ഒരു വടക്കൻ വീര ഗാഥ; വടക്കന്‍ വെടക്കാക്കുമോ?

tom-vadakkan3
SHARE

തിരഞ്ഞെടുപ്പായതോടെ വലിയ വലിയ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് അന്തരീക്ഷത്തില്‍. കെസി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിക്കുമോ, ഇടുക്കി ജോസഫിന് നല്‍കുമോ, തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുമോ ഇങ്ങനെ നീളുന്നു അവ. അത്തരം ചോദ്യങ്ങളിലേക്ക് കുമ്മനടിച്ച കയറിയിരിക്കുകയാണ് ടോം വടക്കന്‍. തൃശൂരോ ചാലക്കുടിയോ വെടക്കാക്കാന്‍ വടക്കന്‍ വരുമോ എന്ന് ബിജെപിക്കാര്‍ തന്നെ സ്വയം ചോദിച്ചുപോകുന്ന അവസരിത്തില്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

ഇന്നലെ രാത്രികൂടി എഐസിസിയില്‍ നിന്ന് അത്താഴം കഴിച്ച കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ഇന്ന് താമരമായലണിഞ്ഞ് സംഘപുത്രനായി ബിജെപി ആസ്ഥാനത്തുനിന്ന് ഉച്ചയൂണുണ്ടു. 2015 ല്‍ അഞ്ജാതവാസത്തിനായി പോയി വന്ന ശേഷമാണ് രാഹുല്‍ ഗാന്ഡി ടോം വടക്കന് പാര്‍ട്ടി വക കോട്ടൊക്കെ വാങ്ങി നല്‍കി വക്താവായി അഭിഷേകം ചെയ്തത്. ഡല്‍ഹി മലയാളിയായ വടക്കനെ രാഷ്ട്രീയത്തിലെ അപൂര്‍വ ജീവി എന്ന് നിസംശയം വിളിക്കാം. കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ മ്യൂസിക്കും ചേര്‍ത്ത് ഹിറ്റുകള്‍ സൃഷ്ടിക്കുന്ന മാതിരിയാണ് ആ കരിയറിനെ കാണേണ്ടത്. കേരളത്തിലെ രാഷ്ട്രീയ കൗശലതയും ഡല്‍ഹിയിലെ പ്രവര്‍ത്തന മികവും. ഇവയൊക്കെകൊണ്ടാണ് വടക്കന്‍ നെഹ്റുകുടുംഹത്തിന്‍റെ വിശ്വസ്ഥനാകുന്നത്. തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് സോണിയാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. വടക്കനറിയാത്ത എത്ര രഹസ്യങ്ങള്‍ ഉണ്ട് എന്നത് വേറെ കാര്യം. എന്നാലും ആ രഹസ്യങ്ങളുടെ ഭാണ്ഡത്തില്‍ കണ്ണുവച്ചുതന്നെയാണ് അമിത്ഷാ ഈ അമിത ഭാരം ചുമക്കാന്‍ തീരുമാനിച്ചത്. ഒരു വടക്കന്‍ വീരഗാഥ.

പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളാണ് തന്നെ ബിജെപിക്കാരനാക്കിയതെന്ന വടക്കന്‍റെ തള്ളാണ് തള്ള്. ബാലാക്കോട്ട് ആക്രമണമുള്‍പ്പെടെ നടന്നപ്പോള്‍ സര്‍ക്കാരിന‌ും സേനക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നിട്ടാണ് വടക്കന്‍ ഇമ്മാതിരി രാജ്യസ്നേഹം തള്ളുന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ മുന്‍ അഴിമതികളില്‍ നിന്ന് മുക്തി എന്ന കഴിഞ്ഞ മാസം ട്വിറ്ററില്‍ കുറിച്ചയാളാണ് വടക്കന്‍. ഇപ്പോള്‍ കക്ഷി പറയുന്നത് ബിജെപി മതാതിഷ്ടിതപാര്‍ട്ടിയല്ല എന്നും രാഷ്രീയത്തില്‍ തൊട്ടുകൂടായ്മയില്ല എന്നൊക്കെയാണ്. കോണ്‍ഗ്രസിന്‍റെ വക്താവായിരുന്നെങ്കിലും തനിക്ക് എഴുതാനറിയില്ലായിരുന്നു വായിക്കാന‍്‍ മാത്രമേ അറിയുമായിരുന്നുള്ളൂ എന്നാണ് വടക്കന്‍ തന്നെ വെളിപ്പെടുത്തുന്നത്. 

ഇതാണ് പറയുന്നത് മനുഷ്യന്‍ മാറാന്‍ നിമിഷങ്ങള്‍ മതി എന്ന്. ടോം വടക്കന്‍ പോയതുകൊണ്ട് കോണ്‍ഗ്രസിലെ ആരും ദുഖിക്കില്ല എന്നുറപ്പാണ്. അത് ബിജെപ്പിക്കും നന്നായറിയാം. എങ്കിലും രാജ്യത്ത് ആ കാലുമാറ്റം വലിയ സംഭവംതന്നെയായി. അതാണ് വടക്കന്‍ എഫക്ട്. ശല്യം ഒഴിഞ്ഞുവെന്ന ലൈനിലാണ് കേണ്‍ഗ്രസ് ക്യാംപിന്‍റെ പ്രതികരണങ്ങള്‍. 

