കെ വി തോമസ് കറിവേപ്പില തൈകൾ

kv-thomas-thiruva
SHARE

കേരകര്‍ഷകന്റെ തലയില്‍ നാളികേരം വീണു എന്നുപറഞ്ഞതുപോലെ അറംപറ്റി നില്‍ക്കുകയായിരുന്നു കെ. വി. തോമസ്. എറണാകുളത്തെ രക്ഷിക്കാനായി മാഷ് ഒരു പ്രത്യേകപദ്ധതി രൂപകല്‍പന ചെയ്തു.  ഒരു ലക്ഷം കറിവേപ്പിലതൈകള്‍ വിതരണം ചെയ്യാനുള്ള പ്രത്യേക പദ്ധതി. എറണാകുളത്തിന്റെ മുഖച്ഛായ മാറുമെന്ന് ഉറപ്പുള്ള പദ്ധതി പാതിവഴിയില്‍നില്‍ക്കുമ്പോഴാണ് ഇലക്ഷന്‍ വരുന്നത്. അടുത്ത ടേമില്‍ നടപ്പാക്കാമല്ലോ എന്നാശ്വാസിച്ചിരിക്കുമ്പോ സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ േപരില്ല. കറിവേപ്പില പോലെ ആരോ എടുത്തുകളഞ്ഞ് ദൂരേക്കെറിഞ്ഞു. പാവം മാഷ്.

പാര്‍ട്ടിക്ക് ഒന്നു പറയാമായിരുന്നു. അതുണ്ടാകാത്തതിലാണ് മാഷിന്റെ സങ്കടം. മാഷേ മാഷേ എന്നുവിളിച്ച് അതുവരെ ഒപ്പമുണ്ടായിരുന്നവര്‍ സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ മുങ്ങിക്കളഞ്ഞു. ഒറ്റപ്പെട്ടവന്റെ അവസ്ഥ ഒറ്റപ്പെട്ടവനെ മനസിലാവൂ.

നേരെ ഓടി ബീജേപ്പിലോട്ട് പോകാന്‍ കെ. വി. തോമസ്, ടോം വടക്കനല്ല. കുമ്പളങ്ങിയില്‍നിന്ന് നൈറ്റ്സും ഡെയും നോക്കാതെ പാര്‍ട്ടിക്കുവേണ്ടി ഡല്‍ഹീലോട്ട് വണ്ടി കയറിയ ഭൂതകാലമുണ്ട് പറയാന്‍. കരിമീനില്‍നിന്ന് കണ്ണീരിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ മാഷ് കണക്കുമാഷായി മാറുമെന്ന് സോണിയാ ഗാന്ധിപോലും വിചാരിച്ചുകാണില്ല.

സകലതിനും കണക്കുചോദിച്ചതോെട മാഷിന്റെ സബജക്റ്റ് നാട്ടുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പിടികിട്ടി. തന്നെ ഒഴിവാക്കിയതിനുപിന്നിലെ സബ്ജക്റ്റിനെകുറിച്ചും കെ. വി. തോമസിന് നല്ല ധാരണയുണ്ട്.

അതെ, ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കാനും പാര്‍ട്ടിയാണ് തീരുമാനിച്ചത്. അപ്പോ ഒന്നിച്ചുപോകണം. ഉടക്കരുത്. ഉടക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടും നല്ല ചരിത്രബോധമുള്ളതുകൊണ്ടും തോമസ് മാഷെ പുകഴ്ത്തുകയാണ് ഹൈബി. ഹൈബി പറയുന്നതൊക്കെ പേപ്പറിലാക്കിയാല്‍ കെ. വി. തോമസിന് പത്മശ്രീ എപ്പോ  കിട്ടി എന്നുചോദിച്ചാല്‍മതി.

കോണ്‍ഗ്രസിനെ പ്രാകിയെന്നത് നേരാണ്. പക്ഷെ, മാഷിന്റെ വീക്ക്നെസ്  ഹൈക്കമാന്‍ഡിന് നന്നായി അറിയാം. ഹൈക്കമാന്‍ഡിന്റെ വീക്ക്നെസ് നന്നായി അറിയാവുന്നയളാണ് മാഷും. ഇത്തവണ അത് പാളിപ്പോയി എന്നുമാത്രം. എന്തായാലും ഹൈക്കമാന്‍ഡ് പിടിക്കേണ്ടിടത്ത് പിടിച്ചു. തോമസ് മാഷ് വീണു.

കെ.വി. തോമസിന് ഗുരുവാക്കാന്‍ യോഗ്യതയുള്ള ഒരാളെയുള്ളൂ കോണ്‍ഗ്രസില്‍. അത് രാജ്മോഹന്‍ ഉണ്ണിത്താനാണ്. സ്ഥാനമാനങ്ങളോട് ആര്‍ത്തി തീരെയില്ല. നിയമസഭ തിരഞ്ഞെടുപ്പാണെങ്കില്‍ പാറശാലയോ മഞ്ചേശ്വരമോ ആയാലും ഓകെ. ഒരു പ്രശ്നവുമില്ല. ഇതാ ഇപ്പോ കണ്ടില്ലേ. കാസര്‍കോടാണ് സീറ്റ് കൊടുത്തിരിക്കുന്നത്. പരിഭവം തീരെയില്ല. മാഷെകുറിച്ചോര്‍ത്താണ് ഇത്തിരിയെങ്കിലും പരിഭവം.

അഞ്ചുപതിറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള മഹാനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസല്ല പാര്‍ട്ടിയെങ്കില്‍ പിടിച്ച് പ്രസിഡണ്ടോ ജനറല്‍ സെക്രട്ടറിയോ ആക്കിയേനെ. അങ്ങനെയുള്ളരൊള്‍ മല്‍സരിക്കാനെത്തുമ്പോള്‍ കാസര്‍കോട്ടെ ചിലര്‍ എതിര്‍ക്കാമോ. സ്ഥാനാര്‍ഥിയാകുമെന്നുറപ്പിച്ച സുബ്ബറായിയോട് ഉണ്ണിത്താന് ഒന്നേ പറയാനുള്ളൂ. ഞാന്‍ ജയിച്ചങ്ങ് ഡല്‍ഹിക്കും പോകും. അലമ്പാക്കരുത് ?

കോണ്‍ഗ്രസുകാരെ പോലെയല്ല ലീഗുകാര്‍. പറഞ്ഞാല്‍ പറഞ്ഞതാ. കുഞ്ഞാലിക്കുട്ടിയും ഇ.ടിയുമെന്ന് പറഞ്ഞാല്‍ അങ്ങനെത്തന്നെ. പ്രചാരണം തുടങ്ങാനാകാത്ത കോണ്‍ഗ്രസുകാരെനോക്കി പ്രചാരണം തീരാറായ ലീഗുകാര്‍ കൊഞ്ഞനംകുത്തുന്നുണ്ട്. ഇതുകണ്ടിട്ടാണോ എന്നറിയില്ല കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണത്തിന് വന്ന് ആര്യാടന്‍ മുഹമ്മദ് ഒരു കുത്തുകുത്തി. നൈസായിട്ട്. ലീഗുകാരുടെ രഹസ്യചര്‍ച്ചയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് ആര്യാടന്‍.

MORE IN THIRUVA ETHIRVA
SHOW MORE