ചതിയില്‍ വഞ്ചന പാടില്ല; കട്ട മുതലെടുത്ത് മറ്റൊരാളെ വഞ്ചിക്കാന്‍ പാടില്ലായിരുന്നു

kalaesh-sree-chithran-deepa
SHARE

സത്യാഗ്രഹവും നിരാഹാരവും തമ്മില്‍ ആരാണ് കേമന്‍ എന്നൊരു തര്‍ക്കം നടക്കുന്നതിന്‍റെ വൈകാരിക പരിസരങ്ങളില്‍ നിന്നുകൊണ്ടാണ് ഇന്നത്തെ തിരുവാ എതിര്‍വാ ആരംഭിക്കുന്നത്.

കേരളം സങ്കീര്‍ണമായ രണ്ടുപ്രശ്നങ്ങളെ നേരിടുകയാണ് ഇപ്പോള്‍. ഒന്ന് നവോത്ഥാനവും മറ്റൊന്ന് കവിത മോഷണവുമാണ്. മോഷ്ടിച്ചത് കവിതയായതുകൊണ്ടും മോഷ്ടിച്ച ആള്‍ നവോത്ഥാനസാംസ്കാരിക പ്രവര്‍ത്തകനായതുകൊണ്ടും കിട്ടിയ കവിത സ്വന്തം പേരില്‍ പുറത്തിറക്കിയ ആള്‍ നവകേരളസൃഷ്ടിയുടെ ഗുരുസ്ഥാനം അലങ്കരിക്കുന്ന ആളായതുകൊണ്ടും ആണ് ഈ കവിതാ മോഷണവും കേരളനവോത്ഥാനവും അത്യന്തം ഗുരുതരമായ പ്രതിസന്ധിയില്‍ പെട്ടുപോയത്. ഇതേ നേരത്ത് പിണറായി സഖാവ് സമാന്തരമായി നവോത്ഥാന മതിലൊക്കെ സംഘടിപ്പിക്കുന്നുമുണ്ട്. മൊത്തത്തില്‍ സംഗതി പാളിക്കിടക്കുന്നതുകൊണ്ട് തിരുവാ എതിര്‍വാ എന്ന ഈ പരിപാടി നവോത്ഥാന സാംസ്കാരിക ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചില വൈകാരിക പരിസരങ്ങളെ കണ്ടെടുക്കുകയാണ്. ആദ്യം കവിത മോഷണം തന്നെയാവട്ടെ. സര്‍വീസ് മാസികയില്‍ ഒരു കവിത വന്നു. ദീപാനിശാന്തിന്‍റെ പേരില്‍. അപ്പോഴാണ് യഥാര്‍ഥ കവിയായ കലേഷിന് ഇത് തന്‍റെ കവിതയല്ലേ എന്ന് വര്‍ണ്യത്തില്‍ ശങ്ക തോന്നിയത്. അതും കഴിഞ്ഞപ്പോഴാണ് സംഗതി ദീപ ടീച്ചറെ വേറൊരാള്‍ സ്വന്തം കവിതയാണെന്നും പറഞ്ഞ് പറ്റിച്ചതായി കേട്ടത്. ചതിയില്‍ വഞ്ചിച്ച ആ സുഹൃത്ത‌ിന്‍റെ പേര് ശ്രീചിത്രന്‍ എന്നാണ്. ആള് അടുത്തിടെ ഉദയം കൊണ്ട നവോത്ഥാനപോരാളിയായിരുന്നു.

കവിത മോഷ്ടിക്കപ്പെട്ടു എന്നറിഞ്ഞതില്‍ സാഹിത്യകേരളത്തിന് വല്യപ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ സിനിമവരെ സീന്‍ ബൈ സീനായി മോഷ്ടിക്കപ്പെട്ട് നൂറുദിവസം ഓടിയിട്ടുണ്ട്. അതൊക്കെ ആ കൂട്ടത്തില്‍ പെടുത്തി മലയാളകലാലോകം അങ്ങ് സഹിച്ചേനെ. പക്ഷേ മോഷണമാണെന്നും ഇത് തന്‍റെ കവിതയല്ലേയെന്നും ചോദിച്ച് കലേഷ് വന്നപ്പോള്‍ കലേഷിനെ മോഷ്ടാവാക്കിയതാണ് ആകെ സീന്‍ കോണ്‍ട്ര ആക്കിയത്. ടീച്ചറല്ലേ സോഷ്യല്‍മീഡിയയിലെ പ്രമുഖ എഴുത്തുകാരിയല്ലേ ഭൂതകാലത്തെക്കുറിച്ചോര്‍ത്ത് കുളിരുപകരുന്ന ആളല്ലേ എന്നൊക്കെ വിചാരിച്ച് പുരോഗമന രാഷ്ട്രീയ കുട്ടികള്‍ ഒന്നടങ്കം ടീച്ചര്‍ക്ക് പിന്നില്‍ നിന്നതാണ്. പക്ഷേ ചിത്രത്തില്‍ നിന്ന് ശ്രീചിത്രന്‍ പുറത്തുചാടിയതോടെ പെട്ടു.

ഇതൊക്കെ കേള്‍ക്കുമ്പോ ഒന്നേ പറയാനുള്ളു. ചതിയില്‍ വഞ്ചന പാടില്ല. ഒന്നാമത് കട്ടതാണ്. പിന്നെ അതെടുത്ത് മറ്റൊരാളെ വഞ്ചിക്കാന്‍ പാടില്ലായിരുന്നു. അല്ലെങ്കിലും തന്‍റേതല്ലാത്ത കഥ,കവിത സംഭവങ്ങള്‍ സ്വന്തം പേരിലും സ്വന്തം ഫോട്ടോയും വച്ച് അച്ചടിക്കാനും മെനക്കെടാന്‍ പാടില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും ടീച്ചറേക്കാള്‍ വായനശീലം കൂടുതല്‍ അങ്ങേര്‍ക്കാണ്. ഒന്നുല്ലെങ്കിലും അടിച്ചുമാറ്റാനായിട്ടെങ്കിലും പരന്ന വായന അങ്ങേര്‍ക്കുണ്ട്. അടിച്ചുമാറ്റിയവര്‍ അയച്ചുതരുന്നതല്ലാതെ ഒറിജിനലായി വായിക്കാന്‍ ഇനിയെങ്കിലും ദീപടീച്ചറൊന്നും ശ്രമിക്കണം. ഉവ്വ്. തെറ്റുചെയ്യുന്നതുതന്നെ തിരുത്താനായിട്ടാണ്. അതിനൊരു അവസരം കിട്ടാനായിട്ടാണ്. അങ്ങനെത്തന്നെ സംഭവിക്കട്ടെ. എല്ലാവിധ ആശംസകളും. 

നേരത്തെ പറഞ്ഞല്ലോ കേരളനവോത്ഥാനം അതിന്‍റെ ചരിത്രത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോവുകയാണെന്ന്. സാംസ്കാരിക മണ്ഡലത്തിലെ പ്രതിസന്ധി നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനി രാഷ്ട്രീയ ലോകത്തേക്ക് പോയാല്‍ അവിടെ പിണറായി വിജയന്‍ തൊട്ട് രമേശ് ചെന്നിത്തല വരെ പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ നിരാഹാരം കിടക്കുന്ന എ.എന്‍.രാധാകൃഷ്ണന്‍ വരെ മറ്റൊരു പ്രതിസന്ധിയില്‍ കിടക്കുകയാണ്. സമുദായ സംഘടനകളെ കൂട്ടി വനിതാമതില്‍ സംഘടിപ്പിക്കാനുള്ള പിണറായി സഖാവിന്‍റെ പരിപാടിക്കെതിരെ ആദ്യം ചെന്നിത്തല ഒന്നുരണ്ട് പറഞ്ഞതാണ്. ആരും മൈന്‍ഡ് ചെയ്തില്ല. പക്ഷേ ഇപ്പോ വി.എസ്. അച്യുതാനന്ദന്‍ ചിലത് പറഞ്ഞപ്പോഴാണ് ചെന്നിത്തലയുെട ശ്വാസം ഒന്നു നേരെ വീണത്. ഇനി ചെന്നിത്തല പൊളിക്കും.

ചെന്നിത്തലയ്ക്ക് പലതും തെളിയിക്കാനുണ്ടായിരുന്നു. ഒന്നാമത് തന്നെ ആരും കാര്യമായിട്ടെടുക്കുന്നില്ലെന്നൊരു പരാതി രമേശ് ചെന്നിത്തലയ്ക്ക് ചെന്നിത്തലയോട് തന്നെയുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വരെ അങ്ങനെയല്ലേ പെരുമാറുന്നത്. പൊതുവെ കാനം രാജേന്ദ്രനായിരുന്നു പ്രതിപക്ഷം കളിച്ച് രക്ഷക്കെത്താറ്. ഇപ്പോ സാക്ഷാല്‍ വി.എസിനെ തന്നെ കിട്ടി.

പിണറായി കാലത്തെ നവോത്ഥാനം ഒരു പ്രത്യേക തരം നവോത്ഥാനമാണ്. അത് നമ്മള്‍ വിചാരിക്കുംപോലെയുള്ള ഒന്നല്ല. ഇന്നലെ വരെ പാരമ്പര്യവാദിയും പിന്തിരിപ്പനും വര്‍ഗീയവാദിയുമായവര്‍ വരെ ഒരു സുപ്രഭാതത്തില്‍ നവോത്ഥാന മതിലുകള്‍ക്ക് മുന്നിലുണ്ടാവും. അതുകൊണ്ടാണ് അയോധ്യയില്‍ കര്‍സേവക്കൊക്കെ പോവുകയും ശബരിമലയില്‍ യുവതീപ്രവേശത്തിനെതിരെ അക്രമങ്ങള്‍ സംഘടിപ്പിച്ചതുമായ സി.പി.സുഗതനൊക്കെ മനംമാറ്റമുണ്ടായി ആളുകളെ ഞെട്ടിക്കുന്നത്. ഈ പിണറായിയെ സമ്മതിക്കണം.

ഇതിന്‍റെ കൂടെയാണ് നമ്മുടെ വെള്ളാപ്പള്ളി നടേശന്‍ ചേട്ടന്‍റെ വരവ്. പുള്ളി എപ്പോഴും ഇങ്ങനെയാണ്. കാലുകള്‍ രണ്ടും രണ്ടിടത്ത് വച്ചേ മുന്നോട്ട് പോവാറുള്ളു. രണ്ടിലേറെ കാലുണ്ടായിരുന്നെങ്കില്‍ പലതും കാണിച്ചുതരാമായിരുന്നു. ഇതിപ്പോ ശബരിമല സ്ത്രീപ്രവേശവിഷയത്തില്‍ നടേശന്‍ ചേട്ടന്‍ ഭക്തര്‍ക്കൊപ്പമാണ്. എന്നാല്‍ നവോത്ഥാനം എന്നുകേട്ടാല്‍ മറ്റേകാലുകൊണ്ട് നവോത്ഥാനത്തില്‍ ചവിട്ടാനും പോകും. തിരുവാ എതിര്‍വായുടെ ഇന്നത്തെ സാംസ്കാരിക ഇടപെടല്‍ ഇവിടെ അവസാനിപ്പിക്കുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE