തിരഞ്ഞെടുപ്പുകാലത്തെ പതിവ് കലാപരിപാടി; ചറപറാ ജാഥകൾ‌

thiruva
SHARE

രാജ്യത്തിന്‍റെ കാവല്‍ക്കാരനാണ് താനെന്ന് പ്രധാനമന്ത്രിയായ അന്നുമുതല്‍ സകലമാന കവലപ്രസംഗങ്ങളിലും തട്ടിവിടുന്ന ആളാണ് നരേന്ദ്ര മോദി. ആ കാവല്‍ക്കാരന്‍റെ കണ്ണുവെട്ടിച്ച് റഫാല്‍ രേഖകള്‍ മോഷണം പോയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

********************************

തിരഞ്ഞെടുപ്പാകുമ്പോള്‍ വടക്കുതെക്കുയാത്ര ഒരു പതിവ് കലാപരിപാടിയാണ്. കാലങ്ങളായി നിലനിന്നുവരുന്ന ആചാരം. ആചാരങ്ങള്‍ ലംഘിക്കുന്നതിന്‍റെ ഭാഗമായി ഇടതുമുന്നണി ഇക്കുറി തെക്കുനിന്നും വടക്കുനിന്നും ഓരോരോ ജാഥകളാണ് നടത്തിയത്. പരമ്പരാഗത രീതി ലംഘിച്ചപ്പോള്‍ നവോഥാനം വന്നുവെന്ന ആശ്വാസം അവര്‍ക്ക് കിട്ടി. ഒടുവില്‍ ബിജെപിയും ജാഥക്കിറങ്ങി. ഒന്നല്ല രണ്ടല്ല മൂന്നല്ല. ചറപറ ജാഥകള്‍. കെ സുരേന്ദ്രന്‍ എംടി രമേശ് ശോഭസുരേന്ദ്രന്‍ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് കേരളത്തെ നാലായി മുറിച്ച് തലങ്ങും വിലങ്ങും പോകുന്നത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് കെ സുരേന്ദ്രന്‍റെ പോക്ക്. യാത്രയുടെ തുടക്കത്തിനായി ഈ നാടെന്തിന് തിരഞ്ഞെടുത്തു എന്ന അല്‍ഭുതത്തില്‍ കാഞ്ഞിരപ്പള്ളിക്കാര്‍ മുഖത്തോട് മുഖം നോക്കുകയാണ്. നാലുപേര്‍ പുറപ്പെടാന്‍ ഇറങ്ങിയപ്പോള്‍ സുരേന്ദ്രനെ ആശീര്‍വദിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വക്കീല്‍ എത്തിയത്. അത് സുരേന്ദ്രനോടുള്ള സ്നേഹക്കൂടുതല്‍ക്കൊണ്ടല്ല. ശബരിമല അനുകൂല തരംഗം കണ്ണുവച്ചാണ്. കാഞ്ഞിരപ്പള്ളിയിലെ സ്റ്റേജില്‍ നിന്ന് ഒച്ചത്തില്‍ അമറിയാല്‍ അത് പത്തനംതിട്ടയിലൊക്കെ മുഴങ്ങിക്കേള്‍ക്കുമെന്ന് വക്കീലിനറിയാം

********************************

പറയുന്നത് അല്‍പ്പസമയം കഴിയുമ്പോള്‍ മാറ്റിപ്പറയുന്നവരെ ശ്രീധരന്‍പിള്ള എന്ന് കേരളം വിളിച്ചുതുടങ്ങിയിരുന്നു. ശശി സോമന്‍ തുടങ്ങിയ അത്ര എളുപ്പം നാക്കിന് വഴങ്ങാത്തതുകൊണ്ടുമാത്രമാണ് ആ വിളി ട്രന്‍ഡാകാതിരുന്നത്. താന്‍ പറയുന്നത് സ്വന്തം അണികള്‍പോലും വിശ്വസിക്കുന്നില്ല എന്നൊരു ഫീല്‍ വക്കീലിനുമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സത്യം ചെയ്താണ് കാര്യങ്ങള്‍ പറയുന്നത്. പ്രസിഡന്‍റ് പ്രസംഗിക്കുമ്പോള്‍ ജീവനില്‍ പേടിയുള്ളതുകൊണ്ട് അണികള്‍ആരും സ്വന്തം തലയുമായി പിള്ളേച്ചന്‍റെ അടുത്ത് നില്‍ക്കാറില്ല. മിക്കവാറും വേദിയിലെ വിളക്കാണ് ഒടുവില്‍ ഇതിന് ഇരയാകുന്നത്. 

***********************

പാവം വിളക്ക്. വേറെന്തോ കരിന്തിരി വരാനിരുന്നതാ. അതിങ്ങനായി. മോദീ ഭരണം രാജ്യത്ത് തുടരുമെന്ന് ശ്രീധരന്‍പിള്ളാജി ഉറപ്പിക്കുന്നത് കാണാന്‍ ബഹുരസമാണ്. മൈതാനത്ത് തടിച്ചുകൂടിയിരിക്കുന്ന സ്വന്തം അണികളോട് കക്ഷി ഉറക്കെ ചോദിക്കും. മോദി ഇനിയും ഭരിക്കില്ലേ എന്ന്. ഭരിക്കും എന്നല്ലാതെ മറ്റൊരു മറുപടി താമരക്കൊടിയും പിടിച്ചുനില്‍ക്കുന്ന അവര്‍ നല്‍കില്ലല്ലോ. എന്നാലും അവര്‍ മറുപടി നല്‍കുന്നതോടെ ശ്രീധരന്‍പിള്ള നിര്‍വൃതനാകും

***********************

എന്ത് പ്രഹസനമാണ് സജീ. ശരി നടക്കട്ടേ

***********************

എല്‍എല്‍ബിയാണ് ശ്രീധരന്‍പിള്ള വക്കീലിന്‍റെ യോഗ്യതയെന്ന് കരുതിയവര്‍ക്കു തെറ്റി. പുള്ളി സാഹിത്യത്തിലും ഒപ്പം മെഡിസിനിലും അത്യാവശ്യം പാണ്ഡ്യത്തമുള്ള ആളാണ്. കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും ചേര്‍ന്ന് പുതിയ സഖ്യമാകുന്നതിനെ ശാസ്ത്രീയമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിശദീകരിക്കും

***********************

ഇന്ധനവിലവര്‍ധന, റഫേല്‍ അഴിമതി നോട്ടുനിരോധനവും അനുബന്ധകലാപരിപാടികളും തുടങ്ങി നിരവധി പെടലുകളില്‍ പെട്ടുകിടക്കുകയായിരുന്നു മോദിയുടെ സര്‍ക്കാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചോദിച്ച് ബിജെപ്പിക്കാര്‍ ഇറങ്ങുമ്പോള്‍ സ്വോഭാവികമായും ഇങ്ങ് കേരളത്തിലൊക്കെ പച്ചക്കുപച്ച ചോദ്യങ്ങള്‍ വോട്ടര്‍മാര്‍ ഉയര്‍ത്തും. അതൊക്കെ എങ്ങനെ നേരിടുമെന്ന് പേടിച്ചിരിക്കുമ്പോഴാണ് ബാലാക്കോട്ട് ആക്രമണം. രാജ്യസ്നേഹമുള്ളവര്‍ അതിനെ തിരഞ്ഞെടുപ്പ് ആയുധമാക്കില്ല എന്നാണ് നാട്ടുകാരൊക്കെ വിചാരിച്ചത്. കിട്ടിയ കച്ചിത്തുരുമ്പില്‍പിടിച്ച് കരകയറാനാണ് പക്ഷേ ബിജെപിയുടെ ശ്രമം. വിഴയത്തില്‍ നല്ല ബൈഠക് ഒക്കെ നടന്ന ലക്ഷ്ണമുണ്ട്. എല്ലാ നേതാക്കളും യാത്രയില്‍ ഇതാണ് പ്രസംഗത്തിന് ഐഛിക വിഷയമാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ അല്‍പ്പം കോടിയേരി വിരുദ്ധതയും

***********************

പണ്ടേ കെ സുരേന്ദ്രന് കോടിയേരിയെ ഇഷ്ടമല്ല. പണ്ട് ആഭ്യന്തരമന്ത്രിയായ കോടിയേരിക്കെതികെ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങള്‍ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. കൈവെള്ള ഉയര്‍ത്തിക്കാട്ടിയായിരുന്നു രേഖകള്‍ വെളിവാക്കിയിരുന്നത് എന്നുമാത്രം. ഇപ്പോളും ആ കോടിയേരി വിരോധം മാഞ്ഞുപോയിട്ടില്ല. ഇതേ ഡയലോഗുകളുമായാണ് എംടി രമേശും വടക്കന്‍ റീജിയണല്‍ ജാഥ നടത്തുന്നത്

***********************

പിജെ ജോസഫ് രണ്ടുചോദിച്ചു. പിജെയെ സമാധാനപ്പെടുത്താന്‍ മാണി രണ്ടു ചോദിക്കുന്നതായി അഭിനയിച്ചു. രണ്ടുപേര്‍ക്കുംകൂടി ഒന്നേയുള്ളുവെന്ന് കോണ്‍ഗ്രസ് തീര്‍ത്തുപറഞ്ഞു. കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുമോ എന്ന കാത്തിരിപ്പ് രണ്ടുദിവസംകൂടി നീളും. കോട്ടയത്ത് വോട്ടുചോദിച്ചിറങ്ങാന്‍ പുത്തന്‍ ഖദര്‍ തയിക്കാന്‍ തുണിയെടുത്തുകഴിഞ്ഞു പിജെ. ശേഷം രണ്ടുദിവസത്തിനകം സ്ക്രീനില്‍. രണ്ടില്‍ ആര് മല്‍സരിച്ചാലും പാര്‍ട്ടിക്കുള്ളിലെ മല്‍സരം കടുക്കും എന്നതാണ് നിലവിലെ കാലാവസ്ഥ

***********************

പാര്‍ലമെന്‍ററി മോഹികളായ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കാനം രാജേന്ദ്രനെ കണ്ടുപടിക്കണം. തിരുവന്തപുരം മാടിവിളിച്ചിട്ടും മനമിളകാതെ കട്ടക്കുനിന്ന ജനുസാണ്. തരൂരിനെതിരെ മല്‍സരിച്ച് വെറുതെ ശശിയാകേണ്ട എന്ന് കാനം വിചാരിച്ചുകാണുമോ ആവോ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ കച്ചവടത്തിനായാണെങ്കിലും നല്ലോണം പഠിച്ച സി ദിവാകരന് അതൊക്കെ ഇക്കുറി ഉപകാരപ്പെട്ടേക്കും

MORE IN THIRUVA ETHIRVA
SHOW MORE