15 ലക്ഷം അവിടെ നിക്കട്ടെ; ഇപ്പോ വര്‍ഷം 6000 രൂപ തരാം; തിരുവാ എതിര്‍വാ

thiruva-ethirva
SHARE

ഭരണത്തുടര്‍ച്ച് സ്വപ്നം കണ്ട് മോദിയുടെ ഇടക്കാല ബജറ്റ്. ചിരിക്കണോ കരയണോ എന്ന് വഴിയേ തീരുമാനിക്കാം. 

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ബിജെപി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ആയിരുന്നു ഇന്ന്. അപ്പോ നിങ്ങളില്‍ ചിലര്‍ ചോദിക്കും. അങ്ങനെ അവസാനബജറ്റ് എന്നാരു പറഞ്ഞു. ഞങ്ങള്‍ തന്നെ ഇനിയും ഭരിക്കില്ലേ എന്ന്. ശരിയാണ്.മോദിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ട്. ബിജെപി അണികളേക്കാളും മറ്റ് പ്രവര്‍ത്തകരെക്കാളും. നാലരകൊല്ലം കറങ്ങി നടക്കുകയും രാജ്യത്തെ സകലമാന ആളുകളില്‍ നിന്ന് പരമാവധി പണം കൈയ്യിട്ടുവാരുകയും എണ്ണവില രാജ്യാന്തര തലത്തില്‍ കുറഞ്ഞപ്പോഴൊന്നും അതിന്‍റെ കുറവ് നാട്ടുകാര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്ത ഒരു പിശുക്കനായ കാരണവരായിരുന്നല്ലോ ഈ മോദിജി. ഒടുക്കം അങ്ങനെയൊരാള്‍ പണപ്പെട്ടി തുറന്ന് തലങ്ങും വിലങ്ങും പണം എടുത്ത് വാരി എറിയുന്നത് എന്തുകൊണ്ടാണെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. തറവാട് കൈമോശം വരുമ്പോഴാണ് ഇത്തരം കാരണവര്‍മാര്‍ ഈ പണിക്ക് മെനക്കിടുന്നത്.

അധികാരം കിട്ടുന്നതിനു മുമ്പ് രാജ്യത്തെ കര്‍ഷകര്‍‌ക്കൊക്കെ 15 ലക്ഷം രൂപയെടുത്ത് പോക്കറ്റിലിട്ട് തരുമെന്നാണ് മോദിജി പ്രസംഗിച്ചത്. 15 ലക്ഷമൊക്കെ സൂക്ഷിക്കാന്‍ തക്കവിധം വീടോ അലമാരയോ ഇല്ലല്ലോ എന്നായിരുന്നു അന്ന് രാജ്യത്തെ സാധാരണക്കാര്‍ ആലോചിച്ച് ടെന്‍ഷടിച്ചത്. 

അധികാരം കിട്ടി വര്‍ഷം അഞ്ചാവാറായിട്ടും ആ 15 ലക്ഷം കൊടുത്ത് ഏതായാലും നാട്ടുകാരെ കൂടുതല്‍ ടെന്‍ഷനടിക്കാന്‍ മോദിജി മുതിര്‍ന്നതേയില്ല. പിന്നെ ചിലരൊക്കെ വലിയ പോക്കറ്റും ലോക്കറും തയ്യാറാക്കിയിരുന്നു. അതുകൊണ്ട് വര്‍ഷം 6000 രൂപ കര്‍ഷകര്‍ക്ക് കൊടുക്കാന്‍ തീരുമാനമായിട്ടുണ്ട്. 

15 ലക്ഷത്തിന്‍റെ കണക്കൊക്കെ അവിടെ നിക്കട്ടെ. ഇതിപ്പോ വര്‍ഷത്തില്‍ 6000 രൂപയാണ്. എന്ന് വച്ചാല്‍ ഒരു മാസം കര്‍ഷകന് സര്‍ക്കാര്‍ കൊടുക്കുന്നത് 500 രൂപ. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം കിട്ടുന്ന കൂലി കേവലം 17 രൂപയാണ്. കര്‍ഷകരേ ആഹ്ലാദിപ്പിന്‍. ഇതാണ് നമ്മുടെ മോദിജി സ്വപ്നം കണ്ട അച്ഛേ ദിന്‍. 

രാജ്യത്തെ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ ഒരു ദിവസം 20 രൂപയോ 30 രൂപയോ മതിയെന്നായിരുന്നു യുപിഎ സര്‍ക്കാരിലെ ആസൂത്രകമ്മിഷന്‍റെ കണ്ടെത്തല്‍ തന്നെ. അതില്‍ നിന്ന് മോദിജിയുടെ ആസൂത്രണത്തില്‍ അത് 17ലെത്തിക്കാന്‍ സാധിച്ചു എന്നത് വളരെ വലിയ വികസനം തന്നെയാണ്. രാജ്യം കുതിക്കുകയാണെന്ന് ഇത് മാത്രം നോക്കിയാല്‍ പിടികിട്ടും. പോരാത്തതിന് നികുതി കൊടുക്കേണ്ട വരുമാന പരിധിയൊക്കെ കൂട്ടിയിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണ് രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പദ്ധതി. പശു എന്നു കേള്‍ക്കുമ്പോ പുളകം കൊള്ളുന്ന സംഘമിത്രങ്ങള്‍ ഇത് കേട്ടാല്‍ സന്തോഷിക്കുക തന്നെ ചെയ്യും. ഒന്നാമത് നാട്ടില്‍ മുന്‍പത്തെക്കാള്ഡ 45 ശതമാനം തൊഴിലവസരം കുറഞ്ഞു എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പശുവിലൂടെ നാടും തൊഴില്‍ രഹിതരും രക്ഷപ്പെട്ടേക്കും. ഭാവി ഇന്ത്യയുടെ ചിത്രത്തില്‍ രണ്ടു യുവാക്കള്‍ക്കിടയില്‍ രണ്ടു പശു എന്നതാവും.

