പാര്‍ട്ടി ഗ്രാമങ്ങളുടെ ആകാശത്തുകൂടി പറക്കാൻ വിമാനക്കമ്പനികള്‍ക്ക് അനുമതി; തിരുവാ എതിര്‍വാ

thiruva-eathirva
SHARE

ആര്‍ബിഐ നിയമത്തിലെ ഏഴാംവകുപ്പില്‍ കൈ കടത്തിയ കേന്ദ്രസര്‍ക്കാരിന് എട്ടിന്‍റെ പണികൊടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ തന്‍റെ മടക്ക യാത്ര ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കമ്മട്ടത്തില്‍  മഷിപുരട്ടാന്‍ താല്‍പ്പര്യമുള്ള മോദി തല്‍പ്പരകക്ഷികള്‍ക്ക്  ലോട്ടറിയടിച്ച സാഹചര്യത്തില്‍ തുടങ്ങുകയാണ് തിരുവാ എതിര്‍വാ. 

കണ്ണൂരില്‍നിന്ന് വിമാനം പറന്നുയര്‍ന്നു. സ്ഥലം കണ്ണൂരായതിനാല്‍ അത് നമ്മുടെ വിമാനത്താവളമാണെന്ന് പാര്‍ട്ടി, അതായത് സിപിഎം വിശ്വസിക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് അങ്ങനെ കരുതുന്നതിന് ആരോടും ചോദിക്കണ്ടല്ലോ. എന്നാല്‍ കേരഴത്തിന്‍റെ മുഖ്യമന്ത്രി വെറും കണ്ണൂരുകാരനാകുന്ന കാഴ്ച കാണേണ്ടിവന്നതാണ് സങ്കടകരം. ഇടതുസര്‍ക്കാരിന്‍റെ കാലത്തുമാത്രമാണ് വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ആലോചനകള്‍ നടന്നിട്ടുള്ളതെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് പാര്‍ട്ടി ഗ്രാമങ്ങളുടെ ആകാശത്തുകൂടി പറക്കാനുള്ള അനുമതി വിമാനക്കമ്പനികള്‍ക്ക് നല്‍കിയ ദിനം എന്നുകൂടി ഈ ഉദ്ഘാടനത്തെ വിളിക്കാം. 

അതെ വിഎസ് സര്‍ക്കാര്‍. തനിക്ക് മുമ്പും കേരളത്തില്‍ ഇടത് ഭരണമുണ്ടായിരുന്നു എന്ന് നവോദ്ധാന നായകന്‍ സമ്മതിച്ചതിന് മുന്‍ ഇടത് മുഖ്യന്മാര്‍ കടപ്പെട്ടിരിക്കും. തീര്‍ച്ച. വിഎസിന്‍റെ കാലത്താണ് പല പരിപാടികളും ഇതുമായി ബന്ധപ്പെട്ട് നടന്നത്. പക്ഷേ അവിടെ. ആ മുഖ്യന്‍ എവിടെ. വേദിയില്‍ കണ്ടില്ലോ. നാട്ടിലെ പ്രമാണിമാരും കച്ചവടക്കാരുമെല്ലാം നിരന്ന ചടങ്ങില്‍ മര്യാദയുടെ പേരിലെങ്കിലും ഇതിനുവേണ്ടി വിയര്‍പ്പൊഴുക്കിയവരെ പരിഗണിക്കാമായിരുന്നു. പിന്നെ സര്‍ക്കാര്‍ ചിലവില്‍ പറക്കാന്‍ ചുവപ്പന്മാര്‍ തയാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍ പലരെയും ഒഴിവാക്കിയതില്‍ തെറ്റും പറയാനാവില്ല. ചിലവ് ചുരുക്കലാണല്ലോ നമ്മുടെ നിലവിലെ പോളിസി. കുടുംബക്കാര്‍ക്ക് ഇത് ബാധകമല്ല എന്നത് ബ്രാക്കറ്റിട്ട് വായിക്കേണ്ടതാണ്

പതിവുപോലെ നിയമസഭ ഇന്നും വളരെ ഗൗരവത്തോടെ തുടങ്ങുകയും അല്‍പ്പ സമയത്തിനകം തല്ലിപ്പിരിയുകയും ചെയ്തു. ശബരിമലയിലെ നിരോധനാഞ്ജ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയ മൂന്ന് യുഡിഎഫ് എംഎല്‍എ മാര്‍ക്ക് മണ്ഡലകാലം കഴിഞ്ഞാല്‍ സമരം നിര്‍ത്തി വീട്ടില്‍ പോകാന്‍ കഴിഞ്ഞേക്കും എന്ന് തോന്നുന്നു. എല്ലെങ്കില്‍ പിന്നെ സഭാപരിസരത്ത് രണ്ടുപേരിലധികം സംഘടിക്കുന്നത് സ്പീക്കര്‍ അങ്ങ് നിരോധിക്കണം. സത്യം പറഞ്ഞാല്‍ ഇത് ഇങ്ങനെയൊക്കെ ഒരു ഒഴിയാ ബാധയായി മാറുമെന്ന് സമരം തീരുമാനിച്ച യുഡിഎഫോ അത് പ്രഖ്യാപിച്ച ചെന്നിത്തലയോ സമരമുഖത്തേക്ക് എടുത്തുചാടിയ എംഎല്‍എമാരോ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ബ്രൂവറി വിഷയംകൂടി ഈ ഉപവാസ സമരത്തില്‍ അറ്റാച്ച് ചെയ്തിരുന്നെങ്കില്‍ ഒരല്‍പ്പം കിക്ക് കിട്ടുമായിരുന്നു.

മതിലുകള്‍ സംബന്ധിച്ച നഷ്ടപരിഹാരങ്ങളുടെ കാര്യം സഭയില്‍ ചോദിയമായെത്തയത് എന്തുകൊണ്ടും നന്നായി. ഒന്നുമല്ലേലും ആരാണ് മതില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന് മനസിലാക്കാന്‍ കഴിഞ്ഞല്ലോ. ജി സുധാകരന്‍ മറുപടി പറയുന്ന ദിവസം പോലും സഭ അലങ്കോലമാക്കാന്‍ പ്രതിപക്ഷം കാട്ടുന്ന ധൈര്യം സമ്മതിച്ചു കൊടുക്കണം. വലതുപക്ഷത്തെ ഈ അച്ചടക്കമില്ലായ്മ ഒരു കവിതയായി വരും ദിവസം പിറന്നാലും അല്‍ഭുതപ്പെടാനില്ല.

സഭയിലെ പ്രതിപക്ഷ ബഹളം ഒന്ന് അയഞ്ഞപ്പോളാണ് ടിവി രാജേഷ് എംഎല്‍എക്ക് ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയത്. വകുപ്പു മന്ത്രിയെ തന്നെ വിഭ്രംജിപ്പിക്കുന്ന ചോദ്യ ശരമാണ് മഹാന്‍ തൊടുത്തത്. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ സഭ അവധിയായിരുന്നതിനാല്‍ ചോദ്യം രാകി രാകി മൂര്‍ച്ച വരുത്തുവാന്‍ രാജേഷിന് ധാരാളം സമയം കിട്ടി എന്നു മനസിലായി. 

ചെന്നിത്തലയുടെ കാര്യ മഹാ കഷ്ടമാണ്. നിങ്ങള്‍ കിടന്നോ പിള്ളേരെ എല്ലാം ഞാനേറ്റു എന്നു പുള്ളി വച്ചുകാച്ചിയതു കേട്ടാണ് എംഎല്‍എമാര്‍ ഉപവാസത്തിനിറങ്ങിയത്. ഭാഗ്യം. അനിശ്ചിതകാല നിരാഹാരമൊന്നുമല്ലല്ലോ തീരുമാനിച്ചത്. അല്ലങ്കില്‍ എന്‍ രാധാകൃഷ്ണന്‍റെ അവസ്ഥ ആയേനേ. സംഗതിയില്‍ ഒരു നീക്കുപോക്ക് ഉണ്ടാകുന്നില്ലെങ്കിലും രമേശന്‍ തന്‍റെ പിള്ളേര്‍ക്കുവേണ്ടി ആഞ്ഞ് പിടിക്കുന്നുണ്ട്. പക്ഷേ പിണറായിയിലെ പാറപ്പുറം എന്നത് ചരിത്രം മാത്രമല്ല ഒരു സമകാലീന സത്യംകൂടിയാണ്.

