'ഒന്നുരിയാടാൻ കൊതിയായി', മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല

pinarayi-vijayan34
SHARE

നാടായ നാടെല്ലാം പിണറായി സര്‍ക്കാരിന്‍റെ ആയിരം ദിനം കൊണ്ടാടുന്ന തിരക്കിലാണ് പിണറായി വിജയന്‍. അതുകൊണ്ട് തന്നെ ആള് കുറച്ചധികം അധ്വാനിച്ചിരുന്നു ഈയിടക്ക്. ഒന്നാമത് സര്‍ക്കാര്‍ ചെയ്തകൂട്ടിയ നല്ലകാര്യങ്ങളൊക്കെ സര്‍ക്കാരുതന്നെ പറഞ്ഞു നടന്നില്ലെങ്കില്‍ ആര്‍ക്കും മനസിലാവില്ലാന്നാണ് വിചാരം. അതൊരു നല്ലവിചാരം തന്നെയാണ്. അത്രയെങ്കിലും ഈ നാട്ടുകാരെ തെറ്റിദ്ധരിക്കാതിരിക്കുന്നുണ്ടല്ലോ. ജനങ്ങള്‍ക്ക് സ്വയമേ അങ്ങനെയൊന്നും തോന്നാത്തതിനാല്‍ മുഖ്യമന്ത്രി തന്നെ പൊതുപരിപാടികള്‍ സംഘടിപ്പിച്ച് തൊണ്ടപൊട്ടി വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഫലത്തില്‍ ശബ്ദം പോയി. മിണ്ടാന്‍ വയ്യാത്ത അവസ്ഥയിലുമായി. ഇപ്പോ എവിടെ പരിപാടി അവതരിപ്പിച്ചാലും തൊണ്ട പൊട്ടിയ മുഖ്യമന്ത്രിയെക്കുറിച്ച് നാലുവാക്കുകള്‍ പറഞ്ഞേ മറ്റ് പ്രസംഗകര്‍ എന്തെങ്കിലും മിണ്ടാറുള്ളു. തിരുവനന്തപുരത്തെ പരിപാടിയില്‍ കടകംപള്ളി സുരേന്ദ്രനായിരുന്നു അതിന്‍റെ ദൗത്യം. 

മിണ്ടുന്നതിലൊന്നും അല്ല കാര്യങ്ങളെന്ന് ഇപ്പോഴെങ്കിലും പലര്‍ക്കും മനസിലായിക്കാണണം. അതുകൊണ്ടാണ് പിണറായി സഖാവിന്‍റെ വിഖ്യാത പ്രസംഗങ്ങളും വാര്‍ത്തസമ്മേളനങ്ങളുമൊക്കെ ഒരു പുസ്തകരൂപത്തില്‍ അച്ചടിച്ച് നാട്ടിലിറക്കാന്‍ തീരുമാനിച്ചത്. ഇതുവരെ കേട്ടവര്‍ ഇനി വായിച്ചും അറിയേണ്ടതാണ് പിണറായി എന്ന മുഖ്യമന്ത്രിയെ. പ്രളയകാലം, നവോത്ഥാനകാലം എന്നിങ്ങനെ രണ്ടു വാല്യങ്ങളായി തിരിച്ചാണ് അതത് കാലത്തെ കവലപ്രസംഗങ്ങളും മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി പറഞ്ഞതുമായി കാര്യങ്ങള്‍ പുറത്തിറങ്ങുന്നത്. ഇതില്‍ പുത്തരിക്കണ്ടം പ്രസംഗത്തിനാണത്രെ കൂടുതല്‍ പേജുകള്‍ വേണ്ടിവന്നത്. പ്രളയം തകര്‍ത്ത നാടിന് ഇത്തരത്തിലൊരു പുസ്തകം കൂടി താങ്ങാന്‍ കഴിഞ്ഞാല്‍‌ മതിയായിരുന്നു.

പ്രളയകാല വീരേതിഹാസങ്ങള്‍ പിന്നിടുന്ന മുറയ്ക്ക് നവോത്ഥാനത്തെ തിരിച്ചുപിടിക്കാന്‍ നടത്തിയതായി പിണറായിയും സിപിഎമ്മും വിചാരിക്കുന്ന പ്രസംഗങ്ങള്‍ പിന്നാലെ വരും. ചരിത്രനിര്‍മാണങ്ങള്‍ക്ക് പ്രസംഗങ്ങളെക്കാള്‍ പ്രധാനം എഴുതിവച്ച വാക്കുകളാണെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു മോട്ടിവേഷണല്‍ അഥവാ ആളുകളെ പ്രചോദിപ്പിക്കുന്ന പുസ്തകമായി ഇറക്കാന്‍ തീരുമാനിച്ചത്. ഒരുവെടിക്ക് രണ്ടുപക്ഷി. ഒന്ന് ഇതൊക്കെ വായിച്ച് ആളുകള്‍ പ്രചോദിപ്പിക്കപ്പെട്ട് തലങ്ങും വിലങ്ങും നവോത്ഥാനത്തിന് ഓടുന്ന ഒരു സീനും മറ്റേത് പുസ്തകം വഴി ചരിത്രത്തിലേക്കുള്ള ഒരു ബൈപാസും. എന്തായാലും ഇങ്ങനെയൊരു മുഖ്യമന്ത്രി ഭരിക്കുന്ന ഈ നാട്ടില്‍

ലോകത്തിലെ ബെസ്റ്റ് സെല്ലറായ മോട്ടിവേഷണല്‍ ബുക്കുകള്‍ ഇനി വിറ്റഴിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. മലയാളികള്‍ ഇനി ഈ പുസ്തകം വായിച്ച് പ്രളയവും മറക്കും വേദനകളും ഇല്ലായ്മകളും ഒക്കെ മറക്കും. പോസിറ്റീവായിരിക്കും എല്ലാവരും.

