ഇതൊക്കെ എന്ത്?; ബെന്നിയുടെ എത്ര മനോഹരമായ ‘നടക്കാത്ത’ സ്വപ്നങ്ങൾ; വിഡിയോ

benny-congress-dreams
SHARE

അപ്പോള്‍ ശൗചാലയംകൊണ്ട് രാജ്യപുരോഗതി ഏവര്‍ക്കും മനസിലായി എന്നു കരുതട്ടേ. എന്തായാലും തള്ളിനുമാത്രം ഒരു കുറവുമില്ല. ഇനി കേരള പതിപ്പ് തള്ളല്‍ കാണാം. അതിനായി ബെന്നി ബഹനാന്‍ കുളിച്ചൊരുങ്ങി കുട്ടിക്കൂറ ഇട്ട് വന്നിട്ടുണ്ട്. കീറാമുട്ടി കീറാമുട്ടി എന്ന് ഏവരും എക്കാലവും പറഞ്ഞിട്ടുള്ള യുഡിഎഫിലെ സീറ്റ് വിഭജനം ഒറ്റദിവസംകൊണ്ട് കബൂലാക്കുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് നാല് അഞ്ച് എന്നൊക്കെ മാണിയും കോണിയുമൊക്കെ മാറിമാറി ചോദിക്കുന്നതിനിടെയാണ് കണ്‍വീനറുടെ ഈ പ്രഖ്യാപനം. ഇതിപ്പോ യുഡിഎഫ് എന്നത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ലീഗുമൊക്കെ ചേര്‍ന്ന പഴയ സംവിധാനം തന്നെയല്ലേ എന്നാണ് സംശയം. ഇനി ബെന്നി പറയുന്നതുപോലെ നടന്നു എന്നുവയ്ക്കുക. വല്യ സംഭവമായി കൊണ്ടാടേണ്ട അഡാറ് ഐറ്റംതകന്നെയായിരിക്കും അത്. 

ലീഗ് പൊടിക്ക് അടങ്ങിയിട്ടുണ്ട്. എന്നാല്‍ തൃശൂര്‍ മുതല്‍ ഭൂമധ്യരേഖയിലൂടെ മാണി ഒരു നീളന്‍ വര വരച്ച് കാത്തിരിക്കുകയാണ്. പാലായിലെ ആ ചെക്കന്‍ രാജ്യസഭയിലെ കസേരയില്‍ സേഫാണെന്നതാണ് കോണ്‍ഗ്രസ് കാണുന്ന സേഫ് സോണ്‍. അതൊക്കെവച്ചുള്ള കാടടച്ച വെടിയാണ് ബെന്നി ബഹനാന്‍റെ തോക്ക് പടച്ചുവിട്ടിരിക്കുന്നത് എന്നുവേണം കരുതാന്‍. തിരഞ്ഞെടുപ്പായതോടെ മുന്നണിയുടെ പുറംപോക്കില്‍ കഴിയുന്നവര്‍ക്കൊക്കെ പട്ടയം നല്‍കാന്‍ യുഡിഎഫ് നീക്കം തുടങ്ങി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പായതിനാല്‍ ചെറുകക്ഷികള്‍ സീറ്റ് ചോദിക്കില്ല. അവരുടെ വോട്ട് കിട്ടുകയും ചെയ്യും. ഇപ്പോ വിതച്ചാല്‍ നേട്ടം കോണ്‍ഗ്രസിനാണ്. 

പൂഞ്ഞാറുകാരന്‍ ജോര്‍ജ് താമരക്കുമ്പിളില്‍ ഇനി കഞ്ഞികുടിക്കില്ലെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ വലത്തോട്ട് ഒരു ചൂണ്ട നീട്ടി എറിഞ്ഞാരുന്നു. അതില്‍ വല്ല കൊത്തും ഉണ്ടാകുമോ ആവോ. അപ്പോ പിസിയുടെ ഫ്യൂസൂരുന്നതിനുള്ള നിയോഗം മുല്ലപ്പള്ളിക്കാണ്. പാവം കെപിസിസി പ്രസിഡന്‍റ് എന്തൊക്കെ സഹിക്കണം. കേരള യാത്രക്കിടെ നടുനിവര്‍ത്താന്‍ മുല്ലപ്പള്ളി ഒന്ന് കിടന്നപ്പോളാണ് ഐഎന്‍ടിയുസിക്കാര്‍ കൂട്ടമായി എത്തിയത്. തന്‍റെ സുഖവിവരം തിരക്കാനെത്തിയതാണെന്ന തെറ്റിദ്ധാരണയില്‍ പ്രസിഡന്‍റ് ചാടിയെഴുന്നേറ്റിരുന്നു. അപ്പോളാണ്  ആര്‍ ചന്ദ്രശേഖരന്‍ ഒരു കവര്‍ സമര്‍പ്പിച്ചത്. പന്ത്രണ്ടായിരത്തിന്‍റെ പിരിവായിരിക്കുമെന്നുകരുതി കവര്‍ തുറന്നു. ബാക്കി മുല്ലപ്പള്ളി പറയും

സിബിഐ കൊണ്ടുവന്ന തുറുപ്പുചീട്ട് ഒര്‍ജിനലാണെന്ന് ഇന്നാണ് യുഡിഎഫിന് ബോധ്യമായത്. സ്വപ്നമാണോ സത്യമാണോ എന്നറിയാത്തതിനാല്‍ ഇന്നലെ നിയമസഭയിലടക്കം ഒരു മെല്ലെപ്പോക്കായിരുന്നു. ഒരുവെടിക്ക് രണ്ടുപക്ഷി എന്ന ആവേശത്തോടെ പി ജയരാജനും ടിവി രാജേഷിനും നേരെ ചാടിവീഴുകയാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും. കണ്ണൂരിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാക്കാന്‍ കൈവന്നിരിക്കുന്ന ജാക്പോട്ടാണ്. വിട്ടുകളയരുത്. പക്ഷേ അടി വരുമെന്നറിയുന്നവന്‍ തടക്കുള്ള വകുപ്പ് ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന് ഓര്‍ക്കുക

സ്പീഡ്പോസ്റ്റില്‍ ഒരു കവര്‍ കിട്ടി. ആര്‍ക്കാണെന്നല്ലേ. ബിജെപി അധ്യക്ഷന്‍ സാക്ഷാല്‍ അമിത്ഷായിക്ക്. പൊട്ടിച്ചുനോക്കിയപ്പോള്‍ ഒരു ഞെട്ടല്‍ ശബ്ദം. അപ്പോള്‍ മോദി ഓര്‍ത്തു അമിട്ട് പൊട്ടിയതാകും എന്ന്. പിന്നെയാണ് മനസിലായത് സംഗതി അതൊന്നുമല്ലെന്ന്. കേരളത്തിലെ ഇരുപതുമണ്ഡലങ്ങളിലും മല്‍സരിക്കാനുള്ളവരുടെ പട്ടിക കേരളത്തില്‍ നിന്ന് പിള്ളവക്കീല്‍ അയച്ചതാണ്. ഇതിനാണ് ശരിക്കും വക്കീല്‍ നോട്ടീസ് എന്ന് പറയുന്നത്. കവറിന് നല്ല കനമുണ്ടായിരുന്നതിനാല്‍ അതില്‍ പല സൂപ്പര്‍ താരങ്ങളും ഉണ്ടെന്നാണ് കരക്കമ്പി. കൂടെ ഒരു കാലിക്കവര്‍ വച്ചിരുന്നതും ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. മിസോറാമിലേക്ക് പണ്ട് കയറ്റി അയച്ച സാധനം തിരിച്ചയക്കാന്‍ ഒപ്പം വച്ചാതണത്രേ ആ കാലിക്കവര്‍. എന്തായാലും ഇടത് വലതുമുന്നണികളെ ഞെട്ടിച്ച് ബിജെപി ചെക് വച്ചു. എല്ലാം ഒരു ഡിവൈസിന്‍റെ കളിയാണ്. ഒരു ടൈം മെഷീന്‍. ഇപ്പറഞ്ഞ യന്ത്രം എന്താണെന്ന് നമുക്ക് നന്നായറിയാം. യോഗി ആദിത്യനാഥിനെയൊക്കെ മുഖ്യമന്ത്രിയാക്കുന്നതില്‍ ആ യന്ത്രം വഹിച്ച പങ്ക് ചില്ലറയല്ലല്ലോ. നമ്മുടെ പാവം ബിഡിജെഎസിന്‍റെ പേരൊക്കെ ആ യന്തിരന് മനസിലാകുമോ എന്തോ.

MORE IN THIRUVA ETHIRVA
SHOW MORE