നവോത്ഥാനം മതിലുവഴി വരുമെന്ന് സിപിഎം; ജ്യോതി വഴി നാട്ടില്‍ തെളിയുമെന്ന് ബിജെപി; കാത്തിരിപ്പ്

thiruva-kodiyeri-surendran
SHARE

കേരളത്തില്‍ സ്ത്രീപുരുഷ അനുപാതത്തില്‍ സ്ത്രീകളാണ് കൂടുതല്‍. അതുകൊണ്ടാണോന്നറിയില്ല സ്ത്രീകളുടെ ഉന്നമനവും പുരോഗതിയുടെ നമ്മള്‍ നിരന്തരം ചര്‍ച്ച ചെയ്യും. പക്ഷേ സ്ത്രീവിരുദ്ധരുടെ എണ്ണമെടുത്താല്‍ അത് സ്ത്രീകളുടെ എണ്ണത്തേക്കള്‍ കൂടുതലുമാവും. പറഞ്ഞതു മനസിലായിട്ടില്ലെങ്കില്‍ ഒന്നു വിശദമാക്കിത്തരാം. ഒന്നാമത് പുരുഷന്‍മാര്‍ പൊതുവേ സ്ത്രീവിരുദ്ധരായിട്ടാണല്ലോ അറിയപ്പെടുന്നത്. ഇതിനുപുറമേ സ്ത്രീകള്‍ക്കിടയിലെ സ്ത്രീവിരുദ്ധരും ഉണ്ട്. നല്ലഒന്നാന്തരം സ്ത്രീവിരുദ്ധര്‍. അങ്ങനെ കണക്കെടുത്താല്‍ അത് വിരുദ്ധരുടെ എണ്ണം ആണുങ്ങളേക്കാളും കൂടുതലാവാനാണ് സാധ്യത. അതവിടെ നില്‍ക്കട്ടെ, ഇപ്പോ വനിതകളെ തേടി നടക്കുകയാണ് സിപിഎമ്മും സംഘവും. വെറുതെയല്ല മതിലുകെട്ടാന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകളെക്കൊണ്ട് ഒരുമതില്‍ നിര്‍മിക്കും. വെറുതയല്ല നവോത്ഥാനത്തെ കെട്ടിപ്പൊക്കാനാണ്. 30 ലക്ഷം സ്ത്രീകളെയാണ് വേണ്ടത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ തൊട്ട് മന്ത്രിമാര്‍ വരെ സ്ത്രീകളേയും തിരക്കി ഇറങ്ങിയിട്ടുണ്ട്. കേരളം മൊത്തത്തില്‍ ഒരു പെണ്ണന്വേഷണത്തിലാണ്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍, പാര്‍ട്ടി സെക്രട്ടറി പ്രസംഗിക്കുന്ന വേദികള്‍, എന്നുവേണ്ട ചെങ്കൊടിയേന്തിവയരൊക്കെ വനിതമതില്‍ കെട്ടുപൊട്ടാതെ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. മുമ്പൊക്കെ വോട്ടെടുപ്പ് വരുമ്പോഴാണ് നാട്ടിലെ സ്ത്രീകള്‍ക്ക് ഇത്രയ്ക്കും നിലയും വിലയും ഉണ്ടായിരുന്നത്. ഇതിപ്പോ ഒരു മതിലിന്‍റെ പേരില്‍ നല്ല കാലം വന്നിരിക്കുന്നു. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും സെക്രട്ടറിമാരായി ഒരൊറ്റ സ്ത്രീകളും ഇല്ലാത്ത സിപിഎം തന്നെ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. നവോത്ഥാനം ഓരോരുത്തര്‍ക്കിട്ട് പണി തരുന്നത് കണ്ടോ. 

കോടിയേരി സഖാവ് ഒന്നൂടെ തയ്യാറായി വരണം. വെറുതെയല്ലല്ലോ, പോയിന്‍റൊക്കെ എഴുതിക്കൊണ്ട് വരുന്നതല്ലേ. അപ്പോ പിന്നെ ഡിസംബര്‍ 26 ജനുവരി 26 ആകാന്‍ പാടില്ല. അന്ന് അയ്യപ്പ ജ്യോതി അല്ല, റിപ്പബ്ലിക്ക് ദിനമാണ്. മറക്കരുത്.

മുപ്പതുലക്ഷം സ്ത്രീകള്‍ കൈകോര്‍ത്ത് പിടിച്ച് ഒരു മതില്‍. അതുകാണാന്‍ ഇപ്പുറത്ത് വേറെ കുറെ ആളുകള്‍. അങ്ങനെ റോഡിനപ്പുറവും ഇപ്പുറവും രണ്ടുമതിലാണ് സിപിഎമ്മിന്‍റെ സ്വപ്നം. മതിലുകണ്ട് സാക്ഷാല്‍ ഗിന്നസ് ബുക്കുകാര്‍ വരെ കണ്ട് കണ്ണുതള്ളിപ്പോവണം എന്നതാണ് ആഗ്രഹം. പി.കെ.ശശിയെപ്പോലുള്ളവര്‍ മതിലുകെട്ടാന്‍ മുന്നിട്ടു ഇറങ്ങുന്ന ആ രംഗം ഓര്‍ത്തുനോക്കൂ. വല്ലാത്തൊരു കോരിത്തരിപ്പ് തോന്നുന്നില്ലേ. അത്രയേ പാര്‍ട്ടിയും ഉദ്ദേശിച്ചുള്ളു.

നവോത്ഥാനം മതിലുവഴി നടന്നുവരുമെന്ന് സിപിഎമ്മിന് വിചാരിക്കാം. പക്ഷേ ബിജെപിക്കാര്‍ തയ്യാറല്ല. അത് ജ്യോതി വഴി മതിലുമുന്നേ നാട്ടില്‍ തെളിയുമെന്നാണ് സംഘമിത്രങ്ങളുടെ വിചാരം. ഈ രണ്ടുവിചാരങ്ങള്‍ക്കിടയില്‍ നമ്മുെട ക്രിസ്മസും ന്യൂയറും മുങ്ങിപ്പോകുമോ എന്നതാണ് പേടി. 

അതിപ്പോ സുരേന്ദ്രന്‍ജി പറഞ്ഞില്ലേ..എം.എം. മണിയെ വേറെന്തോ വിളിച്ചില്ലേ...ബ്ലാക്ക് മണി എന്ന്. ആ ഒരൊറ്റ വിളി മതി നവോത്ഥാനം എന്തുകൊണ്ട് നമ്മുടെ സമൂഹത്തിന് അനിവാര്യമാണെന്ന് ബോധ്യപ്പെടാന്‍. കുറെ ഉള്ളിക്കറി കൂട്ടി പൊറോട്ട കഴിച്ചാല്‍ കിട്ടുന്ന ഒന്നല്ല അത്.

സംഗതി ജ്യോതിയായാലും മതിലായാലും നമുക്ക് നവോത്ഥാനം വന്നാമതി. അതിപ്പോ ബിജെപിക്കാര്‍ ചോദിക്കും നവോത്ഥാനത്തെക്കുറിച്ച് പറയാന്‍ സിപിഎമ്മിനെന്ത് അവകാശമാണെന്ന്. കേരളനവോത്ഥാന കാലഘട്ടത്തില്‍ പാര്‍ട്ടി ഉണ്ടായിട്ടുപോലും ഇല്ലല്ലോ എന്ന്. അത് ശരിയാണ്. അതിപ്പോ സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുക്കാതിരിക്കുകയും മാപ്പുകള്‍ എഴുതിക്കൊടുത്ത് കാലം കഴിച്ചുകൂട്ടുകയും ചെയ്തവര്‍ ഇന്നത്തെ കാലത്ത് രാജ്യസ്നേഹമൊക്കെ പറഞ്ഞ് നടക്കുന്നില്ലേ അത്രയും ഏതായാലും വരില്ല. 

ജയില്‍ മോചിതനായശേഷം സുരേന്ദ്രന്‍ജി രണ്ടും കല്‍പിച്ചാണ്. ഇതിലപ്പുറമൊന്നും ഇനി തനിക്ക് വരാനില്ലാത്തതുപോലെ. അല്ലെങ്കിലും പാര്‍ട്ടി ഒറ്റക്കാക്കിയതിനേക്കാള്‍ വലുതല്ലല്ലോ വേറൊരും ശിക്ഷയും. ശബരിമലസ്ത്രീപ്രവേശനം വേണമെന്ന തന്‍റെ വാദം സുപ്രീം കോടതി വിധി വനപ്പോ‍ള്‍ പാര്‍ട്ടിക്ക് വേണ്ടി മറന്നുപോയപോലെ അഭിനയിച്ച് സ്ത്രീപ്രവേശത്തിനെതിരെ പരസ്യമായി നിലപാടെടുത്ത ആളാണ് കെ. സുരേന്ദ്രന്‍. ആ വില്‍പവറിനെ കുറച്ചു കാണരുത്. സ്വന്തം നിലപാടുകളെ നാലുവോട്ടുകള്‍ക്ക് വേണ്ടി, പാര്‍ട്ടിക്കുവേണ്ടി മടക്കിക്കൂട്ടി ഉത്തരത്തില്‍ വച്ച സുരേന്ദ്രനുമാത്രമാണ് ഇങ്ങനെ സംസാരിക്കാനുള്ള അവകാശമുള്ളു എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. താങ്കള്‍ സത്യം വിളിച്ചുപറയൂ. പ്ലീസ്.

MORE IN THIRUVA ETHIRVA
SHOW MORE