പ്രിയങ്കാ ഗാന്ധി കീ ജയ്, ഉമ്മന്‍ ചാണ്ടി കീ ജയ്

priyanaka-gan-dhi4
SHARE

‌ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എന്ത് മുദ്രാവാക്യമായിരിക്കും വിളിക്കുക എന്നോര്‍ഥ് ആശങ്കയുണ്ടായിരുന്നു മിനിയാന്ന് വരെ. അയ്യപ്പ സ്വാമീ കീ ജയ് എന്നുവരെ ശത്രുപക്ഷത്തുള്ളവര്‍ വിളിക്കാന്‍ തുടങ്ങിയതുകൊണ്ട് എന്തുവിളിച്ച് ഒരു ഓളമുണ്ടാക്കും എന്നൊരു ശങ്കയിലായിരുന്നു. ഒന്നാമത് ഇപ്പറഞ്ഞ ചെന്നിത്തലാജി, മുല്ലപ്പള്ളിജി, സുധാകരന്‍ജി വിളികളെക്കൊണ്ടൊന്നും വോട്ടുവീഴുമെന്ന് അവര്‍പോലും കരുതുന്നുണ്ടാവില്ല. അപ്പോഴല്ലേ സാക്ഷാല്‍ ഇന്ദിരാജിയുടെ ചെറുമകളും രാഹുല്‍ ഗാന്ധിയുടെ അനിയത്തിയുമായ പ്രിയങ്കാഗാന്ധിയെ ക്രെയിന്‍ ഉപയോഗിച്ച് പൊക്കി ഒത്ത നടുക്കങ്ങ് പ്രതിഷ്ഠിച്ചത്. അപ്പോ പിന്നെ അക്കാര്യത്തില്‍ ഒരു ഓളമൊക്കെയായി. ഇനി കേരളത്തില്‍, അതിന് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയെ തന്നെ ഇറക്കാനാണ് അണിയറനീക്കം. പുതുപ്പള്ളിയില്‍നിന്ന് ലോക്സഭയിലേക്ക് ഒരു പുതിയാപ്ള. അതായത് ഒരു വെടിക്ക് രണ്ടുപക്ഷി. അത് വഴിയേ അറിയാം.

അതുകൊണ്ട് അധികം വൈകാതെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കീ ജയ് വിളിച്ചു മടുക്കും. മല്‍സരത്തിലെ സ്റ്റാര്‍ സ്ട്രൈക്കറായിരിക്കും അദ്ദേഹം. വെറ്ററന്‍ വണ്‍ഡൗണ്‍ ബാറ്റ്സ്മാന്‍. പക്ഷേ താനൊരു എംഎല്‍എയാണെന്നും തനിക്ക് നിയസഭയില്‍ ഇനിയും ഇരുന്നാല്‍ കൊള്ളാമെന്നും കുഞ്ഞൂഞ്ഞ് പല രീതിയിലും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ കേട്ടോ ആ പറച്ചില്‍ തന്നെയാണ് പ്രശ്നം. എംഎല്‍എയായി ഈ കേരളത്തില്‍ ഇനിയും തുടര്‍ന്നാല്‍ അത് എ ഗ്രൂപ്പില്ലാത്തവര്‍ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ചെന്നിത്തലാജി തലപുകച്ച് നടക്കുന്നത് കണ്ടില്ലേ, അടുത്ത ഭരണമാറ്റത്തില്‍ ആരാ മുഖ്യമന്ത്രിയെന്ന് കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്വയം ചോദിച്ച് അതിനോട് ചിരിയോടെ തലയാട്ടി ഈ ഞാന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. അങ്ങനെ ഏതുവഴിക്കാലോചിച്ചാലും ഓസിയെ ഓസിക്ക് ഡല്‍ഹിക്കയച്ചാല്‍ കിട്ടുന്ന പക്ഷികള്‍ രണ്ടെണ്ണം തന്നെയാണ്. കുറച്ച് വിഷമമൊക്കെ തോന്നുമെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാമെന്നൊരു ക്ലോസിലേക്ക് ചാണ്ടിസാര്‍ ഉടനെ തന്നെ എത്തിച്ചേരും. 

