മൂന്നുവർഷത്തിന് പഞ്ച് പോരാ; 1001 രാവ് പിന്നിട്ട് ചങ്ക് ബ്രോസ്, ഒപ്പം മോദിയുടെ ഷൂട്ടിങ്ങും

kerala-state-govt-celebration
SHARE

പുല്‍വാമയില്‍ ഷൂട്ടിങ് നടന്ന ദിവസം പ്രധാനമന്ത്രി മോദിയും ഷൂട്ടിങ്ങിലായിരുന്നത്രേ. ഈ വിവരം അറിഞ്ഞ സംഘപുത്രന്മാര്‍ മോദി സ്തുതിയുമായി കളം നിറഞ്ഞുതുടങ്ങി. അപ്പോളാണ് ആ സത്യം തിരിച്ചറിഞ്ഞത്. പുല്‍വാമയിലെപോലത്തെ ഷൂട്ടിങ്ങിലായിരുന്നില്ല മറിച്ച ക്യാമറക്കുമുന്നിലുള്ള ഷൂട്ടിങ്ങിലായിരുന്നു പ്രധാനമന്ത്രി എന്ന്. അതോടെ കീ ജയ് വിളിയുടെ ബാസ് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. സൗണ്ട് മൊത്തത്തില്‍ ഒന്ന് കുറഞ്ഞ തക്കത്തില്‍ നമ്മള്‍ ഷൂട്ടിങ് തുടങ്ങുകയാണ്. സ്വാഗതം ഇന്നത്തെ തിരുവാ എതിര്‍വായിലേക്ക്

ആയിരത്തിന്‍റെ നിറവ് പിണറായി സര്‍ക്കാര്‍ ആഘോഷിച്ചുതുടങ്ങി. കോഴിക്കോട്ടായിരുന്നു വര്‍ണാഭമായ ചടങ്ങ്. ഒന്നാം വാര്‍ഷികം തലസ്ഥാനത്ത് ആഘോഷിച്ചതിനാലാകണം ഇക്കുറി വടക്കോട്ട് മാറി പന്തലിട്ടത്. പിന്നെ വടക്കന്‍ ജില്ലകളില്‍ കാര്യങ്ങള്‍ ആകെ വെടക്കായതിനാല്‍ എല്ലാം ഒന്ന് നേരെയാക്കാനും അത് ഉപകരിച്ചേക്കുമെന്നും കരുതിക്കാണണം. സര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ ആയിരം ദിവസങ്ങള്‍ ഇന്നലെ പൂര്‍ത്തിയായതിനാല്‍ ഇന്ന് ആയിരത്തിയൊന്നാം ദിനമാണ്. അറബിക്കഥകളിലെ ആയിരത്തിയൊന്നാം രാവുപോലെ രോമാഞ്ചമുണ്ടാക്കുന്ന കുറെയധികം കഥകള്‍ ഈ സര്‍ക്കാരിന്‍റേതായി നാട്ടുകാരുടെ മനസിലുണ്ട്. മൂന്നാം വര്‍ഷം ആഘോഷിച്ചാല്‍ പോരേ എന്നാണ് ചില ഇടത് വിരുദ്ധരുടെ സംശയം. ആയിരം എന്നുപറയുന്നതിന്‍റെ പഞ്ച് മൂന്നാം വര്‍ഷം എന്നുപറഞ്ഞാല്‍ കിട്ടില്ലെന്ന് അവര്‍ക്കറിയില്ലല്ലോ. മൂന്ന് മൂന്ന് എന്നൊക്കെ പ്രാസം ഒപ്പിച്ച് പറയല്‍ പിണറായിക്ക് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.

സര്‍ക്കാരിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചെന്ന് പിണറായിക്കും കൂട്ടര്‍ക്കും അറിയാം. നിപ്പയും ഓഖിയും പ്രളയവുമെല്ലാം അതില്‍‌പ്പെട്ടതാണെന്ന തിരിച്ചറിവും സര്‍ക്കാരിനുണ്ട്. ഇതിലൊന്നും തകരാതെ ആയിരത്തിയൊന്ന് രാവ് പിന്നിട്ടിരിക്കുകയാണ് നമ്മുടെ ചങ്ക് ബ്രോസ്. 

ആയിരം ദിവസത്തിനിടെ പാര്‍ട്ടിക്ക് കിട്ടിയ വലിയൊരു അടിയാണ് കാസര്‍കോട് ഇരട്ട കൊലപാതകം. ടിപി വധക്കേസിന്‍റെ ക്ഷീണം മാറുന്നതിന് മുമ്പ് പാര്‍ട്ടി അടുത്ത പണി ചോദിച്ചുവാങ്ങുന്നതാണ് അല്‍ഭുതം. പൊലീസ് പിടിയിലായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ കോഴികൂവിന്നതിനുമുമ്പേ തെള്ളിപ്പറയാന്‍ പാര്‍ട്ടി കാണിച്ച ആത്മാര്‍ഥതയെ കണ്ടില്ല എന്ന് നടിക്കരുത്. പാര്‍ട്ടി പരിപാടിക്ക് പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതാണത്രേ കക്ഷി. പക്ഷേ പാര്‍ട്ടി സെക്രട്ടറി കോടിയേരി പറയുന്നത് പല പല പരിപാടിക്കും പീതാംബരന്‍ പോയിരുന്നത് പാര്‍ട്ടി കൊടി കൊണ്ട് മുഖം മറച്ചാണ് എന്നാണ്. മുഴുവന്‍ സഖാക്കളെയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് വിഷയത്തോട് സെക്രട്ടറിയുടെ പ്രതികരണം. ദൂരവ്യാപക പ്രത്യാഖ്യാദം ഇതിനുണ്ടാകും എന്നുറപ്പ്. പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടി പറഞ്ഞിട്ട് എന്ന പതിവ് പറച്ചില്‍ കുറച്ചുനാളത്തേക്ക് വീട്ടില്‍ മിണ്ടാതിരിക്കുന്നതാണ് എല്ലാ പാര്‍ട്ടിക്കാര്‍ക്കും നല്ലത്.

.........................................................................................................

വാഴപ്പിണ്ടിയുടെ ഉറപ്പുപോലുമില്ലാത്ത സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ് എന്നൊക്കെ അടക്കം പറഞ്ഞവര്‍ക്കും ഉറക്കെപ്പറഞ്ഞവര്‍ക്കും യൂത്തന്മാര്‍ മറുപടി നല്‍കുകയാണ് ഇനി. അഭിമന്യു വധം ഉണ്ടായപ്പോള്‍ കൂട്ടമായി തൂലിക ചലിപ്പിച്ച, തൊണ്ടപൊട്ടി മുറവിളി കൂട്ടിയ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ കാസര്‍കോട് ഇരട്ടകൊലപാതകം അറിഞ്ഞില്ലേ എന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ സംശയം. എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോള്‍ മനസിലായി പലരും റൈറ്റേഴ്സ് ബ്ലോക്ക് എന്ന രോഗത്തിന് ചികില്‍സയിലാണെന്ന്. പിന്നെ ഒന്നുമാലോചിച്ചില്ല. നല്ല ഒന്നാന്തരം വാഴപ്പിണ്ടിയുമായി യുവ കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി. ഔഷധ ഗുണമുള്ള വാഴപ്പിണ്ടി തൃശൂരിലെത്തിച്ച് സാഹിത്യ അക്കാദമിക്കുമുന്നില്‍ കാഴ്ചവച്ചു.

..............................................................................................................

കേരളത്തെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായി ശരിക്കും ആരെ രക്ഷിക്കാനാണ് യാത്ര നടത്തുന്നതെന്ന് വ്യക്തമായി തുടങ്ങി. ശബരിമല വിഷയത്തെത്തുടര്‍ന്ന് എന്‍എസ്എസുമായി ഉരസിയ ഇടതുപക്ഷം  ആദ്യം കരുതിയത് സുകുമാരന്‍ നായര്‍ ചുമ്മാ ദേഷ്യക്കാരനായി അഭിനയിക്കുകയാണ് എന്നാണ്. അത് അങ്ങനെയല്ല എന്നറിഞ്ഞപ്പോള്‍ വൈകി. തിരുവനന്തപുരത്തുനിന്ന് വണ്ടിവിട്ട കോടിയേരി യാത്ര മധ്യകേരളത്തോട് അടുത്തപ്പോള്‍ എന്‍എസ്എസിനോടുള്ള സമീപനത്തില്‍ കാതലായ മാറ്റം. സുകുമാരന്‍ ചേട്ടന്‍ വിളിച്ചാരുന്നോയെന്ന് പെരുന്നയിലോട്ട് നോക്കി ഒരു കാച്ച്. പോകിനെടാ എന്ന ആട്ടാണ് മറുപടിയായി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ എഴുതിയത്. നായരെ മെരുക്കാനുള്ള പുതിയ മരുന്ന്  കുറുക്കിയെടുക്കാന്‍ പാര്‍ട്ടി റിസര്‍ച്ച് തുടങ്ങി

................................................................................................................................

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍ ചാലുകീറാന്‍ താന്‍ ഇനിയില്ലെന്ന് ആദ്യമേ പറഞ്ഞ ഇന്നസെന്‍റ് ആ പറച്ചിലിന് കുറച്ചു മേക്കപ്പിട്ട് വീണ്ടും കളത്തിലിറങ്ങി. നിര്‍ബന്ധിച്ചാല്‍ മല്‍സരിക്കാതെ വയ്യല്ലോ എന്ന ലൈനിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സ്വതവേ തമാശക്കാരനായതിന്‍റെ ഒരു പ്രിവിലേജ് ഇന്നച്ചന് കിട്ടും. സീറ്റ് വേണ്ട എന്ന് ഞാന്‍ അന്നൊരു തമാശ പറഞ്ഞതല്ലേ. എങ്ങനെയുണ്ട് എങ്ങനെയുണ്ട് എന്നു ചോദിച്ചാല്‍ തീരാവുന്നതേയുള്ളൂ കാര്യങ്ങള്‍. മണ്ഡലത്തില്‍ വീശിയ കാശിന്‍റെ കണക്കുമായാണ് നടന്‍ ക്യാമറക്കുമുന്നില്‍ എത്തിയിരിക്കുന്നത്. ചോദിക്കാനേയുള്ളൂ. ഇക്കുറിയും മല്‍സരിക്കുമായിരിക്കുമെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലായിരിക്കുമല്ലോ അല്ലേ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നിക്കുമെന്നാണോ ഇന്നച്ചന്‍റെ വിശ്വാസം. മറുപടി ഇന്നസെന്‍റായി പറയും എന്ന് പ്രതീക്ഷിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE