ശ്രീധരൻ പിള്ളയുടെ 'ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി'

thiruva-pillai-modi
SHARE

ഡല്‍ഹിയില്‍ നിന്ന് മോദിജിയെ ഇറക്കി ആവനാഴിയിലെ അവസാന അമ്പും എടുത്ത് പ്രയോഗിക്കുമ്പോഴാണ് ശബരിമല വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നവരെ നോക്കി എങ്ങനെ മനസ് നിറഞ്ഞ് ബിജെപിക്കാര്‍ക്ക് ചിരിക്കാന്‍ കഴിയും എന്ന അസ്വസ്ഥപ്പെടുത്തുന്ന ചോദ്യവുമായി തിരുവാ എതിര്‍വാ ആരംഭിക്കുന്നു. 

നാട്ടില്‍ നടക്കുന്ന സകലമാന പ്രശ്നങ്ങളെയും ബിജെപിക്കാര്‍ കാണുന്നത് ഒറ്റവാക്കിലൂടെയാണ്. ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി എന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും സര്‍വോപരി ക്രിമിനല്‍ വക്കീലുമായ ശ്രീധരന്‍ പിള്ളാജി പറയും. ബാക്കി നേതാക്കളും അണികളും അതിനെ സുവര്‍ണാവസരം എന്ന് മൊഴിമാറ്റിയും പറയും.  പക്ഷേ ആ അവസരത്തെ കണ്ടെത്തി മാലോകരെ അറിയിച്ച അതേ പിള്ളാജി മിനിട്ടിനു വച്ച് നിലപാട് മാറ്റുന്നതുകൊണ്ട് സുവര്‍ണാവസരം എന്ന ആ വാക്കിനു തന്നെ നാണക്കേട് തോന്നിത്തുടങ്ങിയപ്പോഴാണ്, തുറുപ്പ് ചീട്ടായ മോദിജിയെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. അദ്ദേഹമാണെങ്കില്‍ ജീവിതത്തില്‍ സംഭവിക്കുന്ന എന്തിനേയും സുവര്‍ണാവസരമായി കണ്ട് പയറ്റാന്‍ ശീലിച്ച ആളുമാണ്. കേട്ടിട്ടില്ലേ ഹിമാലയത്തിലായ സമയത്ത് സൂര്യന്‍ ഉദിക്കുന്നതിനൊക്കെ മണിക്കൂറുകള്‍ക്ക് മുന്പ് കൃത്യമായി പറഞ്ഞാല്‍ പുലര്‍ച്ചെ മൂന്നുമണിക്കെഴുന്നേറ്റ് കൊടുംതണുപ്പില്‍ കുളിച്ച് രസിച്ചിട്ടുണ്ട് മോദിജി. ഹിമാലയന്‍ ജീവിതത്തെപ്പോലും ഹിമക്കരടികളെ നാണിപ്പിക്കും വിധം സുവര്‍ണാവസരമായി വിജയപ്പിച്ചെടുത്ത ചരിത്രമുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന മോദിജിയെ തന്നെ രംഗത്തിറക്കിയാല്‍ പിന്നെയൊന്നും കേരള ബിജെപിക്ക് പേടിക്കാനില്ല.

പെട്ടെന്നായിരുന്നു ആ തീരുമാനം. ശബരിമലയില്‍ വരാനായിരുന്നു ആദ്യമൊക്കെ ആലോചിച്ചത്. ഹിമാലയജീവിത കഥകള്‍ കേട്ട സ്ഥിതിക്ക് 

 41 ദിവസത്തെ വ്രതം പത്തുദിവസം കൊണ്ട് എടുത്ത് വരാന്‍ പറ്റുന്ന കക്ഷിയൊക്കെയാണ് മോദിജി. പിന്നെ നാട്ടുകാര് വിശ്വസിച്ചില്ലെങ്കിലോ എന്നുകരുതി വേണ്ടെന്ന് വച്ചു. മാത്രമല്ല സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തിയാല്‍ പോരേന്നൊക്കെ ചോദിച്ചാല്‍ പെട്ടുപോവു. കഥയല്ലല്ലോ യാഥാര്‍ഥ്യം. അങ്ങനെയിരിക്കുമ്പോഴാണ് പണി കഴിഞ്ഞ കൊല്ലം ബൈപാസിനെക്കുറിച്ച് കേട്ടത്. അതൊരു സുവര്‍ണാവസരം തന്നെയാണ്. മാത്രമല്ല സ്ഥലം എംപിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടും. രണ്ടും ഒത്തുവന്നപ്പോള്‍ പിന്നെയൊന്നും നോക്കിയില്ല. ബിജെപിക്കാര്‍ക്കിത് ആഹ്ലാദത്തിന്‍റെ നിമിഷങ്ങള്‍.

ബൈപാസിന്‍റെ നിര്‍മാണം കുറെ കൊല്ലങ്ങള്‍ക്ക് മുമ്പെ തുടങ്ങിയതാണ്. പലപല സര്‍ക്കാരുകള്‍ കേരളത്തിലും കേന്ദ്രത്തിലും വന്നുപോയി. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും വന്നപ്പോഴാണ് കാര്യങ്ങള്‍ക്കൊരു നീക്കുപോക്കൊക്കെ ആയിത്തുടങ്ങിയത്. രണ്ടുപേരും തമ്മില്‍ ചില ജന്‍മാന്തര സാമ്യങ്ങള്‍ ഉള്ളതിനാല്‍ മോദിയ്ക്ക് രാജ്യത്ത് ആകെ മനസിലാകുന്ന ഒരാള്‍ പിണറായിയാണ്. പിണറായിക്ക് തിരിച്ചും. അതുകൊണ്ട് രണ്ടുപേരും രണ്ടാളേയും പരസ്പരം ഒന്നും പറയില്ല. സര്‍ക്കാരുകളെ മാത്രമേ പറയേ. ഇതിപ്പോ കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പുതിയ കുപ്പായമൊക്കെ തയ്പ്പിച്ചിരുന്ന മുഖ്യമന്ത്രിയെ നൈസായിട്ട് മാറ്റിയിട്ടാണ് പ്രധാനമന്ത്രി വരുന്നത്. കളിയുടെ മര്‍മം രണ്ടുപേര്‍ക്കും നല്ലവണ്ണം അറിയാം. കോഴിക്കോട്ടെ മേല്‍പാലം ഉല്‍ക്കാടനത്തിന് പ്രോട്ടോക്കോള്‍ തെറ്റിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ അതിന്  കൊല്ലത്ത് കിട്ടി എന്നുകരുതിയാ മതി. അയല്‍ജില്ലയിലെ എംഎല്‍എയായ രാജേട്ടന്‍ വരെ വേദിയില്‍. പോരാത്തതിന് സുരേഷ് ഗോപിയും വി.മുരളീധരനും. കൊടുത്താ കൊല്ലത്ത് കിട്ടും എന്നതിനൊക്കെ 21ാം നൂറ്റാണ്ടിലും അര്‍ഥമുണ്ടെന്ന് മനസിലായി.

ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക് വേദിയില്‍ ഇത്രയും സാന്നിധ്യം കിട്ടിയ സ്ഥിതിക്ക് കാണാന്‍ വന്നവരിലും ആ പങ്കാളിത്തം എന്തുകൊണ്ടും പ്രതീക്ഷിക്കാം. മോദിയേയും സുരേഷ് ഗോപിയേയും കണ്ണന്താനത്തേയും ഒരുമിച്ച് കാണുകയും പിണറായി വിജയന്‍ പ്രസംഗിക്കാന്‍ വരികയും ചെയ്യുമ്പോള്‍ ആ കാണിക്കൂട്ടത്തിന് സ്വാഭാവികമായും തള്ളിമറിക്കാന്‍ തോന്നും. പക്ഷേ ആരോടാ കളി. സിപിഎം പാര്‍ട്ടി സമ്മേളനത്തിന്‍റെ സമാപന യോഗത്തെ ഉഷാ ഉതുപ്പിന്‍റെ ഗാനമേളയായി കണ്ട സഖാക്കളെ അടക്കി നിര്‍ത്തിയ പാരമ്പര്യത്തിന് ഉടമയാണ് ഈ സഖാവ് പിണറായി വിജയന്‍. 

ബഹളം വച്ചാല്‍ പിണറായി അസ്സല്‍ ഹെഡ്മാഷാവും.

ഇനിയാണ് പിണറായിയും മോദിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍. ചടങ്ങ് കണ്ട സിപിഎം ആരാധകര്‍ക്ക് മോദിക്ക് മുമ്പെ പ്രസംഗിച്ചത് പിണറായി ഡാ എന്ന് പോസ്റ്റിട്ട് ഊറ്റം കൊള്ളാം. ബിജെപിക്കാര്‍ക്ക് ഉദ്ഘാടനം ചെയ്തത് മോദിജിയാണെന്ന് പറഞ്ഞ് ഭാരത് മാതാ കീ ജയ് യും വിളിക്കാം. 

കണ്ടോ... ആര്‍ക്കും പരിഭവവും പരാതിയും വേണ്ട. കൊല്ലം ബൈപാസ് ഉണ്ടാക്കിയത് മ്മടെ മോദിജിയും പിണറായി സഖാവും ഒരുമിച്ച് നിന്നാണ് കെട്ടോ. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ പോയിട്ടില്ല. പിന്നെ മേല്‍പാലം ഉണ്ടാക്കിയത് ഇങ്ങ് കേരളത്തിലായതുകൊണ്ട് മുഖ്യമന്ത്രി അതിന്‍റെ ചെറിയ ക്രെഡിറ്റ് അങ്ങ് എടുക്കും. ഒന്നും വിചാരിക്കരുത്. കാണാനും കേള്‍ക്കാനും വളരെ ഭംഗിയുള്ള പ്രസംഗമായിരുന്നു രണ്ടുപേരുടേയും. 

ഏത് റിസ്കും എടുക്കാന്‍ തയ്യാറാണ് മോദിജി. അതിപ്പോ ഹിമാലയന്‍ ജീവത്തിലായാലും കേരളത്തിലെത്തിയാലും. ഇവിടെ കുളിക്കാനല്ല തുനിഞ്ഞത്, മലയാളം പറയാനാണ്. പ്രോംപ്റ്ററില്‍ ഇംഗ്ലീഷില്‍ എഴുതിക്കൊടുത്ത മലയാളം ആണെങ്കിലും കേള്‍ക്കുമ്പോ കുളിരുകോരും. ഭാവിയില്‍ താന്‍ കേരളത്തില്‍ പോയി മലയാളത്തില്‍ പ്രംഗിച്ച് തളര്‍ന്നതിനെക്കുറിച്ച് മോദിജി അനുഭവക്കുറിച്ച് എഴുതില്ലെന്ന് ആരുകണ്ടു. ഒന്നു സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മോദിജിയും കൂട്ടരും നാട്ടില്‍ ഓടിനടന്ന് പ്രസംഗിച്ച് തകര്‍ക്കുമ്പോള്‍ ചങ്ക് തകര്‍ന്നിരിക്കുന്ന ഒരുകൂട്ടം ബിജെപിക്കാരുണ്ട് അങ്ങ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടക്കലില്‍. ശബരിമല പ്രശ്നത്തില്‍ ഒരു നിരാഹാരം തുടങ്ങിയതാണ്. മാസം ഒന്നായി. ശബരിമലയില്‍ മകരജ്യോതി വരെ കഴിഞ്ഞു. നിരാഹാരം നിര്‍ത്താന്‍ ഒരു പോയിന്‍റ് ഇതേവരെ കിട്ടിയിട്ടില്ല. ആകെയുള്ള പ്രതീക്ഷ ഈ മാസം 22 ാം തീയതി ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കും എന്നതായിരുന്നു. ഇപ്പോഴതാ കേള്‍ക്കുന്നു, ആ ദിവസം ഒന്നും അത് നടക്കില്ലാത്രെ. പുതുക്കിയ തീയതി പോലും പ്രഖ്യാപിച്ചിട്ടില്ല. മോദിജിയെങ്കിലും വല്ലതും പറഞ്ഞ് ആ നിരാഹാരം ഒന്നും നിര്‍ത്തിപ്പോവുന്നതാവും നല്ലത്. ഇല്ലെങ്കില്‍ ഒരു ലോഡ് ശവം ഇവിടെ വീഴും.

MORE IN THIRUVA ETHIRVA
SHOW MORE