മാണിയെ മെരുക്കാൻ കോൺഗ്രസിന് ആപ്പ് വെച്ച് ജോസഫ്

pj-joseph-compromise
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ കേരള പര്യടനം കഴിഞ്ഞതിനുശേഷം ഒരു പാര്‍ട്ടിയുടെ ഒരു നേതാവ് മറ്റൊരു പര്യടനം നടത്തിയ ദിവസമാണിന്ന്. വലിയ പാര്‍ട്ടിയൊന്നും അല്ല. രണ്ടിലയുള്ള പാര്‍ട്ടി. അതിലെ ഒരിലയെന്ന് സ്വയം അവകാശപ്പെടുന്ന ആളാണ് കക്ഷി. പേര്, പി.ജെ.ജോസഫ്. അദ്ദേഹം ഇന്ന് മൊത്തം ഒരു സന്ദര്‍ശനത്തിലായിരുന്നു. രാവിലെ ഉമ്മന്‍ചാണ്ടി, പിന്നെ രമേശ് ചെന്നിത്തല. അങ്ങനെയൊരു കറക്കം. ഒടുക്കം കോണ്‍ഗ്രസിനിട്ട് ആപ്പും വച്ചു.

കെ.എം. മാണിയെ മെരുക്കിയില്ലെങ്കില്‍ കോട്ടയത്ത് വിവരം അറിയുമെന്നാണ് മുന്നറിയിപ്പ്. അതിപ്പോ ചാഴിക്കാടനെ നിര്‍ത്തി ജോസഫിനെതിരെ പൂഴിക്കടകന്‍ പ്രയോഗിച്ചപ്പോള്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ഥി വാസവന്‍റെ തലയില്‍ പൂത്തിരിയും മത്താപ്പും ഒരു മിച്ച് കത്തി എന്നാണ് അണിയറക്കഥകള്‍. ഇതുകൂടിയായപ്പോള്‍ വാസവന്‍ ഇനി പ്രചാരണത്തിന് തന്നെ ഇറങ്ങണോ എന്ന് ആലോചിക്കാവുന്നതാണ്. 

മാണി കോണ്‍ഗ്രസില്‍ ലയിച്ചതില്‍ പിന്നെ ജോസഫിന്‍റെ ഗതി ഇതാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന്‍റെ നേരത്ത് വേണ്ടത്ര സീറ്റ് ആ വിഭാഗത്തിന് കിട്ടിയില്ലെന്ന് പറഞ്ഞ് വലംകൈയ്യായ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പാര്‍ട്ടിയും വിട്ടു മുന്നണിയും വിട്ടു. ആളുകുറഞ്ഞതുകൊണ്ട് തനിക്ക് കിട്ടാനുള്ളതൊക്കെ കിട്ടുമെന്നാണ് ജോസഫ് കരുതിയത്. പക്ഷേ കെ.എം.മാണിയും ജോസ്മോനും ചേര്‍ന്ന് ജോസഫിനെ വെട്ടി. എല്ലാ നാടകങ്ങളും മാണിയുടെ മകന്‍ ജോസ്മോന്‍റെ വകയാണെന്നാണ് ജോസഫ് വിഭാഗത്തിന് കിട്ടിയിരിക്കുന്ന ഇന്‍റലിജന്‍സ് രഹസ്യം.  രഹസ്യങ്ങള്‍ എപ്പോഴും ദുഖമാണുണ്ടാക്കുക. ജോസഫിന്‍റെ ദുഖത്തില്‍ നമ്മളും പങ്കുചേരുന്നു. 

പാര്‍ട്ടി വിട്ടുവരാന്‍ വരെ തയ്യാറായാണ് ജോസഫിന്‍റെ പോക്കും വരവും. ഉമ്മന്‍ചാണ്ടി കനിഞ്ഞാല്‍ എല്ലാം നടക്കുമെന്ന് അറിയാം. ഒരു സപ്പോര്‍ട്ടിനായി രമേശ് ചെന്നിത്തലയേയും കാണാം. ചെന്നിത്തല എന്തായാലും മാണിക്കുവേണ്ടി വാദിക്കാന്‍ വഴിയില്ലെന്ന് ജോസഫിന് നന്നായി അറിയാം. ബാര്‍ കോഴ കേസും കേരള കോണ്‍ഗ്രസിന്‍റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ റിപ്പോര്‍ട്ടിന്‍റെ കോപ്പിയൊക്കെ വായിച്ച ആളാണല്ലോ ജോസഫ്. അതുകൊണ്ട് ചെന്നിത്തല കട്ടയ്ക്ക് നില്‍ക്കുമെന്നുറപ്പിച്ചാണ് അങ്ങോട്ട് പോയത്. പക്ഷേ ആകെ മൊത്തം ടോട്ടല്‍ പെട്ടത് ഇപ്പോ കോണ്‍ഗ്രസാണ്.

മാണിയെ പൂട്ടാനുള്ള താക്കോലും പൂട്ടും ഏല്‍പ്പിച്ചാണ് ജോസഫിന്‍റെ മടക്കം. പൂട്ടേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിന്. അല്ലെങ്കില്‍ തന്നെ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥി പട്ടികപോലും ആയിട്ടില്ല. അപ്പോഴാണ് ഇനി ഈ പൂട്ടുന്ന പരിപാടി. അതും രാജ്യസഭാസീറ്റൊക്കെ തളികയില്‍ വച്ചുകൊടുത്തല്ലേ മാണിസാറേയും പാര്‍ട്ടിയേയും യുഡിഎഫിലേക്ക് തിരിച്ചെടുത്ത്. ആ കണക്കിന് കര്‍മഫലം എന്നങ്ങ് കരുതിയാല്‍ മതി, ഉമ്മന്‍ചാണ്ടിയും കൂട്ടരും. 

MORE IN THIRUVA ETHIRVA
SHOW MORE