ഒരറ്റത്തുനിന്ന് ശ്രീധരന്‍പിള്ള തുടങ്ങി; അറിയാവുന്ന ഭാഷയിലെല്ലാം സ്തുതി പാടി ശോഭ; തിരുവാ എതിർവാ

thiruva-eathirva
SHARE

നരന്ദ്രമോദിയ കേരളത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. ഇനി കേരളത്തില്‍ അതിന്‍റെ കുറവുകൂടിയേ ഉള്ളൂ.  ഉള്ള ഐറ്റങ്ങളെകൊണ്ടുതന്നെ പെടാപ്പാട് പെട്ടിരിക്കുവാ. ബിജെപിക്ക് ഐഡിയായിക്ക് പഞ്ഞമുള്ളപ്പോള്‍ അവര്‍ ചെന്നിത്തലയെ കേള്‍ക്കും. അതോടെ അവര്‍ ആശയ സമ്പുഷ്ടരാകും. വഴിയേ പോകുന്ന വയ്യാവേലികള്‍ ഏണിവച്ചു പിടിക്കുന്നതില്‍ താന്‍ അതിവിദഗ്ധനാണെന്ന് രമേശ് ചെന്നിത്തല ഇങ്ങനെ തെളിയിച്ചുകൊണ്ടേ ഇരിക്കുന്നതിന്‍റെ ഇടയിലൂടെ തുടങ്ങുകയാണ്.

ലോക്സഭാതിരഞ്ഞെടുപ്പിനായി കേരള മണ്ണ് ഉഴുതുമറിക്കാന്‍ ബിജെപി പണി തുടങ്ങി. നിലം ഒരുക്കലിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ബൈപ്പാസിന്‍റെ ഉദ്ഘാടനം വെട്ടിപ്പിടിച്ചതിലൂടെ മോദി ആദ്യം ചെക് വച്ചെങ്കിലും വേദിയില്‍ കൂകിയവരെ എന്ന നാട്യത്തില്‍ സദസിലെ ചിലരെ ഉന്നംവച്ച് കലിപ്പ് ഡയലോഗടിച്ച പിണറായി മറുവെട്ട് ഉടന്‍ കൊടുത്തു. 

പിന്നാലെ കേരളത്തിലെ സര്‍ക്കാര്‍ മികച്ച സര്‍ക്കാരാണ് എന്ന് മോദിക്കുവേണ്ടി പറയുന്നതായി മുഖ്യന്‍ അഭിനയിച്ചു. പ്രഥാനമന്ത്രിക്ക് ആ പ്രസ്ഥാവനയെ  തിരുത്താനാവില്ലായിരുന്നു. അത്രക്ക് മുറുക്കിയിരുന്നു  കുരുക്ക് . ഈ ക്ഷീണമെല്ലാം തീര്‍ക്കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കുകയേ ബിജെപിക്ക് വഴി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒരറ്റത്തുനിന്ന് ശ്രീധരന്‍പിള്ള തന്നെ തുടങ്ങുകയാണ്.

രാജ്യം ഭരിക്കാന്‍ ബിജെപിക്ക് ഒരു അവസരം കൂടി നല്‍കണം എന്നാണ് പിള്ളസാറിന് കേരളത്തിലെ ബിജെപിക്കാരോട് പറയാനുള്ളത്. അങ്ങനെ അവസരം ലഭിച്ചാല്‍ നമ്മുടെ ഈ നാട് ഒരു പൂങ്കാവനമാകുമത്രേ. പൂന്തോട്ടം പണിയാമെന്നൊക്കെ പറഞ്ഞാണ് കഴി‍ഞ്ഞതവണയും വോട്ടു തോടിയത്. 

ജയിച്ചുകഴിഞ്ഞപ്പോള്‍ നോട്ടുനിരോധനവും ഇന്ധനവിലവര്‍ദ്ധനവുമെല്ലാമായി പാവപ്പെട്ടവന്‍റെ പോക്കറ്റ് മരുഭൂമിയായി. നാലരവര്‍ഷത്തെ ആ ചെയ്തുകള്‍ ഒര്‍മയില്ലാത്ത ഒരേ ഒരു കൂട്ടര്‍ ബിജെപി അണികള്‍ മാത്രമാകും. വെയിലത്ത് വരിനിന്നവന് ഒന്നും മറക്കാനാവില്ലല്ലോ.

മോദിയെ മോഡിയോടെ പലതും പറഞ്ഞ് ശ്രീധരന്‍പിള്ള വിടവാങ്ങി. ഇത്രയും നല്ലൊരു വേദി കിട്ടുമ്പോള്‍ പാര്‍ട്ടിയിലെ സിംഹിണിയായ ശോഭ സുരേന്ദ്രന് മിണ്ടാതിരിക്കാനാവില്ലല്ലോ. 

പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു ചെറിയ കളിയല്ലെന്ന് ശോഭച്ചുമറിയാം. അറിയാവുന്ന ഭാഷയിലെല്ലാം അവരും മോദി സ്തുതികള്‍ പാടി. ബുക്സ്റ്റാളുകള്‍ കയറിയിറങ്ങി സംഘടിപ്പിച്ച ഒരു ബൈന്‍റും കൈയ്യിലുണ്ടായിരുന്നു.

