'സഹോദരീ സ്നേഹമാണെന്ന് അവർക്ക് അറിയില്ലല്ലോ'? പണിവാങ്ങിക്കൂട്ടി സദാചാര ആങ്ങളമാർ

thiruva-20-12-2018
SHARE

പണിയുടെ കാര്യമാണ് ഇന്ന് മൊത്തം. കൊടുത്ത പണി. കിട്ടിയ പണി. കിട്ടിയ പണിക്കിടയില്‍ വീണ്ടും കിട്ടിയ പണി. ഇന്നത്തെ എപ്പിസോട് ഇത്തരം കൊടുക്കലിന്‍റേയും വാങ്ങിക്കൂട്ടലിന്‍റെയും പണികളുടേതാണ്. ഒപ്പം ശരിക്കും ഒരു പണി, അതായത് ആറ്റുനോറ്റു കിട്ടിയ ജോലികൊണ്ട് കിട്ടിയ പണിയും ഇതിലുണ്ട്. ആദ്യം രണ്ടു കൊല്ലം മുമ്പ് ഒരു നവംബര്‍ എട്ടാം തീയതി ജനങ്ങള്‍ക്ക് പണികൊടുത്ത് ഇപ്പോ എട്ടിന്‍റെ പണി മേടിച്ചു അന്തം വിട്ടിരിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി മോദിജിയെക്കുറിച്ചാവാം.

നോട്ടുനിരോധിച്ചാണ് നമ്മള്‍ക്കിട്ട് പണി തന്നത്. ഇപ്പോള്‍ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് സെന്‍ററിന്‍റെ പഠനം പുറത്തുവന്നിട്ടുണ്ട്. സംഗതി ഇക്കണോമിക്സാണ്. പഠനപ്രകാരം നോട്ടുനിരോധനം മൂലം രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് രണ്ടുശതമാനം കുറച്ചതായാണ് കണ്ടെത്തിയത്.

രണ്ടുകൊല്ലം മുമ്പ് ഇക്കാര്യം രാജ്യസഭയില്‍ വിളിച്ചുപറഞ്ഞിരുന്നു ഒരാള്‍‌. മൗനി ബാബ എന്നൊക്കെ വിളി കേള്‍പ്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സംഭവം ഇക്കണോമിക്സ് ആയതുകൊണ്ട് മന്‍മോഹന് കാര്യം അന്നേ പിടികിട്ടി. നമ്മളിവിടെ ഡിഗ്രി ഒക്കെ തട്ടിക്കൂട്ടുന്നവരുടെ കൂട്ടത്തിലായതുകൊണ്ട് അന്നൊന്നും മനസിലായില്ല. 

അന്ന് നോട്ടുനിരോധിച്ച കാലത്ത് അയല്‍വക്കത്തെ പണക്കാരന്‍ കള്ളപ്പണം ഇല്ലാതായാല്‍ തെണ്ടികുത്തുപാളയെടുക്കുമെന്നും അതുകാണാന്‍ കഴിയുമല്ലോ എന്ന ആഹ്ലാദത്തില്‍ നമ്മളില്‍ പലരും നോട്ടുനിരോധനത്തിന്‍റെ കടുത്ത ബുദ്ധിമുട്ടിലും സഹിച്ചു പിടിച്ചുനിന്നിട്ടുണ്ട്.

പക്ഷേ ഉത്തരേന്ത്യക്കാരൊക്കെ സംഗതി അനുഭവിച്ചുവന്നപ്പോ വോട്ടൊക്കെ മാറ്റിക്കുത്തിത്തുടങ്ങിയ കാലമാണ് ഇപ്പോ. അതായത് പണി കൊടുത്തു, പണി വാങ്ങിക്കൂട്ടുന്നു. പക്ഷേ പണിവാങ്ങിക്കൂട്ടുന്നത് ഈ രാജ്യക്കാര്‍ തന്നെയാണല്ലോ എന്നാലോചിക്കുമ്പോ ചിരിക്കാനൊന്നും തോന്നുന്നേയില്ല. സ്വയം സഹതപിക്കേ നിവൃത്തിയുള്ളു.

ഇനി ഇവിടെ കേരളത്തിലെ ഒരു നാട്ടിന്‍പുറത്തെ ആളുകള്‍ പണി ചോദിച്ചുവാങ്ങിയ സംഭവമാണ്. സംഭവം അരങ്ങേറുന്നത് അങ്ങ് മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കിളിനക്കോട് എന്ന ഗ്രാമത്തിലാണ്. പ്രേക്ഷകരെ ഏവരേയും കിളിനക്കോട്ടേക്ക് സ്വാഗതം ചെയ്യുന്നു.

സഹൃത്തിന്‍റെ വീട്ടില്‍ കല്യാണം കൂടാന്‍ വന്ന് മടങ്ങിപ്പോകുമ്പോഴാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ ആ കിളിനക്കോടിനെക്കുറിച്ച് വിവരിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റുന്നത്. എന്നാല്‍ സദാചാരം മുട്ടിനില്‍ക്കുന്ന നമ്മള്‍ മലയാളി സഹോദരന്‍മാരുടെ സഹോദരീ സ്നേഹം ആ കുട്ടികള്‍ അറിയാത്തതുകൊണ്ട് സംഗതി വൈറലായി.

തെറിവിളിയായി. സ്വന്തം നാടിനെപ്പറ്റി അങ്ങനെ ആരെങ്കിലും മോശം പറയണ്ട, അത് ഞങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞോളാം എന്ന് കരുതിയാവണം ഒരു കൂട്ടം സദാചാര ആങ്ങളമാര്‍ മറുപടിയുമായി എത്തി.

ഇല്ല. ഒരെണ്ണത്തിനേയും വെറുതെ വിട്ടില്ല. പെണ്‍കുട്ടികള്‍ രക്ഷിതാക്കളേയും കൂട്ടി പൊലീസില്‍ പരാതിപെട്ടു. കേസായി പുലിവാലായി. യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം കേസില്‍പെട്ടു. പിന്നെ മാപ്പുപറച്ചിലായി. അങ്ങനെ പണി കൊടുത്ത് അവരും പണിവാങ്ങിക്കൂട്ടി. 

ഇതൊക്കെ കാണുമ്പോള്‍ ഒരു കാര്യം പിടികിട്ടും, പെണ്‍കുട്ടികളൊക്കെ മിടുക്കികളാണ്. അവരവര്‍ അവര്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാനൊക്കെ തുടങ്ങീട്ടുണ്ട്. ഇപ്പോ തന്നെ ആണുങ്ങള്‍ക്ക് പെണ്ണ് കിട്ടാന്‍ അത്ര എളുപ്പമല്ല. അവര്‍ ഡിമാന്‍ഡ് ഒക്കെ വെച്ച് തുടങ്ങീട്ടുണ്ട്. ആ നേരത്ത് ഇമ്മാതിരി സദാചാരം കാണിക്കാതെ അവരുടെ ഡിമാന്‍ഡിനനുസരിച്ച് വല്ലോ പഠിച്ച് നല്ല നിലയിലെത്തിയാല്‍ നമുക്ക് കൊള്ളാം. അല്ല, പോയ പോക്കിന് ഒന്ന് പറഞ്ഞെന്നേയുള്ളു. അതു പോട്ടെ, വേറൊരു പണികിട്ടിയ കാര്യം പറയാം. ആലപ്പുഴ നൂറനാടിനടുത്ത് കുടശ്ശക്കാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും ഹൈസ്കൂളിലും കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും റീത്ത് വയ്ക്കുകയും ചെയ്തവരെ പൊലീസ് പിടിച്ചിട്ടുണ്ട്. സമീപകാല രാഷ്ട്രീയ വൈകാരിക പരിസരങ്ങളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അത് ചെയ്തത് സിപിഎമ്മാകണമല്ലോ. എന്നാല്‍ അല്ല. ആര്‍എസ്എസ് കാരാണ്. അതും വിക്രമന്‍ നായര്‍ എന്നൊക്കെ പേരുള്ള ആള്‍. വിക്രമന്‍ നായരെ സുകുമാരന്‍ നായര്‍ എത്രയും പെട്ടന്ന് ചങ്ങനാശേരിയിലേക്ക് വിളിപ്പിച്ച് ഒരു താമ്രപത്രം നല്‍കേണ്ടതാണ്. അധ്യക്ഷനാവാന്‍ ശ്രീധരന്‍ പിള്ളയേയും ക്ഷണിക്കണം. നവോത്ഥാനത്തിന്‍റെ മതിലനപ്പുറത്തെ കാഴ്ചകളെ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ പിഎസ്എസി തിരഞ്ഞെടുത്തവരെ വളരെ പെട്ടന്ന് തന്നെ ജോലിക്കെടുത്തിട്ടുണ്ട് കെഎസ്‍ആര്‍ടിസി. ക്ലാസെടുക്കലും പാട്ടും ഒരു വീക്ക്നെസ് ആയതുകൊണ്ട് പുതിയ ബാച്ചിലെ ആളുകള്‍ക്കും ഒരു ക്ലാസെടുത്തു എംഡിയായ ടോമിന്‍ ജെ തച്ചങ്കരി. പണികിട്ടിയപ്പോള്‍ അതിതുപോലത്തെ ഒന്നൊന്നര പണിയായിപ്പോവുമെന്ന് പുതിയ ജീവനക്കാര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല.

തീര്‍ന്നില്ല. അങ്ങനെയൊന്നും തച്ചങ്കരിയെ പറ്റിക്കാമെന്ന് ആരും വിചാരിക്കണ്ട. പണിതന്നിരിക്കും. നമ്മള്‍ക്ക് കെഎസ്ആര്‍ടിസി ഒന്നു നന്നായി കണ്ടാ മതി. വേറൊന്നും വേണ്ട. തച്ചങ്കരി ഏത് ഡിപ്പാര്ട്മെന്‍റില്‍ ജോലി ചെയ്താലും തന്‍റെ കൈയ്യൊപ്പ് പതിപ്പിച്ചേ തിരിച്ചിറങ്ങിയിട്ടുള്ളു. ഔദ്യോഗിക ജീവിതത്തെ ഇത്രകണ്ട് ആനന്ദപ്രദമാക്കിയ ഉദ്യോഗസ്ഥര്‍ വളരെ വിരളമാണ്. തന്നില്‍ ഉറങ്ങിക്കിടക്കുന്ന കലാകാരനെ ഇടക്കിടെ തച്ചങ്കരി പുറത്ത് തട്ടി പുറത്തിടും. പിന്നെ പാട്ടായി പെടാപായി. പുതിയ ജീവനക്കാരോടും ഇമ്മാതിരി ആനന്ദതുന്ദിലമായ കര്‍മങ്ങളില്‍ ഏര്‍പ്പെട്ട് ബോറടി മാറ്റണമെന്നാണ് തച്ചങ്കരിയുടെ ഉപദേശം.

MORE IN THIRUVA ETHIRVA
SHOW MORE