റബറിനെ തള്ളിപ്പറഞ്ഞ ആദ്യ കോട്ടയംകാരൻ

thiruva
SHARE

ശബരിമല വിഷയം ഉന്നയിച്ച് ഹൈക്കോടതിയില്‍ ചെന്ന ശോഭ സുരേന്ദ്രന് ഇത് ചെറിയ കളിയല്ലെന്ന് നന്നായി മനസിലായി. ഹൈവോള്‍ട്ട് പണിവാങ്ങിയ ശോഭ ചേച്ചിക്കായി വക്കീല്‍ നീതിപീഠത്തോട് മാപ്പുപറഞ്ഞു. കോടതിക്കുള്ളില്‍ കൂനിക്കൂടി നിന്ന നേതാവ് പക്ഷേ പുറത്തിറങ്ങിയപ്പോ പുള്ളിപ്പുലിയായി. 

*************************************

ഇക്കാലത്ത് കുടുംബസ്നേഹം പാടില്ലെന്ന് നന്നായി തിരിച്ചറിഞ്ഞവനാരെന്ന ചോദ്യത്തിന് രണ്ടുമൂന്നുത്തരങ്ങളുണ്ട്. ഇപി ജയരാജന്‍ പികെ ശ്രീമതി എന്നിവരായിരുന്നു പട്ടികയില്‍ നേത്തെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോ മുമ്പന്തിയില്‍ തന്നെ സീറ്റൊത്തിരിക്കുകയാണ് കുറ്റിപ്പുറത്തിനടുത്ത് തവനൂരില്‍നിന്ന് കുറ്റീംപറിച്ചെത്തിയ കെടി ജലീല്‍. പുലിക്കുട്ടിയെന്നായിരുന്നു മുമ്പ് പേരെങ്കില്‍ ഇപ്പോള്‍ കുടുംബത്തിനുവേണ്ടി നില്‍ക്കുന്ന സ്നേഹക്കുട്ടിയാണ് കക്ഷി. മറ്റുള്ളവരെ മനസറിഞ്ഞ് സഹായിക്കുന്നവന് തിരിച്ചും തുണ കിട്ടുമെന്ന് തെളിയിക്കുകയാണ് ജലീല്‍ സംഭവം. മുഖ്യമന്ത്രി പിണറായി രണ്ടും കൈയ്യും ചേര്‍ത്ത് സംരക്ഷിക്കുകയാണ് ഈ നല്ല മനസുകാരനെ. തന്‍റെ നേരെ വരുന്ന അമ്പുകള്‍ തടുക്കാന്‍ ആ തുണയുടെ പരിച മാത്രം മതി ജലീലിന്. ശബരിമലയും നിയമസഭയും ഒന്നിച്ചാക്കി സഭരിമല എന്ന ലൈനില്‍ പോവുകയായിരുന്ന പ്രതിപക്ഷം ഇന്ന് ഗിയര്‍ മാറി. ബന്ധുനിയമനത്തിന്‍റെ പേരില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നതാണ് ആവശ്യം. 

*************************************

ഇന്ന് നിയമസഭക്കുമുന്നില്‍ പിഎംജി ജഗ്ഷന്‍വഴി പോയ നാട്ടുകാര്‍ക്ക് നല്ല മലപ്പുറം മോഡല്‍ മുദ്രാവാക്യം കേള്‍ക്കാനായി എന്നതാണ് ഇന്നത്തെ ഹൈലൈറ്റ്. നല്ല താളം. നല്ല ഓളം. എല്ലാത്തിനുമുപരി നല്ല പ്രാസം. പക്ഷേ മുദ്രാവാക്യം വിളി എന്നുപറയാനാവില്ല. മുദ്രാവാക്യം പറച്ചില്‍ എന്നു വേണേല്‍ പറയാം

********************************************

രമേശ് ചെന്നിത്തലക്ക് ഒപ്പം നില്‍ക്കാന്‍ ഒരു ടീമില്ലാത്തതാണ് നിയമസഭയില്‍ പ്രതിപക്ഷം നേരിടുന്ന ഇപ്പോളത്തെ പ്രശ്നം. നേതാക്കളെല്ലാം അവനവനിസത്തിന്‍റെ അടിമകളായതുകൊണ്ട് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനമേ പൊതുവെ വലതന്മാര്‍ കൊടുക്കാറ് പതിവുള്ളൂ. എങ്കിലും രമേശന്‍ തൊണ്ടപൊട്ടി പൊരുതുന്നുണ്ട്. ബ്രൂവറിക്കുപിന്നാലെ എത്തിയ ബന്ധുനിയമന വിവാദം പ്രതിപക്ഷത്തിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. എല്ലാം ആ പാവം പികെ ഫിറോസിന്‍റെ മിടുക്ക്. ചെന്നിത്തല ഓന് എത്ര കുതിരപ്പവന്‍ നല്‍കിയാലും മതിയാവില്ല

