ജോസഫിനെ വെട്ടാൻ മാണിയുടെ ചാഴിപ്പണി

mani-chazhikkadan2
SHARE

ശബരിമല നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന് മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ മണ്ഡലകാലം ഓര്‍മയുള്ളവര്‍ വെറുതെ പമ്പയിലൊക്കെ ഒന്ന് ചെന്നു നോക്കണം. സര്‍വം ശാന്തം. പണ്ട് കോടതി വിധിക്കുപിന്നാലെ തിരഞ്ഞെടുപ്പുകൂടി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇപ്പറഞ്ഞ പൊല്ലാപ്പെല്ലാം ഒഴിവാക്കാമായിരുന്നവെന്നുവെന്ന് വെറുതെ ആലോചിച്ചുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

കേരള കോണ്‍ഗ്രസ്ഒരു ചതിയുടെ ബാക്കിപത്രമായാണ് 1964 ല്‍ ഈ പാര്‍ട്ടി പിറന്നതുതന്നെ. കോണ്‍ഗ്രസ് നേതാവായിരുന്ന പിടി ചാക്കോയെ പാര്‍ട്ടി ചതിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന ചാക്കോ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പിന്നീട് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്ന് കെ എം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 15 എംഎല്‍എമാര്‍  കേരള കോണ്‍ഗ്രസ് ഉണ്ടാക്കി. അന്ന് പാര്‍ട്ടിയുണ്ടാക്കാന്‍ മുന്നില്‍ നിന്ന ആര്‍ ബാലകൃഷ്ണപിള്ളക്കുതന്നെയാണ് കേരള കോണ്‍ഗ്രസിനെ ആദ്യം പിളര്‍ത്തിയതിന്‍റെ ക്രഡിറ്റും. എണ്‍പത്തിയേഴില്‍ മാണിത്തണലില്‍ മറ്റൊരു കേരള കോണ്‍ഗ്രസ്. ചതിയുടെയും പിന്നില്‍ നിന്ന് കുത്തിയതിന്‍റെയും വിഷമത്തില്‍ പിറന്ന പാര്‍ട്ടി ആയതിനാലാകണം ആ കാലുവാരല്‍ സ്വഭാവം  ജനന വൈകല്യം പോലെ പാര്‍ട്ടിക്കൊപ്പം എന്നുമുണ്ട്. വളരുക പിളരുക എന്നതാണ് ഇവരുടെ പൊതുതത്വമെന്ന് കേരളത്തിലെ എന്നല്ല ലോകത്തിലെ രാഷ്ട്രീയമറിയാത്തവര്‍ക്കുപോലും നന്നായറിയാം. ആ കേരള കോണ്‍ഗ്രസിലെ പുതിയ നാടകം കേരളം കണ്‍കുളിര്‍ക്കെ കാണുകയാണ്. ഇടതുമുന്നണിയില്‍ നല്ല നിലക്കുനിന്ന പിജെ ജോസഫ് മാണിയുടെ കണ്ണിറുക്കലില്‍ വീണതുമുതലാണ് ഈ രംഗത്തിന്‍റെ കഥ തുടങ്ങുന്നത്. കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ഥിയാകാന്‍ തൊടുപുഴക്കാരന്‍ ഒരുങ്ങി. പക്ഷേ താലികെട്ടിന്‍റെ മുഹൂര്‍ത്തത്തില്‍ മണ്ഡപത്തില്‍ തോമസ് ചാഴിക്കാടന്‍ എന്ന അപ്രതീക്ഷിത വരനെത്തി. 

