ഹർത്താലല്ലല്ലോ, പണിമുടക്ക്

pinarayi-vijayan4
SHARE

മോദിയുടെ മുന്നോക്ക സംവരണ നീക്കത്തെ പിന്തുണച്ച പിണറായിയുടെ നടപടിയോട് വിയോജിക്കുന്ന സിപിഎം പിബിയുടെ നാട്ടില്‍ തെല്ലും കണ്‍ഫ്യൂഷനില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

കഴിഞ്ഞ കുറച്ചുനാളുകളായി ഹര്‍ത്താലിനോട് ഇടതുപക്ഷത്തിന് അത്ര തൃപ്തിപോരാ. എല്ലാ ഹര്‍ത്താലുകളോടും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല. സംഘപരിവാര്‍ ഹര്‍ത്താലുകളോട് മാത്രമാണ് ആ അസഹിഷ്ണുത. സേ നോ ഹര്‍ത്താല്‍ എന്ന ബാനറുകള്‍ പ്രൊഫൈലാക്കിയിരുന്ന സഖാക്കള്‍ ഇന്നലെ അര്‍ദ്ധരാത്രി അത് നീക്കം ചെയ്തു. ശബരിമല വിഷയം ഉയര്‍ത്തി തുടരെത്തുടരെ ഹര്‍ത്താല്‍ നടത്തിയ ബിജെപിയെയൊക്കെ കടന്നാക്രമിക്കുകയും കടകളടക്കം തുറപ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരയും തലയും മുറുക്കി ഇറങ്ങുകയും ചെയ്ത ഡിവൈഎഫ്ഐക്കാരൊക്കെ മാളത്തിലൊളിച്ചു. പറഞ്ഞുവരുമ്പോള്‍ അവരുടെ ഭാഗത്ത് തെറ്റില്ല. കാരണം ഇപ്പോ നടക്കുന്നത് ഹര്‍ത്താലല്ലല്ലോ. പണിമുടക്കല്ലേ

പേര് എന്തുതന്നെയായാലും കോരന് കുമ്പിളില്‍ കഞ്ഞി എന്നു പറഞ്ഞതുപോലെയാണ് ജനങ്ങളുടെ അവസ്ഥ. അതിപ്പോ ബന്ദായാലും ഹര്‍ത്താലാലായും പണിമുടക്കായാലും പേരിനല്ലാതെ രൂപത്തിന് കാര്യമായ മാറ്റമില്ല. ഇടത് വലത് ആഹ്വാനത്തില്‍ തുടങ്ങിയ പണിമുടക്ക് പതിയെ ഹര്‍ത്താലായി. എല്ലാം സമാധാനപരമായിരിക്കും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. അയ്യോ. ക്ഷമിക്കണം. അണിയറക്കാരെ പരിചയപ്പെടുത്താന്‍ മറന്നു. അപ്പോ ആ കലാകാരന്മാരെയും അവരുടെ കഥാപ്രസംഗവും കണ്ട് തുടരാം

ഇളമരത്തിന്‍റെ ഈ മൂത്ത ഉറപ്പിന്മേലാണ് കേരളം നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ പണിമുടക്കിന് മുമ്പ് ഉറങ്ങിയതും രാവിലെ ഉണര്‍ന്നതും.  പക്ഷേ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനുമുന്നില്‍ റോഡിന് കുറുകെ ചുവപ്പ് കെട്ടിയടച്ചതായിരുന്നു പ്രഭാത കാഴ്ച. അതില്‍നിന്നുതന്നെ എല്ലാം വ്യക്തമായി. പണിമുടക്ക് പണിയാകും. കെഎസ്ആര്‍ടിസി പോലീസ് സുരക്ഷയില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. പമ്പക്കുള്ള സര്‍വ്വീസും കുറവായിരുന്നു. തച്ചങ്കരിയെയും പിള്ളേരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൊള്ളാവുന്ന വണ്ടികളൊക്കെ കഴിഞ്ഞ ഹര്‍ത്താല്‍ കലാപത്തിന് കര്‍മസമിതി  പഞ്ഞിക്കിട്ടിരുന്നല്ലോ. വണ്ടി ഇറക്കിക്കോ നോക്കിക്കോളാം എന്ന് പൊലീസ് ഉറപ്പുകൊടുത്തു എന്നു കരുതുക. ആര് വണ്ടി ഓടിക്കും. കെഎസ്ആര്‍ടിസിയിലെ തൊണ്ണൂറ്റിയെട്ടുശതമാനം ജീവക്കാരും ഇടത് വലത് പക്ഷക്കാരാണ്. 

സാധാരണ ഇത്തരം പണിമുടക്ക് ഹര്‍ത്താല്‍ അവസരങ്ങളില്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് തീവണ്ടി ഗതാഗതത്തെയാണ്. പണിമുടക്ക് കേന്ദ്രസര്‍ക്കാരിനെതിരാണ്. റെയില്‍പാളങ്ങളാകട്ടെ അങ്ങ് ഇന്ദ്രപ്രസ്ഥം വരെ നീളുന്നതും. അപ്പോ പിന്നെ ട്രയില്‍ തടയല്‍ എന്ന കലാപരിപാടിയാണ് സമരക്കാര്‍ അവലംബിച്ചത്. വിമാനം ഏണിവച്ച് തടയാന്‍ വരെ പദ്ധതിയുണ്ടായിരുന്നതായാണ് അണിയറ സംസാരം

ഈ പറഞ്ഞ കലാപരിപാടികളെല്ലാം വെറും ടീസര്‍ മാത്രമാണ്. നാളെയും ഇതെല്ലാം തുടരും. വേണാടും ജനശതാബ്ദിയും രപ്തിസാഗറുമെല്ലാം ട്രാക്കില്‍ മിണ്ടാതെ കിടന്നു. ഈ സമയത്ത് അങ്ങ് മുംബയിലും ചെന്നൈയിലുമെല്ലാം കടുത്ത ഗതാഗതക്കുരുക്കായിരുന്നു. അതാണ് കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. 

കടകള്‍ തുറക്കാന്‍ കച്ചവടക്കാര്‍ക്ക് അവകാശമുണ്ടെന്നും ആരെയും തടയില്ലെന്നുമൊക്കെ പറഞ്ഞാണ് എളമരം കരീം ഈ കഥാപ്രസംഗം തുടങ്ങിയത്. മഞ്ചേരിയില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെ നേരിടാന്‍ പോയ പണിമുടക്കുകാര്‍ എളമരത്തിന്‍റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം പാര്‍ട്ടി ചാനലില്‍ പോലും കാണുകയോ ദേശാഭിമാനിയില്‍ പോലും വായിക്കുകയോ ചെയ്തിരുന്നില്ല. അവര്‍ പതിവു കലാപരിപാടികള്‍ത്തന്നെ നടത്തി

അപ്പോ ഈ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവരെ ഒന്നുകൂടി പരിചയപ്പെടുത്തിക്കൊണ്ട് ഹര്‍ത്താലായി രാപംമാറിയ പണിമുടക്കിന്‍റെ ഒടിവിദ്യകഥ അവസാനിപ്പിക്കുകയാണ്

ഒക്ടോബര്‍ ഇരുപത്തിമൂന്നിന് പാതിരാക്ക് കേന്ദ്രസര്‍ക്കാര്‍ നടത്തിയ വലിയ നാടകത്തിന് ഇന്ന് സുപ്രീംകോടതി കര്‍ട്ടനിട്ടു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ നീക്കിയ കേന്ദ്രനടപടി കോടതി റദ്ദാക്കി. സംഗതി കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് നാടെല്ലാം വിലയിരുത്തിയപ്പോളും താമര സ്നേഹികള്‍ അത് വിശ്വസിച്ചിട്ടില്ല. അവര്‍ ഫോസ്ബുക്കില്‍ കുറിക്കാന്‍ പുതിയ തിയറികള്‍ തിരയുന്നുണ്ട്. അടുത്തിടെയായി കട്ട തിരിച്ചടി കിട്ടുന്നതിന്‍റെ ഒരു ക്ഷീണം പൊതുവെ ഉല്‍സാഹക്കമ്മിറ്റിക്കാര്‍ക്കുണ്ട്. 

വിരട്ടല്‍ വേണ്ട എന്ന പിണറായി വിജയന്‍റെ മാസ് ഡയലോഗിന് ബിജെപിയില്‍ നിന്ന് ആര് മറുപടി പറയും എന്ന കാത്തിരിപ്പ് ഇരുപത്തിനാല് മണിക്കൂറിനപ്പുറം നീണ്ടില്ല. പികെ കൃഷ്ണദാസ് ജി അതിനായി വന്നിട്ടുണ്ട്. കാട്ടുകള്ളന്മാരടക്കം കേള്‍ക്കേണ്ട ഡയലോഗാണ് ഇനി വരാന്‍ പോകുന്നത്

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പണിതുടങ്ങുകയും ഈ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂര്‍ത്തിയാകുകയും ചെയ്ത കൊല്ലം ബൈപ്പാസ് എന്‍ഡിഎ നേതാവുകൂടിയായ പ്രധാനമന്ത്രി പതിനഞ്ചാം തീയതി ഉദ്ഘാടനം ചെയ്യും. ഇത്രയും കാല്‍പ്പനികമായ ഒരു നാടിന്‍റെ ഗതാഗത കുരുക്ക് അഴിക്കുന്ന കാഴ്ച കാണാന്‍ ആരും മറക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഇന്നത്തെ പണി മുടക്കുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE