വാക്ക് മാറാത്ത നാക്കുകാരന്‍; പിസിയുടെ ഈ വർഷത്തെ നിലപാടുകൾ

pc-in-black
SHARE

നിയമസഭ തുടങ്ങി. അതിനാല്‍ ഇനി അങ്ങോട്ട് വലിയ തള്ളായിരിക്കും. ഐ മീന്‍ ഉന്തും തള്ളും. സഭയില്‍ പ്രതിപക്ഷത്തെ നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് കഴിയാതെ വന്നാല്‍ വല്‍സന്‍ തില്ലങ്കേരിയുടെ സഹായം തേടാവുന്നതാണ്. ശബരിമലയിലെ പ്രക്ഷോഭക്കാരെ ഒരു മൈക്കിന്‍റെ മാത്രം സഹായത്താല്‍ സൈലന്‍റാക്കിയ തില്ലങ്കേരിക്ക് ഇല്ലോളം പോന്ന പ്രതിപക്ഷത്തെ ഒതുക്കാന്‍ ചെറുവിരലിന്‍റെ പകുതിപോലും വേണ്ടിവരില്ല. അപ്പോ ഇക്കാര്യം അടിയന്തരമായോ ഉപക്ഷേപമായോ പരിഗണിക്കണമെന്ന് സ്പീക്കറെ ഓര്‍മിപ്പിക്കുന്നു.

കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോ പറയാന്‍ പോകുന്നത് ഒരു അഭിനവ ഭീമന്‍  താമരപ്പൂ തേടി പോകുന്ന കഥയാണ്. അതെ പൂഞ്ഞാറില്‍ താമര സുഗന്ധം. കാഞ്ഞിരപ്പള്ളിയില്‍ എന്തും വിളയും എന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ട്. അത് ശരിയാണ്. അധ്വാനികളായ അച്ചായന്മാര്‍ പാറപ്പുറത്തുവരെ വിളവിറക്കും. നൂറുമേനി കൊയ്യുകേം ചെയ്യും. പിന്നെ അവര്‍ക്കുള്ള മറ്റൊരു വീക്നസ് കുടിയേറ്റമാണ്. നാട്ടില്‍ അരയേക്കര്‍ വാങ്ങാന്‍ മുടക്കുന്ന തുക ഉണ്ടെങ്കില്‍ പച്ചപ്പുപോലുമില്ലാത്ത കരിമ്പാറക്കെട്ടുകളില്‍ നാലേക്കര്‍ ഭൂമികിട്ടുമെന്നുകേട്ടാല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി അവര്‍ പുതിയ ഇടത്തെ വിശാലമായ പറമ്പിലേക്ക് കുടിയേറും. അത് ജാസ്തിയാലുള്ള സ്വഭാവമാണ്. കേരള കോണ്‍ഗ്രസാകട്ടെ കേരള ജനപക്ഷമാകട്ടെ, പൊടിക്ക് കിഴക്കന്‍ കാറ്റേറ്റ് വളര്‍ന്ന എല്ലാ ഐറ്റങ്ങള്‍ക്കും അത് ബാധകമാണ്. അതേ നമ്മുടെ പിസി ജോര്‍ജും ചെയ്തുള്ളൂ. സഹകരിക്കാന്‍ തീരുമാനിച്ചു. നിയമസഭയില്‍ ഒ രാജഗോപാലേട്ടനും ജോര്‍ജുസാറും ഇനി ഒന്നിച്ചിരിക്കും. രാജേട്ടന് ഒരു തുണയുമായി പിസിക്ക് മിണ്ടാനും പറയയാനും ഒരാളുമായി.

പിസി ജോര്‍ജിന്‍റെ വയറുകണ്ട ശ്രീധരന്‍പിള്ള വക്കീല്‍ ആ വയറ്റില്‍ നിന്ന് ഒരാളെക്കൂടി ബിജെപിക്ക് കിട്ടുമെന്ന് കരുതിയാല്‍ അതില്‍ തെറ്റുപറയാനുമില്ല. ആരായാലും സംശയിച്ചുപോകും. ഒ രാജഗോപാല്‍ നിയമഭയില്‍ തനിക്ക് സംസാരിക്കാന്‍ അനുവദിച്ചു കിട്ടുന്ന സമയം പിസിക്ക് മൂന്നുവര്‍ഷമായി മറിച്ചു കൊടുക്കുകയായിരുന്നു അത്രേ. ജോര്‍ജ് നിയമസഭയില്‍ വരാത്ത ദിവസങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോളാണത്രേ ബ്വണ്ടര്‍ ചോദ്യങ്ങള്‍ രാജേട്ടന്‍ ഉന്നയിക്കാറ്. അല്ല പിസി എന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്.

അപ്പോ കോണ്‍ഗ്രസാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു രണ്ടുമിനിട്ട് പിസിക്ക് കൊടുത്തിരുന്നേല്‍ ഈ പറഞ്ഞ കുടിയേറ്റം ഒഴിവാക്കാമായിരുന്നു. പിള്ള വക്കീല്‍ ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റ ഉടന്‍ ആദ്യം വാങ്ങിയത് വലിയ ഒരു ചാക്കായിരുന്നു. അത് പലവിധ താരങ്ങളെക്കൊണ്ട് നിറക്കുമെന്ന് വക്കീല്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ പിള്ളേച്ചന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകും ഈ ചാകര കൊയ്ത്തെന്ന് വിലയിരുത്തുന്നവരുണ്ട്. ചില തൂവലുകള്‍ മുള്‍ക്കിരീടമാകാന്‍ അധികം സമയം വേണ്ട എന്ന് പിസിയെ ചുമന്നിട്ടുള്ള ചിലര്‍ അടക്കം പറയുന്നതും അങ്ങിങ്ങ് കേള്‍ക്കാം. എന്തായാലും പിസിയെ സമ്മതിക്കണം. ബിജെപിയുമായി സഹകരിക്കുന്നതിനല്ല. ഒറ്റ ദിവസം കൊണ്ട് തനിക്ക് പാകമായ കറുത്ത റെഡിമെയ്ഡ് ഉടുപ്പ് ഒപ്പിച്ചതിന്. അതെ പിസി ഇനി നല്ലവനാണ്. പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുകയുമില്ല. 

വാക്ക് മാറാത്ത നാക്കുകാരന്‍ പിസി ജോര്‍ജിനെ. ഏത് കരിമലയും പിസിക്ക് മുന്നില്‍ മുട്ടുകുത്തും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനംതിരായി നിലപാടുള്ളവര്‍ കറുപ്പണിയും എന്ന തീരുമാനം അറിയാത്തതായി കേരളത്തില്‍ രണ്ടേ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. റോഷി അഗസ്റ്റിനും ടിവി രാജേഷം. ഭരണപക്ഷത്തെ ഈ രണ്ട് എംഎല്‍എ മാരും കറുപ്പിട്ട് സഭയിലെത്തിയപ്പോള്‍ സാക്ഷാല്‍ പിണറായിവരെ ഞെട്ടി. പിന്നെയാണറിഞ്ഞത് അവരക്‍ സ്വാമിമാരല്ലെന്ന്.  പിസിയുടെ ഈ വര്‍ഷത്തെ നിലപാടുകളുടെ പട്ടിക സോഷ്യല്‍ മീഡിയ പുറത്തുവിട്ടു. ഓഗസ്റ്റില്‍ എസ്ഡിപിഐക്കൊപ്പം, സെപ്റ്റംബറില്‍ ദിലീപിനൊപ്പം, ഒക്ടോഹറില്‍ ബിഷപ്പ് ഫ്രാങ്കോക്കൊപ്പം, നവംബറില്‍ ഇതാ ബിജെപ്പിക്കൊപ്പം. ഡിസംബറോടെ ഈ വര്‍ഷം തീരും എന്ന ആശ്വാസത്തോടെ‌.

നിയമസഭാ സമ്മേളനമെന്ന പതിവ് കലാപ പരിപാടിക്ക് തുടക്കമായിട്ടുണ്ട്. കേരളത്തെ അടുത്തിടെ പിടിച്ചുകുലുക്കിയ രണ്ടു സംഭവങ്ങള്‍ ഒന്നിച്ച് സഭയിലെത്തി. മഹാപ്രളയം ഭരണപക്ഷം കൊണ്ടുവന്നപ്പോള്‍ ശബരിമലയുടെ പേരിലെ കോലാഹലങ്ങളുമായി പ്രതിപക്ഷവുമെത്തി. സാധാരണ ചോദ്യോത്തരവേളക്കു ശേഷമാണ് തമ്മിലടി. അടിയന്തര പ്രമേയമായി നല്കിയ വിഷയം അടിയന്തിരമായി ചോദ്യോത്തര വേളക്കുപകരം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളവും പിന്നിട്ട് സ്പീക്കറുടെ പടിക്കലെത്തി. പണ്ട് ആ ഡയസിനുമുകളില്‍ വലിഞ്ഞുകയറി കസേര വലിച്ചറിഞ്ഞ അനുഭവ പരിചയം മറന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷം ഇന്ന് ചെയ്തത് അസാധാരണമായ നടപടിയാണ് എന്ന് തീര്‍ത്തുപറഞ്ഞു. പ്രളയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സമ്മേളനത്തില്‍ പോലും ചോദിക്കാനോ പറയാനോ അവസരം നല്‍കാതിരുന്ന സജി ചെറിയാന് ഇക്കുറി ചോദ്യത്തിന് അവസരം.  അതിന് വിസ്തരിച്ച് മുഖ്യന്‍റെ മറുപടി. അതായത് ഒരു മണിക്കൂര്‍ ചോദ്യോത്തര വേളയില്‍ മുപ്പതു സെക്കന്‍റ് ചോദ്യവും ബാക്കി നാല്‍പ്പത്തിയഞ്ച് മിനിട്ട് മറുപടിയും. ചോദ്യോത്തര വേള എന്ന പേര് ഉത്തര വേള എന്നാക്കി മാറ്റിയാല്‍ തെറ്റില്ല.