നാട്ടിലെ പ്രധാന പ്രതിപക്ഷപദം അലങ്കരിച്ചിരുന്ന സിപിഐ കഴിഞ്ഞ കുറെ കാലമായി ആ പദവിയിലങ്ങനെ ഇരിക്കാറില്ല. ഒഴിവു വന്ന കസേരയില്‍ ഓടിക്കയറി ഇരിക്കാന്‍ ഇന്നേ വരെ പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടും ഇല്ല. ചില ബൈപാസുകളിലൂടെ ബിജെപി തങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷം എന്നൊക്കെ പറയുമെങ്കിലും കെ.സുരേന്ദ്രന്‍റെ കൈരേഖാ ശാസ്ത്രത്തിനപ്പുറത്തേക്ക് ഒന്നും പോകാറില്ല. അപ്പോഴാണ് യൂത്ത് ലീഗ് വരുന്നത്. പി.കെ.ഫിറോസ് കെ.ടി.ജലീല്‍ ദ്വന്തയുദ്ധം രണ്ടാം ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇത്തവണ ജെലീലിനെ പിടിച്ച് കോടിയേരി വഴി സിപിഎമ്മിനെ പിടിക്കാനുള്ള ശ്രമമാണ്. ഫിറോസിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

ഇതൊക്കെ കാണുമ്പോഴാണ് ആ യൂത്ത് കോണ്‍ഗ്രസുകാരെ ഒക്കെ എടുത്ത് കിണറ്റിലെറിയാന്‍ തോന്നുന്നത്. ഒന്നുകില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗുമായി ഒരു സഖ്യം ഉണ്ടാക്കിയാല്‍ നന്നാവും. ഇല്ലെങ്കില്‍ യൂത്ത് ലീഗൊക്കെ സ്വന്തം നിലയ്ക്ക് നടത്തുന്ന കേരള യാത്രക്ക് വഴിവക്കിലിരുന്ന് റ്റാറ്റാ കൊടുത്ത് ഈ ജീവിതം അങ്ങ് തീര്‍ക്കേണ്ടി വരും. കുഞ്ഞാലിക്കുട്ടി സാഹിബെങ്കിലും  ആ ഫിറോസിന്‍റെ കൈയ്യില്‍ നിന്ന് രണ്ടുമൂന്നു രേഖകള്‍ വാങ്ങി ആ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൊടുത്ത് ഒന്ന് ഉഷാറാക്കാന്‍ ഇടപെടണം. അങ്ങനെയൊന്നും അല്ലാതെ ഒരു രേഖയും ആ യൂത്തന്‍മാര്‍ക്ക് കിട്ടാന്‍ യാതൊരു വഴിയും കാണുന്നില്ല. ഒന്നു പ്രോല്‍സാഹിപ്പിച്ച് വിട്ടാല്‍ മതി. പാവല്ലേ.

കോടിയേരി ബാലകൃഷ്ണനെ അങ്ങോട്ട് പോയി കെ.ടി.ജലീല്‍ പേടിപ്പിക്കാനൊന്നും വഴിയില്ല. ഇങ്ങനെ ചിരിച്ചും കളിച്ചും കാര്യം പറഞ്ഞുകാണണം. കള്ളത്തരം ഉള്ളതുകൊണ്ട് കോടിയേരിക്കൊക്കെ അത് പെട്ടെന്ന് മനസിലാവാനും വഴിയുണ്ട്. പക്ഷേ ഫിറോസ് ഇങ്ങനെ വിളിച്ചുപറയുന്നത് സൂക്ഷിക്കണം. ഒന്നുമില്ലെങ്കിലും മൂത്ത സാഹിബുമാരും മൂത്ത സഖാക്കളും കച്ചവടത്തിന്‍റെ കാര്യത്തില്‍ അത്ര സങ്കുചിത താല്‍പര്യക്കാര്‍ അല്ലെന്നുമാത്രമല്ല സൗഹൃദത്തിലുമാണ്.

ഇടയ്ക്കൊക്കെ, ഇങ്ങനെ വല്ലപ്പോഴും നാട്ടില്‍ സര്‍ക്കാരിനെതിരെ രേഖകളുമായി വരുന്നത് ഒരു ചന്തമുള്ള കാഴ്ചതന്നെയാണ്. ജനാധിപത്യം പ്രതിപക്ഷം കൂടി ചേരുമ്പോഴുണ്ടാകുന്നതാണല്ലോ. നടക്കട്ടെ.

