രാഹുല്‍ ബ്രോയെപ്പോലെ പ്രിയങ്കയും പൊളിക്കുമോ?

priyanka-gandhi
SHARE

മണ്ഡലം കമ്മിറ്റിയിലും ബ്ലോക്കിലുമൊക്കെ മിന്നുന്ന പ്രകടനംകാഴ്ചവച്ച് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുത്ത പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാഹുല്‍ ബ്രോയെപ്പോലെ പ്രിയങ്കയും പൊളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങിയ സാഹചര്യത്തില്‍ തിരുവാ എതിര്‍വാ ആരംഭിക്കുന്നു, സ്വാഗതം.

************

പ്രിയങ്കയുടെ വരവില്‍ കോണ്‍ഗ്രസ് മൊത്തത്തില്‍ ആഹ്ലാദത്തിലാണ്. പക്ഷെ, ആഘോഷത്തിന് അള്ളുവയ്ക്കുന്ന പരിപാടിയായിപ്പോയി കേരളത്തിലെ നേതാക്കളോട് മുല്ലപ്പള്ളി ചെയ്തത്. ലോക്സഭാ ഇലക്ഷനില്‍ ഉമ്മന്‍ചാണ്ടി മല്‍സരിച്ചാല്‍ ഇരുകയ്യും നീട്ടിയങ്ങ് സ്വീകരിക്കുമെന്ന് ഒരു കാച്ചങ്ങ് കാച്ചി. ചെന്നിത്തലയുടെയൊക്കെ സമാധാനം പോകാന്‍ അതുപോരെ. ഇടുക്കിയിലാണ് ഉമ്മന്‍ ചാണ്ടി നില്‍ക്കുന്നതെങ്കില്‍ സന്തോഷം ചെറുതോണിയിലല്ല വലിയ തോണിയില്‍തന്നെ വരുമെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസുകാരും രംഗത്തുവന്നു. ഇരുപതുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെകുറിച്ച് ധാരണയായി എന്നുകൂടി പറഞ്ഞതോടെ മൊത്തത്തില്‍ തലയില്‍ തേങ്ങ വീണ അവസ്ഥയാണ് കേരളത്തിലെ പല നേതാക്കള്‍ക്കും.

*****************

ആ മാണിയും പി.ജെ ജോസഫുമൊക്കെ ഉമ്മന്‍ ചാണ്ടിയെ സോപ്പിട്ടതിന് കാരണമുണ്ട്. ഇടുക്കിയോ ചാലക്കുടിയോ കൂടി നോട്ടമിട്ടാണ് മാണിയുടെ കളി. മുല്ലപ്പള്ളിയും ചെന്നിത്തലയുമൊക്കെ മാണി സാറേ മാണി സാറേ എന്നുവിളിച്ചുബഹുമാനം കാട്ടുമെങ്കിലും വലിയ ഗുണമില്ലെന്ന് മാണി സാറിന് നന്നായി അറിയാം. വല്ലതും തടയണമെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ കേരളത്തിലുണ്ടാവണം. കാറിന്റെ കാര്യത്തിലായാലും ബാറിന്റെ കാര്യത്തിലായാലും ചാണ്ടി പറഞ്ഞ് പറ്റിക്കത്തില്ല.

**************

ഇവരെല്ലാം ആ അല്‍ഫോന്‍സ് കണ്ണന്താനത്തെ കണ്ടുപഠിക്കണം. മല്‍സരിക്കാന്‍ ഒരാര്‍ത്തിയുമില്ല. പക്ഷെ, പാര്‍ട്ടി പറഞ്ഞാല്‍ മേലേപ്പറമ്പിലെ കുളത്തില്‍ച്ചാടിയ യശോദ ചേച്ചിയെപ്പോലെയാണ്, എന്തുംചെയ്യും. താല്‍പര്യമില്ലായിരുന്നിട്ടും മോദിയുടെ പത്തുപന്ത്രണ്ട് മിസ് കോള് കണ്ട് മനസ്സലിഞ്ഞതുകൊണ്ടുമാത്രമാണ് മന്ത്രിയായത്. ഇത്തവണ തന്റെ പേരും പറഞ്ഞുകേള്‍ക്കുന്നതില്‍ ഒരു സുഖമൊക്കെയുണ്ട്. ഈ പത്രക്കാരെക്കൊണ്ടുതോറ്റു എന്ന ലൈനില്‍ അതൊക്കെയങ്ങ് ആസ്വദിക്കുകയാണ്.

**************

തെരഞ്ഞെടുപ്പ് കണ്ട് ബിജെപിയും കോണ്‍ഗ്രസുമൊക്കെ ഇങ്ങനെ തയ്യാറെടുപ്പ് നടത്തുന്നതുകണ്ട് ചിരിക്കുന്ന ഒരാളുണ്ട്. കോടിയേരി ബാലകൃഷ്ണന്‍. വരുന്ന ഇലക്ഷനില്‍ സിപിഎമ്മിന്റെ തകര്‍പ്പന്‍ പ്രകടനം ഉറപ്പാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമോ എന്ന് ഉറപ്പുപറയാനാവില്ല. ബിജെപിയെ കെട്ടുകെട്ടിക്കാന്‍ സിപിഎമ്മിനു മാത്രമേ കഴിയൂ എന്ന് പകല്‍പോലെ സത്യമായ കാര്യമാണ്. കോണ്‍ഗ്രസ് പ്രിയങ്കയെ ഇറക്കിയതുകൊണ്ടൊന്നും അതിന്റെ പ്രത്യയശാസ്ത്രത്തിന് മാറ്റംവരില്ല.

********************

ചെന്നിത്തലയോടൊക്കെ നാട്ടുകാര്‍ പറയുന്നതും ഇതുതന്നെയാണ്. നുണ പറയുന്നതിന് പരിധി വേണം. കേരളത്തില്‍ ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വെറുതെ തട്ടിവിടുന്നതാണ്. കോണ്‍ഗ്രസിനെ വലതുഭാഗത്തുനിര്‍ത്തിയാണ് ബിജെപി, സിപിഎമ്മിനെതിരെ യുദ്ധം നടത്തുന്നത്.  പിണറായിയെ രഹസ്യമായി സഹായിക്കുന്നത് ബിജെപിയാണെന്നാണ് കെ. മുരളീധരന്‍ തിരിച്ചടിക്കുന്നത്. പച്ചക്കള്ളം. സംശയമുണ്ടെങ്കില്‍ കോടിയേരി പറഞ്ഞുതരും. തെളിവുംതരും.

***************

നിരാഹാരം അല്ലെങ്കിലും പിള്ളയുടെ വീക്ക്നെസ്സാണ്. പക്ഷെ, യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമരം വീക്കായിപ്പോയി എന്നാണ് എതിരാളികള്‍ പരിഹസിക്കുന്നത്. അഞ്ചാംഘട്ടമായിരുന്നു നിരാഹാരസമരം. ആറാംഘട്ടം തുടങ്ങാനിരിക്കെ ഘട്ടംഘട്ടമായി ബിജെപിയെ വലിച്ചുകീറുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. സങ്കടമാണ്.

******************

സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കഴിയില്ല എന്ന് വെല്ലുവിളിക്കുന്നതിനുപിന്നില്‍ മറ്റൊരു കാരണംകൂടിയുണ്ട്. തിരുവന്തപുരത്തെ കുറെ ബീജേപ്പിക്കാര്‍ പാര്‍ട്ടി  വിട്ട് സിപിഎമ്മിനൊപ്പംകൂടി. ഇനിയും തുടര്‍ന്നാല്‍ നേതാക്കള്‍പിടിച്ച് നിരാഹാരമിരുത്തിക്കളയുമെന്ന തോന്നലുണ്ടാവും, സ്വാഭാവികം. പട്ടിണികിടന്നു മരിക്കാന്‍ ആര്‍ക്കാണ് താല്‍പര്യമുണ്ടാവുക. അവരങ്ങനെ സിപിഎമ്മില്‍ ചേര്‍ന്നു. കോടിയേരിക്ക് ബംപറിടിച്ച സന്തോഷം. ഇനി ബിജെപിയുടെ നമ്പര്‍ ഏല്‍ക്കില്ലെന്നുറപ്പ്.

*****************

കയ്യടി നിര്‍ത്തരുത്. ഇടവേളയ്ക്കുശേഷം പെട്ടെന്ന് മടങ്ങിവരാം.

**************************

ഭക്തജനങ്ങളൊത്തുകൂടിയതിലല്ല സിപിഎമ്മിന്റെ സങ്കടം. ചില മഹദ് വ്യക്തികളെ അവിടെ കണ്ടതിലാണ്. വളരെ മോശമായിപ്പോയി. ചാക്ക് ബിജെപിയുടേതാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. വഴി മാറി നടക്കുന്ന മഹദ് വ്യക്തികളെകുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ  വിലാപമാണ് ഇനി.

********************

അത്ര പറഞ്ഞാപ്പോരെ, സ്ട്രോംഗല്ലേ. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല വിശ്വാസികളും അവരുടെ നേതാക്കളും. അവരെ കൊട്ടാന്‍ ഇവിടെ ബിജെപിയുണ്ട്. അതില്‍ സിപിഎം കൈകടത്തിയാല്‍ വിവരമറിയുമെന്നാണ് കൃഷ്ണദാസിന്റെ മുന്നറിയിപ്പ്.

MORE IN THIRUVA ETHIRVA
SHOW MORE