അടുത്ത കാലത്ത് വച്ച ‘ബുദ്ധി’ വല്ലാത്ത ബുദ്ധിയായിപ്പോയി; ബിജെപിക്ക് മികച്ച മുതല്‍ക്കൂട്ട്

senkumar-thiruva-ethirva
SHARE

ടി.പി.സെന്‍കുമാര്‍ കേരളത്തിന്‍റെ മുന്‍ ഡിജിപി ആണ്. എന്നുവച്ചാല്‍ ഈ നാട്ടിലെ ക്രമസമാധാനനില കൈകാര്യം ചെയ്ത ആള്‍. പക്ഷേ നമ്മുടെയൊക്കെ ഭൂതകാലം എത്രമാത്രം സങ്കീര്‍ണവും അബദ്ധവുമായി മാറാതെ പോയത് എന്തോ വലിയ പുണ്യംകൊണ്ടാണെന്നേ ഈ നേരത്ത് പറയാന്‍ സാധിക്കൂ. ഒന്നുമില്ലെങ്കിലും ഈയടുത്ത കാലത്ത് ബുദ്ധിയും വിവരവും വച്ച ആളല്ലേ. കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

ചാരക്കേസ് സിബിഐ തള്ളിക്കളഞ്ഞപ്പോള്‍ പുനരന്വേഷിച്ച ആളാണ് ഈ സെന്‍കുമാര്‍. അന്ന് വിവരം ഇത്രയും വച്ചില്ലെന്നാണ് മനസിലാക്കേണ്ടത്. പക്ഷേ ഇപ്പോ വിവരം വച്ചെന്ന് സ്വയം അദ്ദേഹം പറയുന്ന സ്ഥിതിക്ക് കാര്യങ്ങള്‍ക്കൊരു മാറ്റമൊക്കെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന സ്വാഭാവികമാണ്. ആ നിലയ്ക്കാണ് ഇതിനെയും കണ്ടത്. പക്ഷേ. ചാരക്കേസില്‍ സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച കൂട്ടത്തില്‍ വേറൊന്നു കൂടി പറഞ്ഞിരുന്നു. ഒരു സമിതിയെ നിയോഗിച്ചു. പക്ഷേ സെന്‍കുമാറിന്‍റെ പുതുക്കിയ ബുദ്ധിപ്രകാരം അത് വേറെ എന്തിനോ ആണ്.

സത്യത്തില്‍ നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യാനാണ് സുപ്രീംകോടതി ജസ്റ്റിസ് ഡി.കെ.ജയിന്‍ സമിതിയെ നിയോഗിച്ചത് തന്നെ. കള്ളക്കേസില്‍ ഓരോരുത്തര്‍ക്കും എത്രമാത്രം പങ്കുണ്ടെന്ന് സമിതി കണ്ടെത്തണം. അതിനനുസരിച്ച് പണികിട്ടും. ഇത് ഈ നാട്ടിലെ ഒരു വിധം ആളുകള്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്.

നമ്പി നാരായണനേയും ഗോവിന്ദച്ചാമിയേയും അമീറുള്‍ ഇസ്ലാമിനേയും ഒരേ നുകത്തില്‍ കെട്ടാന്‍ തോന്നിയ അങ്ങുന്നേ...അങ്ങ് ഡിജിപിയായ ഭരിച്ച കാലത്ത് ജീവിക്കാനും ഇപ്പോഴും ജീവനോടെ ഇരിക്കാനും പറ്റിയതില്‍ അത്ഭുതവും അന്ധാളിപ്പും മാത്രമേ ഇപ്പോഴുള്ളു. ഞങ്ങള്‍ ഞങ്ങളെ സമ്മതിക്കുന്നു.

വാട്സാപ്പ് സന്ദേശങ്ങളാണ് കെട്ടോ ഈ മുന്‍ഡിജിപിയുടെ വിവരസ്രോതസ്. അതില്‍ വരുന്ന എന്തും അദ്ദേഹം വിശ്വസിക്കും. ഇനി അത്തരം സന്ദേശങ്ങള്‍ വച്ചാണോ ആവോ ഈനാട്ടിലെ ഇന്‍റലിജന്‍സ് സംവിധാനത്തെയൊക്കെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോയത് ആവോ. ഇനിയിപ്പോ ബുദ്ധിയും വിവരവും വച്ച ഈ പുതിയ കാലത്ത് വാട്സാപ്പിലേക്ക് മാത്രമായി ചുരുങ്ങിയതാണോന്നും അറിയില്ല. എന്തായാലും ബിജെപിക്ക് ഒരു മുതല്‍ക്കൂട്ടാണ്. എന്തുകൊണ്ടും യോഗ്യന്‍.

MORE IN THIRUVA ETHIRVA
SHOW MORE