പിള്ള മനസിലെ സ്വപ്നങ്ങൾ പടികടന്നു; ഇനി നമുക്ക് എൽഡിഎഫിൽ രാപ്പാർക്കാം

pillai-ldf-thiruva-ethirva
SHARE

ബിജെപിയുടെയും എന്‍എസ്എസിന്‍റേയും ഒക്കെ ജ്യോതി തെളിയും മുമ്പ് കേരളത്തിലെ നാലു നേതാക്കളുടേയും അണികളുടേയും മുഖത്ത് വെളിച്ചം വപ്പിച്ചിട്ടുണ്ട് എല്‍ഡിഎഫ്. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ്  ആദ്യം ചെയ്തത് മുന്നണി അങ്ങ് വിപുലീകരിക്കല്‍ ആയിരുന്നു. ഏതായാലും ശബരിമല സ്ത്രീപ്രവേശം ഒക്കെയായി നാട് ആകെ മൊത്തത്തില്‍ വിഭജിക്കപ്പെട്ടു എന്നും ചേരി തിരിഞ്ഞു എന്നുമൊക്കെ ആശങ്കപ്പെടുന്ന സമയത്താണ് അങ്ങ് എകെജി സെന്‍ററില്‍ ചില കൂടിച്ചേരലുകള്‍ അരങ്ങേറിയത്.  നാലു പാര്‍ട്ടിക്കാരെ മുന്നണിയിലെടുത്തു. അങ്ങനെ എല്‍ഡിഎഫ് വലുതായി. എടുക്കപ്പെട്ടവരൊക്കെ കുറച്ചുകാലങ്ങളായി ഇടതുമുന്നണി പ്രവര്‍ത്തകരായി സ്വയം വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നതിനാല്‍ വലിയ മാറ്റമൊന്നും ഇതുകൊണ്ട് ഉണ്ടാവുമെന്ന് കരുതരുത്. 

കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്താണ് പിള്ളകോണ്‍ഗ്രസ് ഇടത്തോട്ട് ചായ്ഞ്ഞു തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ ഗണേഷിന്‍റെ മന്ത്രിസ്ഥാനം പോയശേഷം. ഏതായാലും യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരാന്‍ വഴിയില്ലെന്ന് അന്നേ തോന്നിയതുകൊണ്ടാവണം പിള്ളയും മോനും എല്‍ഡിഎഫിനോട് ഇഷ്ടം കാണിച്ചുതുടങ്ങിയത് . സംഗതി എന്തായാലും ഒടുക്കം മുന്നണിയിലെത്തി. 

25കൊല്ലം മുന്നണിക്ക് പുറത്ത് നിന്ന് പിന്തുണച്ചിട്ടാണ് ഐഎന്‍എല്ലിനൊക്കെ ഇപ്പോ മുന്നണിപ്രവേശം സാധ്യമായത്. ബാബറി മസ്ജിദ് വിഷയത്തില്‍ നിലപാടിന് കടുപ്പം പോരാന്ന് പറഞ്ഞ് ലീഗില്‍ നിന്ന് വിട്ടുപോയവരാണവര്‍. ഇനി മുതല്‍ അവര്‍ അസ്സല്‍ 916 മതേരതപാര്‍ട്ടിയായി അറിയപ്പെടും. പക്ഷേ പിള്ളസാറിന് ഇത് ലോട്ടറിയാണ്. ഇത്രയെളുപ്പം ഇടതുമുന്നണിക്കകത്തേക്ക് പ്രവേശനം കിട്ടിയതിന് അയ്യപ്പനോട് നന്ദി പറയണം. ശബരിമല സ്ത്രീപ്രവേശത്തെ തുടക്കം മുതല്‍ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ഉപയോഗിച്ച എന്‍എസ്എസിന്‍റെ നിലപാടിന് കിട്ടിയ മറുപടിയായിട്ടാണ് ബാലകൃഷ്ണപിള്ളയ്ക്കും പാര്‍ട്ടിയ്ക്കും ഇടതുമുഖംമൂടി എളുപ്പം അണിയാന്‍ കൊടുത്തത്. സത്യത്തില്‍ പിള്ളയാണ് ഇന്ന് അയപ്പജ്യോതി തെളിയിക്കേണ്ട ആള്‍.

മുന്നണി കണ്‍വീനര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഒരു ഡസന്‍ പാര്‍ട്ടികള്‍ എല്‍ഡിഎഫിന്‍റെ വീട്ടുമുറ്റത്ത് അവസരവും കാത്തിരിപ്പുണ്ട്. എല്ലാവരും കത്തുകൊടുത്ത് നില്‍പ്പാണ്. അത്രപെട്ടന്നൊന്നും വീട്ടില്‍ കയറാനൊക്കില്ല. പകരം പ്രവര്‍ത്തിച്ചു കാണിക്കണം. പുറത്തുനിന്ന് ആത്മാര്‍ഥത തെളിയും വരെ പ്രവര്‍ത്തിച്ചാല്‍ വരും കാലത്ത് വേണമെങ്കില്‍ നോക്കാം. ഇല്ലെങ്കില്‍ നിലവിലെ ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ചാലും മതി. കോവൂര്‍ കുഞ്ഞുമോന്‍റെ പാര്‍ട്ടിയൊക്കെ ലയിക്കാന്‍ പറ്റിയ ഘടകകക്ഷിയെ അന്വേഷിച്ച് നടപ്പാണ്. 

രാഷ്ട്രീയത്തില്‍ ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നു എന്നത് ആരുടെ അടുത്ത് ഇരിക്കുന്ന എന്നതിനനുസരിച്ചിരിക്കും എന്നു പറയുന്നത് എത്രശരിയാണ്. ഇപ്പോതന്നെ ബാലകൃഷ്ണപിള്ളയേയും ഗണേഷിനേയും തന്നെ എടുക്കാം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഭരണകാലത്ത് ആദ്യവര്‍ഷങ്ങളിലെ ആ ഇരുത്തവും ഇപ്പോ പിണറായി കാലത്തെ ഇരുത്തവും ഒന്നു ശ്രദ്ധിച്ചു ഓര്‍ത്തുനോക്കൂ. അപ്പോ പിടികിട്ടും. മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ അതൊക്കെ മറന്നാലും സഖാവ് വി.എസ്. അതൊന്നും മറന്നുകാണില്ല. 

എതിരാളിയെ നിഷ്പ്രഭമാക്കുന്ന വാക്കുകള്‍. ആക്രമണം, പ്രത്യാക്രമണം, വലിച്ചുകീറല്‍, കുത്തുവാക്ക് , പുകഴ്ത്തല്‍, പരിഹാസിക്കല്‍ അങ്ങനെ എന്തും ചെയ്യും പിള്ളയും മോനും മൈക്ക് കൈയ്യില്‍ കിട്ടിയാല്‍. കഴിഞ്ഞ സീസണില്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും വേണ്ടിയെടുത്ത പണി ഇനി പിണറായിക്കും കൂട്ടര്‍ക്കുമാവും. പ്രസംഗത്തിലെ ആ കൊട്ടാരക്കര കൊട്ടുകളെല്ലാം ഇനി എല്‍ഡിഎഫിനും സ്വന്തം.

ബാലകൃഷ്ണപിള്ള പറഞ്ഞ ആ കണ്ടകശനി ഇനി ശരിക്കും പിണറായിക്കും ഇടതുമുന്നണിക്കും വന്നുചേരാനാണ് സാധ്യത. മകന്‍ പിള്ളയ്ക്ക് മന്ത്രിസ്ഥാനമൊക്കെ ചോദിക്കാം. ഇപ്പോ ക്ലെയിം ചെയ്യില്ലാന്നൊക്കെ അച്ഛന്‍ പറയും. പക്ഷേ ഗണേശന്‍ അത് കേള്‍ക്കണമെന്നില്ലല്ലോ. പിള്ള കോണ്‍ഗ്രസുപോലെ ഒരേയൊരു എംഎല്‍എയുള്ള കടന്നപ്പള്ളിയുടെ പാര്‍ട്ടിക്ക് വരെ മന്ത്രിയുണ്ട്. അപ്പോഴാ. 

MORE IN THIRUVA ETHIRVA
SHOW MORE