ഐതിഹാസിക സമരം അവസാനിപ്പിച്ച് ബിജെപി; എന്തിനെന്ന് ചോദിക്കരുത്

bjp-hunger-strike-thiruva
SHARE

എന്തൊക്കെ പറഞ്ഞാലും ശബരിമല സംഭവത്തില്‍ ബിജെപി കഴിഞ്ഞ 47 ദിവസമായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്തിനാണ് അവസാനിപ്പിക്കുന്നതെന്ന് എന്നൊന്നും ചോദിക്കരുത്. സമരം ഒരു വിജയമായി അവര്‍ക്ക് തോന്നി. അങ്ങനെ അവസാനിപ്പിച്ചു. നാട്ടുകാര്‍ക്ക് മനസിലാകാന്‍ വേണ്ടി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മുക്കാല്‍ മണിക്കൂറാണ് പ്രസംഗിച്ചത്. അദ്ദേഹത്തിന് പോലും മനസിലാകാത്ത കാര്യം നാട്ടുകാര്‍ക്ക് മനസിലാകണമെന്ന് വാശി പിടിക്കാതിരുന്നാ മാത്രം മതി. പി.കെ.കൃഷ്ണദാസിലൂടെ നിരാഹാരം തീരുമത്രെ. പിന്നെ ശബരിമല നടയും അടക്കാറായല്ലോ. 

ഗവേഷണ ത്വരയെ കുറ്റപ്പെടുത്താനില്ലെന്ന ശ്രീധരന്‍ പിള്ള വക്കീലിന്‍റെ ഒറ്റ ഉറപ്പിന്‍റെ പുറത്ത് നമ്മളും ഒന്നും ഗവേഷണം ചെയ്യുകയാണ്. കഴിഞ്ഞ മാസം അതായത് 2018 ഡിസംബര്‍ മൂന്നിനാണ് ശബരിമലയില്‍ ചില ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന്‍റെ പടിക്കല്‍ ബിജെപി നിരാഹാരം ഇരിക്കുന്നത്. 15 ദിവസത്തേക്കായിരുന്നു പ്രഖ്യാപനം. എ.എന്‍.രാധാകൃഷ്ണന്‍ പട്ടിണിയും കിടന്നു. റിലേ നിരാഹാരം പോലും അല്ലാതിരുന്ന സമരം മൂന്നുദിവസത്തിനുള്ളില്‍ റിലേയായി. പിന്നെ പരമ്പരയായി. ആള്‍ക്ഷാമം രൂക്ഷമായപ്പോള്‍ നി‍ര്‍ത്തുകയാണെന്നാണ് ഗവേഷണഫലം സൂചിപ്പിക്കുന്നത്. 

അതായത് നിരാഹാരസമരത്തിന്‍റെ ആവശ്യങ്ങളായ നിരോധനാജ്ഞ പിന്‍വലിക്കല്‍ നടപ്പായില്ല. പിന്നെ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍. അത് പിന്‍വലിക്കല്‍ നടന്നില്ലെന്ന് മാത്രമല്ല ആയിരക്കണക്കിന് കേസുകള്‍ പിന്നേം കുന്നുകൂടി എന്നുമാത്രം. എന്നിട്ടും സമരം വന്‍ വിജയം എന്നു പറയാന്‍ പറ്റുന്നതിന് കൊടുക്കണം ഒരു കുതിരപ്പവന്‍. 

പണ്ട് ശബരിമല തന്ത്രി തന്നെ ഫോണില്‍ വിളിച്ച് നട അടച്ചു താക്കോലുമായി പോവണോയെന്ന് ചോദിച്ചെന്ന് ഇതുപോലെ പിള്ളാജി പറഞ്ഞിരുന്നു. തന്ത്രി പക്ഷേ അത് നിഷേധിച്ചു. ഇവിടെ നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിക്കാത്ത  ആളായതുകൊണ്ട് ധൈര്യമായി ഇങ്ങനെയല്ല ഇതിലും ഉഷാറായി പലതും പറയാവുന്നതാണ്. ആരും വരില്ല ചോദ്യം ചെയ്യാന്‍.

MORE IN THIRUVA ETHIRVA
SHOW MORE