'വിമാനത്തിൽ' പറന്ന് വിവാദങ്ങൾ

rafale-thiruva-ethirva
SHARE

ലോക്സഭയില്‍ ഇന്നലെ പ്രധാനമന്തി നരേന്ദ്രമോദി അങ്ങ് കത്തിക്കയറി. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം സ്വൈര്യം തരാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ഏത് കമ്പനിക്കുവേണ്ടിയാണ് ഇപ്പോള്‍ നാടകം കളിക്കുന്നത് എന്ന ധ്വനിയില്‍ മോദി വച്ചലക്കിയത്. പ്രധാനമന്ത്രി പറഞ്ഞത് സഭയിലെ രേഖയാകുന്നതിനും മുന്നേ സംഘപുത്രന്മാര്‍ ആ മാസ് ഡയലോഗുകള്‍ ആഘോഷിച്ചു. പക്ഷേ നേരം പുലര്‍ന്ന ഉടന്‍ മറുപണി കിട്ടി. വിമാനക്കച്ചവടത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടെന്ന് വാര്‍ത്ത പിറന്നു. പിന്നാലെ രാഹുല്‍മോന്‍ മലയാളത്തിന്‍റെ സ്വന്തം കെസി വേണുഗാപാലിന്‍റെ സംരക്ഷണയോടെ മാധ്യമങ്ങളെ കണ്ടു.

മോദി കള്ളനാണെന്ന് താന്‍ പറഞ്ഞുതുടങ്ങിയിട്ട് കാലമെത്രയായി എന്ന് നെഞ്ചുപൊട്ടി ചോദിച്ചു.  വിമാനം ഇത്തവണത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മറ്റ് മാനങ്ങള്‍ കൊണ്ടുവന്നു എന്നതാണ് ഈ സംഭവങ്ങളുടെ രത്നചുരുക്കം.ഇനി ഈ പറഞ്ഞതൊന്നും മനസിലാകാത്തവര്‍ ഈ ഭൂമി മലയാളത്തിലുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി എല്ലാം ഹിന്ദി വിദ്വാന്‍ കൂടിയായ രമേശ് ചെന്നിത്തല ഒന്നുകൂടി പറഞ്ഞുനല്‍കും.

യുവതീപ്രവേശന വിധിക്കുപിന്നാലെ നിലക്കലിലും പമ്പയിലും സന്നിധാനത്തും ഉണ്ടായ തമ്മിലടിയേക്കാള്‍ വലുതാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ നടക്കുന്നത്. കടുത്ത പിണറായി ഭക്തനായിരുന്ന പത്തനംതിട്ടക്കാരന്‍ എ പത്മകുമാറിനെ അയ്യപ്പ ഭക്തനാക്കാന്‍ കഴിഞ്ഞു എന്നതാണ് സുപ്രീംകോടതി വിധിയുടെ വലിയ നേട്ടം. ദേവസ്വം കമ്മിഷണര്‍ എന്‍ വാസു പത്മകുമാര്‍ അറിയാതെ ചില കരുക്കള്‍ നീക്കി എന്നതാണല്ലോ ഇപ്പോളത്തെ വിവാദ വിഷയം. എന്നാല്‍ അങ്ങനെ ഒരു വിഷയം ദേവസ്വം ബോഡിലെന്നല്ല കേരളത്തില്‍ത്തന്നെയില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. അരിയാഹാരം കഴിക്കാത്തവര്‍ക്കായുള്ളതാണ് ഈ പറയുന്നത്. 

ദേവസ്വം മന്ത്രി അഭംഗുരം തുടര്‍ന്നോളൂ. അതല്ല പ്രശ്നം. പ്രശ്നങ്ങള്‍ ഉണ്ടോ എന്നതാണ് . ഇനി അങ്ങനെ നമ്മള്‍ ചോദിക്കുന്നതാണ് പ്രശ്നമെങ്കില്‍ ദേവസ്വം പ്രസിഡന്‍റ് പത്മകുമാറിനോട് ചോദിക്കാം. അല്ല പ്രസിഡന്‍റേ ശരിക്കും പ്രശ്നമുണ്ടോ.

അതെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. എന്നുവച്ചാല്‍ നിലവില്‍ ചിലതുണ്ട് എന്നു സാരം. അപ്പോള്‍തല്‍ക്കാലം കടകംപള്ളിയെയല്ല മാധ്യമങ്ങളെയാണ് വിശ്വസിക്കേണ്ടത് എന്ന്. ശരിക്കും സംഗതി ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. പുനപരിശോധനാ ഹര്‍ജി, സാവകാശ ഹര്‍ജി. മുഖ്യമന്ത്രി ദേവസ്വം മന്ത്രി ദേവസ്വം പ്രസിഡന്‍റ് ദേവസ്വം കമ്മീഷണര്‍. പാര്‍ട്ടി പാര്‍ട്ടി ഓഫീസ് പാര്‍ട്ടി സെക്രട്ടറി. ദേവപ്രശ്നംവച്ചാല്‍പോലും വേര്‍തിരിക്കാനാവാത്തപോലെ നിബിഡമാണ് പ്രശ്നോത്തിരി.

കാസര്‍കോട്ടുനിന്ന് പുറപ്പെട്ട കേരള കോണ്‍ഗ്രസിന്‍റെ യാഗാശ്വം ആദ്യ പകുതി ഓട്ടം പൂര്‍ത്തിയാക്കിയതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ. ഇന്നലെ ഇടുക്കിയില്‍ പാര്‍ട്ടിയുടെ യാഗാശ്വമായ ജോസ് കെ മാണിക്കുമുന്നില്‍ അറിയാതെ വന്നുപെട്ടുപോയി ഒരു ഒര്‍ജിനല്‍ കുതിര. തന്‍റെ നിഴലാണ് ആ കടന്നുവരുന്നതെന്നായിരുന്നു ആദ്യം അതിന്‍റെ വിചാരം. പിന്നെയാണ് മനസിലായത് താന്‍ നാട്ടില്‍ നടക്കുന്നത് പലതും മനസിലാക്കുന്നില്ലെന്ന്. രാജ്യസഭയില്‍ ഇരിപ്പടം കൈപ്പിടിയില്‍ ഉള്ളതിനാലാവണം ഇക്കുറി വേദിയില്‍ ജോസുമോന് വലിയ ആവേശത്തള്ളലില്ല. 

തിരഞ്ഞെടുപ്പാകുമ്പോളാണ് രാഷ്ട്രീയക്കാര്‍ ബന്ധങ്ങളെക്കുറിച്ച് ആലോചിക്കാറ്. ബന്ധങ്ങള്‍ ഉള്ളിടത്തോളം കാലം അവിഹിത ബന്ധങ്ങളും ചര്‍ച്ചയാകും. അതാണ് പതിവ്. ഇക്കുറിയും അതില്‍ മാറ്റമില്ല. സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും ബിജെപിയും ഒരമ്മ പെറ്റ മക്കളെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ നാട്ടില്‍ ബിജെപിക്ക് ബന്ധുക്കളേ ഇല്ലെന്ന് പി എസ് ശ്രീധരന്‍പിള്ള. എല്ലാം കേട്ട് കണ്ണുമിഴിക്കുകയല്ലാതെ നമ്മള്‍ എന്തുചെയ്യാന്‍. ബന്ധം കണ്ടുപിടിക്കുന്ന യന്ത്രത്തെക്കുറിച്ച് അറിവുള്ളവര്‍ അത് പങ്കുവയ്ക്കുക. അതല്ലാതെ മറ്റ് പോംവഴികളില്ല. 

പുതിയ ഖദര്‍ വാങ്ങുമ്പോള്‍ ആ തുണിയില്‍ നാല് കീറല്‍ ഇടുക എന്നത് പൊതുവെ കോണ്‍ഗ്രസിന്‍റെ ഒരു നയമായും അവകാശമായിമാണ് പൊതുസമൂഹം കണ്ടുപോകുന്നത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റഎ ഉടുപ്പിലെ കീറല്‍ കണ്ടപ്പോളും അതുകൊണ്ടുതന്നെ നാട്ടാര്‍ മറ്റൊന്നും വിചാരിച്ചില്ല. പക്ഷേ നമ്മള്‍ വിചാരിക്കുന്നതാകണമെന്നില്ലല്ലോ സത്യം. ഇപ്പോള്‍ മുല്ലപ്പള്ളി പറഞ്ഞപ്പോളാണ് അതറിഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് കടുത്ത ദാരിദ്രത്തിലാണ്. അതിനല്‍നിന്ന് വല്ലവിധേനെയും ഒന്നു കരകയറാനാണ് മുല്ലപ്പള്ളിയുടെ യാത്ര. പന്ത്രണ്ടായിരം രൂപ എന്ന് അച്ചടിച്ച രസീതുമായാണ് ഈ കീറിയ ഖദര്‍ നീങ്ങുന്നത്. പൈസ നല്‍കാത്ത മണ്ഡലംകമ്മിറ്റകളുടെ മണ്ട നുള്ളി നുള്ളിയാണ് ജന മഹായാത്ര പോകുന്നത്

MORE IN THIRUVA ETHIRVA
SHOW MORE