കെ സുരേന്ദ്രന്‍ പണി കഴിഞ്ഞിറങ്ങി. കുരുക്ഷേത്രയുദ്ധത്തിനിറങ്ങിയ നായകനായാണ് ആരാധകര്‍ പുള്ളിയെ അവരോധിക്കുന്നത്. തേര് തെളിക്കുന്നത് ആര് യുദ്ധം ചെയ്യുന്നതാര് എന്നീ വിഷയങ്ങളില്‍ പി എസ് ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും തമ്മില്‍ ആശയപരമായ ഒരു സംഘര്‍ഷം നടക്കുന്നുമുണ്ട്. എങ്കിലും ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍ താന്‍ മാസാണെന്നും പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ കെല്‍പ്പു വന്നവനാണെന്നും തെളിയിച്ചു. ശബരിമല ട്രാക്കില്‍ നിന്ന് അല്‍പ്പം വിട്ടുപിടിച്ച് മതില്‍ പണിക്കുള്ള നീക്കങ്ങളിലാണ് സുരേന്ദ്രനും കണ്ണുവച്ചിരിക്കുന്നത്. അതാണല്ലോ ഇനി ചൂടുള്ള പോയിന്‍റ്. ജയില്‍ ചപ്പാത്തിയുടെ ആഫ്റ്റര്‍ എഫക്ടാണോ എന്നറിയില്ല. സംസാരത്തില്‍ നല്ല മിതത്വമുണ്ട്. 

പണ്ട് കൂടിവന്നാല്‍ ഒരു സുരേന്ദ്രന്‍ .അതിനപ്പുറത്ത് വലിയ ബാധ്യതകള്‍ ബിജെപി പക്ഷത്തുനിന്ന് സര്‍ക്കാരിന് നേരിടേണ്ടിവരാറില്ലായിരുന്നു. വിഷം തുപ്പുന്ന ചില ഐറ്റങ്ങള്‍ ഉണ്ടെങ്കിലും സ്വത സിദ്ധമായ മണ്ടത്തരത്തിലൂടെ ആ ഉല്‍ക്കകള്‍ ചാമ്പലാകാറാണ് പതിവ്. ഇപ്പോ പക്ഷേ ശക്തരില്‍ ശക്തനും ഭൂമിക്കുതാഴെ എല്ലാത്തിനെയും കുറിച്ച് അറിവുമുള്ള പൂഞ്ഞാര്‍ മഹാരാജാവ് താമരക്കുമ്പിളിലുണ്ട്. നിയമസഭയില്‍ രാജഗോപാല്‍ കനിഞ്ഞു നല്‍കുന്ന സമയമാണ് പിസിയുടെ ആയുധമെങ്കില്‍ സഭക്കു പുറത്ത് അങ്ങനെയല്ലല്ലോ. ഇഷ്ടംപോലെ സമയമുണ്ട്. എന്തും പറയാം. 

 ഇനി കാഴ്ച പിറവം പള്ളുയുടെ പരിസരത്തുനിന്നാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. ആത്മഹത്യാ ഭീഷണി മുഴക്കാന്‍ പാകത്തിനുള്ള ആളുകളെ അണിയറയില്‍ തയ്യാറാക്കാന്‍ മല്‍സരിച്ച് ശ്രമിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്നത്തെ ഉപവാസം അവസാനിപ്പിക്കുകയാണ്. മുന്‍ നിരാഹാരങ്ങള്‍ മനോരമ ന്യൂസ് ഡോട്കോമിലും യുട്യൂബിലുമുണ്ട്. കാണണം. അപ്പോ നന്ദി. തിരുവനന്തപുരംകാര്‍ക്കുമാത്രം ഹര്‍ത്താല്‍ ആശംസകള്‍. 

MORE IN THIRUVA ETHIRVA
SHOW MORE