സര്‍വതും മായ; മോഹന്‍ലാല്‍ വരുമോ ഇല്ലയോ?

mohanalal-bjp
SHARE

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ.  ഹരിനാമകീര്‍ത്തനത്തിലെ ഈ രണ്ടാം ശ്ലോകം ദേവസ്വം മന്ത്രി കടകംപള്ളിയും സര്‍ക്കാരും ഒന്ന് കുറിച്ചുവയ്ക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ പ്രയോജനപ്പെട്ടേക്കും. അന്‍പത്തിയൊന്നു സ്തീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നായിരുന്നു കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്. പിന്നീട് അത് ലോപിച്ചുലോപിച്ചുവന്നു. ഏറ്റവും ഒടുവില്‍ കടകംപള്ളി വാ അടക്കുമ്പോള്‍ എണ്ണം രണ്ടുപേര്‍ എന്നായിട്ടുണ്ട്. സര്‍വതും മായ എന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങുകയാണ് എണ്ണത്തില്‍ തെല്ലും കൃത്യതയില്ലാത്ത കാലത്തെ തിരുവാ എതിര്‍വാ.

കേന്ദ്രസര്‍ക്കാരിനോടും സിബിഐയോടും തെല്ലും മമത കാണിക്കാതെ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി ഉറഞ്ഞു തുള്ളുകയാണ്. ഭാവി പ്രധാനമന്ത്രിയെന്ന് പലരും വാഴ്ത്തിതുടങ്ങിയതിനിടെയാണ് സകലരുടെയും കണ്ണുകവെ രാഹുല്‍ മാജിക് ആകര്‍ഷിച്ചത്. അത് അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ മമതയും തയ്യാറല്ല. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ മൊഴിയെടുക്കാന്‍ വന്ന സിബിഐ സംഘത്തെ ഈ ബംഗാളി അങ്ങ് പൂട്ടി. ഇതോടെ മമതയായി രാജ്യത്തെ താരം. മോദിയെ വെല്ലുവിളിക്കാനല്ല മറിച്ച് തല്ലിയോടിക്കാന്‍ ഞാനുണ്ട് എന്ന ലൈനില്‍ കട്ട ധര്‍ണ. സകല താമര വിരോധികളും പിന്തുള പ്രഖ്യാപിച്ചതോടെ രണ്ടിലൊന്ന് നടന്നേക്കും

തിരഞ്ഞെടുപ്പാകുമ്പോള്‍ യുഡിഎഫ് വീട്ടിലേക്ക് ചുമ്മാ ഉറ്റുനോക്കുന്നത് പത്ത് ആക്ഷന്‍ പടങ്ങള്‍ കാണുന്നതിന് തുല്യമാണ്. ആകെ ഉരുപതു സീറ്റാണ് ലോക്സഭയിലേക്കുള്ളത്. നിലവില്‍ ഇരുപത്തിയഞ്ചെണ്ണം ഉണ്ടെങ്കില്‍പ്പോലും യുഡിഎഫിന് മതിയാവുമെന്നു തോന്നുന്നില്ല. മാണിയും ലീഗുമെല്ലാം ഓരോന്ന് കൂട്ടി ചോദിച്ചു. ഫോര്‍വേഡ് ബ്ലോക്കുള്‍പ്പെടെ കുടുംബത്തെ സകല ഇത്തിള്‍കണ്ണികളും തങ്ങള്‍ക്ക് സീറ്റ് ലഭിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്ന നെടുനീളന്‍ കുറിപ്പുകള്‍ തയ്യാറാക്കി ഡല്‍ഹിമുതല്‍ ശാസ്തമംഗലം വരെ റജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു കാത്തിരിക്കുകയാണ്. ഉള്ളില്‍ നൂറ് പ്രശ്നമുണ്ടെങ്കിലും ചിരിച്ചുകൊണ്ട് നടക്കാനുള്ള യുഡിഎഫ് നേതാക്കളുടെ കഴിവാണ് സമ്മതിക്കേണ്ടത്. 

ഘടകകക്ഷികളുടെ കാര്യം എങ്ങനെയും സെറ്റില്‍ ചെയ്യ്ത് കുടുംബപ്രശ്നം ഒഴിവാക്കാം. പക്ഷേ അതിലും വലിയ കലാപമാണ് വീട്ടിലെ ചില കുട്ടിപ്പട്ടാളം ഒപ്പിക്കുന്നത്. സീറ്റ് പ്രഖ്യാപിക്കുമ്പോള്‍ യുവാക്കളുടെ നീണ്ട നിര പട്ടികയില്‍ ഉണ്ടാവണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ യൂത്ത് എന്നത് ഏതു പ്രായം വരെയാണ്. അതില്‍ ആര്‍ക്കും അത്ര വ്യക്തതയില്ലാത്തതാണ് പാര്‍ട്ടിയുടെ ഭാഗ്യം. ഈ തിരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനാര്‍ഥികള്‍ വേണ്ട എന്ന് ആവര്‍ത്തിക്കുന്ന ഡീന്‍ കുര്യാക്കോസിന് കയറ്റുമതിയെക്കുറിച്ചാണ് പറയാനുള്ളത്

ഡീന്‍ കയറ്റുമതിക്കായി എന്തിനാണ് ഇത്രയും ആത്മാര്‍ത്ഥത കാട്ടുന്നത് എന്ന് എല്ലാവരും സംശയിക്കുക സ്വോഭാവികം. അതിനുള്ള ഉത്തരത്തിന് ദാ ആ തൊട്ടടുത്തിരിക്കുന്ന ജോസി കണ്ടത്തിന്‍റെ ചുണ്ടിലേക്ക് നോക്കിയാ മതി. 

അണികളായാല്‍ ഇങ്ങനെ വേണം. നേതാവിന്‍റെ മനസ് വായിച്ച് ഇതുപോലെ പറയാന്‍ പറ്റണം. ഇതുള്‍പ്പെടെയുള്ള സകല പ്രശ്നങ്ങളും പരിഹരിക്കാന്‍ കുരുക്ഷേത്രത്തിലേക്ക് തേര് പുറപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തും തലസ്ഥാനത്തും ഭരണം കൈയ്യിലില്ലാത്തതുകൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ജനമഹായാത്ര കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് കടന്നുവരുന്നുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ ഒരു മഹാന്‍ നടത്തുന്ന യാത്ര എന്നാണോ ജനമഹായാത്രയെന്ന പേരിന്‍റെ ഉദ്ദേശം  എന്നു വ്യക്തമല്ലെങ്കിലും സംഗതി കടന്നുവരുന്നുണ്ട്. 

യാത്രയുടെ ഒടുവില്‍ ഇരുപതുസീറ്റ് കിട്ടുന്നതെങ്ങനെയെന്ന ശാസ്ത്രം മനസിലായില്ല. നമ്മുടെ അറിവില്‍ അതിന് ഏറ്റവും ചുരുങ്ങിയത് തിരഞ്ഞെടുപ്പ് നടക്കുകയെങ്കിലും ചെയ്യണം. പിന്നെ ഇങ്ങനെ ആവേശം കേറുന്നതിനു മുമ്പ് ഇരുപതില്‍ കോണ്‍ഗ്രസിന് മല്‍സരിക്കാന്‍ എത്ര എന്നതിലെങ്കിലും ഒരു ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. യാത്രക്കാരനും അല്ല ആവേശത്തിലാണ്. സ്വതസിദ്ധമായ ശൈലിയില്‍ തള്ളിമറിക്കുകയാണ് മുല്ലപ്പളളി

സംശയം വേണ്ട. കാരണം ഇത് മുല്ലപ്പള്ളിയുടെ ആദ്യ യാത്രയല്ല. പണ്ട് 1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അടിസ്ഥാനത്തില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ മുല്ലപ്പള്ളിയെന്ന യുവാവ് അരയും തലയും മുറിക്കി ഇറങ്ങിയിരുന്നു. കേരളത്തില്‍ നെടുനീളെ ഒരുയാത്രയങ്ങ് വെച്ചുകൊടുത്തു. വടക്കുനിന്നു തുടങ്ങിയ ആ യാത്ര തെക്ക് തിരുവനന്തപുരം ജില്ലയില്‍ കയറുന്നതിനു മുമ്പേ കോണ്‍ഗ്രസ് ഉയര്‍ത്തെഴുനേറ്റുവെന്നാണ് എഐസിസിയിലെ താളിയോലകള്‍ പറയുന്നത്. 

ബദല്‍രേഖ വിവാദം. എംവി രാഘവന്‍ എന്ന കൊമ്പന്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോയത് അങ്ങനെയാണ്. അണയാന്‍ പോകുന്ന തീയെന്ന് സാക്ഷാല്‍ ഇഎംഎസ് വിധിയെഴുതി. മൂന്നുപതിറ്റാണ്ടിനിപ്പുറത്ത് പിണറായിയും കൂട്ടരും പറയുന്നു രാഘവന്‍റെ പിള്ളേര്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയപ്പോള്‍ സിപിഎം കൂടുതല്‍ ശക്തരായെന്ന്. പറശിനിക്കടവിലെ പാമ്പുകള്‍ ചിലപ്പോള്‍ പൊട്ടിച്ചിരിക്കുന്നുണ്ടാവും. അങ്ങനെ സിപിഎമ്മില്‍ ലയിക്കുന്ന ആദ്യ പാര്‍ട്ടിയെന്ന ക്രഡിറ്റ് നികേഷ്കുമാറിന്‍റെ സിഎംപിയുടെ പേരിലായി. അതിലും വലിയ റെക്കോഡുകളുടെ ചരിത്രം ഈ ലയനത്തിനുണ്ട്. 

എംവിആറിന്‍റെ പേര് പറയാതെ പ്രസംഗിക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചു. സിപിഎം വലിയ സംഭവമാണെന്ന് ധ്വനിപ്പിക്കാനും മറന്നില്ല. എന്നാല്‍ എംവി രാഘവനോട് കരണകാട്ടാന്‍ കോടിയേരി തയ്യാറായി.

മോഹന്‍ലാല്‍ വരുമോ ഇല്ലയോ. ബിജെപി ഉയര്‍ത്തിയ ആ പുകമറ അന്തരീക്ഷത്തിലുണ്ട്. ഈ പണിക്കുതന്നെ സമയമില്ല. അപ്പോളാണ് ഇനി രാഷ്ട്രീയ അഭിനയം എന്ന തരത്തിലാണ് ലാലിന്‍റെ നിലപാട്. എന്തായാലും ലാലിസം കിട്ടിയാല്‍ ഊട്ടി എന്ന ലൈനിലാണ് കേരള ബിജെപി

MORE IN THIRUVA ETHIRVA
SHOW MORE