പണ്ടേ തോമസ് ചാഴിക്കാടന്‍ ഒരു പകരക്കാരനാണ്. ഇക്കുറി പിജെ ജോസഫിനെ വെട്ടാനുള്ള തുറുപ്പായാണ് മാണി ഈ ചാഴിപ്പണി നടത്തിയത്. മണ്ഡലത്തില്‍ വോട്ടുതേടി ഒന്നുരണ്ടുദിവസം കൊണ്ട വെയില്‍ നിഷ ജോസ് കെ മാണി അങ്ങ് സഹിക്കട്ട്. അല്ലാതെ പിന്നെ. ഇങ്ങനെയൊരു സിറ്റുവേഷനില്‍ കുടുംബത്തുനിന്നുതന്നെ ഒരു സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ നാട്ടുകാര്‍ പറയും ഈ കെഎം മാണിക്ക് അണികളേകാകള്‍ വലുത് സ്വന്തം വീടും വീട്ടുകാരുമാണെന്ന്. പഴേ പിസി തോമസിനോടൊക്കെ ചോദിച്ചാല്‍ കുടുംബസ്നേഹത്തിന്‍റെ കൂടുതല്‍ കഥ അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് തോറ്റതിന് കോണ്‍ഗ്രസിനെ പഴിപറഞ്ഞുനടന്നപ്പോ സ്വപ്നത്തില്‍പോലും ചാഴിക്കാടന്‍ അറിഞ്ഞില്ല ഇങ്ങനെയൊരു പണി തനിക്ക് വരുമെന്ന്

ഇതിനെയാണ് വീണിടത്തിട്ട് ചവിട്ടുക എന്നു പറയുന്നത്. കോട്ടയത്ത് ജോസഫ് മല്‍സരിച്ചാല്‍ ജനപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല എന്ന് മിനിഞ്ഞാന്ന് വെച്ചുകാച്ചിയ കക്ഷിയാണ് പിസി. അല്ലെങ്കിലും ജോസഫിനാണ് മൊത്തത്തില്‍ നഷ്ടം. പാര്‍ട്ടി പിളരാതെ ഇടതുമുന്നണിയില്‍ നിന്നിരുന്നെങ്കില്‍ പത്തനംതിട്ട മണ്‍ലത്തില്‍ മല്‍സരിക്കേണ്ട ടീംസാണ്. ഇപ്പോ ഇടതുവശത്തുള്ള ഫ്രാന്‍സിസ് ജോര്‍ജിനും വലതുവശത്തുള്ള പിജെ ജോസഫിനും സീറ്റില്ല. ഐക്യമത്യം മഹാബലമെന്ന് ആശാന്‍പള്ളിക്കൂടത്തില്‍ പഠിപ്പിച്ചപ്പോള്‍ പോകാതിരുന്നതിന്‍റെ പരിണിതഫലം. എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ ഇറങ്ങുന്നതിനെതിരെ പരസ്യമായി വാളെടുത്തവര്‍പോലും ഈ വിഷയത്തില്‍ പിജെ ജോസഫിനൊപ്പമാണെന്നതാണ് രസം. 

യുഡിഎഫുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. യുഡിഎഫ് എന്നാല്‍ ജോസഫിന് അത് ഉമ്മന്‍ ചാണ്ടിയാണ്. ഇനി ചാണ്ടി സമരസപ്പെടുത്താന്‍ വരുമോ എന്നുപേടിച്ചാണെന്നുതോന്നുന്നു ചാഴിക്കാടനോട് ഡയലോഗടിച്ചിരിക്കാതെ വേഗം വോട്ടുതേടിയിറങ്ങാന്‍ മാണിസാര്‍  പറഞ്ഞത്. കേട്ടപാതി ചാഴിക്കാടന്‍ അരമനയിലേക്കോടി. പ്രതീക്ഷയുടെ തളിരില പൊട്ടിവിരിയുമെന്ന പ്രതീക്ഷയില്‍ പിജെ ജോസഫ് എന്ന കര്‍ഷകന്‍. പക്ഷേ രാഷ്ട്രീയ വിളവെടുപ്പിനുള്ള വളക്കൂട്ട് തന്നേക്കാാള്‍ നന്നായറിയാവുന്നത് കെഎം മാണിക്കാണെന്ന് തിരിച്ചറിയാന്‍ ജോസഫ് വൈകി

