മന്ത്രിമാരുടെ നാവിനെ മുഖ്യന് വിശ്വാസമില്ലേ?

thiruva
SHARE

രാജാവിനെതിരെ പറയുന്നവരുടെ നാവു പിഴുതെടുക്കുന്ന കഥകള്‍ മുത്തശിമാര്‍ പറഞ്ഞുതന്നിട്ടുണ്ടാകുമല്ലോ. അതൊക്കെ കഥയാണെന്ന് അങ്ങ് വിശ്വസിക്കാന്‍ വരട്ടെ. കാലം മാറിയപ്പോള്‍ രാജഭരണം മാറി. മന്ത്രി ഭരണം വന്നു. ഇപ്പോള്‍ അത്തരത്തിലൊരു മന്ത്രിസഭ ഭരിക്കുമ്പോള്‍ ഒരുത്തരവിറങ്ങിയത്രേ. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിയന്ത്രിക്കുക എന്നതാണ് ഉത്തരവിന്‍റെ ലക്ഷ്യം. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നവരുടെ തലയറക്കുമെന്നോ നാടുകടത്തുമെന്നോ അതില്‍ എഴുതിവച്ചിട്ടിച്ചെങ്കിലും സംഗതിയുടെ ആകെത്തുക അതുതന്നെയാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും അനുമതി തേടരുതെന്നാണ് തിട്ടൂരം. എന്നുവച്ചാല്‍ നാട്ടില്‍ ഇനി കുറച്ചുനാളത്തേക്ക് കൈരളി ദേശാഭിമാനി എന്നീ സംവിധാനങ്ങളെ നമ്മള്‍ അനുകരിക്കണമത്രേ. റാന്‍ മൂളണമെന്നു സാരം. ഈ ഉത്തരവ് അട്ടത്ത് ഉണങ്ങാന്‍ വച്ചിരുന്ന കഴിഞ്ഞ ദിവസം നിലവിലെ ഭരണാധികാരി മാധ്യമങ്ങളോടെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെക്കുറിച്ച് വാചാലനായി. പള്ളിത്തര്‍ക്കവിഷയത്തിലെ കോടതി വിധിയാണ് പശ്ചാത്തലം. കോടതി ചോദ്യം ചോദിക്കുന്നത് കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണെന്നാണ് മുഖ്യന്‍റെ കണ്ടെത്തല്‍. എന്നുവച്ചാല്‍ ബാക്കിയുള്ളവര്‍ ചോദിക്കുന്നത് നാക്കിന്‍റെ ഇറിറ്റേഷന്‍ മാറാനാണല്ലോ

**************************************

ആഭ്യന്തര സെക്രട്ടറിയാണ് മാധ്യമങ്ങളുടെ മൈക്കിന്‍റെ വയറൂരാനും പേനയുടെ മഷി ഒഴുക്കികളയാനും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സ്വന്തം മന്ത്രിമാരുടെ നാവിനെ മുഖ്യന് വിശ്വാസമില്ലാത്തതിനാലാണോ ഇങ്ങനൊരു കലാപരിപാടി എന്നു സംശയമുണ്ട്. അടുത്തിടെയായി നമ്മുടെ ബാലന്‍ മന്ത്രിയും കടകംപള്ളിയുമൊക്കെ മൈക്കുകള്‍ക്കുമുന്നില്‍ വല്ലാതെ തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. അത് മുഖ്യന് ഇഷ്ടപ്പെട്ടുകാണാന്‍ വഴിയില്ല. പോരാത്തതിന് പിണറായി അമേരിക്കയില്‍ പോയ സമയത്ത് മുക്കിന് മുക്കിന് വാര്‍ത്താ സമ്മേളനങ്ങളും പതിവായിരുന്നു. പ്രതിപക്ഷത്തിന് ഈ വിലക്ക് ബാധകമല്ല എന്ന് രമേശ് ചെന്നിത്തല ഓണ്‍ ദി സ്പോട്ടില്‍ പ്രതികരിച്ചു. 

**************************************

പുള്ളി ഇങ്ങനെ പറയാന്‍ മറ്റൊരു കാരണവുമുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വായും പ്ലാസ്റ്ററിട്ട് മൂടിയിട്ടുണ്ട് സര്‍ക്കാര്‍. മൂന്നു ദിവസമായി ശബരിമല വിഷയം ഉയര്‍ത്തി നാമജപത്തേക്കാള്‍ ഒച്ചത്തില്‍ അലറുകയാണ് രമേശും കൂട്ടരും. വിവാദത്തെതുടര്‍ന്ന് വിലകൂടിയ കണ്ണാടി മാറ്റിയതുകൊണ്ടാണോ എന്നറിയില്ല,  പ്രതിപക്ഷത്തിന്‍റെ നിലവിളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കേള്‍ക്കുന്നേയില്ല. പേരില്‍ കൃഷ്ണനുള്ളതുകൊണ്ട് അയ്യപ്പനോട് കക്ഷിക്ക് അത്ര പഥ്യമില്ല എന്നാണ് ഇതിനു കാരണമായി പ്രതിപക്ഷം കണ്ടെത്തിയിരിക്കുന്നത്. കാരണം എന്തായാലും ശബരിമലകാരണം നിയമസഭ ഹരിവരാസനം പാടി എന്നും നേരത്തേ അടക്കുകയാണ്. 

**************************************

അതെ ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ തുടങ്ങിയ ഭാവനാ സമ്പന്നമായ പദ്ധതി. അന്ന് കസേരയും മൈക്കുമൊന്നും പറന്ന കാഴ്ച ആരും മറന്നുകാണില്ലല്ലോ അല്ലേ. സഭക്കകത്ത് സംസാരിക്കാന്‍ സമ്മതിച്ചില്ലെങ്കിലും സ്പീക്കര്‍ ചെന്നിത്തലക്ക് മീഡിയാ റൂമില്‍ ആവോളം സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ എട്ടരക്കാണ് സഭയില്‍ ചോദ്യോത്തരവേള തുടങ്ങുക. ഒരുമണിക്കൂറാണ് ആ കലാപരിപാടി. തുടര്‍ന്ന് സീറോ അവര്‍. അപ്പോളാണ് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടുക. ചോദ്യോത്തര വേളക്കുപകരം അടിയന്തിര പ്രമേയം പരിഗണിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. സ്പീക്കര്‍ വഴങ്ങുന്നില്ല. ഒരു മണിക്കൂര്‍ കാക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല .ഈ നാടകം ഇന്ന് മൂന്നാം ദിവസമാണ്. അതായത് മൂന്നുദിവസം മുമ്പ് ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ തുടങ്ങുമായിരുന്ന അടിയന്തിര പ്രമേയ ചര്‍ച്ച മൂന്നു ദിവസമായിട്ടും നടന്നിട്ടില്ല. എന്തരോ എന്തോ

**************************************

പണ്ട് നിയമസഭയില്‍ കസേരകളിക്കിറങ്ങിയതിന്‍റെ ക്ഷീണം അടുത്ത കാലത്തെങ്ങും സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ വിട്ടുപോകുന്ന ലക്ഷ്ണമില്ല. പൊന്നാനിയില്‍ നിരവധി കസേരകളികളില്‍ താന്‍ അച്ചടക്കത്തോടെ പങ്കെടുത്തനിന്‍റെ സാക്ഷ്യപത്രം കാട്ടിയിട്ടും പ്രതിപക്ഷത്തിന് വിശ്വാസം വന്നിട്ടില്ല. കിട്ടിയ ആ കസേരയുടെ പിടിയില്‍‌ നിന്ന് വിടാനും ഒരുക്കമല്ല.

**************************************

പിണറായിയുടെ മംഗലാപുരം പ്രസംഗം കേള്‍ക്കാത്ത ഏക വ്യക്തി രമേശ് ചെന്നിത്തല ആണെന്നു തോന്നുന്നു. പിണറായിക്കാരന്‍ വിജയേട്ടന് ഭയമുണ്ടെന്ന് വിശ്വസിച്ചാണ് ചെന്നിത്തലക്കാരന്‍ രമേശന്‍ ജീവിക്കുന്നത്. ആ ധാരണ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്

**************************************

കടകംപള്ളി സുരേന്ദ്രനെന്ന കറയറ്റ ഭൗതികവാദിയെ കടുത്ത വിശ്വാസിയാക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി സര്‍ക്കാരിന്‍റെ വലിയ നേട്ടമായി കാലം വിലയിരുത്താന്‍ പോകുന്ന സംഗതി. അല്ലെങ്കിലും തിരുവന്തപുരത്തുകാരുടെയെല്ലാം ഉള്ളില്‍ ഒരല്‍പ്പം ഭക്തിയൊക്കെയുണ്ട്. ചുവന്ന കൊടികൊണ്ട് എത്ര മൂടിവച്ചാലും അത് മറനീക്കി വരുക തന്നെ ചെയ്യും. കടകംപള്ളി സ്വാമിശരണം പറയുന്നതിനായി കട്ട വെയിറ്റിങ്ങ്

**************************************

മോഷണം ഒരു കലയാണെന്ന് മോഷ്ടാക്കള്‍ കാലങ്ങളായി പറയുന്നുണ്ടെങ്കിലും അത് സമൂഹം അംഗീകരിച്ചിട്ടില്ല. അത് അങ്ങനങ്ങ് അംഗീകരിച്ചിരുന്നെങ്കില്‍ ഈ പറയുന്ന കോലാഹലം ഒന്നും ഉണ്ടാകുമായിരുന്നില്ല. അധ്യാപികയും സോഷ്യല്‍ മീഡിയയിലെ പ്രമുഖയുമായ ദീപാ നിശാന്തിന്‍റെ പേരില്‍ ഒരു കവിത പ്രത്യക്ഷപ്പെട്ടു. പക്ഷേ ചെറിയൊരു കുഴപ്പം. 2011 ല്‍ ഇതേ വരികള്‍ മറ്റൊരാള്‍ എഴുതിയിരുന്നു. അന്ന് കലേഷ് എന്ന കവി കുറിച്ചത് കുറച്ച് മാറ്റങ്ങളോടെ പുനസൃഷ്ടിക്കപ്പെട്ടു. മോഷണമല്ല എന്ന് കവയത്രി. പക്ഷേ ഏഴുവര്‍ഷം മുമ്പ് കലേഷ് മതിലിലേക്കുകയറാന്‍ ഉപയോഗിച്ച ചാമ്പമരം ഒട്ടും വലുതാകാതെ ഇപ്പോളും നില്‍ക്കുന്നതാണ് അല്‍ഭുതം.

**************************************

കോപ്പി റൈറ്റുള്ള പരിപാടിയായ തിരുവാ എതിര്‍വായുടെ മുന്‍എപ്പിസോഡുകള്‍ മനോരമ ന്യൂസ് ഡോട്ട് കോമിലും യൂ ട്യൂബിലും കാണാം. ഒന്നു തിരഞ്ഞാല്‍ മതി. 

MORE IN THIRUVA ETHIRVA
SHOW MORE