പ്രിയങ്കാ ഗാന്ധിയില്‍ വന്‍ പ്രതീക്ഷയാണ് ഇവിടുത്തെ ഇടതുബുദ്ധിജീവികള്‍ക്ക് വരെ. അതെന്തായാലും നന്നായി. പുരോഗമനവും സ്ത്രീമുന്നേറ്റവും പ്രസംഗിക്കാന്‍ മാത്രമുള്ള ഒന്നല്ലെന്നും പ്രസംഗിക്കാതേയും നടപ്പാക്കാന്‍ കഴിയുമെന്നും ഈയടുത്ത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഓര്‍മിപ്പിക്കുന്നുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ യുവതിയൊക്കെ നേതൃത്വത്തിലേക്ക് വന്നുകഴിഞ്ഞതാണല്ലോ. ഇപ്പോഴിതാ ഒരു വനിതയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നു. സംഗതി കുടുംബപ്രശ്നം ഒക്കെ ആണെന്ന് പറയാമെങ്കിലും ഒരു രസമൊക്കെയുണ്ട്. 

ഏട്ടന്‍റെ തോല്‍വി ആഗ്രഹിക്കാതിരുന്നിട്ട് തന്നെയാവണം പ്രിയങ്ക കളത്തിലിറങ്ങാന്‍ തീരുമാനിച്ചത്. ഒന്നുകില്‍ ഈ ഏട്ടനെകൊണ്ട് വല്യസംഭവമൊന്നും നടക്കില്ലെന്ന് ഉള്ളിന്‍റെയുള്ളില്‍ തോന്നിയതുമാകണം. എന്തൊക്കെയായാലും രാഹുല്‍ ഗാന്ധിക്ക് ഒരു തംസ് അപ്. എന്താണെന്ന് വച്ചാല്‍ സ്വന്തം പരിമിതിയും തനിക്കും പാര്‍ട്ടിക്കും മുന്നിലുള്ള കടമ്പയും തിരിച്ചറിഞ്ഞതിന്. ഇനി ആകെ ഒരു കാര്യമേ ഉറപ്പിക്കേണ്ടതുള്ളു. ആ ഇടയ്ക്കുള്ള ഒളിച്ചോട്ടങ്ങളുണ്ടല്ലോ. അതങ്ങ് വേണ്ടെന്ന് വയ്ക്കണം. അല്ലെങ്കില്‍ പിന്നെ നമ്മുടെ മോദിജി കഥ പറഞ്ഞപോലെ വല്ല കാട്ടിലും ധ്യാനത്തിനു പോയതാണെന്നോ ഹിമാലയത്തില്‍ കുളിക്കാന്‍ പോയതാണന്നോ ഒരു മുന്‍കൂര്‍ ജാമ്യം അങ്ങട്ട് എടുത്താമതി. സംഗതി പൊളിക്കും. കേള്‍ക്കുന്ന നാട്ടാര്‍ക്കും ഒരു രസവുമാവും.

സംഗതി രാഹുലിന് ശേഷം കോണ്‍ഗ്രസിലെ നെഹ്റു പാരമ്പര്യം തീരേണ്ടതായിരുന്നു. ഒറ്റയാനായി വിലസുന്ന അമ്പത് പിന്നിട്ട യുവാവാണല്ലോ അദ്ദേഹം. ആ നിലയ്ക്ക് പ്രിയങ്കക്ക് വരാതിരിക്കാനാവില്ല. അടുത്ത തലമുറയിലേക്ക് പ്രിയങ്കയിലൂടെ അല്ലാതെ വേറെ വഴികളില്ലല്ലോ. അതുകൊണ്ട് ഭാവിയിലേക്ക് കൂടി നെഹ്റു കുടുംബത്തിന് വേണ്ടി പായസം വച്ച് കുടിക്കുന്നത് എന്തുകൊണ്ടും നന്നാവും.

ഇതൊക്കെയായാലും കെ.സുധാകരന് കാര്യം ഇപ്പോഴും വെളിച്ചം വച്ചിട്ടില്ല. അങ്ങേര് പെണ്ണുങ്ങളൊക്കെ പാഴുകളാണെന്ന് പ്രസംഗിച്ച് നടക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ ഇത്തരക്കാര്‍ക്ക് കുറച്ച് സ്ത്രീപക്ഷ ക്ലാസുകള്‍ കൂടി എടുക്കേണ്ടിവരും.

പ്രിയങ്കയെ കളത്തിലിറക്കിയ രാഹുലിന്‍റെ നീക്കത്തെ മാസ്റ്റര്‍ സ്ട്രോക്ക് എന്നാണ് എകെ ആന്‍റണി വിശേഷിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്കിട്ട് അണിയറയില്‍ നടക്കുന്ന നീക്കത്തെ എന്തുപേരിട്ട് അന്തോണിച്ചന്‍ വിളിക്കുമോ എന്തോ. ഇത്തരം സംശയങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍

ആഘോഷം ഇനിയും നീട്ടുന്നില്ല. 

MORE IN THIRUVA ETHIRVA
SHOW MORE