ശബരിമലയുടെ പേരില്‍ ഇറക്കിയ ഭക്തി കാര്‍ഡ് ഇടക്കൊന്നു പാളിയെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതിനുപിന്നാലെയാണ് സാക്ഷാല്‍ മോദി തന്നെ തിരഞ്ഞെടുപ്പ് പരിപാടിക്ക് കൊടിവീശാനെത്തിയത്. അപ്പോള്‍ ബിജെപി കേരള ഘടകത്തിന്‍റെ മനസില്‍ ലഡുപൊട്ടി. വടക്കേ ഇന്ത്യയില്‍ കാണിച്ചിട്ടുള്ള ഇപ്പോള്‍ കര്‍ണാടകത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്ന മാജിക്കുകള്‍പോലെ ഒന്ന് ഇവിടുത്തേക്കും കൊണ്ടുവന്നിട്ടുണ്ടാകും എന്ന് മനക്കോട്ടകള്‍ കെട്ടി. 

മുഖ്യമന്ത്രിയുടെ മുറിക്കായി പാര്‍ട്ടി ഓഫീസലിന്‍റെ സ്കെച്ചില്‍ ഇടം തിരുകിവച്ച ബുദ്ധിയെ താമരക്കുട്ടന്മാര്‍ സ്വയം അഭിനന്ദിച്ചു. മനപ്പായസം ജാസ്തി നെയ്യും കൂട്ടി മോദി ഇപ്പോള്‍ വിളമ്പും എന്നുകരുതി കാതോര്‍ത്തിരുന്നു. 

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്നു വിചാരിച്ചിരുന്നവരുടെ മനസിലെ മോഹങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതല്ലാതെ മറ്റൊന്നും പൊട്ടിവിരിഞ്ഞില്ല. ബിജെപി കേരളഘടകത്തിന്‍റെ ഈ നിരാശക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരിടവേള

ശ്രീധരന്‍ പിള്ളയെ കണ്ണടച്ചുവിശ്വസിച്ചാണ് മോദി കേരളത്തിലെത്തിയത്. ശബരിമല വിഷയത്തില്‍ നമ്മള്‍ കത്തിക്കയറുന്നുണ്ടെന്ന്  വക്കീല്‍ വെച്ചടിച്ചു. തെളിവിന് ജനം ടിവി കാണിച്ചും കൊടുത്തു. ആ വിശ്വാസത്തില്‍ മോദി പറഞ്ഞു ശബരിമല വിഷയത്തില്‍ നിലപാടുള്ള പാര്‍ട്ടി ബിജെപിയാണത്രേ. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള നാഴികക്ക് നാല‍പ്പതുവട്ടം മാറ്റിമാറ്റി സ്ഥാപിച്ച വിവിധ നിലപാടുകളുടെ കാര്യം മോദി അറിഞ്ഞിട്ടില്ല. ശബരിമലക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഒടുവിലത്തെ നിലപാടെന്താണെന്നറിയാന്‍ അണികള്‍ പരസ്പരം ചോദിച്ചു നടക്കുന്നതിനിടയിലാണ് മോദി അഭിമാനത്തോടെ ഇങ്ങനെയൊക്കെ പറഞ്ഞ് വെച്ചത്.

ഇനിയാണ് മാസ്റ്റര്‍പീസ് ഐറ്റം. മോദിയാകട്ടെ അമിത്ഷാ ആകട്ടെ, കേരളം ഇളക്കിമറിക്കാന്‍ ബിജെപിയുടെ ഏതു നേതാക്കള്‍ വന്നുപോയാലും പിന്നാലെ ചിരിക്കാന്‍ ഒരു ലോഡ് സാധനങ്ങള്‍ കിട്ടും എന്നതാണ് അടുത്തിടെയായുള്ള വസ്തുത. ത്രിപുര പരാമര്‍ശമാണ് ഇത്തവണത്തെ സമ്മാനം.

സര്‍ക്കാരുണ്ടാക്കാന്‍ ത്രിപുരയിലെപോലെ പൂജ്യത്തില്‍ നിന്ന് കേരളത്തിലും പണി തുടങ്ങുമെന്ന് മോദി പറഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന ഒ രാജഗോപാല്‍ ഞെട്ടി.  മോദി ഡല്‍ഹിയില്‍ എത്തിയിട്ടും രാജേട്ടന്‍റെ ആ ഞെട്ടല്‍ മാറിയിട്ടില്ല. ത്രിപുര പണിയാന്‍ പോകുന്ന ബിജെപിക്ക് മറുപണി പണിയാനായി ഇടത് വലത് പുങ്കവന്മാരും കളത്തിലിറങ്ങി.

ഒടുവില്‍ എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ക്യാമറക്കുമുന്നിലെത്തി. സാധാരണ സമര മുഖങ്ങളിലൊക്കെ പരിചിതമായ മുഖങ്ങളാണല്ലോ പാര്‍ട്ടിയുടെ ഓരോ തലങ്ങളിലും എത്തുക. അതുകൊണ്ട് ഒട്ടുമിക്ക ഖദറും ഈ ക്യാമറകള്‍ തിരിച്ചറിയും. അനിലിന്‍റെ കാര്യത്തില്‍ പക്ഷേ കോണ്‍ഗ്രസ് ക്യാമറകളെ പാടേ പറ്റിച്ചു. 

ഓടുപൊളിച്ച് കെപിസിസി ആസ്ഥാനത്ത് ലാന്‍ഡുചെയ്ത് ഹൈടെക് കഥയാണ് ഇനി. അപ്പോ ഇന്നത്തെ ആദര്‍ശങ്ങള്‍ അവസാനിപ്പിക്കുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE