കള്ളം പറഞ്ഞും; മലക്കം മറഞ്ഞും; ഞെട്ടിച്ചും; ചിരിപ്പിച്ചും ചിരിവർഷം

chir-varsham
SHARE

എന്തിനും ഏതിനും ഒരു കണക്ക് വെക്കണമെന്നാണല്ലോ പറയാറ്. കള്ളം പറഞ്ഞതിന് കണക്ക്, കുറ്റം പറഞ്ഞതിന് കണക്ക്, കളിയാക്കിയതിന് വേറെ കണക്ക്, തള്ളിമറിച്ചതിന് ഒരു കണക്ക്, വഞ്ചിച്ചതിന് കണക്ക് അങ്ങനെ പലതരം കണക്കുകള്‍ ഒറ്റക്കണക്കില്‍ പെടുത്തി ശിഷ്ടവും ദശാംശവും കൂടാതെ വിളമ്പാന്‍ പോവുകയാണ്. അതെല്ലാം ചിരിയുടെ പറ്റിലാണെന്നു മാത്രം. സ്വാഗതം ചിരിവര്‍ഷം 2018ലേക്ക്.

ഒരുപാട് ദുരന്തങ്ങളെ മറികടന്നാണ് നമ്മള്‍ 2018നോട് വിടപറയുന്നത്. പ്രളയമായും വിലക്കയറ്റമായും നമ്മള്‍ തിരഞ്ഞെടുത്തയച്ച ഭരണാധികാരികള്‍ തന്ന എട്ടിന്‍റെ പണിയിലും പിടിച്ചുനിന്നവരാണ് നമ്മള്‍. ആ നമ്മള്‍ക്കിട്ട് ആദ്യസല്യൂട്ട് കൊടുത്തിട്ടേ ബാക്കി പറയാന്‍ ഉദ്ദേശിക്കുന്നുള്ളു. ഏതിനേയും നെഞ്ചുവിരിച്ച് നേരിട്ട് അപ്പപ്പോള്‍ തോന്നുന്ന കാര്യം വിളിച്ചുപറയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയാണ് അതിജീവനത്തിന്‍റെ ഇക്കൊല്ലത്തെ യഥാര്‍ഥമാതൃക. 

2018ന്‍റെ തുടക്കത്തില്‍ ചെങ്ങന്നൂരിലെ ഉപതിരഞ്ഞടുപ്പില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു കുറഞ്ഞുകൊണ്ടാണ് പിള്ളവക്കീല്‍ തോറ്റത്. പക്ഷേ ബിജെപി സംസ്ഥാന പ്രസിഡന്റായി വരാനായിരുന്നു ആ തോല്‍വിയെന്ന് പിന്നെയല്ലേ മനസിലായത്. പ്രസിഡന്റായശേഷം ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നതാണ് പിള്ളവക്കീലിന് മൈലേജ് ഉണ്ടാക്കാന്‍ വഴിതുറന്നത്. ആ സുവര്‍ണാവസരം പിള്ള കളഞ്ഞുകുളിച്ചില്ല. 

ഇങ്ങനെ ഓരോന്നും പറഞ്ഞ് പിന്നീട് മലക്കം മറഞ്ഞ് അതിജീവനത്തിന്‍റെ പുത്തന്‍ പ്രവണത കാട്ടിത്തന്നു ശ്രീധരന്‍ പിള്ള. പൊതുവെ ബിജെപിക്കാര്‍ കല്ലുവെച്ച നുണയും ഇല്ലാത്ത ചരിത്രവും പറഞ്ഞാണ് ആളുകളെ പറ്റിക്കാറെങ്കില്‍ താന്‍ ഒരിക്കല്‍ പറഞ്ഞതിനെ ഒരു ചരിത്രമാക്കിയാണ് പിള്ളവക്കീല്‍ വീണ്ടും പുതിയ വെളിപാടുകള്‍ നടത്തിയിരുന്നത്. അധികം വൈകാതെ അതും ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയില്‍ എറിയും. 2019നെ വരവേല്‍ക്കുന്ന ഏതു മലയാളിക്കും ഉഡായിപ്പുകള്‍ സംഘടിപ്പിക്കുന്നെങ്കില്‍ അന്തസ്സോടെ മാതൃകയാക്കാവുന്നതാണ് ഈ വ്യക്തിത്വത്തെ. 

2018 പ്രളയവര്‍ഷം മാത്രമായിരുന്നില്ല കേരളത്തിന്. മറിച്ച് ഏതുപ്രളയത്തിനും തകര്‍ക്കാന്‍ പറ്റാത്ത ചിലരെ വീണ്ടും വീണ്ടും കാണിച്ചുതന്ന വര്‍ഷം കൂടിയാണ്. 

കേരള എക്സ്പ്രസിന് തലവച്ചാല്‍ ചിലപ്പോള്‍ നമ്മള്‍ രക്ഷപെട്ടെന്നിരിക്കും. എന്നാല്‍ കേരള പൊലീസിന് തലവെച്ചാല്‍ അതോടെ തീരുമാനമാകും. പിണറായി പൊലീസാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച മലയാള നാട്ടിലെ ഒത്തൊരുമയുള്ള സംഘം.

നമ്മള്‍ മലയാളികള്‍ അങ്ങനെ പിണറായി ഫലിതം ആസ്വദിക്കാനുള്ള ഭാഗ്യം കിട്ടിയവരൊന്നും അല്ല. പക്ഷേ ചിരിക്കാനൊരു വകയുണ്ട്. എന്താണെന്നു വച്ചാല്‍ പിണറായി പറഞ്ഞ രണ്ടു സീരിയസ് കാര്യങ്ങള്‍ ചേര്‍ത്തുവച്ചാല്‍ മതി. അത് മുട്ടന്‍ കോമഡിയാവും. ഉദാഹരണത്തിന് ഊരിപ്പിടിച്ച കത്തികള്‍ക്കിയിലൂടെയൊക്കെ സധൈര്യം നടന്നു നീങ്ങിയ കഥയൊക്കെ അങ്ങേരു പറയും. എന്നിട്ട് ചുറ്റിലും സുരക്ഷാ സംവിധാനങ്ങളൊരുക്കി നാട്ടിലിറങ്ങും. 

പണ്ട് സെക്രട്ടറിയായ കാലത്തെ ഭീഷണിയായിരുന്നു ഭീഷണിയെന്നും മുഖ്യമന്ത്രിയായ കാലത്ത് അത്രയ്ക്കില്ലെന്നും എന്ന് വച്ച് കാച്ചും. എന്നിട്ടോ ഓഖി ദുരന്തമൊക്കെ ഉണ്ടായ സമയത്ത് സുരക്ഷാ ഭീഷണി എന്നും പറഞ്ഞ് പോവാതിരിക്കും. ഒന്നുകില്‍ ഈ ധൈര്യമുണ്ടല്ലോ അതിങ്ങനെ കൂടിക്കൂടി വിറയല്‍ വന്നുപോയതാവാനാണ് വഴി.

രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെയൊക്കെ പറയാം. ചെന്നിത്തലയ്ക്ക് ആകെ സ്വന്തം പാര്‍ട്ടിക്കാരെ പേടിച്ചാല്‍ മതിയല്ലോ. കോണ്‍ഗ്രസായതുകൊണ്ട് നാട്ടുകാരൊന്നും ചെയ്യാന്‍ പോകില്ല. പിന്നെ സിപിഎമ്മാണുള്ളത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയെന്ന പ്രതിപക്ഷനേതാവിനെത്തന്നെ നിലനിര്‍ത്തിപ്പോവണമെന്നുള്ളത് സിപിഎമ്മിന്‍റെ ആവശ്യം കൂടിയാണ്. അതുകൊണ്ട് ആ ഭാഗത്തുനിന്നും ഒരു ഉപദ്രവം ഉണ്ടാവില്ല.  

2018ല്‍ കേരളത്തെ ഞെട്ടിച്ച ഡയലോഗ് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുടേതാണ്. ശോഭ സുരേന്ദ്രന്‍റേത്. പ്രസംഗത്തിലൂടെയും ചര്‍ച്ചയിലൂടെയും തന്‍റേതായ ഇടം കണ്ടെത്തി എന്നും മാധ്യമശ്രദ്ധ കൈവരിക്കുന്ന ശോഭചേച്ചിയെ പഠിച്ച ഹിന്ദി കൈവിട്ടു. 

അതും മോദിജിയുടെ ഒരു ഹിന്ദി പ്രസംഗം മനസിലാക്കിയതിലെ പോഴത്തം കൊണ്ട് സംഭവിച്ചതാണ്. മനസിലാക്കുന്നതിലെ തെറ്റ് ബാക്കി വിശദീകരണത്തിലേക്ക് കൂടി കടന്നതോടെ നുണകളുടെ തൃശൂര്‍ പൂരത്തിനാണ് തീകൊളുത്തിയത്. വിടവാങ്ങുന്ന വര്‍ഷത്തെ ചെറിയ കളിയേ അല്ലായിരുന്നു ശോഭ ചേച്ചിയുടേത്.

