യുഡിഎഫ് ആദ്യമായി ഒറ്റക്കെട്ടായി പറഞ്ഞു; പി.സിയെ വേണ്ടേ വേണ്ട

pc-george-thiruva
SHARE

കേരള രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാനവും ഭാവിയിലേക്ക് ഉപകാരപ്പെടുന്നതുമായ ഒരു തീരുമാനം ഇന്ന് യുഡിഎഫ് യോഗം കൈക്കൊണ്ട്. അതായത് പി.സി.ജോര്‍ജിനെ ഇങ്ങോട്ട് വേണ്ടേ വേണ്ടെന്ന്. പി.സിയാണെങ്കില്‍ മൊത്തെ പരീക്ഷണത്തിലായിരുന്നു. മാണിസാറോട് തെറ്റി ഒറ്റക്ക് മല്‍സരിച്ചു. ജയിച്ചു. 

പിന്നെ പിണറായിയെ പുകഴ്ത്തിയും മറ്റും ആദ്യഘട്ടത്തില്‍ മുന്നോട്ട് പോയി. വേണ്ട ഗൗരവും ആരും തരുന്നില്ലെന്ന കരുതിയപ്പോഴാണ് സഭയില്‍ ഒറ്റയ്ക്കിരിക്കുന്ന ഒ.രാജഗോപാലിനോട് ഇഷ്ടം തോന്നിയത്. സംഗതി  സഭയില്‍ സംസാരിക്കാനുള്ള രാജേട്ടന്‍റെ വിലപ്പെട്ട ഒരു മിനിട്ട് സമയം തരപ്പെടുത്താനുള്ള അടവായിരുന്നു അത്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതിനാലും ചോദിക്കാനില്ലാത്തതിനാലും രാജേട്ടന് ആ ഒരുമിനിട്ട് ഒരുപാട് ദൈര്‍ഘ്യമുള്ളതും ആയിരുന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്നായിട്ടുകൂടി ആ യോജിപ്പിന് മുന്നോട്ട് പോകാനായില്ല. അപ്പോഴാണ് പി.സി. കോണ്‍ഗ്രസിനെ ഓര്‍ത്തത്. 

തന്നെ വേണ്ടെന്ന് വയ്ക്കുന്ന കാര്യമാണെങ്കില്‍ കൂടിയും കോണ്‍ഗ്രസിനകത്തു  ഒരു ഒത്തൊരുമ ഉണ്ടാക്കാന്‍ പി.സി.ജോര്‍ജിന് കഴിഞ്ഞു എന്ന കാര്യത്തില്‍ പി.സിയെ കേരളം അംഗീകരിക്കേണ്ടതാണ്. ആഗ്രഹം അറിയിച്ചു കൊടുത്ത കത്ത് പൊട്ടിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായത്.

ആര്‍ക്കും വേണ്ടാതായിപ്പോയി എന്നുകരുതരുത് പി.സി. ഫ്രാങ്കോ മുളക്കലിനും ദിലീപിനും ഒക്കെ താങ്കളെ ആവശ്യമുണ്ട്. അവരെന്തായാലും തള്ളിപ്പറയാന്‍ വഴിയില്ല. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരക്കാര്‍ക്കൊപ്പം നിന്ന് പി.സി. ജോര്‍ജ് പൊരുതണം എന്നാണ് നമ്മുടെ ഒരിത്. പി.സി. കൂടി നല്ലവനായാല്‍ കേരള രാഷ്ട്രീയത്തിന് ഒരു ഗുമ്മുണ്ടാകില്ല. 

യുഡിഎഫ് യോഗത്തില്‍ പി.സി.ജോര്‍ജിന്‍റെ പ്രഖ്യാപിത ശത്രുക്കളായ കേരള കോണ്‍ഗ്രസ് മാണിവിഭാഗക്കാരാണത്രേ ആദ്യ കൂട്ടത്തല്ല് നടത്തിയത്. പിന്നാലെ കോണ്‍ഗ്രസും ലീഗും ചേര്‍ന്നു. മൊത്തത്തില്‍ യുഡിഎഫ് ആദ്യമായി ഒറ്റക്കെട്ടായി ഒരു വിഷയത്തെ നേരിട്ടത് ഇന്നാണ്. കിട്ടിയത് മുഴുവന്‍ പി.സി.ക്കും.

ശ്രീധരന്‍ പിള്ള വക്കീല്‍ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയപ്പോള്‍ പറഞ്ഞത് പാര്‍ട്ടിയിലേക്ക് പുതുതായി വരാന്‍ ആഗ്രഹിക്കുന്ന നേതാക്കളുടെ തിക്കും തിരക്കുമാണെന്നാണ്. പിന്നെ പറഞ്ഞത് എന്‍ഡിഎയിലേക്ക് ചേക്കേറാന്‍ പുതിയ കക്ഷികള്‍ ക്യൂ നില്‍ക്കുന്നുഎന്നാണ്. ആദ്യത്തേത് ഏതായാലും ഇതുവരെ ഒന്നും നടന്നു കണ്ടിട്ടില്ല. പക്ഷേ എന്‍ഡിഎയില്‍ നിന്ന് ഒരു കക്ഷിപുറത്തേക്ക് പോയിട്ടുണ്ട്. രാജന്‍ ബാബുവിന്‍റെ ജെഎസ്എസ്. ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്നാണ് രാജന്‍ ബാബുവിന്‍റെ പരാതി.

ഒന്നാമത് ഈ ബിജെപി എന്ന പാര്‍ട്ടിയില്‍ അമിത് ഷാ മോദിയേയും മോദി അമിത് ഷായേയും മൈന്‍ഡ് ചെയ്യും. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും പറയും തീരുമാനിക്കും, നടപ്പാക്കും.

അതിലപ്പുറം ആ പാര്‍ട്ടിയിലുള്ള ആര്‍ക്കും ഒരു പരിഗണനയും കിട്ടാറില്ല. അപ്പോഴാണ് ആ പാര്‍ട്ടി നയിക്കുന്ന മുന്നണിയിലെ ഒരു ഘടകകക്ഷിയോട് ഒന്നും ചോദിക്കുകയും പറയുകയും ചെയ്യുന്നില്ലെന്ന് പരാതി പറയുന്നത്. അതൊക്കെ ഒരു ദുരാഗ്രഹമല്ലേ രാജന്‍ ബാബു ചേട്ടാ.

അതൊക്കെ പോട്ടെ, സത്യത്തില്‍ ഗൗരിയമ്മയുടെ വീട്ടിലേക്കല്ലേ ഈ യാത്ര. അങ്ങനെ എല്‍ഡിഎഫിലേക്ക് പോവുക. ഇതങ്ങ് തുറന്നു പറഞ്ഞാ പോരേ. രാജന്‍ ബാബു ചേട്ടനാണെങ്കില്‍ നിഷ്കളങ്കതയുടെ ഒന്നാന്തരം മാതൃകയാണ്. ചേട്ടനതങ്ങ് പറയൂ. താങ്കളെക്കൊണ്ട് പറ്റും.

MORE IN THIRUVA ETHIRVA
SHOW MORE