വടക്കുകിഴക്കന്‍ കാലാവസ്ഥ തനിക്ക് അനുകൂലമല്ല എന്ന് തിരിച്ചറിഞ്ഞ കുമ്മനം രാജശേഖരന്‍ കേരളത്തിന്‍റെ മണ്ണില്‍ കാലുകിത്തി. തിരഞ്ഞെടുപ്പുകാലത്ത് വിഐപിയായി തിരിച്ചെത്തിച്ച് സ്വീകരണം നല്‍കാന്‍ വേണ്ടിയാണോ ഗവര്‍ണറാക്കി ഒന്‍പതുമാസംമുമ്പ് അയച്ചത് എന്നുതോന്നിപ്പോകും വിധമാണ് കലാപരിപാടികള്‍ മുന്നേറുന്നത്. അമിത്ഷായുടെ തലയില്‍ ഇത്തരം ബുദ്ധികള്‍ പതിവായതിനാല്‍ സംശയം ശരിയാകാനാണ് സാധ്യത. സുരേഷിഗോപി മോഹന്‍ലാല്‍ എന്നൊക്കെപ്പറഞ്ഞ് വിഐപി ദാരിദ്രം അനുഊവിച്ചിരുന്ന പാര്‍ട്ടിയില്‍ പ്രോട്ടോക്കോളില്‍ മുമ്പനായ ഒരു താരത്തെ സൃഷ്ടിച്ചിരിക്കുന്നു. നാട്ടില്‍ കുമ്മനം കാലുകുത്തിയ ഉടന്‍ത്തന്നെ പടലപ്പിണക്കങ്ങളും ചക്കളത്തില്‍ പോരാട്ടവും പാര്‍ട്ടിയില്‍ വളരുകയും ചെയ്തു. ഇറങ്ങിയ വിമാനത്തില്‍ തന്നെ ശ്രീധരന്‍പിള്ള വക്കീലിനെയും കൂട്ടി ഡല്‍ഹിക്ക് പോരാനാണ് ദേശീയ നേതൃത്വത്തിന്‍റെ ഉത്തരവ്. പ്രോട്ടോക്കോള്‍ പ്രകാരം പാര്‍ട്ടി അധ്യക്ഷന്‍ മുന്‍ ഗവര്‍ണറെക്കാള്‍ താഴെയാണെന്ന് മറക്കരുത്

എന്തോന്നെന്തോന്ന്. കാല് എവിടെക്കുത്തിയെന്നാ

തിരുവനന്തപുരം കേരളത്തിലാണെന്ന് തിരിച്ചറിയാന്‍ കുറച്ചുദിവസമെടുക്കം. കാലാവസ്ഥ മാറിയതിന്‍റെയാ. എന്നാലും താന്‍ ഒരു സാധാരണ മനുഷ്യനായി മാറിയെന്ന് അതിവേഗം തിരിച്ചറിഞ്ഞത് നന്നായി. ഇങ്ങനെ സാധാരണക്കാരനായ മറ്റൊരു മനുഷ്യന്‍കൂടി തലസ്ഥാനത്തുണ്ട്. സാക്ഷാല്‍ സി ദിവാകരന്‍. കണ്ടിട്ടില്ലേ ഈ പരീക്ഷയാകുമ്പോള്‍ ഭക്തി മൂക്കുന്ന ചില സ്കൂള്‍കുട്ടികളെ. രാവിലെ കുളിക്കുക. ആരാധനാലയങ്ങളില്‍ പോവുക. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക. പഠിക്കാനുള്ള സമയംകൂടി പ്രാര്‍ത്ഥിക്കുക, പേന പൂജിക്കുക എന്നിവയൊക്കെയാണ് അവരുടെ പതിവ്. പണ്ട് ദിവാകരനും അങ്ങനെയായിരുന്നു. ഇപ്പോ പരീക്ഷയെഴുതാത്തതുകൊണ്ട തിര‍ഞ്ഞെടുപ്പുകാലത്താണ് ഈ ഭക്തിമൂക്കല്‍ എന്നുമാത്രം

സി ദിവാകരനെന്ന കന്നി സ്വാമി ഈ വീടിന്‍റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് എംഎന്‍ സ്മാരകത്തിന്‍റെ മുന്നില്‍ ഉടന്‍ പ്രതീക്ഷിക്കാം. തിരുവനന്തപുരം എന്നാല്‍ താനാണെന്നാണ് ദിവാകരന്‍റെ പക്ഷം. ചുക്കില്ലാത്ത കഷായമില്ല എന്ന പ്രയോഗം വ്യാപകമാകുന്നതിന് മുമ്പ് ദിവാകരനില്ലാത്ത തിരുവന്തോരമില്ല എന്നായിരുന്നത്രേ പഴമക്കാര്‍ പറഞ്ഞിരുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE