കണ്ണന്താനം ഇച്ഛിച്ചതും മോദി കൽപ്പിച്ചതും ഒരേ 'അടവ്'

alphonse-kannamthanam
SHARE

ഇടുക്കിയിലേക്ക് വരും മുമ്പ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങാം. അവിടെ കഴിഞ്ഞ ദിവസം ഒരു പരിപാടി നടന്നു. ഒരു പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ്. കേരളത്തില്‍ ഈയടുത്ത് നടന്ന പരിപാടികളൊക്കെ അതൊക്കെ എത്ര ചെറുതായാലും പ്രധാനമന്ത്രി വരെ വന്നു ഉദ്ഘാടനം ചെയ്തു പോവുന്ന സവിശേഷ സാഹചര്യത്തില്‍ കൂടിയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നെന്നോര്‍ക്കണം. വലിയ വലിയ കടല്‍പാലങ്ങളും തുരങ്കങ്ങളും അണക്കെട്ടും ലോകത്തിലെ ഏറ്റവും വലിയ പ്രതിമയൊക്കെ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണ് മോദിജി കേവലം രണ്ടുവരി ബൈപാസ് റോഡ് ഉദ്ഘാടനത്തിന് ഇവിടെ കൊല്ലത്തെത്തിയത്. ഈ വരുന്നതിന്‍റെ ഉദ്ദേശ്യം സിംപിളാണ്. ക്രെഡിറ്റിന് വേണ്ടി. 

എന്നാല്‍ നേരത്തെ സൂചിപ്പിച്ച തിരുവന്തപുരത്തെ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സാക്ഷാല്‍ അല്‍ഫോന്‍സ് കണ്ണന്താനം നേരിട്ടെത്തി. വെറുതെ എത്തിയതല്ല, കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി നേരിട്ട് കേന്ദ്രം അങ്ങോട്ട് ഏറ്റെടുത്തു. കെടിഡിസിയൊക്കെ പോയി പകരം ഐടിഡിസി വന്നു. എന്നുവച്ചാല്‍ കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തില്‍ കണ്ണന്താനം മുഖ്യകാര്‍മികനായി ഈ സര്‍ക്യൂട്ട് പദ്ധതിക്ക് തറക്കല്ലിട്ടു. 

തറക്കല്ലൊക്കെ ഇടുന്ന ചടങ്ങല്ലേ. ഭൂമി ഇന്ത്യാമഹാരാജ്യത്തേതാണെങ്കിലും ഈ ഫെഡറല്‍ സംവിധാനം അനുസരിച്ച് അതൊക്കെ അതത് സംസ്ഥാനസര്‍ക്കാരിന്‍റെ കീഴിലാണല്ലോ വരുന്നത്. ആ നിലക്ക് സംസ്ഥാനത്തെ ടൂറിസം മന്ത്രിയേയും സ്ഥലം എംപിയേയും എംഎല്‍എയേയും കല്ലിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചിരുന്നു. ഒരു സംസ്ഥാന പദ്ധതിയെ തട്ടിയെടുത്ത നിലയ്ക്ക് വിളക്കു തെളിച്ചുള്ള ഉദ്ഘാടനവും സ്വന്തം നിലയ്ക്ക് മതിയെന്ന് കണ്ണന്താനം അങ്ങ് തീരുമാനിച്ചു. ഒരു തിരിപോലും വിട്ടുകൊടുക്കാതിരിക്കാന്‍ കണ്ണന്താനം ഏറെ ശ്രദ്ധിച്ചു.

ഒരു വിത്ത് എടുത്ത് പറ്റിയ മണ്ണില്‍ അത് കുഴിച്ചിട്ട് നാമ്പിടുന്നതും കാത്തിരുന്നിട്ട് ഒടുവില്‍ മുളപൊട്ടാറായപ്പോള്‍ അതെടുത്ത് മറ്റൊരാള്‍ ഓടുമ്പോഴുണ്ടാകുന്ന വിഷമം ചില്ലറയല്ലല്ലോ. വിത്തല്ലേ എവിടെ വേണേലും വളര്‍ന്നോട്ടെ എന്നൊക്കെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ പറയാം എന്നേയുള്ളു. കടകം പള്ളി സുരേന്ദ്രന്‍ സഖാവാണെങ്കിലും ആത്യന്തികമായി മനുഷ്യനാണല്ലോ. വിഷയം വരും. സ്വാഭാവികം.

തിരഞ്ഞെടുപ്പുകാലമാണ്. ഉദ്ഘാടനപരിപാടികളൊക്കെ കുറച്ചുദിവസമൊക്കെക്കൂടിയേ കാണൂ. പണി തീര്‍ന്ന പലതും ഉദ്ഘാടനം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. പ്രത്യേകിച്ചും യുഡിഎഫ് എംപിമാര്‍ ഉള്ള മണ്ഡലത്തിലൊക്കെ. അങ്ങനെ അവര്‍ക്കൊരു മൈലേജ് കിട്ടേണ്ട എന്നു കരുതി മാത്രമാണത്. പക്ഷേ ഇതുപോലെ ഒരു ഹൈജാക്ക് സ്വപ്നത്തില്‍ പോലും പിണറായി സഖാവും കൂട്ടരും കരുതിയതേയില്ല. കണ്ണന്താനമാണെങ്കില്‍ നാട്ടില്‍ സ്വന്തമായി ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അരയും തലയും മുറുക്കി കാത്തിരിക്കുകയും ആയിരുന്നു. കണ്ണന്താനം ഇച്ഛിച്ചതും മോദി കല്‍പിച്ചതും ഒരേ പദ്ധതിയും അടവും ആയതുകൊണ്ട് സംഗതി കൃത്യസമയത്ത് എല്ലാംകൊണ്ടും ഒത്തുവന്നു. അങ്ങനെ തിരുവനന്തപുരത്തൂന്ന് നേരിട്ട് കേന്ദ്രത്തിലേക്ക് ഒരു പുതിയ സര്‍ക്യൂട്ട് കണ്ണന്താനം നടപ്പാക്കി. അത്രതന്നെ.

കടകംപള്ളി ഇങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല. എല്ലാം പോസിറ്റീവായി കണ്ടാമതി. പദ്ധതി നടപ്പാക്കാന്‍ വേണ്ടി കിഫ്ബിയില്‍ കൈയ്യിട്ടു നോക്കേണ്ടതില്ല. ധനമന്ത്രി തോമസ് ഐസക്കിന്‍റെ മുന്‍പില്‍ തലകുനിക്കേണ്ടതില്ല. പണമില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷനടിക്കുകയും വേണ്ട. ഇനിയും ഇത്തരത്തില്‍ കേന്ദ്രം ചാടിപ്പിടിക്കാന്‍ സാധ്യതയുള്ള പദ്ധതികളി‍ല്‍ ആയിരിക്കണം നമ്മുടെ ശ്രദ്ധ. കേന്ദ്രത്തെക്കൊണ്ട് പണിയെടുപ്പിച്ച് നമുക്ക് വികസിക്കണം. 

MORE IN THIRUVA ETHIRVA
SHOW MORE