മഞ്ഞിന്‍ കണങ്ങളെ അഭിവാദ്യം ചെയ്യുന്ന ക്യാമറ മാനിയ

modi-kashmir-video
SHARE

തീക്കട്ടയില്‍ പോലും ഉറുമ്പരിക്കുന്നകാലത്താണ് നാം ജീവിക്കുന്നത്. ആ നഗ്നസത്യം തിരിച്ചറിയാന്‍  മന്ത്രി ജി സുധാകരനെതിരെ വരെ കേസെടുത്തു എന്ന വാര്‍ത്ത അറിയേണ്ടിവന്നു . അതും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍. മന്ത്രി ഒരു കവികൂടിയായത് ഭാഗ്യം. ഭാവന കരകവിഞ്ഞൊഴുകിയ വേളയില്‍ ഉപമയില്‍ പിടിച്ച് ഒരു സര്‍ഗസൃഷ്ടി പടച്ചതാണെന്ന് വേണമെങ്കില്‍ പറഞ്ഞുനില്‍ക്കാം. ഈ കേസിനെക്കുറിച്ചെങ്ങാണും അമ്പലപ്പുഴയിലെ വല്ല പൂച്ചയും അറിഞ്ഞാല്‍ അതുമതി അടുത്ത പൊല്ലാപ്പിന്. അപമാനമൊക്കെ എല്ലാ ജീവികള്‍ക്കും ഉള്ളതാണല്ലോ. അപ്പോ കൂടുതല്‍ കേസിന് നില്‍ക്കുന്നില്ല. 

ചില ഗള്‍ഫുകാരെ കണ്ടിട്ടില്ലേ. നാട്ടില്‍ വന്നു കഴിഞ്ഞാല്‍ ലാവിഷായി കാശെടുത്ത് വീശും. പോക്കറ്റിലും ബാങ്കിലും ഉള്ളതിനേക്കാളുമധികം തുക വെറുതെ അങ്ങ് പൊട്ടിച്ചുകളയും. അതിഥികളും പിരിവുകാരുമെല്ലാം പോയിക്കഴിയുമ്പോള്‍ ടിയാന്‍ മുറി അടച്ചിട്ടിരുന്ന് കരയും. തിരിച്ചുപോകാന്‍ വിമാനക്കൂലിക്കായി കടംതേടും. ഇതേ അവസ്ഥയിലാണ് കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്. ബജറ്റില്‍ വാരിക്കോരി അങ്ങ് വീശി. നവോത്ഥാനത്തിനും മതിലുപണിക്കുമൊക്കെ ചിലവായത് വേറെ. ഒടുവില്‍ കടവും കഷ്ടപ്പാടും മാത്രം ബാക്കി. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണമെന്ന അറ്റകൈ പ്രയോഗിച്ചിരിക്കുകയാണ് ധനവകുപ്പ്.  ഒരുലക്ഷത്തിന് മുകളിലുള്ള ബില്ലുകളുമായി വരുന്നവരെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ പിന്‍വാതിലിലൂടെ ഓടുകയാണെന്നാണ് കേള്‍വി. കാശില്ലാത്തവന് നാട്ടിലെന്നല്ല മന്ത്രിസഭയില്‍പോലും വില കാണില്ലല്ലോ. ബജറ്റ് വീരന്‍ കെഎം മാണിയുടെ മകന്‍ ജോസുമോന്‍ വരെയാണ് തോമസ് ഐസക്കിനെ കളിയാക്കാന്‍ കഴത്തിലുള്ളത്. ജോസുമോന്‍ എത്ര ബജറ്റുകണ്ടതാ അല്ലേ

രാജ്യത്തെ മോദി ഭരണത്തെ താഴെയിറക്കാന്‍ കച്ചകെട്ടിയിറങ്ങിയവുടെ സമ്മേളനങ്ങളാണ് നാടിന്‍റെ മുക്കിലും മൂലയിലും നടക്കുന്നത്. മമതയാണോ രാഹുലാണോ അതോ കര്‍ഷകരാണോ പെട്ടിയില്‍ ആണിയടിക്കുക എന്ന് അത്ര തീര്‍പ്പായില്ല. എല്ലാത്തിനും ചെറുതായി കൈ കൊടുത്ത് യച്ചൂരിയും പാര്‍ട്ടിയും കൂടെ ഉണ്ട് ഇല്ല എന്ന ലൈനില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍നിന്ന് ഒരു വേറിട്ട ശബ്ദം ഉയരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറയുന്നത് എന്തെന്നാല്‍ രാജ്യത്ത് മോദിയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള ഏക പാര്‍ട്ടി സിപിഎം ആണെന്നാണ്. കന്‍ ഒരു തരിമതിയെന്ന പഴയ മുദ്രാവാക്യം കെട്ടുപോയിട്ടില്ലെന്ന് സാരം. അതൊക്കെകേട്ട് ചിരിക്കണോ കരയണോയെന്ന് യച്ചൂരി ആലോചിച്ചുനില്‍ക്കുകയാണ്. പക്ഷേ കണ്ണൂരുകാരനായ കോടിയേരിയുടെ ഈ പറച്ചില്‍ കേട്ട് മറ്റൊരു കണ്ണൂരുകാരന്‍ ചിരിച്ച് ഉളുക്കുതെറ്റി. മറ്റാരുമല്ല കെ സുധാകരന്‍

അണ്ണാന്‍ ആനക്ക് കല്യാണം ആലോചിച്ച കഥ വരും ദിവസങ്ങളില്‍ മുല്ലപ്പള്ളി രാമചന്ചന്ദ്രന്‍ തന്‍റെ ജനമഹായാത്രയില്‍ വിശദീകരിക്കുന്നതായിരിക്കും. ശരിക്കും താനല്ലേ ഈ യാത്ര നടത്തേണ്ടിയിരുന്നത് എന്നൊരു തോന്നല്‍ കെ സുധാകരന് പ്രസംഗവേളയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റംപറയാനാവില്ല. കണ്ണൂരില്‍ സിപിഎമ്മിനോട് അടിതട പയറ്റി മുന്നേറുന്ന സുധാകരന് എന്ത് കോടിയേരി.

നവോത്ഥാനത്തിനായി ഇറങ്ങിപ്പുറപ്പെട്ട പിണറായിക്കും കൂട്ടര്‍ക്കുംനേരെ ചങ്ങനാശേരിയില്‍നിന്ന് ചെറിയൊരു ആക്രമണം നേരിടേണ്ടിവന്നിരുന്നല്ലോ. ദേശായപാതയില്‍ മാത്രം വനിതാ മതില്‍ പണിതാല്‍മതിയെന്ന തീരുമാനം പാര്‍ട്ടി സ്വീകരിച്ചതുതന്നെ  പെരുന്നവഴി മതില്‍പണിയുക വലിയ ടാസ്ക് മറികടക്കാന്‍ വേണ്ടിയായിരുന്നു. സമുദായം പറഞ്ഞ് ഇങ്ങോട്ടു കണ്ണുരിട്ടണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് പിടി വിട്ടു. അങ്ങോട്ടും ഇങ്ങോട്ടും രണ്ടുപറഞ്ഞ് ഒന്ന് അടങ്ങിയതാണ്. അപ്പോളാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വക അടുത്ത കൊട്ട്. സുകുമാരന്‍ നായര്‍ ഇങ്ങോട്ട് വാ എന്നു പറയുമ്പോള്‍ സമുദായത്തിലെ മറ്റ് നായന്മാര്‍ അങ്ങോട്ട് പോകുമത്രേ. മറുപടി വാക്കാലല്ല  തിരഞ്ഞെടുപ്പുകാലത്തെ പ്രവര്‍ത്തിയിലൂടെയാണെന്ന് നായര്‍ തിരിച്ചടിച്ചു. തന്നെ രാഷ്ട്രീയം പഠിപ്പിക്കാനുള്ള വിവരം കോടിയേരിക്കില്ലെന്നാണ് സുകുമാരന്‍ നായരുടെ ലേറ്റസ്റ്റ് വെടി. എന്തായാലും ഉടനെങ്ങും വെടിനിര്‍ത്തല്‍ ആരും പ്രതീക്ഷിക്കേണ്ട.

ശരീരം കണ്ടാല്‍ അങ്ങനെ തോന്നില്ലെങ്കിലും സ്വന്തം ആരോഗ്യത്തില്‍ അതീവ തല്‍പ്പരനാണ് ഇപി ജയരാജന്‍. സിക്സ് പാക്കായിരുന്നു ചെറുപ്പത്തില്‍ ഇപിയുടെ സ്വപ്നം. ഇക്കാലയളവില്‍ മുഹമ്മദലിയെപ്പോലെ ഒരു ബോക്സിങ്ങുകാരനാകാനും പുള്ളി ശ്രിമിച്ചിരുന്നു. കായികപരമായി അതായത് സ്പോര്‍ട്സ്മെന്‍ സ്പിരിറ്റില്‍ കാര്യങ്ങള്‍ കേള്‍ക്കാനുള്ള വിശാല മനസില്ലാത്ത മലയാളികള്‍ക്കിടയില്‍ ജനിച്ചതുമാത്രമാണ് ഇപി ചെയ്ത തെറ്റ്. വിഷമം വന്നാലും സന്തോഷം വന്നാലും ജിമ്മില്‍ ചെന്ന് പത്ത് ഡംബല്‍സ് അടി. അതാണിപ്പോ പതിവ്

പിള്ളേച്ചനിപ്പോ യുദ്ധമൊന്നുമില്ലേ എന്ന ടോണില്‍  നാട്ടുകാര്‍ ഇപ്പോ ചോദിക്കുകയാണ് പിള്ളേച്ചനിപ്പോ വിമാന യാത്ര ഒന്നുമില്ലേ.  മറ്റാരാടുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ഈ അതിശയം കലര്‍ന്ന ചോദ്യം. കുറച്ചുനാളായി മോദി നാട്ടിലുണ്ട്. ഇനി ഉടനെങ്ങും പറക്കുമെന്നും തോന്നുന്നില്ല .തിരഞ്ഞെടുപ്പൊക്കെ അടുത്തുകഴിഞ്ഞാല്‍ നാടിനോടും നാട്ടുകാരോടും സ്നേഹം സ്വോഭാവികമാണല്ലോ. പക്ഷേ യാത്ര ചെയ്യാതിരുന്നാല്‍ കരക്ക് പിടിച്ചിട്ട മീനിനെപ്പോലാണ്. ആ ശ്വാസം മുട്ടല്‍ ഒഴിവാക്കാന്‍ ദാല്‍ തടാകത്തിലൂടെ ഒന്ന് കറങ്ങാം. മനുഷ്യന്മാരെയാരെയും കരയില്‍ കാണാനില്ല. പക്ഷേ പ്രധാനമന്ത്രി കൈവീശി യാത്ര തുടരുകയാണ്. മഞ്ഞിന്‍ കണങ്ങളെവരെ അഭിവാദ്യം ചെയ്യുന്ന ഈ കലാപരിപാടിയുടെ പേരാണ് ക്യാമറ മാനിയ.

MORE IN THIRUVA ETHIRVA
SHOW MORE