അങ്ങനെ സിപിഐയുടെ ജോലി തീർന്നു; ആശ്വാസം!

cpi-thiruva3
SHARE

ഇലക്ഷന്‍ കാലമാണ്. പലതും കാണേണ്ടിവരും. കേള്‍ക്കേണ്ടിയും വരും. കടുത്ത ചൂട് സഹിക്കുന്നതിനൊടൊപ്പം ഇതൊക്കെ താങ്ങാനുള്ള മനക്കട്ടികൂടി ഉണ്ടാവുന്നത് എന്തുകൊണ്ടും നന്നാവും.

വലിയ അടിയും തടവും ഇല്ലാതെ സിപിഐ ആ ഭാരിച്ച കാര്യം അങ്ങ് ചെയ്ത് തീര്‍ത്തു. സ്ഥാനാര്‍ഥികളെ കണ്ടെത്തല്‍. ആകെ നാലു സീറ്റേയുള്ളു. എന്നുവച്ച് സംഗതി അത്ര സിംപിളൊന്നും അല്ലല്ലോ. പിന്നെ പാര്‍ലമെന്‍ററി വ്യാമോഹം ഇല്ലാത്തൊരു സെക്രട്ടറി തലപ്പത്തുള്ളതുകൊണ്ട് രക്ഷപ്പെട്ടു എന്നുപറയാം. പാര്‍ട്ടിക്ക് ഈ ഇന്ത്യാ മഹാരാജ്യത്ത് ആകെയുള്ള ഒരു എംപി ഇവിടെ കേരളത്തില്‍ നിന്നാണ്. തൃശൂര്‍ ഗഡിയായ സി.എന്‍.ജയദേവന്‍.  സിപിഎം എംഎല്‍എ എം. സ്വരാജ് പണ്ട് കുട്ടിസഖാവായിരുന്നപ്പോള്‍ നിലമ്പൂരില്‍ നിന്ന് തൃശൂരില്‍ പോയപ്പോഴാണ് സിപിഐ എന്ന പാര്‍ട്ടിയെ കണ്ടത് എന്ന് സിപിഐയെ കണ്ടെത്തല്‍ എന്ന തന്‍റെ വിശ്വവിഖ്യാത പ്രസംഗത്തില്‍ നാട്ടുകാരോട് വിളിച്ചു പറഞ്ഞതാണ്. ആ തൃശൂരിലാണ് ഇങ്ങനെ ഏകനായ എംപിയെ മാറ്റി പകരം വേറൊരാളെ മല്‍സരിക്കുന്നത്. രാജാജി മാത്യു തോമസിനെ.

തൃശൂരില്‍ ജയദേവനെ മാറ്റുമ്പോള്‍ പകരം കെ.പി.രാജേന്ദ്രനെ മല്‍സരിപ്പിക്കണമെന്നായിരുന്നു വയ്പ്. പാര്‍ട്ടിയില്‍ ജയദേവനേക്കാളും സീനിയറാണ് രാജേന്ദ്രന്‍. പോരാത്തതിന് ഇവര്‍ കുടുംബസഖാക്കള്‍ കൂടിയാണ്. പക്ഷേ രാജാജിയെ ഇങ്ങനെയങ്ങ് ജയദേവന്‍ സഖാവ് പിന്തുണച്ചുപോയതിനെ രാജേന്ദ്രനുമായിട്ടുള്ള അടിയാണെന്നൊന്നും കരുതരുത്. രാജാജിയോടുള്ള അടങ്ങാത്ത സ്നേഹംകൊണ്ടാണ്.

ഇപ്പോഴത്തെ കാലത്ത് ഈ കുടുംബങ്ങള്‍ക്കിടയില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു സാധനമാണ് ഈ വാട്സാപ്പ്. വാട്സാപ്പിലെ കുടുംബഗ്രൂപ്പുകളിലെ ചാറ്റുകളും ഫോര്‍വേഡുകളും ട്രോളുകളും ഒക്കെ കാണുമ്പോ പലര്‍ക്കും തോന്നും അത് തന്നെ ഉന്നംവച്ചാണോ പറയുന്നതെന്ന്. സാധാരണക്കാരനില്‍ സാധാരണക്കാരനായ സഖാവെന്ന നിലയില്‍ ജയദേവന്‍ സഖാവിനും അങ്ങനെയൊക്കെ തോന്നുന്നതില്‍ തെറ്റില്ല. കമ്മ്യൂണിസ്റ്റായി എന്നു വച്ച് കുടുംബത്തിന്‍റെ രീതിയും സ്വഭാവവും മാറ്റാനൊന്നും പറ്റില്ലല്ലോ.

തിരുവനന്തപുരത്ത് ശശി തരൂരിനോട് ഏറ്റുമുട്ടാന്‍ കാനം രാജേന്ദ്രന്‍ വരില്ല. പകരം നിയോഗിച്ചത് സി.ദിവാകരനെയാണ്. ദിവാകരന്‍ സഖാവിനാണെങ്കില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് സിപിഐയുടെ  പെയ്മെന്‍റ് സീറ്റാക്കി  മാറ്റി കളഞ്ഞുകുളിച്ച അനുഭവപരിചയം ആവോളം ഉണ്ട്. ഇത്തവണ മല്‍‌സരിക്കുമ്പോള്‍ ആ ഒരൊറ്റ കഴിവുമതി തരൂരിനോട് കിടിപിടിക്കാന്‍. ഇനി കുമ്മനം രാജേട്ടന്‍ കൂടി വന്ന് മല്‍സരമൊന്ന് കടുപ്പിക്കണം എന്നാണ് ദിവാകരന്‍ സഖാവിന്‍റെ ആഗ്രഹം. 

സിപിഐ ഇങ്ങനെ സ്കോര്‍ ചെയ്തപ്പോള്‍ അങ്ങ് കേന്ദ്രകമ്മിറ്റിയില്‍ സിപിഎമ്മിന്റെ ചര്‍ച്ച രാജ്യത്താകമാനം പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കും എന്നത് സംബന്ധിച്ചായിരുന്നു. ഓരോ സംസ്ഥാനത്തും വെവ്വേറെ തന്ത്രങ്ങളാണ് പാര്‍ട്ടി സ്വീകരിക്കുക. ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസിനോട് ഏറ്റുമുട്ടും. ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വെല്ലുവിളിക്കും. തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ ബന്ധമുണ്ടായാലൊന്നും അതൊരു പ്രശ്നമല്ല. മിസോറാമിലെ വേറെൊരു തരത്തില്‍. ബിഹാറില്‍ വേറൊന്ന്. ഇങ്ങനെ ഇവിടെ കാണുന്ന പാര്‍ട്ടിയായിരിക്കില്ല മറ്റിടങ്ങളില്‍. കമലഹാസന്‍ സിനിമകളിലെ കമലിന്‍റെ പലപല വേഷങ്ങളെപ്പോലെയാവും സിപിഎം ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് മല്‍സരിക്കുന്നത്.

കേന്ദ്രകമ്മിറ്റിയില്‍ ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് സിനിമയുടെ വ്യത്യസ്ത ക്ലൈമാക്സുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മലബാറിലേക്ക് ഒരു ക്ലൈമാക്സും തെക്കന്‍ കേരളത്തിലേക്ക് വേറെ ക്ലൈമാക്സും ഷൂട്ട് ചെയ്ത് ഉപയോഗിക്കുകയും അതുവഴി രണ്ടിടത്തുനിന്നും നല്ല കലക്ഷന്‍ നേടുകയും ചെയ്ത ആ ചിത്രത്തിന്‍റെ ടാക്ടിക്സ് ആണ് പാര്‍ട്ടി ഓരോരോ സംസ്ഥാനത്തും പയറ്റാന്‍ പോവുന്നത്. സംഗതി     കേള്‍ക്കുമ്പോള്‍ അല്‍പം ദുഷ്കരമായി തോന്നുമെങ്കിലും അടവുനയങ്ങളില്‍  പ്രഗല്‍ഭരായ സഖാക്കള്‍ക്ക് അതൊക്കെ ഈസിയാണ്.

മൊത്തത്തില്‍ അധികാരവര്‍ഗത്തിനെതിരായ നിലപാടായി ഇതിനെ വ്യാഖ്യാനിക്കാം. കേരളത്തില്‍ അധികാരികളായതുകൊണ്ട് തല്‍ക്കാലം പ്രത്യേകിച്ചൊരു തന്ത്രങ്ങളുടെ ആവശ്യം ഇല്ല. ഒരു സൗഹൃദ മല്‍സരം. അര്‍ജന്‍റീനയും ബ്രസീലുമൊക്കെ ഇടയ്ക്ക് സൗഹൃദമല്‍സരമൊക്കെ കളിക്കാറുണ്ടല്ലോ. ആരാധകര്‍ക്ക് ആവേശം കൊള്ളാമെന്നേയുള്ളു. കപ്പൊന്നും കിട്ടില്ലാന്ന് മാത്രം. പിന്നെ പ്രതിപക്ഷ മഹാചേരിയില്‍ ഒരുമിച്ചിരിക്കേണ്ടതൊക്കെ ആണല്ലോ. 

തിരിഞ്ഞെടുപ്പ് അടുത്തതോടെ ഐസ് ക്രീം കേസും പൊന്തിവന്നിട്ടുണ്ട്. പക്ഷേ ഇത്തവണ കേസായിട്ടല്ല, കേസ് വേണ്ടെന്ന് പറഞ്ഞുകൊണ്ടാണെന്ന് മാത്രം. പതിവുപോലെ വി.എസ്. കേസില്‍ തുടരന്വേഷണവുമായി കോടതിയില്‍ പോയിരുന്നു. അപ്പോഴാണ് വി.എസിന്‍റെ പാര്‍ട്ടിയായ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്‍റെയൊന്നും ആവശ്യമില്ലെന്ന് കോടതിയില്‍ പറഞ്ഞത്. ഇത്തവണ വി.എസിനെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് പാര്‍ട്ടിക്ക് വേണ്ടാന്ന് ഇതോടെ പിടികിട്ടി. ഇല്ലായിരുന്നെങ്കില്‍ അന്നത്തേപ്പോലെ വി.എസ്. വീണ്ടും പ്രസംഗിക്കുന്നത് കേള്‍ക്കേണ്ടി വന്നേനെ.

കുഞ്ഞാലിക്കുട്ടിക്ക് സാഹിബിന് ഈ വിഷയം മിണ്ടുന്നതേ കലിയാണ്. മതിയായി. അതുകൊണ്ട് ഞെട്ടലും ആഹ്ലാദവും ഒക്കെ വളരെ സ്വകാര്യമായി മതിയെന്നാണ് തീരുമാനം. പിണറായിക്കുള്ള നന്ദിയൊക്കെ പാഴ്സലായി കൊടുത്തയക്കും. അതില്‍ നാട്ടുകാര് ഇടപെടേണ്ടകാര്യം തന്നെയില്ല.

നമ്പര്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ബിജെപി സര്‍ക്കാര്‍ ഇപ്പോഴാണെന്ന് തോന്നുന്നു മനസിലാക്കുന്നത്. പലപല നമ്പറുകള്‍ ഇറക്കി പരാജയപ്പെട്ടുപോയിട്ടുണ്ട്. അതിപ്പോ 15 ലക്ഷത്തിന്‍റെ കണക്കുമുതല്‍ 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വരെ അങ്ങനെ പലവിധം. പക്ഷേ ബാലാക്കോട്ടിലെ വ്യോമസേന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കും ഒരു കണക്കാവാനാണ് സാധ്യത. ബാലാക്കോട്ടില്‍ പോയി എണ്ണം എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമിത് ഷാ പൊട്ടിച്ച അമിട്ട് ഒരു സങ്കല്‍പമായി കാണാനാണ് പ്രതിരോധമന്ത്രി വി.കെ.സിങ്ങിന്‍റെ ആഹ്വാനം. രാജ്യരക്ഷക്കിറങ്ങി സ്വയം രക്ഷിക്കേണ്ടിവരുന്ന ബിജെപിയുടെ അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ.

പ്രധാനമന്ത്രി നരേന്ദ്രമോദി പക്ഷേ സ്വന്തം നിലയ്ക്ക് വളിപ്പ് കോമഡി അടിച്ച് സ്വയം ചിരിച്ചു നടക്കുന്നുണ്ട്. രാജ്യത്തെ അഭിസംബോധനചെയ്യാനൊന്നും ഇതുവരെ മെനക്കിട്ടിട്ടില്ല. പക്ഷേ ഡിസ്് ലെക്സിയ എന്ന പഠനവൈകല്യം വന്നവരെക്കുറിച്ച് ഒരു വിദ്യാര്്‍ഥി സംവദിക്കുമ്പോള്‍ ശത്രുപക്ഷത്തെ നേതാവിനെ തോണ്ടിയുള്ള ചോദ്യവും ചിരിയുമായി അദ്ദേഹം ആഹ്ലാദവാനായി നടക്കുന്നുണ്ട്. 

MORE IN THIRUVA ETHIRVA
SHOW MORE