ഒരു മതിലുണ്ടാക്കുന്ന പുകില്

vellappally-nss-17
SHARE

ശബരിമലവിഷയത്തില്‍ കേരളം കണ്ടതും കേട്ടതുമായ കാര്യങ്ങളും അണിയറയില്‍ നടന്ന കാര്യങ്ങളും മറനീക്കി പുറത്തുവരാന്‍ സാധ്യതയുണ്ട്. ഒരു മതിലുണ്ടാക്കുന്ന പുകിലുകളാണ് ഇനി കേരളത്തിന്‍റെ സമീപഭാവിയുടെ തിരക്കഥ. അശരീരിയായി അഭിനയിച്ചവര്‍ വരെ മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഇനി എന്തും സംഭവിക്കും. വളരെ മോശമായിരിക്കും എന്നുമാത്രം. 

വെള്ളാപ്പള്ളി നടേശന്‍ കൃത്യമായ ഇടവേളകളില്‍ ക്യാമറക്കുമുന്നില്‍ വന്ന് നാലുപറയാന്‍ താല്‍പര്യപ്പെടുന്ന ആളാണ്. പറച്ചിലിന്‍റെ പേരില്‍ ആരെന്തൊക്കെ പറഞ്ഞാലും അതൊക്കെ മൈലേജാക്കി മാറ്റാനേ ശ്രമിക്കാറുള്ളു. എന്നാല്‍ സുകുമാരന്‍ നായര്‍ അങ്ങനെയല്ല. നായര്‍‌ സംഘടനയുടെ തലപ്പത്തെത്തി ആദ്യകാലങ്ങളില്‍ ചില സംസാരങ്ങളൊക്കെ നടത്തിയെങ്കിലും വിമര്‍ശനം ഒട്ടും സഹിക്കില്ല. ചോദ്യങ്ങളെ തീരെ ഇഷ്ടമല്ല. എന്നാല്‍ ചോദ്യങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ ഏക വഴി ചോദ്യം ചോദിക്കാന്‍ നിന്ന് കൊടുക്കാതിരിക്കുക എന്ന തിയറി കണ്ടെത്തിയത് സുകുമാരന്‍ നായരാണ്. 

ഓര്‍മയില്ലേ, താക്കോല്‍ സ്ഥാനത്ത് ആളെ പ്രതിഷ്ഠിച്ച ശേഷം പുള്ളിക്കാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കലാണ് ശീലം. പക്ഷേ നിലവിലെ ജാതീയമായ വൈകാരിക പരിസരങ്ങളുടെ നിരന്തര സമ്മര്‍ദം ആ മഹാനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഒക്കെ അയ്യപ്പന്‍റെ ലീലാവിലാസങ്ങള്‍.

ഈ ധാര്‍ഷ്ട്യത്തിന്‍റെ കാര്യത്തില്‍ പിണറായി സഖാവിന് ഒത്ത എതിരാളിയാണ് ഈ സുകുമാരന്‍ നായര്‍. പണ്ട് നായരായ സുരേഷ് ഗോപി രാജ്യസഭാംഗമായ ശേഷം ഒന്ന് കാണാന്‍ പോയിരുന്നു ചങ്ങനാശേരിയില്‍. പക്ഷേ സുകുമാരന്‍ നായര്‍ കാണാനേ കൂട്ടാക്കിയില്ല. വി.എം. സുധീരനാണെങ്കില്‍ മന്നം സമാധിവരെ പോയി പക്ഷേ സുകുമാരന്‍ നായരെ ഓഫിസില്‍ പോയി കണ്ടില്ല. 

പുള്ളിക്കാരന്‍ അവിടെ കസേരയില്‍ കാത്തിരിക്കുകയായിരുന്നത്രെ. അന്ന് സുധീരന് കിട്ടി നായരുവക അഹങ്കാരപ്പട്ടം. ഇതിപ്പോ പിണറായി സഖാവ് മുഖ്യമന്ത്രിയായതോടെ രാജ്യത്ത് ഒരാള്‍ ധാര്‍ഷ്ട്യക്കാരന്‍ ആയാ മതി എന്ന നിലയ്ക്കാവും അല്‍പം വിനയത്തോടെ ഇന്ന് സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. അതേതായാലും നന്നായി. തുലാസില്‍ വച്ചുനോക്കുമ്പോ ഒരു തട്ട് പൊങ്ങിനില്‍ക്കണമല്ലോ.

കാര്യത്തിന്‍റെ കിടപ്പ് എന്തായാലും മതിലിന് ബദല്‍ കണ്ടെത്താന്‍ മറുപക്ഷത്തിന് പറ്റിയിട്ടുണ്ട്. അയ്യപ്പജ്യോതി. ബിജെപി ഇന്നലെ പിന്തുണ പ്രഖ്യാപിച്ചു. ബിജെപിക്കാരെ അണിനിരത്താന്‍ അശ്രാന്ത പരിശ്രമം നടത്തുമെന്നാണ് പിള്ള വക്കീലിന്‍റെ വാദം. വക്കീല് നിലപാട് മാറ്റിയാലോ എന്നുകരുതിയാവണം സുകുമാരന്‍ നായര്‍ നേരിട്ടുവന്ന് പിന്തുണ പ്രഖ്യാപിച്ചത്. ഇനി രമേശ് ചെന്നിത്തലയും കൂട്ടരും കൂടി പിന്തുണ പ്രഖ്യാപിച്ചാല്‍ നമുക്ക് ജ്യോതിയും കാണാം മതിലും കെട്ടാം. സംഗതി പൊളിക്കും.

പാവം സഖാക്കള്‍. മതിലിന്‍റെ പേരില്‍ ഒരു തേപ്പ് കിട്ടിയിരിക്കുകയാണ്. തേച്ചത് മഞ്ജുവാര്യരും. പാവം. നവോത്ഥാനം, വനിതാ മുന്നേറ്റം എന്നൊക്കെ കേട്ടപ്പോ മഞ്ജു വാര്യര്‍ക്ക് ആകെ ഉല്‍സാഹമായി. പിന്നൊന്നും ഓര്‍ത്തില്ല. ഫെയ്സ്ബുക്ക് വഴി പിന്തുണ അറിയിച്ചു. അതും നേരില്‍ പ്രത്യക്ഷപ്പെട്ട്. പിന്നെ കണ്ടത് സകലമാന കുട്ടിസഖാക്കള്‍ തൊട്ട് തലതൊട്ടപ്പന്‍മാരായ ബുദ്ധിജീവി സഖാക്കള്‍ വരെ മഞ്ജുവിന്‍റെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോയുമായി തേരാപാരാ ഓടുകയായിരുന്നു. വാട്സാപ്പിന്‍റെ സ്റ്റേറ്റസ് വരെ അതായിരുന്നു. പക്ഷേ രാത്രിയോടെ എല്ലാം സ്വാഹ. മതിലിനു താഴെ രാഷ്ട്രീയമുണ്ടെന്ന് പിന്നെയാണത്രെ മഞ്ജുവാര്യര്‍ക്ക് പിടികിട്ടിയത്. ഏതായാലും വൈകിയാണെകിലും പിടികിട്ടിയല്ലോ..മഹാഭാഗ്യം. ഒരു പക്ഷേ അവര്‍ റീ ടേക്ക് എടുത്തതായിരിക്കും. സിനിമാഭിനയമല്ലേ തൊഴില്‍. അങ്ങനെ കണ്ടാമതി. 

വനിതാമതിലിനെ തള്ളിയിടാന്‍ നോക്കുന്ന കൂട്ടത്തില്‍ ലീഗ് നേതാവ് എം.കെ.മുനീറുള്ളത് വെള്ളാപ്പള്ളിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ആള് മുനീറിന്‍റെ പിതാവിനെയൊക്കെ ഓര്‍മിപ്പിക്കുന്നുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളിയെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഈ നാടും അച്ഛനെക്കുറിച്ച് ചോദിക്കാറുള്ള കാര്യം വെള്ളാപ്പള്ളി നടേശന്‍ ചേട്ടന്‍ മറക്കരുത്. അപ്പോ കാര്യം അത്രേ ഉള്ളു. എന്നാ പിന്നെ ആ ചരിത്ര ക്ലാസ് അങ്ങട്ട് തുടങ്ങ്യാട്ടേ.

MORE IN THIRUVA ETHIRVA
SHOW MORE