ഇത്തരം കൊന്നാലും മേശപ്പുറത്തു വയ്ക്കില്ലെന്ന് മുഖ്യന്‍. പിണറായിയുടെ ഈ തന്ത്രം ചെന്നിത്തലക്ക് അത്ര പിടിച്ചില്ല. ദേഷ്യം വന്നാല്‍ പിന്നെ രമേശന്‍ ഇംഗ്ലീഷ് പുറത്തിറക്കും. അതാ ശീലം. അമേരിക്കന്‍ ചികില്‍സ എങ്ങനെയുണ്ടായിരുന്നു എന്ന് ഇന്നേവരെ ആരും പിണറായിയോട് ചോദിച്ചിട്ടില്ല. വേറൊന്നും കൊണ്ടല്ല, വെറുടെ വായിലിരിക്കുന്നത് കേള്‍ക്കണ്ട എന്നോര്‍ത്താ. ചികില്‍സയിലൂടെ താന്‍ ശക്തനും ആരോഗ്യവാനുമായി എന്ന് തെളിയിക്കുന്നതായിരുന്നു മുഖ്യന്‍റെ സഭയിലെ പ്രകടനം. പൊതുവേ ചോദ്യങ്ങളോട് അസഹിഷ്ണുത ഉണ്ടെങ്കിലും ഇന്ന് പറയാനുള്ള അപാര മൂഡിലാരുന്നു കക്ഷി.

ചെന്നിത്തല റോക്സ്. അല്ലാതെന്നാ പറയാനാ. ഇതുപോലെ ഷൈന്‍ ചെയ്ത മറ്റൊരാള്‍ ഉണ്ടാരുന്നു. പേര് കെ സുരേന്ദ്രന്‍. ശത്രുക്കള്‍ ഉള്ളിസുര എന്ന് വിളിക്കും. ശബരിമലയില്‍ കെട്ടുെകെട്ടി പോയാല്‍ കേരളത്തില്‍ താമസിക്കുന്ന ഭക്തര്‍ മാക്സിമം രണ്ടാം ദിവസം വൈകുന്നേരം വീട്ടിലെത്തും. പക്ഷേ ഉള്ളിയേരിയില്‍ നിന്ന് സന്നിധാനത്തേക്ക് പോയ സുരേന്ദ്രന്‍ ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. എന്തിന്, സന്നിധാനത്തുപോലും എത്തിയില്ല. ഫോസ്ബുക്കില്‍ ലോഗി‍ ചെയ്തപ്പോ തെറ്റായ പാസ്‍വേഡ് അടിച്ചു എന്നതുള്‍്പപെടെയുള്ള കുറ്റങ്ങളാണ് സുരേന്ദ്രന്‍റെ തലയില്‍ ചാര്‍ത്തിപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ തെളിയാതെ കിടക്കുന്ന ഒട്ടുമിക്ക കേസുകളും സുരയുടെ തലയിലാകുന്ന അവസ്ഥ. കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുറയുന്നു എന്നാണ് ജയില്‍ മേധാവിയായ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ പ്രസംഗിച്ചത്. അതു കേട്ടപ്പോളാണ് സുരേന്ദ്രനെ വിട്ടയക്കാത്തതിന്‍റെ കാരണം ശരിക്കും മനസിലായത്. പിള്ള മനസില്‍ കള്ളമില്ല എന്ന ചൊല്ല് നിരോധിക്കേണ്ട കാലമായെന്ന് വെറുതെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നത്തെ സഭാ നടപടികള്‍ അവസാനിപ്പിക്കുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE