ജനുവരിയുടെ നഷ്ടവും നവകേരളവും

tomin-issac
SHARE

സിനിമ ടിക്കറ്റിനും ടെലിവിഷന്‍ സെറ്റുകള്‍ക്കുമെല്ലാം വില കൂടുന്നതിനാല്‍ ഇനിയങ്ങോട്ട് ചിരിപ്പിക്കല്‍ ചിലവേറിയ ഒന്നായി മാറും. ആഡംബര വസ്തുക്കളുടെ നികുതി തോമസ് ഐസക് കൂട്ടിയ സ്ഥിതിക്ക് ഇനി വലിയ ആഡംബരങ്ങള്‍ക്കില്ലെന്നും ഓര്‍മിപ്പിച്ചുകൊണ്ട് പാര്‍ലമെന്‍റ് ഇലക്ഷന്‍ ടീസറായ സംസ്ഥാന ബജറ്റിന്‍റെ കഥകള്‍ പറഞ്ഞ് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

കാര്യങ്ങളെല്ലാം പതിവ് ബജറ്റ്ദിനം പോലെ തന്നെ. വിഴിഞ്ഞത്തെ കടല്‍ക്കാറ്റിന്‍റെ മേമ്പൊടിചേര്‍ത്ത് തയ്യാറാക്കിയ ബജറ്റ് റിലീസ് ചെയ്യുന്നതിനായി മന്ത്രി തോമസ് ഐസക് പതിവുപോലെ രാവിലെ എഴുനേല്‍ക്കുന്നു. തുടര്‍ന്ന് കുളി ജപം ഇത്യാതി കര്‍മങ്ങള്‍. കുളിമുറിയില്‍  സോപ്പ് കൈയ്യിലെടുത്ത് ഒരു ദീര്‍ഘ നിശ്വാസം. അതിന്‍റെ കാരണം വഴിയേ പറയാം. അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ബജറ്റ് ചോര്‍ന്നു എന്നാകും ആരോപണം. പിന്നെ അമ്മച്ചിക്കും ഉദ്യഗസ്ഥര്‍ക്കുമൊപ്പം ചാനല്‍ ക്യാമറകളെ സാക്ഷിയാക്കി വയറ് നിറച്ച് പുട്ടടിച്ചു. പുട്ടാകുമ്പോ കട്ടക്ക് നില്‍ക്കും. ഇടക്ക് ഒന്ന് വെള്ളം നനച്ചുകൊടുത്താമതി. പ്രതിപക്ഷം വെള്ളം കുടിപ്പാക്കാനെത്തിയാലും അതൊക്കെ തനിക്കിട്ട് ഏല്‍ക്കില്ല. എല്ലാം പുട്ട് വലിച്ചെടുത്തോളും. ബുദ്ധിരാക്ഷസനാണ് ഐസക് എന്നത് ആരും മറക്കരുത്. 

ഈ ബജറ്റ് എന്നത് തോമസ് ഐസക്കിന് ചെറുതല്ലാത്ത ആശ്വാസമാണ്. വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസഭയിലെ ഹീറോ ആയിരുന്നു ടിപി മാത്യു മകന്‍ ടിഎം തോമസ് ഐസക് എന്ന സാമ്പത്തിക വിദഗ്ധന്‍. എന്നാല്‍ ആ വൈദഗ്ധ്യം എന്‍റെ അടുത്തിറക്കണ്ട എന്ന ലൈനിലാണ് നിലവിലെ ഹെഡ്മാസ്റ്റര്‍ പിണറായി വിജയന്‍റെ പോക്ക്. പക്ഷേ ഈ ദിവസത്തില്‍ പിണറായിക്ക് ഐസക്കിനായി കൈയ്യടിക്കാതിരിക്കാനാവില്ല. കാരണം തറവാട്ടില്‍ നെല്ലെത്ര പതിരെത്ര അരിയെത്ര എന്ന കണക്കെടുപ്പിന്‍റെയും അടുത്ത വിളവിറക്ക് കണക്കുകൂട്ടലിന്‍റെയും ദിനമാണല്ലോ. വിഗ്രഹം കൊത്തിത്തീരുന്നതുവരെ ശില്പിക്ക് കിട്ടുന്ന അതേ പരിഗണന ഇവിടെ ഐസക്കിനും കിട്ടുന്നുണ്ട്. എന്തുകൊണ്ടാഃെന്നറിയില്ല അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ശ്രീനാരായണ ഗുരുവിനെ സ്മരിച്ചാണ് ഐസക് തുടങ്ങിയത്. 

നവകേരളമായിരിക്കും ഇക്കുറി  മാസറ്റര്‍ പീസ് എന്നത് ആര്‍ക്കും ഊഹിക്കാവുന്ന ബജറ്റ് രഹസ്യമായിരുന്നു. ദളിതര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത് ഊരൂട്ടമ്പലം പള്ളിക്കൂടത്തിലെത്തില്‍ അയ്യങ്കാളിയുടെ കൈപിടിച്ചെത്തിയ പുലയപ്പെണ്‍കുട്ടിയായ പഞ്ചമിയുടെ മുഖചിത്രവുമായാണ് നവോത്ഥാന ബജറ്റ് ഈ ലോകത്തേക്ക് പിറന്നുവീണത്. നയപ്രഖ്യാപനത്തിലെന്നപോലെ ബജറ്റിലും വനിതാമതിലിന് നല്ല റോള്‍ കിട്ടി. ബിനാലെ മാതൃകയില്‍ എല്ലാ വര്‍ഷവും വനിതാ മതില്‍ ഇലസ്ട്രേഷന്‍ ഇനി പ്രതീക്ഷിക്കാവുന്നതാണ്. 

ലോക്സഭ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ആ ട്വന്‍റി ട്വന്‍റി മല്‍സരത്തില്‍ ചെക് വയ്ക്കുക എന്ന ചെറുതല്ലാത്ത ദുരുദ്ദേശം സര്‍ക്കാരിനുള്ളതുകൊണ്ട് അതിന്‍റെ ഒരു കളര്‍ ബജറ്റിലും പ്രകടം. കോടികളുടെ ഒരു വീതം വയ്പ്പ്. തോമസ് ഐസക്ക് എന്ന സാമ്പത്തിക ബുദ്ധിരാക്ഷസന്   വരവ് എന്നത് മൂന്നു തരത്തിലാണ്. ഒന്ന് ലോട്ടറി. രണ്ട് മദ്യത്തിനേല്‍ അധിക നികുതി. മൂന്ന് കിഫ്ബി. ഐസക്കിന്‍റെ എല്ലാ ബജറ്റലും ഈ മൂന്നുതാരങ്ങള്‍ കൃത്യമായും മുഖം കാണിച്ചിരിക്കും.

ഈ ജലപാതയെക്കുറിച്ച് ദയവുചെയ്ത് പറയരുത്. കേട്ടു കേട്ട് ജനങ്ങവുടെ ചെവി തഴമ്പിച്ചതാണ്. വെള്ളത്തിനു നടുക്കുള്ള ഒരു വര മാത്രമാണ് ഈ പാത എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. വേറെ എന്തെങ്കിലും പറയുന്നതാകും ഉചിതം. 

ബസ്റ്റ്. തെക്കുവടക്കുപാത. പ്രകടനപത്രികയിലും ഗവര്‍ണറുടെ നയപ്രഖ്യാപനങ്ങളിിലും ഇടം പിടിച്ചിരുന്ന അതേ പാത തന്നെയല്ലേ. അല്ലാതെ വേറെ പുതിയ പാത വരുന്ന കാര്യമല്ലല്ലോ. അപ്പോ ആ ക്ലീഷേ പദ്ധതി പറച്ചിലും വിടുന്നതാണ് ഉത്തമം. വീണ്ടും വീണ്ടും കേട്ടിരിക്കാന്‍ സമയമില്ലാത്തകൊണ്ടാ.

ശബരിമലക്ക് പ്രഖ്യാപനങ്ങള്‍കൊണ്ട് ഒരു അഭിഷേകം. അതാണ് ഐസക്കിന്‍റെ നവോത്ഥാന ബജറ്റിലെ ഇരുമുടിക്കെട്ടിലുള്ളത്. ആ പ്രഖ്യാപനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് ചില ചട്ടമ്പിമാരുടെ ആക്ഷന്‍ സീനുകളാണ്. അച്ചടക്കത്തോടെ ഇരിക്കുന്ന മുറിയില്‍ വലിയൊരു സംഘട്ടനം അങ്ങ് നടത്തും. അടിപിടിക്കിടയില്‍ സകലതും ഉടയും. വന്‍ നാശങ്ങള്‍ സംഭവിക്കും. ഒടുവില്‍ സീനിന്‍റെ അവസാനം ചട്ടമ്പ പോക്കറ്റില്‍ നിന്ന് നഷ്ടപരിഹാരമായി കുറച്ച് കാശെടുത്തു വീശും. അതാണ് ശബരിമലയിലെ ബജറ്റ് വിഹിതം. 

പല്ലുതേര് കുളി എഴുത്ത് വായന സിനിമ സീരിയല്‍ എന്നിങ്ങനെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പലതും ഇനിമുതല്‍ ചിലവേറിയതാണ്. സോപ്പിന്‍റെ വില കൂടുന്ന ആ കാര്യമോര്‍ത്താണ് രാവിലെ കുളിമുറിയില്‍ നിന്ന് ഐസക് നെടുവീര്‍പ്പിട്ടത്.   മദ്യത്തിന്‍റെ നികുതി കൂട്ടിയതിനാല്‍ തങ്ങളുടെ പണംകൊണ്ടാണ് നവകേരള നിര്‍മാണം നടക്കുന്നതെന്ന് ഇനി കുടിയന്മാര്‍ അഹങ്കരിക്കും.

ഒറ്റദിവസംകൊണ്ട് ഹീറോ ആകുന്ന കഥാപാത്രങ്ങള്‍ ധാരാളമുള്ള ലോകമാണിത്. അതിലേക്കെ അവസാനമായി എത്തിയ ആവെ നമുക്ക് തല്‍ക്കാലം ടോമിന്‍ തച്ചങ്കരി എന്നു വിളിക്കാം. അസൂയാലുക്കള്‍ നിറഞ്ഞ ലോകത്ത് പിറന്നു എന്നതാണ് തച്ചങ്കരി ചെയ്ത കുറ്റം. നായകന്‍റെ കണ്ണീരില്‍ കുതിര്‍ന്ന ആ യാത്ര അയപ്പിന് മുന്നേ നമുക്ക് വില്ലന്മാരെ കണ്ടുവരാം

വിവിധ വകുപ്പുകളില്‍ അധികൃതമായും മറ്റ് പല കച്ചവടങ്ങള്‍ അനധികൃതമായും നടത്തിയിട്ടുള്ള ആളാണ് ടോമിന്‍ തച്ചങ്കരി. എന്നാല്‍ ഇന്നേ വരെ ഒരു സ്ഥാപനത്തില്‍ നിന്നും ഇങ്ങനെ ഒരു വീര പരിവേഷവുമായി പടിയിറങ്ങിയിട്ടില്ല ഈ കലാകാരന്‍. ഇനി കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് നോക്കിയാലോ. കോര്‍പ്പറേഷന്‍ ഭരിക്കാന്‍ പലരും വന്നിട്ടുണ്ടെങ്കിലും അബിമാനത്തോടെ ഈ ഡോര്‍ തുറന്ന് ഒരുത്തനും ഇന്നേവരെ പുറത്തേക്ക് പോയിട്ടില്ല. പക്ഷേ ഇക്കുറി എല്ലാം പാടേ മാറി. സ്വന്തം പണംകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തനാക്കിയ തച്ചങ്കരിയെ പിണറായി സ്ഥാനഭ്രംഷ്ടനാക്കി. ജനുവരിയുടെ നഷ്ടം എന്നാകും ചരിത്രം ഇതിനെ വിളിക്കുക

തബലയുമായി വന്ന തച്ചങ്കരി ഒടുവില്‍ വണ്ടികയറിയ തവളകണക്കെയായി. കാറുംകോളും നിറഞ്ഞ ഇന്നലകളില്‍ കൈചേര്‍ത്ത് പിടിച്ചു കൂടെയുണ്ടായിരുന്ന വിശ്വസ്ഥനെ പിണറായി കൈവിട്ടു. പ്രായം എറെയുണ്ടായിരുന്നെങ്കിലും പറക്കമുറ്റാതെ തത്തിക്കളിച്ച കെഎസ്ആര്‍ടിസിയെ മിന്നല്‍ വേഗത്തില്‍ പറപ്പിച്ച് തച്ചങ്കരി പിടിയിറങ്ങി. പുറകില്‍നിന്നു നോക്കുമ്പോള്‍ കരഞ്ഞുകൊണ്ടാണ് പോകുന്നത്. മുന്നില്‍നിന്നുള്ള വിഷ്വല്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല എന്നതിനാല്‍ അത് കരച്ചിലാണ് എന്ന് ഉറപ്പിക്കുകയും വയ്യ. 

MORE IN THIRUVA ETHIRVA
SHOW MORE