തച്ചങ്കരിയുടെ ഡ്രൈവിങ് അത്ര ശരിയല്ലേ...?

thiruva-thachankeri
SHARE

തന്‍റെ വാക്കുകള്‍ക്ക് പിണറായി മന്ത്രിസഭ ഇത്രയും ഗൗരവം കൊടുക്കുന്നുണ്ടെന്ന് പഴയ കെഎസ്ആര്‍ടിസി മന്ത്രിയായ ഗണേശ്കുമാര്‍ പോലും വിചാരിച്ചുകാണില്ല. ഇന്ന് നിയമസഭയില്‍ പിണറായി സര്‍ക്കാരിന് സ്തുതിഗീതങ്ങള്‍ പാടി അവസാനിപ്പിക്കും മുമ്പായിരുന്നു തച്ചങ്കരിയുടെ ഡ്രൈവിങ് അത്ര ശരിയല്ലെന്ന് കൊട്ടാരക്കരക്കാരന്‍ വച്ചടിച്ചത്. തൊട്ടുപുറകേ തച്ചങ്കരിയുടെ കയ്യില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ താക്കോല്‍ മുഖ്യന്‍ തിരികെ വാങ്ങി. ഇനിയും കാണാന്‍ ഏറെയുണ്ട്. തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ഇന്നത്തെ തിരുവാ എതിര്‍വ

***************************

മുല്ലപ്പള്ളി അവര്‍കള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. സ്വന്തം കഴിവോര്‍ത്ത് സ്വയം അഭിനന്ദിക്കുകയാണ്. അതില്‍കുറ്റംപറയാനാകില്ല. രാഹുല്‍ ഗാന്ധി വരുന്നുവെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. പക്ഷെ, അതൊന്നും നോക്കാതെ സകല കോണ്‍ഗ്രസുകാരും രാഹുലിനെ കാണാനൊഴുകിയെത്തി. ആന്റണി പോലും ഞെട്ടിപ്പോയി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 ഉറപ്പായി. അതായത് ഇരുപതില്‍ ഇരുപതുസീറ്റും. നീ തീര്‍ന്നെടാ എന്ന് കോണ്‍ഗ്രസുകാരെ നോക്കി പുച്ഛിച്ചവരോട് കലിപ്പു തീര്‍ക്കുകയാണ് മുല്ലപ്പള്ളി അവര്‍കള്‍.

*****************

വിജയം മാത്രം പാവപ്പെട്ട കോണ്‍ഗ്രസുകാര്‍ക്ക്. ആ പാവങ്ങള്‍ വന്ന് ഒരു സീറ്റ് ചോദിച്ചുനോക്ക്.  അപ്പോഴറിയാം പലരുടെയും തനിനിറം. അല്ലെങ്കിലും പണിയെടുക്കുന്നവര്‍ കോണ്‍ഗ്രസില്‍ പട്ടിണിയാണ്. രാഹുല്‍ ഗാന്ധി കൊച്ചിയെലത്തിയപ്പോള്‍ എം ഐ ഷാനവാസിന്റെ വീട്ടിലൊന്നു പോയി. അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിക്കാന്‍ പോയതാണ്. പക്ഷെ, കോണ്‍ഗ്രസിനകത്തുനിന്നുതന്നെ ചില സീറ്റുചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. അതായത് ഷാനവാസിന്റെ സീറ്റില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുതന്നെ പിന്‍ഗാമി വന്നേക്കുമെന്ന്. മകളത് നിഷേധിച്ചില്ല. പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രിയങ്ക ഗാന്ധി വരെ ഗോദയിലിറങ്ങിയ സമയമാണ്. പലതും പ്രതീക്ഷിക്കണം. പണിയെടുക്കുന്ന പ്രവര്‍ത്തകരുടെ വയറ്റത്തടി പാര്‍ട്ടി കാണുന്നത് കയ്യടിയായിട്ടാണ്.

*************

ഇടുക്കി ഇടുക്കി എന്നുംപറഞ്ഞ് ആ ജോസഫ് സാറ് കുറേ ദിവസായി ഓടി നടക്കുന്നു. ഇന്ന് നോക്കുമ്പോള്‍ ആള് തലസ്ഥാനത്ത് പ്രാര്‍ഥനയിലാണ്. ഗാന്ധിജിയുടെ ഓര്‍മകളുമായി പ്രാര്‍ഥനായജ്ഞം.  ഒരു സീറ്റുകൂടി വേണം എന്നുപറഞ്ഞ് തൊണ്ടപൊട്ടിയതുകൊണ്ട് മൗനപ്രാര്‍ഥനയാകുമെന്നാണ് കരുതിയത്. അല്ലായിരുന്നു. കേരളത്തിലെ സംഘര്‍ഷം ഒഴിവായിക്കിട്ടാനാണ് പ്രാര്‍ഥനയെന്നാണ് ജോസഫ് പറയുന്നത്. കേരള കോണ്‍ഗ്രസിലെ സംഘര്‍ഷം ഒഴിവാകാന്‍ എന്നുലളിതമായി പറഞ്ഞുകൂടെ സാറേ.

****************

ആര്‍ക്ക് സുഖം ? വിളിക്കാതെയാണ് പോയത്. അതുപൊട്ടെ. സദ്യ കഴിഞ്ഞ് മടങ്ങുന്നതിനുപകരം നുണ പറയുന്നത് ശരിയാണോ ജോര്‍ജേട്ടാ. അഴിമതിയെന്നോ കോഴയെന്നോ ജോസഫ് പറഞ്ഞിട്ടേയില്ല. പിന്നെയെങ്ങനെയാണ് അവിടെ ക്ഷണിക്കാതെ പോയ പി. സി. ജോര്‍ജ് ആ പരിപാടിയുടെ അജണ്ട തീരുമാനിക്കുന്നത്. കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടിപ്പോകും സാറേ.

****************

ഓ. അങ്ങനെ. എന്നാപ്പിന്നെ ഒപ്പംകൂടിയ സ്ഥിതിക്ക് ഇമ്മാതിരി നമ്പറുകള് ആ പി.ജെ. ജോസഫിനെം അങ്ങ് പഠിപ്പിച്ചേക്കണം. പച്ചയ്ക്ക് പറയാനാകാതെ പഴുത്ത് പാട്ടുംപാടി നില്‍ക്കുവാന്നേ.

*************

മുണ്ടുമടക്കിക്കുത്തിയിട്ടൊന്നും കാര്യമില്ല. നേരാംവണ്ണം ചോദിക്കാന്‍ പഠിക്കണം. സീറ്റാണെങ്കില്‍ നല്ല നീറ്റായി ചോദിക്കണം. ഉദാഹരണത്തിന് നമ്മുടെ ഫോര്‍വേഡ് ബ്ലോക്ക്. ബംഗാളിലെ വിപ്ലവം വിജയിച്ച ശേഷം ദേവരാജനും സംഘവും കേരളത്തിലാണ്. ഇവിടെ വിപ്ലവം വലതുഭാഗത്തുനിന്നാണെന്ന് മനസിലാക്കി യുഡിഎഫിനൊപ്പംകൂടി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശേഷിയുണ്ടായിട്ടും ഇതുവരെ ഒന്നും ചോദിച്ചില്ല. പക്ഷെ, ഇത്തവണ ഒരു സീറ്റുചോദിക്കും. 14 ജില്ലകളിലേതുകിട്ടിയാലും ജയിപ്പിച്ചുകാണിച്ചുതരാം. സീരിയസായി പറയുന്നതാണ്. ഒരു മാതിരി തമാശയായി യുഡിഎഫ് കാണാതിരുന്നാല്‍ മതി.

*************

ഫോര്‍വേഡ് ബ്ലോക്ക് ഫോര്‍വേഡാണ്, പക്കാ ഫോര്‍വേഡ്. ഡി ജി പി ആനാവൂര്‍ നാഗപ്പന്റെ വിശേഷങ്ങള്‍ ഇടവേളയ്ക്കുശേഷം.

****************

ആ ഐപിസുകാരി ചൈത്ര തെരേസ ജോണ്‍ ചെയ്തത് ഒട്ടുംശരിയായില്ല. പരിശോധനയ്ക്കുവന്നാല്‍ മുഴുവന്‍ പരിശോധിക്കണം. സിപിഎമ്മിന്റെ ഓഫീസാണ്. ഒറ്റമുറിപ്പീടികയല്ല. ഒന്നോ രണ്ടോ മുറി പരിശോധിച്ച് മടങ്ങിപ്പോയാല്‍ ആര്‍ക്കായാലും സങ്കടം വരും. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ സങ്കടവും അതുതന്നെയാണ്. ചോദിച്ചിട്ടായിരുന്നു പരിശോധനയെങ്കിലും കൂടെവന്ന് ഓരോ മുറിയും കാണിച്ചുതന്നേനെ.

*************

വെറും മൂന്നുമിനിറ്റ്. സിപിഎം പോലൊരു വര്‍ഗബഹുജനപാര്‍ട്ടിയുടെ തലസ്ഥാനത്തെ ഓഫീസ് പരിശോധിക്കാന്‍ ആകെയെടുത്തത് മൂന്നുമിനിറ്റെന്നുകേട്ടാല്‍ നാണക്കേട് പാര്‍ട്ടിക്കാണ്. ലോക്സഭാ തിരഞ്ഞെടുപ്പാണ് മുന്നില്‍. പരിശോധന മൊത്തത്തില്‍ ക്ഷീണമാകും. അതുകൊണ്ടാണ് പാര്‍ട്ടി പറയുന്നത് ചൈത്ര ചെയ്തത് ചെയ്ത്തായിപ്പോയി എന്ന്. സംശയമുണ്ടെങ്കില്‍ പഴയ ആഭ്യന്തരമന്ത്രി കോടിയേരിയോട് ചോദിച്ചുനോക്ക്.

************

സ്വന്തം പാര്‍ട്ടിക്കാരോട് ചോദിക്കാനും പറയാനും ആനാവൂര്‍ നാഗപ്പനെപ്പോലുള്ള നേതാക്കളുണ്ട്.  ആ സ്ഥിക്ക് ചുമ്മാ ഷൈന്‍ ചെയ്യാന്‍ പൊലീസുകാര് ശ്രമിക്കരുത്.  ഇനി മേലാല്‍ ഇമ്മാതിരി റെയ്ഡ് പരിപാടി ആവര്‍ത്തിക്കരുത്. എങ്കിലും ഡിജിപി ലോക്നാഥ്  ബെഹ്റ സാറേ പാവം നാട്ടുകാര് പ്രതീക്ഷിക്കുന്നത് മറ്റൊന്നാണ്. നിങ്ങള് സ്ട്രോംങായിനിന്നാല്‍ നിങ്ങളെ ആരും ഭരിക്കില്ല. ടോമിന്‍‌ ജെ. തച്ചങ്കരിയെപ്പോലെ വല്ലതും ചെയ്യ്. എംഡി സ്ഥാനം തെറിച്ചാലെന്താ കയ്യടിക്കാന്‍ ആരെങ്കിലുംകാണും. ഇടയ്ക്കൊക്കെ ഡിജിപി ആയാല്‍ തൊപ്പിയൊന്നും തെറിക്കത്തില്ല സാറേ.

MORE IN THIRUVA ETHIRVA
SHOW MORE