ജനപക്ഷം; ചിലപ്പോൾ ഹിന്ദുപക്ഷം, ചിലപ്പോ ക്രിസ്ത്യന്‍ പക്ഷം

pc-george5
SHARE

ഈ രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ ഉണര്‍ന്നിരിപ്പുണ്ടെന്ന് നാഴിക്കുനാല്‍പ്പതുവട്ടവും പറഞ്ഞുകൊണ്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗലുരുവിലും തമിഴ്നാട്ടിലും ഇന്നലയും മിനിഞ്ഞാന്നും നടത്തിയ തിരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ ഈ കാവല്‍ക്കാരന്‍ കാര്‍ഡ് ഇറക്കിയില്ല. ഇനിയങ്ങോട്ട് ഇറക്കാനുള്ള സാധ്യതയും കാണുന്നില്ല. റഫാല്‍ ഇടപാടിന്‍റെ രേഖകള്‍ മോഷണംപോയെന്ന് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ പറയേണ്ടിവന്നു. എല്ലാം ഹിന്ദു ഉണര്‍ന്നതിന്‍റെ പരിണിതഫലമാണല്ലോ എന്നോര്‍ക്കുമ്പോ ചിരി അടക്കാനും പറ്റുന്നില്ല. താന്‍ തന്നെ അഴിമതി ആരോപണത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍, അതിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട രേഖകളെങ്കിലും കാത്തുസൂക്ഷിക്കാനുള്ള ത്രാണി ഈ കാവല്‍ക്കാരനില്ലാതെ പോയല്ലോ എന്നതാണ് അല്‍ഭുതം. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പറഞ്ഞു തിരിഞ്ഞപ്പോളാണ് സ്വന്തം കീശ പോക്കറ്റടിക്കപ്പെട്ടകാര്യം പ്രധാനമന്തി ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഈ രാജ്യത്താണ് പൗരന്‍റെ  ആധാര്‍ പാന്‍ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ സുരക്ഷിതമാണെന്ന് മോദീ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സുരക്ഷിതമാണെന്നുപറഞ്ഞതും ഇതേ സര്‍ക്കാരാണല്ലോ എന്നോര്‍ക്കുമ്പോളാണ് ആശ്വാസം പരകോടിയില്‍ എത്തുന്നത്.

തന്‍റെ പോക്കറ്റടിച്ചത് ആരാണെന്ന കാര്യത്തില്‍ മോദിക്ക് തെല്ലും സംശയമില്ല. എങ്കിലും പേരിന് ഒരന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍പിന്നെ റഫാല്‍ ഇടപാടില്‍ക്കൂടി ഒരു അന്വേഷണം നടത്ത് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഓ ആത്രക്ക് കാറ്റ് വേണ്ട എന്ന് മോദി നിലപാട്. മേക്ക്ഓവര്‍ കഴിഞ്ഞെത്തി ഗംഭീര പെര്‍ഫോമന്‍സ് നടത്തിവരുന്ന രാഹുല്‍ഗാന്ധി നമ്മുടെ വിരാട് കോഹ്‍ലിയെപ്പോലെ കിടിലം ഫോം തുടരുകയാണ്.

ഇനി പറയാന്‍ പോകുന്നതാണ് ശരിക്കും തമാശ. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നും എല്ലാ പൗരന്മാര്‍ക്കും ഭരണാധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യത ഭരിക്കുന്നവര്‍ക്കുണ്ടെന്ന് ഇവരൊക്കെ എന്നു തിരിച്ചറിയുമോ ആവോ.

ബാലാക്കോട്ട് ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ചോദിക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. പാക്കിസ്ഥാനെക്കുറിച്ചുള്ള ആചോദ്യത്തിനുപോലും മറുപടിപറയാത്ത ടീംസാണ് ഈ ഡയലോഗ് അടിക്കുന്നത് എന്നോര്‍ത്തുകൊണ്ട് ഒരു ഇടവേള. വരുമ്പോള്‍ ഇതിലും വലിയ ഡയലോഗുകാരന്‍ പിസി ജോര്‍ജിനെ കൊണ്ടുവരാം.

പത്തനംതിട്ട ലോക്സഭാ മണ്ഡലമാണ് ഇക്കുറി കേരളത്തിലെ ശ്രദ്ധാകേന്ദ്രം. പലരും കെട്ടുമുറുക്കി പത്തനംതിട്ടക്ക് പുറപ്പെട്ടുകഴിഞ്ഞു. ബിജെപിയുടെ കെ സുരേന്ദ്രന്‍ ജില്ലയിലൂടെ നിഷ്ടകളങ്കമായി ജാഥവരെ സംഘടിപ്പിച്ചു.  എന്നാപ്പിന്നെ താനായിട്ട് കുറക്കേണ്ട എന്ന് സാക്ഷാല്‍ പിസി ജോര്‍ജ് തീരുമാനിച്ചാല്‍ തെല്ലും തെറ്റില്ല. കുറ്റവുമില്ല. ജനപക്ഷം എന്നാണ് പിസിയുടെ പാര്‍ട്ടിയുടെ പേര്. പക്ഷേ സാഹചര്യങ്ങള്‍ക്കനുസരിച്ച് അത് ഹിന്ദുപക്ഷം ക്രിസ്ത്യന്‍ പക്ഷം എന്നൊക്കം രൂപാന്തരപ്പെടും. എല്ലാത്തിനും കാരണം സാഹചര്യങ്ങളുടെ സമ്മര്‍ദമാണെന്നുമാത്രം. ബിജെപിയുമായി ദോസ്താകാന്‍ ഇറങ്ങിയ പിസി മുഴുവന്‍ താമരകളെയും ഞെട്ടിച്ച് ഉടന്‍തന്നെ തിരിച്ചുനടന്നു. നേരെ പൂഞ്ഞാര്‍ പോസ്റ്റ്ഓഫീസില്‍ പോയി ഒരു ഇല്ലന്‍റ് വാങ്ങി. എന്നിട്ട് യുഡിഎഫിന് ഒരു കത്തയച്ചു. കത്തിലെ ഉള്ളടക്കം എന്താണെന്ന് നന്നായറിയാവുന്നതിനാല്‍ വലതന്മാരായ ചാണ്ടി ബെന്നി ചെന്നി മുല്ലപ്പള്ളിമാര്‍ ആ കത്ത് പൊട്ടിച്ച് വായിച്ചില്ല. മറുപടി കിട്ടാതെ നിരാശനായ പിസി ഒടുവില്‍ യുഡിഎഫിന്‍റെ പത്തനംതിട്ട നോക്കി ഒരു വെടിപൊട്ടിക്കുകയാണ്. 

ശക്തി ആരെ കാണിക്കാനാണെന്ന് ആര്‍ക്കും മനസിലാകാത്തതുകൊണ്ട് കുഴപ്പമില്ല. അപ്പോ പത്തനംതിട്ടയില്‍ പിസി തന്നെയായിരിക്കുമോ സ്ഥാനാര്‍ഥി. അല്ല, ഈ സിറ്റിങ് എംഎല്‍എമാര്‍ മല്‍സരത്തിനിറങ്ങുന്നതാണല്ലോ ഇപ്പോ ഒരു ട്രന്‍റ്. ജനപക്ഷത്തില്‍ പിസിയെ അല്ലാതെ മറ്റൊരാളെ നാട്ടുകാര്‍ക്ക് അറിയാനും മേല.

ഇതലും നല്ലത് ബിജെപിക്കൊപ്പം നിന്ന് അവരുടെ സ്ഥാനാര്‍ഥി ആകുന്നതായിരുന്നു. ചുവരെഴുതാനെങ്കിലും പത്താവെ കിട്ടിയേനെ. പിസിയുടെ പാര്‍ട്ടിയടക്കം തിരഞ്ഞെടുപ്പിനായി കുറിമുണ്ടുടുത്തിറങ്ങിയ സ്ഥിതിക്ക് സിപിഎമ്മിന്‍റെ കാര്യം പറയാനില്ലല്ലോ. എല്ലാ വിഭവങ്ങളും എകെജി സെന്‍ററിലെ അടുക്കളയില്‍ റെ‍ഡിയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറയുന്നത്. ഇനി ഇല വെട്ടി വിളമ്പിയാല്‍ മാത്രം മതിയത്രേ.

എല്ലാവരും പൗഡറിട്ട് കുട്ടപ്പന്മാരായി. തിരഞ്ഞെടുപ്പാകുമ്പോള്‍ പാര്‍ട്ടിക്ക് വല്ലാത്ത സ്നേഹത്തിന്‍റെ അസുഖം കലശലാകും. പതിവായി  വിഎസ് അച്യുതാനന്ദനും കേരളത്തിലെ മാധ്യമങ്ങളുമാണ് ആ രോഗത്തിന്‍റെ ഫലം അനുഭവിക്കേണ്ടിവരാറ്. പതിവിന് മാറ്റമില്ല. മാധ്യമങ്ങളെല്ലാം നല്ലവരാണെന്നും അവരില്ലായിരുന്നുവെങ്കില്‍ ആകെ ബോറഡിയാകുമായിരുന്നുവെന്നുമാണ് സെക്രട്ടറിയുടെ കണ്ടെത്തല്‍. പാരര്‍ട്ടിക്ക് മാധ്യമങ്ങള്‍ ചെയ്തുനല്‍കുന്ന ഉപകാരങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. 

ഇനി നമുക്ക് യുപിയിലേക്കൊന്നു പോയിവരാം. അവിടുത്തെ ബിജെപിയുടെ അച്ചടക്കമാണ് അച്ചടക്കം. ശാന്ത് കബീര്‍നഗര്‍ എന്ന സ്ഥലത്ത് ഒരു മീറ്റിങ് നടന്നു. ബിജെപി എംപി ശാരദ് ത്രിപാഡിയും പാര്‍ട്ടിയുടെ എംഎല്‍എ രാകേഷ് സിങും നടത്തിയ സ്നേഹ പ്രകടനം കാണാതിരുന്നാല്‍ അത് വലിയ നഷ്ടമാകും. ഭരണകക്ഷിയുടെ ഈ പെര്‍ഫോമന്‍സിന് കേന്ദ്രം പ്രത്യേക പുരസ്കാരം ഏര്‍പ്പെടുത്തേണ്ടതുതന്നെയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE