലാം സിറ്റിങ് എംപിയെക്കുറിച്ച് പലതും കേള്‍ക്കേണ്ടിവന്നേക്കാം. പിന്നെ തന്‍റെ സ്വന്തം നോമിനിയായാണ് നിയമസഭയില്‍ നിന്ന് ലോക്സഭയിലേക്ക് ടിക്കറ്റ് വച്ചു നീട്ടുന്നത്. കെപിസിസി അധ്യക്ഷസ്ഥാനം ഉള്‍പ്പെടെ ഇതിലും വലുതെല്ലാം പണ്ട് കുട്ടിക്കാലത്തുതന്നെ ആസ്വദിച്ചിട്ടുള്ള മുരളീധരന് ഇതൊക്കെ എന്ത്. എന്തുകൊണ്ടാണ് മുരളി സ്ഥാനാര്‍ഥിയാകുന്നത് എന്ന് ആലോചിച്ചിരിക്കുന്നവര്‍ ഇനിയുമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി അതിനുള്ള മറുപടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്ന അന്ന് മുരളീധരന്‍തന്നെ പറഞ്ഞിരുന്നു. 

ഇതിനെയാണ് സെല്‍ഫ് ഗോള്‍ എന്നു പറയുന്നത്. നാക്കിന്‍റെ കാര്യത്തില്‍ ലൈസന്‍സില്ലാത്തവനാണെന്ന് സോണിയാ ഗാന്ധിയെവരെ ബോധ്യപ്പെടുത്തിയവനാണ് മുരളി. അതുകൊണ്ടൊക്കെത്തന്നെയാണ് പാര്‍ട്ടി പ്രചരണ വിഭാഗം ചുമതല കൈവന്നത്. ഇനി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സ്വന്തം പ്രചാരണം മാത്രമായി തലവന്‍ ഒതുങ്ങുമോ എന്നതാണ് അണികളുടെ സംശയം. ലീഗിന്‍റെ വോട്ട് തനിക്കിനി വേണ്ട എന്ന് വട്ടിയൂര്‍ക്കാവിലേക്ക് തട്ടകം മാറ്റിയതിനുപിന്നാലെ പറഞ്ഞത് മുസ്ലീം ലീഗുകാര്‍ മറന്നുകാണുമോ ആവോ

മുരളീധരനെക്കുറിച്ച് പറയുകയാണെങ്കില്‍ ആള്‍ സകലകലാവല്ലഭനാണ്. ടോംവടക്കനെവരെ നല്ല പച്ചക്ക് അനുകരിച്ചാണ് അദ്ദേഹം വേദികള്‍ കീഴടക്കുന്നത്. വെറുതെയല്ല വകടര പിടിക്കാന്‍ മുരളിക്ക് നറുക്കുവീണത്. 

അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്. ടോം വടക്കന് ഇത് മധുവിധു കാലമാണ്. തൃശൂര്‍ എറണാകുളം എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും എല്ലാം വെറും പറച്ചിലാകാനാണ് സാധ്യതയെന്നാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ സസൂക്ഷമം കേള്‍ക്കുമ്പോള്‍ വെറുതേ തോന്നുന്നത്. വടക്കന്‍റെ കാര്യം ചോദിക്കുമ്പോള്‍ കണ്ണീര്‍ സീരയലിലെ കുടുംബകഥയാണ് വക്കീല്‍ പറയുന്നത്

ഏത് നല്ല കളിപ്പാട്ടം കണ്ടാലും അപ്പോള്‍ തന്‍റേതാക്കാന്‍ കൊതിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക്  ഇപ്പോള്‍. തിരുവനന്തപുരത്തു നില്‍ക്കണോ പത്തനം തിട്ടയില്‍ നില്‍ക്കണോ തൃശൂര്‍ക്ക് പോണോ എന്നൊക്കെ ഒറു വിഭ്രാന്തി. ദേശീയ നേതാക്കളെപ്പോലെ ഒന്നിലധികം മണ്ഡലത്തില്‍ മല്‍സരിച്ചാലും അല്‍ഭുതപ്പെടാനില്ല. എല്ലാവര്‍ക്കും പത്തനംതിട്ടയില്‍ മല്‍സരിക്കണം എന്നതാണ് ബിജെപിയിലെ പട്ടികാ ചര്‍ച്ചയുടെ പ്രധാന പ്രശ്നം. അയ്യപ്പ സ്വാമി വിചാരിച്ചാല്‍പ്പോലും ആ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാന്‍ കഴയുമെന്ന് തോന്നുന്നില്ല. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കെ സുരേന്ദ്രനോട് പണ്ട് കോടതി പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനായ പിള്ള വക്കീലും ഉള്ളിയേരി സുരേന്ദ്രനോട് പറയുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE