മിസോറാമില്‍ നിന്ന് ‍‍ഡല്‍ഹി വഴി കേരളത്തിലേക്ക്; കുമ്മനംജിയുടെ തിരിച്ചുവരവ്

bjp-kummanam-08-03
SHARE

തിരിച്ചുവരവുകള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്, എല്ലാ മേഖലകളിലും. ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലും അങ്ങനെയൊന്ന് സംഭവിച്ചു. ഭരണഘടനാ സ്ഥാനം വിട്ട് നാടിനെ സേവിക്കാന്‍ കുമ്മം രാജേട്ടന്‍ നടത്തിയ തിരിച്ചുവരവില്‍ തിരുവാ എതിര്‍വായുടെ സന്തോഷം അറിയിച്ചുകൊണ്ട് ആരംഭിക്കട്ടെ. 

*************************

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വനവാസകാലമാണ് ഗവര്‍ണര്‍ ആവുക എന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഉണ്ടാവില്ല എന്നതായിരുന്നു ഇത്രയും കാലം ഗവര്‍ണറാക്കി ഒരാളെ പോസ്റ്റിക്കഴിഞ്ഞാലുള്ള പൊതുബോധം. അത്തരം പൊതു ബോധത്തെ തകര്‍ത്താണ് ഒന്‍പതുമാസം മുമ്പ് വരെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറാമില്‍ നിന്ന് ‍‍ഡല്‍ഹി വഴി കേരളത്തിലേക്ക് പറന്നിറങ്ങുന്നത്. സംഘപരിവാര്‍ ശൃംഖലയില്‍ നിന്ന് ബിജെപിയിലേക്കുള്ള മാറ്റം തന്നെ ഒരു പോള്‍വാട്ട് പ്രകടനം ആയിരുന്നു. പിന്നെ, ഗവര്‍ണറായത്, സോറി ആക്കിയ പരിപാടിയും മറ്റൊരു പോള്‍വാട്ട് ചാട്ടമായിരുന്നു. ഇവിടെയൊക്കെ ചാടാനുള്ള കമ്പ് കുത്തികൊടുത്തത് പക്ഷേ ബിജെപി കേന്ദ്രനേതൃത്വമാണെന്ന് മാത്രം. അതേ ബിജെപി നേതൃത്വം ഒടുവില്‍ കുമ്മനംജിക്ക് ഇഷ്ടമുള്ള ഐറ്റം സ്വന്തം നിലയ്ക്ക് പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഭാവിയുടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍ പദവി എന്നത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഒരു അടവുനയമായി അറിയപ്പെടാനാണ് സാധ്യത.

**************************************

കുമ്മനം രാജശേഖരന്‍ വരണം എന്നൊക്കെ സംഘപരിവാര്‍ ആവശ്യപ്പെട്ടപ്പോഴേ ഇവിടുത്തെ ബിജെപി നേതാക്കളുടെയൊക്കെ അളവും തൂക്കവും നാട്ടുകാര്‍ മനസിലാക്കിത്തുടങ്ങിയതാണ്. തങ്ങളെക്കൊണ്ടൊന്നും പറ്റാത്തത് കുമ്മനത്തെകൊണ്ടേ പറ്റൂ എന്ന ആ തിരിച്ചറിവ് അത്രമാത്രം പരസ്യമായ രഹസ്യമായില്ലേ. ആ നിലയ്ക്ക് കുമ്മനംജിയുടെ വരവില്‍ ബിജെപിക്കാര്‍ കാണുന്ന ആകെയുള്ള ഒരു സമാധാനം തിരുവനന്തപുരം സീറ്റിനെച്ചൊല്ലിയെങ്കിലും അടിപിടിയുണ്ടാവില്ല എന്നതാണ്. ആ നിലയ്ക്ക് ബിജെപി അണികള്‍ക്കെങ്കിലും കുമ്മനത്തിന്‍റെ വരവ് ആശ്വാസവുമാണ്. ചുരുങ്ങിയ പക്ഷം ബാക്കി 19 സീറ്റിലെ കാര്യം ഇനി ചര്‍ച്ച ചെയ്താല്‍ മതിയല്ലോ. 

***************************************

കേരളത്തില്‍ ആകെയൊരു എംഎല്‍എ മാത്രമേ ഈ ബിജെപിക്കുള്ളു എങ്കിലും പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ഉള്ളതിനേക്കാളേറെ ഗ്രൂപ്പ് കളി നടക്കുന്നുണ്ട്. യഥാര്‍ഥ പ്രതിപക്ഷം ഇനി ഞങ്ങളാണെന്ന് പറയാന്‍ വേണ്ടി, കോണ്‍ഗ്രസിനെ ഇക്കാര്യത്തിലെങ്കിലും തോല്‍പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണല്ലോ സിറ്റിങ് എംപിമാരുടെ ശല്യമോ ജനപിന്തുണയുള്ള എംഎല്‍എമാരുടെ തള്ളിക്കയറ്റമോ ഇല്ലാത്ത ആ പാര്‍ട്ടിക്ക് ഇതുവരെ സ്ഥാനാര്‍ഥി ലിസ്റ്റ് തയ്യാറാക്കാന്‍ പറ്റാത്തത്. 

**************************************

തിരുവനന്തപുരം മണ്ഡലത്തിന്‍റെ കാര്യം സംഗതി ജോറാണ്. സിറ്റിങ് എംപി, സിറ്റിങ് എംഎല്‍എ ഇവരാണ് മല്‍സരരംഗത്ത്, പോരാത്തതിന് ഒരു മുന്‍ ഗവര്‍ണര്‍ കൂടി മല്‍സരരംഗത്തെത്തുന്നു. ഇത്രയും സ്ഥാനസമ്പന്നമായ മല്‍സരാര്‍ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന വേറൊരു മണ്ഡലം ഇന്ത്യലുണ്ടാവില്ല. പ്രത്യേകിച്ചും രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ഗവര്‍ണര്‍ പദവിയൊക്കെ രാജിവച്ച ഒരാള്‍ പാര്‍ലമെന്‍റിലേക്ക് മല്‍സരിക്കാന്‍ വരുന്നുവെന്ന പ്രത്യേകതയാണ് ഒന്നൊന്നര പ്രത്യേകത. അതുകൊണ്ട് തീപാറും.

***********************************

ഒരു മുന്‍ ഗവര്‍ണറോട് ഏറ്റുമുട്ടാന്‍  ശശി തരൂര്‍ എന്ന എംപിയും സി. ദിവാകരനെന്ന എംഎല്‍എയും നന്നായി മെനക്കെടേണ്ടി വരും. എംഎല്‍എയും എംപിയുമൊക്കെ പ്രൊട്ടോക്കോള്‍ അനുസരിച്ച് ഗവര്‍ണര്‍ പദവിയേക്കാള്‍ എത്രയോ താഴെയാണ്. 

*********************************

തിരഞ്ഞെടുപ്പിന് നല്ല സ്വഭാവം നല്‍കിയാണ് ശശി തരൂര്‍ തുടക്കമിട്ടത്. എതിരാളിയാവാന്‍ പോകുന്ന സ്ഥാനാര്‍ഥിയെ നല്ല മനുഷ്യനായി കാണാന്‍ സാധിച്ചതും അത് പറയാന്‍ കഴിഞ്ഞതും വല്യകാര്യം. താന്‍ നല്ലവനാണെന്ന് മറ്റാരേക്കാളും  കുമ്മനം രാജേട്ടന് തന്നെ അറിയാമെങ്കിലും സത്യം പറഞ്ഞ തരൂരിനെ സത്യവാനായി പ്രഖ്യാപിക്കാന്‍ കുമ്മനത്തിന് കഴിഞ്ഞതും അദ്ദേഹം നല്ല മനുഷ്യാനായതുകൊണ്ടാവണം. 

*******************************

തരൂരും കുമ്മനവും പരസ്പരം മനസിലാക്കിയ സ്ഥിതിക്ക് നമുക്കൊരു ഇടവേള എടുക്കാം. പണിയെടുത്ത് മരിക്കുന്ന കെ.സി. വേണുഗോപാല്‍ വരും അതുകഴിഞ്ഞാല്‍.

*********************************

ആലപ്പുഴക്കാരുടെ ശ്രദ്ധക്ക്. സിറ്റിങ് എം.പി. കെ.സി. വേണുഗോപാല്‍ ഇത്തവണ വോട്ടുചോദിച്ചു വരില്ലെന്ന വിവരം അറിയിച്ചുകൊള്ളുന്നു.  പ്രഖ്യാപനം ആലപ്പുഴക്കാരേക്കാളും സങ്കടപ്പെടുത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. ഇനി ആ സീറ്റിലേക്കുള്ള പിടിവലി കൂടി അനുഭവിക്കേണ്ടത് അദ്ദേഹമാണല്ലോ. കെ.സി. ആയിരുന്നെങ്കില്‍ ആ സീറ്റിന്‍റെ കാര്യത്തിലെങ്കിലും തീരുമാനമായേനെ. ഇതിപ്പോ രാഹുല്‍ ഗാന്ധി തന്നെ പണിയെടുപ്പിച്ച് നില്‍ക്കാന്‍ സമയം തരാത്തതുകൊണ്ടാണ് ആലപ്പുഴയ്ക്ക് വരാത്തത് എന്നാണ് കക്ഷി പറയുന്നത്. പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധി കൂടി ഇനി ഇങ്ങനെ പണിയുടെ പേരില്‍ മല്‍സരിക്കാതെ വിട്ടുനില്‍ക്കുമോ എന്നാണ് നമ്മുടെ ഒരു പേടി. 

******************************

ഇലക്ഷന്‍ തീയതിയൊക്കെ പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവിട്ടതില്‍ സിപിഎമ്മിന് അഭിമാനിക്കാം. അതുപിന്നെ നിയസഭയിലേക്കും പാര്‍ലമെന്‍റിലേക്കുമൊക്കെ ഒരേ ആളുകള്‍ മതിയെന്ന് തീരുമാനിച്ച പാര്‍ട്ടിയാണ്. ഒരംഗം രണ്ടു സ്ഥാനം എന്ന രീതിയില്‍ നിയമമൊക്കെ പരിഷ്കരിക്കാന്‍ ആലോചിക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായും സ്ഥാനം അലങ്കരിക്കാം. 

*****************************

കേഡര്‍ പാര്‍ട്ടിയായതുകൊണ്ട് തീരുമാനമൊക്കെ പെട്ടെന്ന് എടുക്കാം. അതുപൊലെയല്ലല്ലോ കോണ്‍ഗ്രസിന്‍റെ കാര്യം. നേരത്തെയെങ്കാനും സ്ഥാനാര്‍ഥി ലിസ്റ്റ് ആയാല്‍ ഈ പാര്‍ട്ടിക്കിത് എന്തുപറ്റി എന്ന് നാട്ടുകാരാണ് ആദ്യം ചോദിക്കുക. പാരമ്പര്യമായുള്ള ഗ്രൂപ്പ് പോര്, തമ്മില്‍ തല്ല്, കാലുവാരല്‍ ഇതൊക്കെ കഴിഞ്ഞേ ആ പാര്‍ട്ടി ലിസ്റ്റ് പ്രഖ്യാപിക്കൂ. അതാണ് അതിന്‍റെ ഘടന.

***************************

ബിജെപി ഒരേ സമയം കേഡര്‍ പാര്‍ട്ടിയും കോണ്‍ഗ്രസിന്‍റെ സ്വഭാവം ഇഷ്ടപ്പെടുന്നവരും ആണ്. സിറ്റിങ് എംപിമാരുടെ ശല്യമോ എംഎല്‍എമാരുടെ ശല്യമോ ഇല്ലെങ്കിലും തമ്മില്‍ രണ്ടു തല്ലും ബഹളവും ഒക്കെ കഴിഞ്ഞേ സ്ഥാനാര്‍ഥികളാവൂ. ആകെ നേരിടുന്ന പ്രശ്നം 20 സീറ്റുകളിലും മല്‍സരിക്കണമെങ്കില്‍ പറ്റിയ ആളുകള്‍ വേണം എന്നതാണ്. എണ്ണം തികയ്ക്കാന്‍ ആളില്ലാ എന്നതും വലിയൊരു പ്രശ്നം തന്നെയാണ്.

MORE IN THIRUVA ETHIRVA
SHOW MORE