**********************************

ലീഗിന് ഇപ്പോള്‍ പികെ ഫിറോസ് എന്താണോ അതായിരുന്നു ഇന്നലകളിലെ കെടി ജലീലിന്‍റെ സ്ഥാനം.  സ്വന്തം മകനായി കണ്ട് വളര്‍ത്തിയ കുഞ്ഞാപ്പക്കിട്ട് പതിനാറിന്‍റെ പണിയും കൊടുത്ത് പാളയം മാറികയറിയത് ആരും മറന്നുകാണില്ല. ആര് മറന്നാലും എംകെ മുനീര്‍ മറക്കില്ല. അതുകൊണ്ട് മുനീറിന് ഇങ്ങനെയൊന്നും പറയാതിരിക്കാനുമാവില്ല. സൗത്ത്ഇന്ത്യന്‍ ബാങ്കില്‍ പണമെണ്ണിക്കഴിഞ്ഞവനെ വിളിച്ചിറക്കികൊണ്ടുവന്ന കഥ നാട്ടില്‍ പാട്ടായതോടെ ബാങ്കിനുവരെ ചീത്തപ്പേരായെന്നതാണ് സത്യം. 

***************************

ആ പറച്ചില്‍ അല്‍പ്പം കടന്നുപോയി. അണ്‍പാര്‍ലമെന്‍ററിയാണോ എന്ന് സംശയം തോന്നിയാലും തെറ്റുപറയാനാവില്ല. പിന്നെ പണ്ട് ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണല്ലോ. അതാണ് ആശ്വാസം

**********************

രാവിലെ നല്ല കുട്ടിയായി നിയമസഭയില്‍ സഹകരണം വാഗ്ദാനം ചെയ്തതാണ് പ്രതിപക്ഷം. ജലീല്‍ വിഷയത്തില്‍ അടിയന്തരപ്രമേയം മൂത്തപ്പോള്‍ ഇറങ്ങിപ്പോക്ക്. ചരാചരങ്ങള്‍ പിന്നാലെയുണ്ടെന്നുകരുതി നിയമസഭക്കുള്ളിലെ കാന്‍റീനില്‍ എത്തിയ ചെന്നിത്തല ചായക്കുള്ള എണ്ണം തിരഞ്ഞപ്പോളാണ് പിന്നില്‍ ആരുമില്ലെന്നും ഒറ്റക്കാണ് ഇത്രയും ദൂരം വന്നതെന്നും മനസിലായത്. ഹൈബി അന്‍വര്‍സാദത്ത് റോജി തുടങ്ങിയ അഭനവ തീപ്പൊരുകള്‍ കൊതി തീരാത്തതിനാല്‍ നടുത്തളത്തിലിറങ്ങിയും കേറിയും കുളം കര കളിക്കുകയായിരുന്നു. എല്ലാം ഒന്ന് ശാന്തമായപ്പോളാണ് ജി സുധാകരന്‍ വെറുതെ പിള്ളേരുസെറ്റിനുനേരെ കൈ വീശിയത്. കവിയായ മന്ത്രിയാണോ മന്ത്രിയായ കവിയാണോ എന്ന സംശയമുള്ളതിനാല്‍ അത് തീര്‍ത്തേക്കാം എന്നുകരുതി അന്‍വര്‍ സാദത്ത് ഭരണപക്ഷ ബഞ്ചിനുനേരെ നടന്നു. പിന്നെ പോരെ പൂരം. ഒടുവില്‍ എല്ലാ ഐറ്റങ്ങളെയും വല്ല വിധേനെയും വലിച്ചിറക്കി ചെന്നിത്തല ബഹിഷ്കരണം പ്രഖ്യാപിച്ചു. ശേഷമാണ് സഭ ശരിക്കും സഭയായത്. 

*************************************

ആരും പോകരുത്. റബറിനെ തള്ളിപ്പറഞ്ഞ ആദ്യ കോട്ടയംകാരനെ പരിചയപ്പെടുത്താം. 

***********************

താമരത്തണ്ട് കണ്ട് കണ്ണും മനസും മഞ്ഞളിച്ച പിസി ജോര്‍ജ് ഒടുവില്‍ കേരള കോണ്‍ഗ്രസിന്‍റെ ദേശീയ വൃക്ഷമായ റബറിനെ തള്ളിപ്പറഞ്ഞു. എവിടെ വലിച്ചെറിഞ്ഞാലും പരുക്ക് പറ്റാതെ തത്തിക്കളിക്കുന്ന സാധനമാണ് റബര്‍. തീട്ടിയാല്‍ നീളും വിട്ടാല്‍ പൂര്‍വ സ്ഥിതി. ഈ രണ്ടു സ്വഭാവവും  പാല പൂഞ്ഞാര്‍ ഭാഗങ്ങളിലെ കോരള കോണ്‍ഗ്രസിനുള്ളതാണു താനും. എന്നിട്ടും പിസി റബറിനെ തള്ളിപ്പറഞ്ഞു. കടക്കല്‍ കത്തിവയ്ക്കണമെന്നു പറഞ്ഞു. താമര പൊയ്കകളാണ് ഇനി പൂ‍ഞ്ഞാറില്‍ ഉണ്ടാവുകയെന്ന് സൂചന. എന്നാലും പിസീ അരുതരുതായിരുന്നു

******************************

വനിതാമതിലിന് മഞ്ഞപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് എസ്എന്‍ഡിപിയുടെ മഞ്ഞക്കൊടി. എന്നാല്‍ ശബരിമലയും നവോത്ഥാനവും രണ്ടാണെന്നും കണിച്ചികുളങ്ങരയില്‍നിന്ന് അരുളപ്പാടുണ്ടായിരിക്കുന്നു. നവോത്ഥാനതീരുമാനത്തിനുള്ള യോഗം വേഗം താര്‍ക്കൂ. തനിക്ക് യുവതീ പ്രവേശനത്തിനെതിരായ പരിപാടിയില്‍ പ്രസംഗിക്കാന്‍ തിരക്കുണ്ടെന്നുപറഞ്ഞ് തുഷാര്‍വെള്ളാപ്പള്ളി അച്ഛനൊപ്പം അനുസരണയോടെ നിന്നു. മതില്‍ എന്നത് പിരിച്ചെഴുതിയാല്‍ മതി ഇതിലേ എന്നാകും. അപ്പോ മതിലുപണി എന്താകുമെന്നതാണ് ഇനി കാണാനുള്ള കാഴ്ച

**********************

പിണറായി മതിലുപണിയാന്‍ കൂട്ടിയ ചാന്തില്‍ വെള്ളം കോരിയൊഴിച്ചുകൊണ്ട് സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. കുറച്ചുനാളായി വല്യ അനക്കമില്ലായിരുന്നു. ആ കുറവ് ഈ വരവില്‍ തീര്‍ക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

******************************

പഴയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ കെപിസിസി പ്രസിഡന്റും  നിലവിലെ സംസ്ഥാന ആഭ്യന്ത്രരമന്ത്രിയായ മുഖ്യനും നേര്‍ക്കുനേര്‍. ഡിജിപി നിയമനത്തില്‍ പിണറായിക്കിട്ട് ആപ്പടിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ താന്‍ വെറുമൊരു കെപിസിസി പ്രസിഡന്‍റല്ല എന്ന് പ്രഖ്യാപിച്ചിരുന്നു. പുച്ഛിച്ച് ചിരിച്ചാണ് പിണറായി മറുപടി കൊടുത്തത്. അത് കുറിക്കു കൊണ്ടു. മറുപടിയുമായി വന്നിട്ടുണ്ട് വടകരക്കാരന്‍

*****************************

ഡിജിപ്പിക്കിട്ട് മാന്തുന്നതിന് മുമ്പ് നാട്ടുകാരനായ കെ. സുരേന്ദ്രന്റെ അവസ്ഥ ഒന്ന് ആലോചിക്കുന്നത് നല്ലതാണെന്നാണ് മുല്ലപ്പള്ളിയോട് പറയാനുള്ളത്. കാരണം വെറുതെയങ്ങ് പിടിക്കും. പിന്നെ ജയിലായ ജയിലൊക്കെ കേറേണ്ടിവരും. വഴിയെ സകല കേസുകളും അങ്ങെടുത്തിടും. ഒറിജിനലേതാ ഡ്യൂപ്ലിക്കേറ്റാതാ എന്ന് തിരിച്ചറിയുമ്പോഴേക്കും അടുത്തകേസുവരും. 

MORE IN THIRUVA ETHIRVA
SHOW MORE