സത്ബുദ്ധി ഉണ്ടാക്കാന്‍ വളരെ നല്ലത്; ജ്യോതി പടരട്ടെ; വനിതാ മതിൽ ഉയരട്ടെ; തിരുവാ എതിർവാ

thiruva-eathirva
SHARE

ജ്യോതി തെളിയിക്കുന്നവരുടെ മണ്ടയില്‍ കൂടി പ്രകാശം പരക്കട്ടെയെന്നും മതില്‍ പണിയുന്നവരുടെ മനസില്‍ വാശിയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകട്ടെയെന്നും ആഗ്രഹിച്ചുകൊണ്ട് തുടങ്ങുകയാണ്.

ക്രിസ്തുമസും പുതുവര്‍ഷവും. ഡിസംബര്‍ ജനുവരി മാസങ്ങളുടെ ഇതുവരെയുള്ള ഓര്‍മകള്‍ അങ്ങനെയാണ് നമ്മുടെ മനസില്‍ സെറ്റായിരിക്കുന്നത്. അടുത്തടുത്തു വരുന്ന ഈ രണ്ട് ആഘോഷങ്ങള്‍ക്ക് ഇക്കുറി പകിട്ട് കുറവാകാനാണ് സാധ്യത. കാരണം ഡിസംബര്‍ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഉറക്കളച്ച് ആഘോഷങ്ങളുടെ ഭാഗമാകാന്‍ പലര്‍ക്കും കഴിയില്ല. കാരണം ഈ മാസം ഇരുപത്തിയാറിന് അയ്യപ്പ ജ്യോതി തെളിയിക്കല്‍ ചടങ്ങുള്ളതാണ്. ഇരുപത്തിയഞ്ചിന് അധികം അധ്വാനം പിറത്തെടുത്താല്‍ ജ്യോതിക്ക് വെളിച്ചം കുറയും. 

ജനുവരി ഒന്നിന് മതില്‍ പണിയാനുള്ളവരുടെയും അവസ്ഥയും അങ്ങനെതന്നെ. ഡിസംബര്‍ മുപ്പത്തിയൊന്നിന് രാത്രി അര്‍മാദം അത്രക്കങ്ങ് നടക്കില്ല. മതിലിന് വേണ്ടത്ര ശക്തി പകരാനായില്ലെങ്കിലോ. എന്തായായലും മലയാളികള്‍ക്ക് ഭാഗ്യമുണ്ട്. ക്രിയേറ്റീവായ പല പ്രക്ഷോഭ മുറകളും കാണാന്‍ കഴിയുന്നുണ്ടല്ലോ. എത്രകാലമാന്നുവച്ചാ ഈ പ്രകടനം കോലംകത്തിക്കല്‍ തുടങ്ങിയ പതിവ് കലാപരിപാടികള്‍ സഹിക്കുക. 

ബിജെപി ജ്യോതി തെളിയിക്കുന്ന ഇരുപത്തിയാറാം തീയതി ബീഡി കത്തിക്കാന്‍ പോലും ഇടതന്മാര്‍ തീപ്പട്ടി ഉരക്കില്ല. ഉറപ്പ്.  അതും ജോതിയുടെ തലയെണ്ണലില്‍ പെട്ടാലോ എന്ന അവരുടെ ആശങ്കയെ തെറ്റുപറയാന്‍ പറ്റില്ല. പഴയ മിസ് കോള്‍ മെമ്പര്‍ഷിപ്പൊന്നും അങ്ങനങ്ങ് മറക്കാനാവില്ലല്ലോ. 

സത്ബുദ്ധി ഉണ്ടാക്കാന്‍ ഇത് സഹായിക്കുമെങ്കില്‍ വളരെ നല്ലത്. ജ്യോതി പടരട്ടെ. കുറച്ച് വെളിച്ചത്തിന്‍റെ ആവശ്യം ചില ഐക്യവേദി നേതാക്കള്‍ക്കുണ്ട്. വെട്ടത്തിനോട് പണ്ടേ എന്‍എസ്എസിന് താല്‍പ്പര്യമാണ്. 1914 ല്‍ മന്നത്ത് പത്മനാഭന്‍ ചങ്ങനാശേരി ആ്ഥാനമാക്കി ആ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ അത് പുതിയൊരു വെളിച്ചം പല മേഖലയിലും തെളിയിച്ചിരുന്നു. പക്ഷേ ഇപ്പോളത്തെ ജനറല്‍ സെക്രട്ടറി വെളിച്ചത്തെ ഇഷ്ടപ്പെടുന്നത് സമൂഹത്തിനുവേണ്ടിയല്ല, പ്രസ്ഥാനത്തിനും അതിലുപരി സ്വന്തം താല്‍പ്പര്യത്തിനും വേണ്ടിയാണെന്നു മാത്രം. 