പിണറായി മിണ്ടാതിരുന്ന് പണി തരുകയാണെങ്കില്‍ കോടിയേരി സഖാവ് മിണ്ടിയിട്ട് സ്വയം പണിവാങ്ങുന്ന കാഴ്ചയുണ്ട്, ഇടവേളയ്ക്ക് ശേഷം

പിണറായി മിണ്ടാത്ത കാലത്ത് കോടിയേരി മിണ്ടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ 1000 ദിന ആഘോഷപരിപാടികളുമായി പോവുമ്പോള്‍ കേരളത്തെ സംരക്ഷിക്കാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഓട്ടം. രണ്ടും കൂടെ എങ്ങനെ ഒത്തുപോവുന്നോ എന്തോ? പക്ഷേ മിണ്ടിയതിന്‍റെ ഫലം കോടിയേരിക്ക് കിട്ടുന്നുണ്ട്. ഇന്ത്യയുടെ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് പൊളിറ്റിക്കലായി ഒന്നു സംസാരിച്ചതാണ്. അതാ കോടിയേരി സഖാവിപ്പോ നല്ല ഒന്നാന്തരം പാക്കിസ്ഥാന്‍ ചാരനാണ്. യുദ്ധവുമായി ബന്ധപ്പെട്ട പറയുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ എതെങ്കിലും ഒരു ചാരനായി അറിയപ്പെടാറാണ് പതിവ്. അതിപ്പോ ചൈനയായിരുന്നു ഇത്രേം കാലം. അതൊന്നു മാറ്റിപ്പിടിക്കാന്‍ പറ്റി എന്നു കരുതിയാ മതി കോടിയേരിക്ക്.

എന്തൊക്കെ പറഞ്ഞാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ ബിജെപിക്കാര്‍ അതും കേരളത്തിലെ ബിജെപ്പികാര്‍ ഇന്ത്യന്‍ ഭരണഘടനയൊക്കെ പൊക്കിപ്പിടിച്ച് വരുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. അതിനുള്ള ഇടയൊക്കെ ഇവിടുത്തെ സിപിഎമ്മുകാര്‍ ഉണ്ടാക്കിത്തരുന്നു എന്നതിലും ഒരു രസമുണ്ട്. പക്ഷേ യുദ്ധത്തിനു യുദ്ധം പകരത്തിന് പകരം എന്നല്ല ചര്‍ച്ചയാണ് വേണ്ടതെന്ന് ഇവിടുത്തെ സിപിഎമ്മുകാര്‍ പറയുമ്പോള്‍ പെരിയയും കണ്ണൂരും ഒക്കെയൊന്ന് ഓര്‍മിപ്പിക്കാന്‍ പറ്റാത്തതാണ് ഈ നാടിന്‍റെ ഗതികേട്. 

സംഗതി വ്യോമാക്രമണം ഉണ്ടായ അന്ന് സന്ധ്യക്ക് തന്നെ നരേന്ദ്രമോദിജി പൊതുപരിപാടിയില്‍ ആവശ്യപ്പെട്ടത്  രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും  2014ല്‍ ജയിപ്പിച്ചതുപോലെ വീണ്ടും ജയിപ്പിക്കണമെന്നുമാണ്. ബി.എസ്. യെദ്യൂരപ്പയാണെങ്കില്‍ ഒന്നൂടെ കേറ്റിയങ്ങ് പറഞ്ഞു. നിലവിലെ വ്യോമാക്രണം ബിജെപിയുടെ മൈലേജ് കൂട്ടിയെന്നും തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് മാത്രം 22 സീറ്റൊക്കെ കിട്ടുമെന്നും. ആ നിലയ്ക്ക് കോടിയേരി പൊളിറ്റിക്കലാവാന്‍ ശ്രമിച്ചതാണ് വിനയായത്. 

പറഞ്ഞിട്ടെന്താ ഇതുവരെ കേള്‍ക്കാത്ത ചാരപ്രവര്‍ത്തനം കിട്ടിബോധിച്ച സ്ഥിതിക്ക് രണ്ടുവാക്ക് പറയാം. 

തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം എന്നൊക്കെ കേട്ടപ്പോ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അടപടലം പുച്ഛിച്ചു. ഇതൊക്കെ എന്ത്. ഞാന്‍ ഇപ്പ ശരിയാക്കിത്തരാം എന്നായിരുന്നു നിലപാട്. കണ്‍വീനറായതിനുശേഷമുള്ള കക്ഷിയുടെ കന്നി തിരഞ്ഞെടുപ്പാണ്. പണ്ട് ഉമ്മച്ചന്‍റെ ശിങ്കിടിയായി നിന്ന കാലത്ത് വീതംവയ്പ്പ് സമയത്ത് വലിയ കഷണം അടികൂടി മേടിച്ച് എ ഗ്രൂപ്പിന്‍റെ താവളത്തിലേക്ക് കൊണ്ടുപോകുന്ന ഭാരിച്ച പണിയായിരുന്നു ചെയ്തുപോന്നിരുന്നത്. ഇപ്പോ പക്ഷേ കാലം മാറി. ഒറ്റദിവസംകൊണ്ട് സീറ്റ് വിഭജനം എന്ന ഒരു കാലത്തും കോണ്‍ഗ്രസില്‍ നടക്കാത്ത സ്വപ്നം ബെന്നിക്ക് എങ്ങനെ കാണാന്‍ കഴിഞ്ഞുവെന്നതാണ് അല്‍ഭുതം.

MORE IN THIRUVA ETHIRVA
SHOW MORE