എന്നുവച്ചാല്‍ കഴിഞ്ഞ കുറം നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തെ വടക്കന്‍ കണ്ടിട്ടില്ല എന്നു സാരം. ഈ പാര്‍ട്ടിയാണ് ആ പാര്‍ട്ടിയെക്കുറിച്ച് ചാനലായ ചാനലുകളിലൊക്കെയിരുന്ന് ഇക്കണ്ട തള്ളൊക്കെ തള്ളിയത് എന്നോര്‍ക്കുമ്പോ നമ്മള്‍ തിരിച്ചറിയുകയാണ് വക്താവ് എന്ന പദത്തിന്‍റെ യധാര്‍ത്ഥ അര്‍ത്ഥം

വടക്കനെ തേടി കാറ്റ് എത്തിയതാണോ അതോ വടക്കന്‍ കാറ്റിനെ എത്തിപ്പിടിച്ചതാണോ. അതാണ് ഉത്തരമില്ലാത്ത മറ്റൊരു ചോദ്യം

ശരിക്കും ഇതാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥ. ആദ്യമായാണ് ബിജെപിയെക്കൊണ്ട് ഒരു ഉപകാരമുണ്ടായതെന്ന് അവരില്‍ പലരും രഹസ്യമായി പറയുന്നുമുണ്ട്. പാര്‍ട്ടിക്ക് ഉണര്‍വും ഉന്മേഷവും കൈവന്നുവെന്നാണ് അവര്‍ പറയുന്നത്. 

നിലവില്‍ പാര്‍ട്ടിയിലുള്ളവന്മാരുടെ ശല്യംകൊണ്ടുതന്നെ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കാന്‍ കഴിയാതിരിക്കുകയായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. അപ്പോളാണ് തൃശൂര്‍ റേഞ്ചില്‍ നീട്ടിയൊരു വട്ടം വരച്ച് വടക്കനെത്തുന്നത്. വക്കീല്‍ പിള്ളച്ചേട്ടന്‍ എങ്ങനെയാകും ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നറിയാന്‍ ഏവര്‍ക്കും ഉറപ്പായും താല്‍പ്പര്യം കാണും.

കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ വോട്ടുചോദ്യം തുടങ്ങി. രണ്ടരക്കൊല്ലത്തിനിടക്ക് ഇത് മൂന്നാമത്തെ പ്രചാരണമായതുകൊണ്ട് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ എറ്റവും എക്സ്പീരിയന്‍സുള്ള വോട്ടുതേടലുകാരന്‍ എന്ന നേട്ടത്തോടെയാണ് കുഞ്ഞാപ്പയുടെ നടപ്പ്. ഇക്കുറി ഇറങ്ങിനടക്കുമ്പോള്‍ ഐസ്ക്രീമിന്‍റെ തണുപ്പ് ഒപ്പമില്ല എന്നൊരു പ്രത്യേകതയുമുണ്ട് എന്ന് വോട്ടര്‍മാര്‍ മറക്കരുത്.

കേരള കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നല്ല നടപ്പിലായില്ല. അവിചാരിതമായി കിട്ടിയ ബാറ്റണുമായി തോമസ് ചാഴിക്കാടന്‍ ഓട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത് തന്‍റെ ലാപ്പാണെന്ന് നിലവിളിച്ച് നടക്കുന്ന ജോസഫ് നീതിക്കായി കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു. ഇടുക്കി സീറ്റ് നല്‍കിയാല്‍ തല്‍ക്കാലത്തേക്ക് തനിക്കൊരു ആശ്വാസം കിട്ടുമെന്നാണ് ജോസഫ് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരിക്കുന്നത്. സ്വന്തം കാര്യതക്തില്‍ പോലും ഒരു ഉറപ്പ് ഇതുവരെയില്ലാത്ത ഉമ്മന്‍ ചാണ്ടി എല്ലാം ഞാന്‍ ശരിയാക്കാം എന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. ഇതിനിടയില്‍ റോഷി അഗസ്റ്റിനെന്ന കോട്ടയത്ത് ജനിച്ച ഇടുക്കി എംഎല്‍എയെ മാണിസാര്‍ രംഗത്തിറക്കി കരുനീക്കി. പകരത്തിന് പകരം എന്ന ലൈനില്‍ മോന്‍സ് ജോസഫിനാണ് അപ്പുറത്ത് നറുക്ക്

അപ്പോപ്പിന്നെ ഇന്ന് ഇത്രേം മതി. കൂടുതല്‍ താങ്ങില്ല. എസ്എസ്എല്‍സി ഉത്തരക്കടലാസുപോലെ വഴിയില്‍ വീണുപോകാതെ തിരുവാ എതിര്‍വായുടെ മുന്‍ എപ്പിസോഡുകള്‍ മനോരമ ന്യൂസ് ഡോട്കോമിലും യുട്യൂബിലും സുരക്ഷിതമായി കിടപ്പുണ്ട് .കാണണം. 

MORE IN THIRUVA ETHIRVA
SHOW MORE