മുഖ്യമന്ത്രിക്ക് ദാഷ്ട്യമാണ് എന്നാണ് സുകുമാരന്‍ നായരുടെ പരാതി. ഇതേ പരാതിയാണ് പണ്ട് നായര്‍ ആസ്ഥാനത്തെത്തിയ നടനും എംപിയുമായ സുരേഷ് ഗോപിയും പറഞ്ഞത്. ഇപ്പോള്‍ ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപിയുടെ തലയില്‍ നിന്ന് ആ ഓര്‍മകള്‍ മായ്ക്കാനാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സുമാരേട്ടന്‍ പാവാട എന്ന് നമ്മുടെ ശ്രീധരന്‍ പിള്ളച്ചേട്ടന്‍ സുരേഷ്ഗോപിയെ അറിയിച്ചു. 

കഴിഞ്ഞ കുറച്ചു നാളുകളായി സുകുമാരന്‍ നായര്‍ പരസ്യമായി ഒന്നും പറയാറില്ല. പല്ലുവേദന ആയതുകൊണ്ടാണോ ഒന്നും മിണ്ടാത്തത് എന്ന് ആദ്യം മാധ്യമങ്ങള്‍ സംശയിച്ചെങ്കിലും പിന്നീട് അത് അങ്ങനെയല്ല എന്ന് മനസിലായി. ഇപ്പോള്‍ ശബരിമല വിഷയത്തിന്‍റെ ക്രഡിറ്റുകൂടി അവകാശപ്പെട്ടാണ് കാമറകള്‍ക്കുമുന്നില്‍ വന്നത്. അതും ചങ്ങനാശേരി രാജ്യത്തിന് പുറത്ത്. അതാണ് അതിലും വലിയ അല്‍ഭുതം. 

എന്താ നായരേ ഇങ്ങനെയൊക്കെ പറയുന്നെ എന്ന ടോണില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കളത്തിലുണ്ട്. കോടിയേരിക്ക് തിരിച്ചു പറയാം. കുറച്ചു നാളത്തേക്ക് തിരഞ്ഞെടുപ്പിലൊന്നും നില്‍ക്കണ്ടല്ലോ. ആ ജി സുധാകരനൊക്കെ സുകുമാരന്‍ ചേട്ടന്‍ എന്നാണ് അല്‍പ്പം മുമ്പ് കൂടി വിളിച്ചത്.

സംഘപരിവാറിന്‍റെ രണ്ടാം തല ആര്. കോണ്‍ഗ്രസാണ് ആ ഉടുപ്പിട്ടിരിക്കുന്നതെന്ന് സിപിഎമ്മും, അല്ല വല്യേട്ടനും ടീംസുമാണ് അതിന്‍റെ വക്താക്കളെന്ന് മുല്ലപ്പള്ളി ടീംസും പറയുന്നു. ഇരുകൂട്ടരും ഇക്കാര്യത്തില്‍ മഫ്തിയില്‍ പരിശോധനക്കായി ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്. വലത്തുനിന്ന് കെ മുരളീധരനും ഇടത്തുനിന്ന് കോടിയേരി സഖാവിനുമാണ് ഈ പരിശോധനയുടെ ചുമതല. രണ്ടുപേരും ഇമ വെട്ടാതെ നിരീക്ഷിക്കുന്നുണ്ട്. 