കന്നുകാലി  സെന്‍സസ് പ്രകാരം രാജ്യത്തുള്ളത്  12 കോടി പശുക്കളാണ്.  അവര്‍ക്കാണ് 750 കോടിയൊക്കെ നീക്കിവച്ചിരിക്കുന്നത്. പക്ഷേ ഈ രാഷ്ട്രീയ കാമധേനു ആയോഗ് എന്ന് പേരിട്ടു വിളിക്കുന്ന പദ്ധതിയുണ്ടല്ലോ, അത് പശുക്കളില്‍ ജെനിതക മാറ്റം വരുത്താനുള്ളതാണ്. എന്നുവച്ചാല്‍ തികച്ചും ഭാരതീയരായ, ദേശസ്നേഹികളായ പശുക്കളെ കൃത്രിമ ബീജ സങ്കലനത്തിലൂടെയും മറ്റും ഇറ്റലി, സ്വിറ്റ്സര്‍ലണ്ടുകാരായ പശുക്കളുടെ രക്തം കലര്‍ത്തി വിദേശിയാക്കാനുള്ള  കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഗൂഢപദ്ധതിയാണിത്. അല്ലാതെ പീയൂഷ് ഗോയല്‍ പറഞ്ഞത് പോലെ ഗോമാതാവിനെ രക്ഷിക്കാനുള്ളതല്ല. ഇത്തരം ചതിക്കുഴിയില്‍ വീഴാതെ സംഘപുത്രന്‍മാര്‍ ശ്രദ്ധിക്കണം.

ലോക്സഭ വിട്ട് കേരള നിയമസഭയിലേക്ക് വരാം. ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എ ഒ.രാജഗോപാല്‍ജി സഭയില്‍ ഇന്നൊരു ചോദ്യം ചോദിച്ചിരുന്നു. വല്ലപ്പോഴും ആണല്ലോ അദ്ദേഹം ചോദ്യങ്ങളുമായി വരാറ്. വരുമ്പോഴൊക്കെ അത് ഒരു ഒന്നൊന്നര ചോദ്യമാവുകയും ചെയ്യും. കിട്ടുന്ന ഉത്തരങ്ങളാണ് രാജേട്ടന്‍റെ ചോദ്യങ്ങളെ എല്ലായിപ്പോഴും ഗംഭീര ഹിറ്റുകളാക്കുന്നത്. ഇന്നത്തെ ചോദ്യം ശബരിമലയിലെ മകരജ്യോതിയുമായി ബന്ധപ്പെട്ടായിരുന്നു. മകരജ്യോതി തെളിയിക്കുന്ന ചടങ്ങ് കാനനവാസികളായ മലയരയ വിഭാഗത്തിന് തിരിച്ചു കൊടുക്കണമെന്ന് രാജേട്ടനൊരു ആഗ്രഹം. നവോത്ഥാനപരിപാടി അങ്ങനെ പിണറായി വിജയനും കൂട്ടരും മാത്രം നടത്തിയാല്‍ പോരല്ലോ. നമ്മള്‍ക്കും ആവാലോന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. പക്ഷേ പിടിച്ചതിനേക്കാള്‍ വലുതായിരുന്നു മാളത്തില്‍. 

ചരിത്രപരമായി നാഴികക്കല്ലെന്ന് പറഞ്ഞത് സ്പീക്കര്‍ സാക്ഷാല്‍ ശ്രീരാമകൃഷ്ണനാണ്. അദ്ദേഹത്തിന്‍റെ പേരൊന്ന് കണ്ടുമാത്രമാണ് രാജേട്ടന്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടുചെയ്തതുതന്നെ. 

സത്യത്തില്‍ അടുത്ത കാലംവരെ അമാനുഷികമായി പ്രത്യക്ഷപ്പെടുന്ന ദിവ്യജ്യോതിയായിരുന്നു ഈ മകരവിളക്ക്. അത് മനുഷ്യര്‍ തെളിയിക്കുന്നതിനാണെന്ന് പറഞ്ഞവരെ പരക്കെ പഞ്ഞിക്കിട്ടിരുന്നു സമീപ കാലം വരെ. പുല്ലുമേട് ദുരന്തം വന്നപ്പോഴാണ് ആദ്യമായി സര്‍ക്കാരിന് അത് മനുഷ്യനിര്‍മിതമാണെന്ന് കോടതിയില്‍ പറയേണ്ടി വന്നത്. ഇന്നിപ്പോ ഇക്കാര്യം മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ നിയമസഭയിലും പറയുന്നു. നവോത്ഥാനം ഇങ്ങനേയും സംഭവിക്കാം.

MORE IN THIRUVA ETHIRVA
SHOW MORE