നവോത്ഥാന കര്‍മങ്ങളും ക്രിയകളും ചാണകാഭിഷേകമായി; ഒന്നുമറിയാത്തവനായി പിണറായി

thiruva-ethirva-new
SHARE

നവോത്ഥാനം സംബന്ധിച്ച കര്‍മങ്ങളും ക്രിയകളും ഒടുവില്‍ ചാണകത്തൊഴുത്തിലെത്തി നില്‍ക്കുന്ന കാഴ്ച കാണാനാണ് മലയാളിയുടെ വിധി. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രധാന വിധി അപ്രധാനമായ നിരവധി കേസുകള്‍ക്ക് വഴിവയ്ക്കുമെന്ന് പരമോന്നത നീതിപീഠം സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.

നവോത്ഥാനം തലക്കുപിടിച്ച ഒരു രാത്രിയില്‍ പ്രശസ്ത സംവിധായകനും റോഡിന്‍റെ ഇടതുചേര്‍ന്നു മാത്രം നടക്കുന്നവനുമായ പ്രിയനന്ദനന്‍ സ്വന്തം ഫേസ്ബുക്കില്‍ അല്‍പ്പം വിപ്ലവം കുറിക്കാന്‍ തീരുമാനിച്ചു. തലച്ചോറും വിരലുകളും തമ്മിലുള്ള അന്തര്‍ധാര സജീവമല്ലാതിരുന്നതിനാല്‍ പുള്ളി മനസില്‍ ഉദ്ദേശിച്ച കാര്യമല്ല നിർഭാഗ്യവശാല്‍ സ്വന്തം വാളില്‍ വന്നത്.

സഭ്യത തെല്ലുമില്ലാതിരുന്നതിനാല്‍ അത് കണ്ട് നവോത്ഥാന വിരുദ്ധര്‍ ഓടിത്തള്ളുമെന്ന് കരുതി പ്രയനന്ദനന്‍ ഉറങ്ങി. രാവിലെയാണ് ആ വെളിവുകേടിനെക്കുറിച്ച് വെളിവുണ്ടായത്. അപ്പോള്‍തന്നെ പോസ്റ്റ് മുക്കി. എന്നാല്‍ സ്വന്തം വാളില്‍നിന്നു മാത്രമാണ് ആ പോസ്റ്റ് മറഞ്ഞതെന്ന് ഇന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു.

പോസ്റ്റ് പിന്‍വലിച്ചതിനുപിന്നാലെ സംവിധായകനു നേരെ തെറിയഭിഷേകമായി. പ്രതിഷേധ പ്രകടനത്തിന്‍റെ അണിയറപ്പണികള്‍ പതിയെ തുടങ്ങുകയും ചെയ്തു. അപ്പോളാണ് പ്രിയനന്ദനന്‍ വീണ്ടും രംഗത്തെത്തിയത്. കൊല്ലേണ്ടവര്‍ക്ക് വരാം. താന്‍ വീട്ടില്‍ത്തന്നെ കാണുമെന്ന് മംഗലശേരി നീലകണ്ടന്‍ ലൈന്‍ ഒരു കാച്ചല്‍. വടി താഴെയിട്ടവര്‍ വരെ അതെടുത്ത് വച്ചുപിടിക്കാന്‍ വേറെ വല്ലതും വേണോ.

ഒടുവില്‍ സംഗതി ചാണകാഭിഷേകമായി. എല്ലാ വിഷയത്തിനും കാണുമല്ലോ ഇരുപക്ഷം. ഇവിടെയുമുണ്ട് അത്. ചാണകം അശുദ്ധമായെന്നും രണ്ടുവശത്തും ചാണകം മെഴുകാത്തത് തെറ്റായിപ്പോയെന്നും ഒരു വിഭാഗം. നവേത്ഥാനം പേടിച്ച് ഇനി വരില്ലെന്ന് മറുവിഭാഗം

സ്വന്തം വാളില്‍ തെറിയെഴുതിയ പ്രിയനന്ദനെതിരെ  ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധം നടന്നിരുന്നു. ഭരണിപ്പാട്ട് പാടാന്‍ ഗോപാലകൃഷ്ണനാണോ പ്രിയനന്ദനനാണോ മികച്ചത് എന്നുമാത്രമാണ് ഇപ്പോളുള്ള സംശയം.

അതെ ഇവന്‍റെ ഭാഷയില്‍ സംസാരിക്കാന്‍ നമുക്കാവില്ല. അതുകൊണ്ട് നമുക്ക് അതിലും കൂടിയ ഡോസ് പറയാം

നമ്മുടെ വിചാരം നാട്ടില്‍ ഒരു ഇല അനങ്ങിയാല്‍ അപ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയും എന്നാണ്. അത് വെറും തെറ്റിദ്ധാരണയാണെന്ന് മുഖ്യന്‍ ഇന്ന് തെളിയിച്ചു. പ്രിനന്ദനന്‍റെ തലവഴി ചാണകവെള്ളം തളിച്ചതിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളുടെ മുന്നില്‍ പിണറായി ഒന്നുമറിയാത്തവനായി നിന്നു. ചാണകാഭിഷേകം എന്ന സിനിമ താന്‍ കണ്ടിട്ടില്ല എന്നു പറയാത്തത് ഭാഗ്യം.

ഇടതുപക്ഷക്കാരനായ പ്രിയനന്ദനനുനേരെ നടന്നത് ആവിഷ്കാര സ്വാതതന്ത്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് മുഖ്യന്‍ പറയുന്നത്. ടെന്‍ ഇയേഴ്സ് ചലഞ്ചൊക്കെ തകൃതിയായി നടക്കുവാണല്ലോ. പ്രിയനന്ദന്‍റേത് ഫേസ്ബുക്ക് പോസ്റ്റാണുതാനും. അപ്പോള്‍ പിണറായി വിജയനെന്ന മുഖ്യന്‍ പത്തുവര്‍ഷം മുമ്പത്തെ ഒരു കഴ പറയും.

അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ ആ മുഖ്യം ഒന്ന് കാണുകയും ചെയ്യാമല്ലോ. രണ്ടായിരത്തിപത്ത് പിറന്ന ഉടന്‍ സാഹിത്യകാരന്‍ സക്കറിയായെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. അന്ന് തന്‍റെ പിള്ളേരുടെ ചെയ്തികളെക്കുറിച്ചു വാചാലനായപ്പോള്‍ പിണറായി ആവിഷ്കാര സ്വാതന്ത്രം എന്ന വാക്ക് കേട്ടിട്ടില്ലായിരുന്നോ എന്തോ

MORE IN THIRUVA ETHIRVA
SHOW MORE