വനിത മതില്‍ പണിയാനുള്ള സാധന സാമഗ്രികള്‍ ശേഖരിക്കുന്ന തിരക്കിലാണ് സിപിഎം. പാലക്കാട് ജില്ലയില്‍ എവിടെയൊക്കെയാണ് മതില്‍ പണിക്ക് പറ്റിയ സ്ഥലമെന്ന് നന്നായി അറിയാവുന്നത് പികെ ശശി എംഎല്‍എക്കാണ്. അതുകൊണ്ട് ടിയാനെതിരായ കേസില്‍ തീര്‍പ്പുണ്ടാക്കേണ്ടത് അത്യാവശ്യം തന്നെ. കരിമ്പനകളുടെ മറവുപിടിച്ച് പതുങ്ങി നീങ്ങിയ ബാലന്‍ ശ്രീമതി പൊലീസ് പാലക്കാട്ട് ചൂട് കൂടുന്നതിന് മുമ്പുതന്നെ  അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ആ റിപ്പോര്‍ട്ട് കാണുമ്പോളാണ് നമ്മുടെ ദീപാ നിശാന്തിന്‍റെ വൈകാരിക പരിസര വിശദീകരണമൊക്കെ എത്ര കാവ്യാത്മകമാണെന്ന് മനസിലാവുക. ബാലനും ശ്രീമതി ടീച്ചറും ചേര്‍ന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിക്കാന്‍ ഇടവന്നാല്‍ അപ്പോതന്നെ ഡിജിപിയൊക്കെ ചിരിച്ച ചിരിച്ച് വയറുളുക്കി രാജിവച്ച് ഒഴിഞ്ഞുപോകും. അമ്മാതിരി ആറ്റം സംഗതിയാണ് പിറന്നിരിക്കുന്നത്. അടുത്ത ബാച്ചിന് ക്ലാസെടുക്കാന്‍ സ്കോട്ലന്‍റ് യാഡ് ഈറിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പാര്‍ട്ടിയോട് ചോദിച്ചിട്ടുണ്ട്. എകെ ബാലന്‍റെ ഒരു മണിക്കൂര്‍ സാന്നിധ്യം തങ്ങളുടെ ബാച്ചിന് നല്‍കാനാകുമോ എന്നും ഒരു റിക്വസ്റ്റ് അവര്‍ അയച്ചത്രേ.

ഈ ആരോഗ്യം എന്നു പറയുമ്പോള്‍ കമ്യൂണിസ്റ്റ് ആരോഗ്യമായിരിക്കുമല്ലേ. നവോത്ഥാന മതിലുപണിയാന്‍ വരുന്ന സ്ത്രീകളുടെ കാര്യമോര്‍ക്കുമ്പോളാ. പാവം വക്കീല്‍ ശ്രീധരന്‍പിള്ളക്കു മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ശ്രദ്ധയുള്ളത്. വക്കീല്‍ നിയമം കാച്ചുന്നുണ്ട്. ഞാന്‍ പൊലീസിനൊപ്പം കേരള പര്യടനം നടത്തിക്കോണ്ടിരുന്നപ്പോ തന്‍റെ കോട്ട് ഉണങ്ങാന്‍ ഇട്ടോക്കുവാരുന്നോ എന്ന് കെ സുരേന്ദ്രന്‍ ചോദിക്കാരിരുന്നാ മതിയാരുന്നു. 

പിസി ജോര്‍ജ് എന്ന പൂഞ്ഞാര്‍ അഡാറ് ഐറ്റം ആറുകൊല്ലത്തെ ഇടവേളക്കു ശേഷം ഡല്‍ഹിയിലെത്തി. സോണിയാ ഗാന്ധിയുടെ ഓഫീസിലക്ക് ജോര്‍ജ് കയറിപ്പോകുന്നതു കണ്ട ഹിന്ദി കോണ്‍ഗ്രസുകാര്‍ വിവരം കെപിസിസി ഓഫീസില്‍ അറിയിച്ചു. ജോര്‍ജ് എന്‍ഡിഎയുമായി സഹകരിക്കും എന്നു പറഞ്ഞതിന്‍റെ പിറ്റേ ദിവസം അവരുടെ ശബരിമല സമരം പൊളിഞ്ഞടുങ്ങിയ കാര്യം ലോക്കല്‍ കോണ്‍ഗ്രസ് ഇന്ദ്രപ്രസ്ഥ കോണ്‍ഗ്രസിനെ അറിയിച്ചു. ജോര്‍ജ് കോണ്‍ഗ്രസിലേക്കെന്ന് അശരീരികള്‍ പിറന്നു. പണ്ടേ കള്ളം പറയാറില്ലാത്ത പിസി ഒടുവില്‍ എല്ലാം പറഞ്ഞു. 

അപ്പോ ഇന്ന് ഇത്രേം മതി. മതിലിനും ജ്യോതിക്കും ഇടക്ക് കലാപരമായ ഇടപെടലുകള്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ കടയടക്കുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE