കൊടുവള്ളിയിൽ തിരഞ്ഞെടുപ്പ് തന്നെ റദ്ദായി; കെ.എം.ഷാജിയുടെ ക്ഷീണം ലീഗ് തീര്‍ത്തു

karat-thiruva
SHARE

കൊടുവള്ളിയില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. കുഴല്‍പണം പിടിച്ചതൊന്നും അല്ല. കൂപ്പര്‍ കാറില്‍ പോയ സഖാക്കളോട് കുറച്ച് ബിരിയാണി എടുക്കട്ടേന്ന് ചോദിച്ചു കൊണ്ട് ഇന്നത്തെ തിരുവാ എതിര്‍വാ ആരംഭിക്കുന്നു. 

ബിരിയാണി കഴിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും കുഴല്‍പണം, സ്വര്‍ണക്കച്ചവടം തുടങ്ങിയ മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ താല്‍പര്യപ്പെട്ടുമാണ് കൊടുവള്ളി മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടിക്കാരനെ നിര്‍ത്താതെ സ്വതന്ത്രനുപിന്നാലെ പോയത്. അങ്ങനെയാണ് കാരാട്ട് റസാഖ് ലീഗിന്‍റെ പച്ചപ്പില്‍ നിന്ന് ചുവപ്പ് പരവതാനിയിലേക്ക് നടക്കാനിഷ്ടപ്പെട്ടത്. ലീഗ് സീറ്റ് തന്നില്ലാന്നായിരുന്നു പരാതി. 

പക്ഷേ കസേരയുമായി കാരാട്ടെ വീട്ടിലേക്ക് സഖാക്കള്‍ ഓടിക്കഴിഞ്ഞിരുന്നു അപ്പോള്‍. അങ്ങനെ ലീഗുകാരന്‍ റസാഖ് മുന്‍ ലീഗുകാരനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമായി പെട്ടെന്ന് മാറി. അതേപേരില്‍ മറ്റൊരു റസാഖിനെ ലീഗ് നിര്‍ത്തി മല്‍സരിച്ചെങ്കിലും കാരാട്ടെ റസാഖിന്‍റൊപ്പമായിരുന്നു വിജയം. അതോടെ കൊടുവള്ളി തണ്ണിമത്തന്‍ പോലെയായി. പുറത്ത് പച്ച, ഉള്ളില്‍ ചുവപ്പ്. പക്ഷേ ഇന്ന് ഹൈക്കോടതി അതെല്ലാം തകിടം മറിച്ചു. തിരഞ്ഞെടുപ്പ് തന്നെ റദ്ദായി. കെ.എം.ഷാജിയുടെ ക്ഷീണം ലീഗ് അങ്ങനെ തീര്‍ത്തു.

കോഴിക്കോട്ടേക്ക് പോകുന്ന സഖാക്കള്‍ക്കൊക്കെ നല്ല ബിരിയാണി വിളമ്പിയിരുന്നു റസാഖ് സാഹിബ്. ലീഗിനെ ബിരിയാണി കാട്ടി കളിയാക്കിയിരുന്ന സഖാക്കളൊക്കെ സ്വയം ബിരിയാണി തിന്ന് കൊടുവള്ളിക്കാരോട് സഹവര്‍ത്തിത്ത്വത്തിലേര്‍പ്പെട്ടു. ഇതിനിടെ റസാഖ് സാഹിബ് ഏതോ സ്വര്‍ണത്തട്ടിപ്പുകാരനൊപ്പം ഫോട്ടോ എടുത്തതൊക്കെ വല്യ പുകിലായതാണ്.

സഖാക്കന്‍മാരൊക്കെ പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ചു ജീവിച്ചാ മതിയെന്ന ബൂര്‍ഷ്വാസികളുടെ ആഗ്രഹങ്ങളെ സിപിഎം പയറ്റി തോല്‍പിച്ചത് ഇങ്ങനെയൊക്കെയാണ്. പോരാത്തതിന് പാര്‍ട്ടി സെക്രട്ടറി കേരളയാത്രയുമായി കൊടുവള്ളിയിലെത്തിയപ്പോ ജീപ്പിലൊന്നും അല്ല കയറിയത്. നല്ല ഒന്നാന്തരം ചുവപ്പന്‍ കൂപ്പര്‍ കാര്‍ തന്നെ ഏര്‍പ്പാട് ചെയ്തുകൊടുത്ത് റസാഖ് സാഹിബ്. ആ സ്നേഹനിധിയായ സാഹിബിനാണിപ്പോ ഈ ഗതി വന്നിരിക്കുന്നത്.

കെ.എം.ഷാജിയുടെ ഏകാന്തതയ്ക്ക് ഇതോടെ ഒരു പരിഹാരമാവുമെന്ന് കരുതാം. പാവം തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ സ്പെഷല്‍ പരിഗണനയൊക്കെ നേടിയാണ് ഷാജിയിപ്പോ നിയമസഭയിലൊക്കെ വരുന്നത്. ശമ്പളം പോലും കിട്ടുന്നുണ്ടോ ആവോ. ഒരു കമ്പനിക്ക് ഒരു മുന്‍ ലീഗുകാരന്‍ തന്നെ വേണ്ടിവന്നു എന്ന് കരുതിയെങ്കിലും മുസ്ലിം ലീഗുകാര്‍ക്ക് കാരാട്ട് റസാഖിനോട് പഴയ സൗഹൃദം എന്തുകൊണ്ടും പൊടിതട്ടി എടുക്കാവുന്നതാണ്.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.