ബിജെപി ഒരു അത്ഭുത പാര്‍ട്ടിതന്നെയാണ്. ആ പാര്‍ട്ടിയുടെ തലപ്പത്തുള്ള പ്രധാനമന്ത്രി തൊട്ട് ആ പാര്‍ട്ടിക്കാരായ മുഖ്യമന്ത്രിമാരും ദേശീസ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ഒക്കെ ഒരേ ബുദ്ധിയാണ്. അതാണത്ഭുതം. ഇതെങ്ങനെ സാധിക്കുന്നു എന്നകാര്യത്തില്‍ ഒരു പിടിയുമില്ല. ഒന്നുകില്‍ ഇത്തരത്തിലുള്ള ആളുകളെ വാര്‍ത്തെടുക്കാന്‍ ആര്‍എസ്എസ്  ശാഖ തൊട്ട് ശ്രമങ്ങളുണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരേ മനോനിലയുള്ള ആളുകള്‍ മാത്രമാവണം തങ്ങള്‍ക്ക് ചേര്‍ന്ന പാര്‍ട്ടിയാണ് ഇതെന്ന് കരുതി മിസ്കോള്‍ അടിച്ച് പാര്‍ട്ടിയില്‍ ചേരുന്നത്. 

വാക്ക് തെറ്റുന്നതും അബദ്ധം പറ്റുന്നതുമൊന്നും ബിജെപിയില്‍  ഒറ്റപ്പെട്ട സംഭവമേയല്ല എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അങ്ങനെയാണ്. അതായത് ചരിത്രം വളച്ചൊടിക്കാനും ശാസ്ത്രത്തെ കളിയാക്കാനുമൊക്കെ നേത്ൃത്വം നല്‍കുക എന്ന വലിയ ഉത്തരവാദിത്തം കൂടി പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നതിനിടയില്‍ നരേന്ദ്രമോദി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.  അതുകൊണ്ട് ഇതൊന്നും ബിജെപിക്കാരിലെ ഒറ്റപ്പെട്ട സംഭവമല്ല. ഇതൊക്കെ പാര്‍ട്ടിപരിപാടിയുടെ ഭാഗം തന്നെയാണ്. അവര്‍ പിന്നെ പ്ലീനവും കോണ്‍ഗ്രസും ചേരാതെ നടപ്പാക്കുന്നു എന്നുമാത്രം. 

ഇതൊക്കെ കേള്‍ക്കുമ്പോഴുള്ള ഒരാശ്വാസം എന്താണെന്ന് വച്ചാല്‍ സ്വാതന്ത്ര്യസമരവും സമരപോരാളികളേയും സംഘിമിത്രങ്ങള്‍ക്ക് വല്യകാര്യമാണെന്നു കേള്‍ക്കുമ്പോഴാണ്.  അല്ലെങ്കിലും നോട്ടുനിരോധനം, ജിഎസ്ടി, ഇന്ധനവില ഇതൊക്കെക്കൊണ്ട് കഷ്ടപ്പെടുന്ന ജനങ്ങളെ ഇങ്ങനെ തമാശ പറഞ്ഞ് ചിരിപ്പിക്കാന്‍ ഈ അണികള്‍ക്ക് പറ്റുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. നമ്മള്‍ അതീജിവിക്കുക തന്നെ ചെയ്യും എന്ന പ്രളയാന്തരകാലത്തെ കേരളീയ മുദ്രാവാക്യം ഇവരെക്കൂടി ഓര്‍മിപ്പിക്കുന്നുണ്ട്.

മലയാളി മനംനിറഞ്ഞ് ചിരിച്ചത് ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ്. സാധാരണ മോഷണം ഒരു കോമഡി പരിപാടിയല്ല. അത് ക്രൈം ആണ്. കുറ്റപത്രത്തില്‍ രാത്രി 10.30ന് ടെലിക്കാസ്റ്റ് ചെയ്യേണ്ട പരിപാടി. എന്നാല്‍ ഒമ്പതരയ്ക്കുള്ള തിരുവാ എതിര്‍വായില്‍ ഒരു ക്രൈം പരിപാടി ഇടം പിടിച്ചു എന്നതാണ് 2018ന്‍റെ ഏറ്റവും വലിയ സാംസ്കാരിക മുന്നേറ്റം.

2018ല്‍ മലയാളിയുടെ ബുദ്ധിശക്തിയേയും ചിന്താശേഷിയേയും ഏറെ വലച്ച ഒരു ചിന്താപദ്ധതിയാണ് അടുത്തത്. ചിന്ത ജെറോം ആളൊരു ഇടതുപക്ഷക്കാരിയായതുകൊണ്ട് അല്‍പം കൂടിയ രീതിയില്‍ ബുദ്ധിജീവിയായി അറിയപ്പെടാന്‍ ആഗ്രഹിച്ചുകാണും. മലയാളികള്‍ ഇടതുസര്‍ക്കാരിന് ഭൂരിപക്ഷം നല്‍കി എന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിക്കണമെന്ന് വാശിപിടിക്കരുത്. 2018നെ വല്ലാതെ വലച്ച ആ ചിന്താശകലത്തിലേക്ക് ഒരിക്കല്‍കൂടി ശ്രദ്ധ ക്ഷണിക്കുന്നു.

പരസ്യങ്ങളെക്കുറിച്ചും സെല്‍ഫിയെക്കുറിച്ചും സീരിയലിനെക്കുറിച്ചുമൊക്കെ ചിന്ത തന്‍റെ ചിന്താധാരകളെ നിര്‍ദയം ഒഴുക്കിവിട്ടിട്ടുണ്ട്. വര്‍ഷാവസാനം അതുംകൂടി കാണിച്ച് ടെന്‍ഷനടിപ്പിക്കുന്നില്ല. പകരം 2018ന്‍റെ ഏറ്റവും വലിയ വെല്ലുവിളി കണ്ടുവരാം. 

നോട്ടനിരോധനം പോലെയൊന്നും പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ഇത്രയൊക്കെയല്ലേ ഉണ്ടായുള്ളു എന്നു കരുതി ആശ്വസിക്കാം. ഇതിലും വലുതെന്തോ വരാനിരുന്നതാണ്. രക്ഷപ്പെട്ടു എന്നു കരുതിയാ മതി.

ദിലീപിനെ അമ്മയിലെടുത്തോ ഇല്ലയോ എന്നത് ഏറെ വലച്ച സംശയമായിരുന്നു. എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനുവേണ്ടി ചോദ്യമുന്നയിക്കാന്‍ വരെ ആളുണ്ടായി. 

സിനിമയില്‍ അഭിനയ സാധ്യതയുള്ള വേഷങ്ങളൊന്നും അങ്ങനെ കിട്ടിയിട്ടില്ല. പിന്നെ ക്യാമറ തന്‍റെ മുഖത്തോട്ട് അഞ്ചു സെക്കന്‍ഡില്‍ കൂടുതല്‍ വയ്ക്കാറുമില്ല. ഇപ്പോ ഈ ചാനല്‍ ക്യാമറകളാണ് ആകെ തന്നോട് നീതി കാട്ടിയത്.  അപ്പോ പിന്നെ അഭിനയിച്ചു തകര്‍ക്കണം.

വനിതാ മുന്നേറ്റത്തിന്‍റെ വര്‍ഷമാണ് കടന്നുപോവുന്നത്. സിനിമാരംഗത്തുവരെ സൂപ്പര്‍താരങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി സ്ത്രീസംഘടനയുണ്ടായി. എന്നാല്‍ പുരോഗമനപ്രസ്ഥാനം എന്നൊക്കെ മേനിപറയുന്ന സിപിഎമ്മിനകത്ത് ശശി എന്ന പേര് വീണ്ടും പാര്‍ട്ടിക്ക് ബാധ്യതയാവുന്ന കാഴ്ചയും കണ്ടു. ബാലന്‍ സഖാവും ശ്രീമതി സഖാവും ചേര്‍ന്ന് ശശിയെ മാന്യനാക്കാന്‍ പ്രത്യേക ചരിത്രം എഴുതിയെങ്കിലും സസ്പെന്‍ഷന്‍ ഒഴിവാക്കാനായില്ല. 

എന്നാ ഇനി മതിലിനു കാണാം. ചിരിയ്ക്ക് മുകളില്‍ ആരും മതില്‍ കെട്ടാന്‍ വരല്ലേ എന്നാഗ്രഹിച്ചും എല്ലാവര്‍ക്കും നന്നായി ചിരിക്കാനുള്ള പലവകകള്‍ യഥേഷ്ടം കിട്ടുന്ന ഒരു വര്‍ഷമാകട്ടെ 2019.

MORE IN THIRUVA ETHIRVA
SHOW MORE