മോദിജി തൃശൂരില്‍; ദേശാടനക്കിളികളെക്കുറിച്ച് വാചാലനായി പിണറായി; ഇനിയും വരണമെന്ന് പിള്ളാജി

modi-pinarayi-thiruva
SHARE

പരിപാടിയുടെ ആദ്യഭാഗം കുറച്ചധികം പുകഴ്ത്തലുകള്‍, വേണ്ടതിലധികം തള്ളുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം എന്നുവച്ചാല്‍ തന്നെ ബാലന്‍സ് ചെയ്യല്‍ പരിപാടിയായിട്ടാണ് പൊതുവെ പറയാറ്. അതുകൊണ്ട് മോദിയെ പുകഴ്ത്തല്‍ കഴിഞ്ഞയുടന്‍ പിണറായി സ്തുതിഗീതങ്ങള്‍ ആരംഭിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള പരിപാടിയായതുകൊണ്ട് സ്ഥാനം വച്ച് ആദ്യം നരേന്ദ്രമോദിജിയെ സ്വാഗതം ചെയ്യാം.

ഇന്ത്യയില്‍ തന്നെ വളരെ വിരളമായി കാണാറുള്ള മോദിജിയെ അടുത്താകലത്തായി കേരളത്തില്‍ വളരെയധികം കാണുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. വലിയ വലിയ പാലങ്ങളും ഭൂഗര്‍ഭ തുരങ്കപാതകളും മാത്രം ഉദ്ഘാടനം ചെയ്യാറുള്ള മോദിജി ഈ അടുത്തകാലത്ത് രാജ്യത്തെ ഒരു രണ്ടുവരി ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്യാന്‍ സമ്മതിച്ചതുതന്നെ അത് കേരളത്തിലായതുകൊണ്ട് മാത്രമാണ്. തിരിച്ചുപോവുമ്പോള്‍ വേറെ എന്തെങ്കിലും സംഘടിപ്പിക്കാന്‍ പിള്ളാജിയെ ഏല്‍പിച്ചിരുന്നു. അങ്ങനെ യുവമോര്‍ച്ച സമ്മേളനം തൃശൂരില്‍ വച്ചു. മോദിജി വന്നു. മലയാളികളുടെ ഓരോരോ ഭാഗ്യങ്ങളേ.

മോദിജി തൃശൂരില്‍ പ്രസംഗിക്കുമ്പോള്‍ കണ്ണൂരില്‍ പിണറായി വിജയന്‍ ദേശാടനക്കിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു തരം പക്ഷി ഇപ്പോ നിരന്തരം കേരളത്തിലേക്ക് വരുന്നതായാണ് പിണറായി സഖാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്. സംഗതി പിണറായി മോദിയെ ആണുദ്ദേശിച്ചത് എന്നൊക്കെ ദോഷൈകദൃക്കുകള്‍ കിടന്നു പറയുന്നുണ്ട്. പക്ഷേ പിള്ളാജി ഹാപ്പിയാണ്. പറഞ്ഞു ചെയ്യിപ്പിച്ചാണെങ്കിലും അണികളെകൊണ്ട് മോദിക്കിട്ട് ജയ് വിളിപ്പിച്ച് മോദിയെ വീണ്ടും വരാന്‍ പ്രേരിപ്പിക്കാനൊക്കെ ശ്രീധരന്‍ പിള്ള വക്കീലിന് സാധിച്ചിട്ടുണ്ട്. പിള്ള വക്കീല്‍ ഒരു ഫ്ലോപ്പാണെന്ന് പറഞ്ഞവര്‍ക്കുള്ള ഒരു മറുപടി കൂടിയാണിത്.

രണ്ടുമിനിറ്റില്‍‌ ചുരുക്കിയ ആ പ്രസംഗം മാത്രം മതി ബിജെപിയുടെ വിജയപ്രതീക്ഷ കൂട്ടാന്‍. തന്‍റെ പ്രസംഗങ്ങളെ ഇങ്ങനെ വെട്ടിച്ചുരുക്കാന്‍ വക്കീല് എത്ര ശ്രമിക്കുന്നുവോ അത്രമാത്രം ആ പാര്‍ട്ടിയുടെ സാധ്യത വര്‍ധിക്കാനാണ് സാധ്യത. ഇതൊരു തുടക്കമാകട്ടെ. ഇനി സിപിഎമ്മിലേക്ക് വരാം. അവിടെ പിണറായി വിജയനെക്കുറിച്ചുള്ള ജീവചരിത്രം വരെ എഴുതി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പാടാനും പാടിപ്പുകഴ്ത്താനും തല്‍ക്കാലം ഇപ്പോ പാര്‍ട്ടിക്ക് പിണറായിചരിതം മാത്രമേയുള്ളു. ഭക്തരുടെ ശ്രേഷ്ഠക്കുറിപ്പുകള്‍‌ക്കും ചിന്തകള്‍ക്കും പുസ്തകത്തില്‍ പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ അതൊരു ബൈസ്റ്റ് സെല്ലറാവാനാണ് സാധ്യത. പക്ഷേ വായനാശീലമുള്ളവര്‍ ഭക്തരാവുമോ എന്നതാണ് പ്രശ്നം. 

കോടിയേരിക്ക് കൂടുതലും പറയാനുള്ളത് പിണറായി സഖാവിന്‍റെ സ്വഭാവത്തെക്കുറിച്ചാണ്. സ്വഭാവം എന്നുവച്ചാല്‍ എന്തിനും ഏതിനും സ്വന്തം നിലയ്ക്കുള്ള അഭിപ്രായം പറയും നടപ്പാക്കും. അതിപ്പോ പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന കാലത്ത് കുറെ കണ്ടതാണ്. ഇപ്പോ കോടിയേരി സെക്രട്ടറിയായിട്ടും അതിനൊരു മാറ്റമൊന്നും ഇല്ല. മാത്രമല്ല, സെക്രട്ടറിയായ കോടിയേരിക്കുപോലും സ്വന്തം നിലയ്ക്ക് ഒന്നും നടപ്പാക്കാന്‍ പറ്റുന്നില്ല. വിഷമം കാണും. സ്വാഭാവികം.

ഇങ്ങനെയൊക്കെ ആണെങ്കിലും പാര്‍ട്ടി ഓഫിസില്‍ കയറി റെയ്ഡ് നടത്തിയാല്‍ സ്വഭാവം മാറും. അപ്പോപിന്നെ പണിഷ്മെന്‍റ് ഉറപ്പാണ്. നോ കോംപ്രമൈസ്. 

MORE IN THIRUVA ETHIRVA
SHOW MORE